
ജോസഫ് പെരുന്തോട്ടം ചങ്ങനാശേരി ആർച്ച്ബിഷപ്
ആയിരക്കണക്കിന് എയ്ഡഡ് സ്കൂൾ അധ്യാപകരിന്നു കണ്ണീരിലാണ്. നിയമനം അംഗീകരിക്കാതെയും ശന്പളം ലഭിക്കാതെയും കഷ്ടപ്പെടുന്ന ഹതഭാഗ്യരാണവർ. നിയമനം കഴിഞ്ഞ് ആറുവർഷമായിട്ടും ശന്പളം ലഭിക്കാത്ത അധ്യാപകരുണ്ടെന്നു കേൾക്കുന്നു. അതു ശരിയാണെങ്കിൽ, 100% സാക്ഷരത നേടിയെന്നഭിമാനിക്കുന്ന നമ്മുടെ നാടിനത് ലജ്ജാകരമാണ്; ആദരണീയരായ അധ്യാപകരെ അപമാനിക്കുകയാണ്; ശ്രേഷ്ഠമായ അധ്യാപനശുശ്രൂഷയെ തരംതാഴ്ത്തുകയും നിന്ദിക്കുകയുമാണ്.
ഒരു രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും ഏറ്റവുമധികം സഹായിക്കുന്ന ഘടകം നല്ല വിദ്യാഭ്യാസമാണ്. ശരിയായ അറിവും പക്വതയും സദ്സ്വഭാവവും ദൗത്യബോധവും ദേശസ്നേഹവുമുള്ളവരായി വ്യക്തികളെ രൂപപ്പെടുത്തുന്ന പ്രക്രിയയാണ് ഉത്തമവിദ്യാഭ്യാസം. അതാണ് അധ്യാപകർ നാടിനു ചെയ്യുന്ന വിലപ്പെട്ട സേവനം. അതു ഭംഗിയായി നിർവഹിക്കുന്നതിന് അനുകൂലമായ സാഹചര്യം അനിവാര്യമാണ്.
മനസിനു സ്വസ്ഥതയും സന്തോഷവും വേണം. നിയമനം അംഗീകരിക്കപ്പെടാതെയും ശന്പളം ലഭിക്കാതെയും കഴിയേണ്ടിവരുന്ന അധ്യാപകർക്ക് എങ്ങനെ സമാധാനത്തോടെ ജോലി ചെയ്യാനാവും ! തന്നെ ആശ്രയിച്ചുകഴിയുന്ന കുടുംബത്തെക്കുറിച്ചുള്ള ആകുലതകളായിരിക്കും മനസുനിറയെ. നീതി നിഷേധിക്കപ്പെടുന്ന ഈ അധ്യാപകർക്കു ശ്രേഷ്ഠമായ അധ്യാപനവൃത്തിയോടും ശിഷ്യഗണങ്ങളോടും നീതി പുലർത്താൻ കഴിഞ്ഞെന്നുവരില്ല. രാജ്യത്തിന്റെ നല്ല ഭാവിക്ക് അതു ദോഷം വരുത്തുകതന്നെ ചെയ്യും.
എയ്ഡഡ് സ്കൂളുകളുടെ വേദനകൾ
കേരളത്തിലെ വിദ്യാലയങ്ങളിൽ 70 ശതമാനവും എയ്ഡഡ് വിദ്യാലയങ്ങളാണ്. കേരളത്തിന്റെ വിദ്യാഭ്യാസപുരോഗതിക്ക് എയ്ഡഡ് മേഖല വഹിക്കുന്ന പങ്ക് എത്ര വലുതാണെന്ന് ഇത് വ്യക്തമാക്കുന്നു. എന്നാൽ, എയ്ഡഡ് സ്കൂളുകളുടെ സുഗമമായ പ്രവർത്തനത്തെ തളർത്തുന്ന നടപടികളും നിയമങ്ങളുമൊക്കെ സർക്കാരിന്റെ ഭാഗത്തുനിന്നു പലപ്പോഴും ഉണ്ടാകുന്നതു വലിയ തിരിച്ചടിക്കു കാരണമാകുന്നു. ആറുവർഷം കഴിഞ്ഞിട്ടും ശന്പളം കിട്ടാത്ത അധ്യാപകരുടെ കണ്ണീരു കാണാൻ കഴിയാത്തത്, അതിനു പരിഹാരം കണ്ടെത്താത്തത്, ക്രൂരവിനോദം തന്നെയാണ്. 2016 മുതലുള്ള നിയമനങ്ങൾക്കുപോലും അംഗീകാരം ലഭിക്കാത്ത അവസ്ഥയാണുള്ളത്.
പ്രൊട്ടക്ടഡ് അധ്യാപകരെ ടീച്ചേഴ്സ്ബാങ്കിൽനിന്ന് എയ്ഡഡ് സ്കൂളിൽ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു 2016ലെ നിയമനങ്ങൾ തടഞ്ഞുവച്ചിരുന്നത്. സർക്കാരും എയ്ഡഡ് സ്കൂൾ മാനേജർമാരുമായി നടത്തിയ ചർച്ചയിൽ ഒരു പ്രൊട്ടക്ടഡ് അധ്യാപകനെ നിയമിച്ച് ഇക്കാര്യം പരിഹരിക്കാമെന്ന് ഇരുകൂട്ടരും സമ്മതിക്കുകയും, അതനുസരിച്ച് പല സ്കൂളുകളിലും പ്രൊട്ടക്ടഡ് അധ്യാപകരെ നിയമിക്കുകയും ചെയ്തിരുന്നു. പ്രൊട്ടക്ടഡ് അധ്യാപകർ ഇപ്പോൾ നിലവിലില്ലാതിരുന്നിട്ടും, നിയമനാധികാരം നൽകാതെ എഇഒ/ഡിഇഒ ഓഫീസുകളിൽ ഫയലുകൾ തടഞ്ഞുവച്ചിരിക്കുകയാണ്. സർക്കാർ നൽകിയിരുന്ന ഉറപ്പു പാലിക്കാതെ അധ്യാപകർക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇക്കാര്യത്തിൽ അടിയന്തരമായ പരിഹാരം ഉണ്ടാക്കണം.
1979നു ശേഷം അപ്ഗ്രേഡ് ചെയ്തതോ പുതുതായി തുടങ്ങുകയോ ചെയ്ത സ്കൂളുകൾക്കായി സത്യപ്രസ്താവന നടത്തുകയും സംരക്ഷിത അധ്യാപകരെ നിയമിക്കുന്നതിന് പോസ്റ്റുകൾ ഒഴിച്ചിടുകയും ചെയ്തിട്ടും, ഭിന്നശേഷിസംവരണത്തിന്റെ പേരിൽ നിയമനങ്ങൾ അംഗീകരിക്കാതിരിക്കുകയാണ്.
ഭിന്നശേഷിസംവരണത്തിന്റെ പേരിൽ നീതിനിഷേധം
നാലു ശതമാനം ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി മാറ്റിവയ്ക്കണമെന്നുള്ള ഹൈക്കോടതിവിധിയുടെ പേരിൽ അധ്യാപകനിയമനങ്ങളൊന്നും അംഗീകരിക്കപ്പെടാത്ത അവസ്ഥയാണിപ്പോൾ. ഭിന്നശേഷിക്കാർക്കായി നാലു ശതമാനം മാറ്റിവച്ച് മറ്റുള്ള നിയമനങ്ങൾക്ക് അംഗീകാരം നൽകണമെന്നുള്ള ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.
2021 സെപ്റ്റംബർ 24നുള്ളിൽ അതിനുമുന്പു നടന്ന എല്ലാ നിയമനങ്ങൾക്കും തീർപ്പുകല്പിക്കണമെന്നുള്ള സെപ്റ്റംബർ 9-ലെ സർക്കാർ ഉത്തരവ് നിയമനാംഗീകാരം കാത്തിരുന്ന അധ്യാപകർക്ക് ഏറെ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ഈ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതിയുടെ സെപ്റ്റംബർ 23ലെ വിധി അധ്യാപകരെ വീണ്ടും നിരാശയിലാഴ്ത്തി. ഹൈക്കോടതിയുടെ വിലക്ക് നീങ്ങുന്ന മുറയ്ക്ക് ബന്ധപ്പെട്ട നിയമനാംഗീകാര പ്രൊപ്പോസലുകൾ തീർപ്പാക്കുന്നതാണ് എന്നാണ് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പു മന്ത്രി പറഞ്ഞത്.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 2021-22 വർഷത്തെ 21,969 നിയമനങ്ങളാണ് അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ടത്. അവയിൽ 10,641 എണ്ണം ഭിന്നശേഷിസംവരണവുമായി ബന്ധപ്പെട്ട് അംഗീകരിക്കപ്പെടാതെ അവശേഷിക്കുന്നതായി മന്ത്രി അറിയിക്കയുണ്ടായി. ഹയർ സെക്കൻഡറി സ്കൂളുകളിൽ 979 നിയമനാംഗീകാര അപേക്ഷകൾ തീർപ്പാക്കാതെ കിടക്കുകയാണ്.
വർഷങ്ങളായി നിയമനാംഗീകാരം ലഭിക്കാതെയും ശന്പളം ലഭിക്കാതെയും കഴിയുന്ന ഈ അധ്യാപകരെ ആശ്രയിച്ചു ജീവിക്കുന്ന പതിനായിരത്തിലേറെ കുടുംബങ്ങളുടെ ദയനീയാവസ്ഥയ്ക്കു പരിഹാരം ഉണ്ടാകണം. കഴിഞ്ഞ ഡിസംബർ 23ന് ഹൈക്കോടതി നൽകിയ ഇടക്കാലവിധിയുടെ അടിസ്ഥാനത്തിൽ സർക്കാരിന് ഒരു ഉത്തരവിറക്കി പ്രശ്നത്തിന് പരിഹാരം കണ്ടെത്താമായിരുന്നു. ഈ അധ്യാപകരെയും അവരുടെ കുടുംബങ്ങളെയും ദുരിതത്തിലാഴ്ത്തുന്ന ഈ അവഗണന അനീതിപരവും അധാർമികവും മനുഷ്യാവകാശലംഘനവുമാണ്.
കോവിഡ് മഹാമാരിയാൽ വലഞ്ഞ ഈ കുടുംബങ്ങളെ കൂടുതൽ കഷ്ടപ്പെടുത്തുന്ന ഈ നീതിനിഷേധത്തിനു കാലതാമസം വരുത്താതെ പരിഹാരമുണ്ടാകണം. കോവിഡ്കാലത്ത് ഒരു വർഷം നിയമനങ്ങളൊന്നും നടത്താതിരുന്നതുവഴി ഒരു വർഷത്തെ സർവീസ് ഉദ്യോഗാർഥികൾക്കു നഷ്ടമാകുകയും ചെയ്തു. എയ്ഡഡ് മേഖലയിൽ നിന്നുള്ള അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കാൻ കാലതാമസം വരുത്തുകയും, സർക്കാർ സ്കൂളുകളിലെ നിയമനങ്ങളിൽ അപ്പോൾത്തന്നെ ശന്പളം നൽകുകയും ചെയ്യുന്നത് കടുത്ത വിവേചനമാണ്.
എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ വലിയ സാന്പത്തികഭാരം ഏറ്റെടുത്തുകൊണ്ടാണ് സ്കൂളുകൾ നടത്തുന്നത്. അതുമൂലം സർക്കാരിന് ഉണ്ടാകുമായിരുന്ന സാന്പത്തികഭാരം കുറയുകയാണ്. അങ്ങനെ സർക്കാരിനെ ത്യാഗബുദ്ധിയോടെ സഹായിക്കുകയും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ അതുല്യസംഭാവനകൾ നൽകുകയും ചെയ്യുന്ന എയ്ഡഡ് സ്കൂളുകളോട് എന്തിനീ വിവേചനം ?
കത്തോലിക്കാസഭ ഭിന്നശേഷിക്കാർക്കു സംവരണം നൽകുന്നതിൽ പ്രത്യേക ശ്രദ്ധ കാണിക്കുകയും ഇക്കാര്യത്തിൽ സർക്കാരിന്റെ നയത്തെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. എന്നാൽ ഭിന്നശേഷിക്കാർക്കു നിയമനം നൽകിയിട്ടും പല എഇഒ/ഡിഇഒ ഓഫീസുകളിലും ഫയലുകൾ തടഞ്ഞുവച്ചിരിക്കുകയാണ്. അതിനു അടിയന്തരമായ പരിഹാരമുണ്ടാകണം. ഭിന്നശേഷിക്കാരുടെ പേരിൽ മറ്റു ചില താത്പര്യങ്ങളാണോ സ്വാധീനം ചെലുത്തുന്നത് എന്ന സംശയം അസ്ഥാനത്തല്ല.
ഒരു രാജ്യത്തിന്റെ സാംസ്കാരികാഭിവൃദ്ധിക്കും പുരോഗതിക്കും അടിത്തറയായ വിദ്യാഭ്യാസമേഖലയെ തരംതാഴ്ത്തുന്ന സാഹചര്യം സർക്കാർ സൃഷ്ടിക്കരുത്. അധ്യാപകരെ ആദരിക്കുകയും അവരുടെ ന്യായമായ അവകാശങ്ങൾ അഭംഗുരം സംരക്ഷിക്കപ്പെടുകയും വേണം. അധ്യാപനം ശ്രേഷ്ഠമായ ശുശ്രൂഷയായി എല്ലാവരാലും അംഗീകരിക്കപ്പെടണം. നീതിനിഷേധങ്ങളും അവകാശലംഘനങ്ങളും മൂലം വിദ്യാഭ്യാസമേഖല പ്രതിഷേധപ്രകടനങ്ങൾക്കും അവകാശസമരങ്ങൾക്കും വേദിയാകുന്ന സാഹചര്യത്തിലേക്കു നയിക്കപ്പെടരുത്.
അധ്യാപകർക്കു സ്വസ്ഥതയോടെയും ആത്മവിശ്വാസത്തോടെയും തങ്ങളുടെ ശ്രേഷ്ഠമായ നിയോഗം ഫലപ്രദമായും ഏകാഗ്രതയോടെയും നിറവേറ്റാനുള്ള അന്തരീക്ഷം ഉറപ്പാക്കണം. സമൂഹിക-രാഷ്ട്രീയമേഖലകളിൽ പലപ്പോഴും സംഭവിക്കുന്നതുപോലുള്ള കലുഷിതാന്തരീക്ഷം ശ്രേഷ്ഠപൗരന്മാരെ രൂപപ്പെടുത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടാകാൻ ഇടയാവരുത്. വിദ്യാഭ്യാസരംഗം രാഷ്ട്രീയവത്കരിക്കപ്പെടുന്നത് രാഷ്ട്രത്തിന്റെ ഉത്തമതാല്പര്യത്തിനു ഗുണകരമാവില്ല.










Leave a Reply