ബിനു വെളിയനാടന്‍
ധാര്‍മിക മൂല്യങ്ങളിലും സഭാസ്നേഹത്തിലും സമുദായബോധത്തിലും അടിയുറച്ച് നിന്നുകൊണ്ട് ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞനും സാഹിത്യകാരനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്നു ഷെവലിയര്‍ ഐ.സി. ചാക്കോ. 1869ലെ ക്രിസ്മസ് ദിനത്തില്‍ പുളിങ്കുന്നിന് സമീപമുള്ള പുത്തക്കുന്നത്തുശേരി ഗ്രാമത്തില്‍ ഇല്ലിപ്പറമ്പില്‍ കുടുംബത്തില്‍ കോരയുടെ കനിഷ്ഠസന്താനമായി ഐ.സി. ചാക്കോ ജനിച്ചു. പിതാവില്‍നിന്ന് സംസ്‌കൃതം പഠിച്ച ചാക്കോ ആലപ്പുഴ സര്‍ക്കാര്‍ സ്‌കൂളില്‍നിന്ന് മെട്രിക്കുലേഷന്‍ പാസായി. തുടര്‍ന്ന് മാന്നാനം സ്‌കൂളില്‍ അധ്യാപകനായി. നസ്രാണി ദീപികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. തിരുവനന്തപുരം മഹാരാജാസ് കോളജില്‍നിന്ന് ബി.എ ഡിഗ്രി കരസ്ഥമാക്കി. തുടര്‍ന്ന് ആലപ്പുഴ ലിയോ തേര്‍ട്ടിത്ത് മിഡില്‍ സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി. ഇതിനിടയില്‍ സംസ്‌കൃതത്തിലും ലത്തീനിലും പാണ്ഡിത്യം നേടി. ഐ.സിയുടെ കഴിവുകള്‍ മനസിലാക്കിയ തിരുവിതാംകൂര്‍ ഗവണ്‍മെന്റ് ഉന്നതവിദ്യഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്കയച്ചു. ഇംപീരിയന്‍ കോളജില്‍ ചേര്‍ന്ന് രസതന്ത്രം ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, എഞ്ചിനിയറിങ്ങ്, സര്‍വേയിംഗ്, ജിയോളജി എന്നീ വിഷയങ്ങള്‍ പഠിച്ചു. ബി.എസ്.സി ഓണേഴ്‌സ് (ഫിസിക്‌സ്), ബി.എസ്.സി എഞ്ചിനിയറിങ്ങ്, എ.ആര്‍.സി.എസ് (ഫിനാന്‍സ്) എന്നീ ബിരുദങ്ങള്‍ നേടി. നാട്ടില്‍ തിരിച്ചെത്തിയ ഐ.സിയെ ഉത്തരമേഖല ജിയോളജിസ്റ്റായി 1907ലും സംസ്ഥാന ജിയോളജിസ്റ്റായി 1915ലും വ്യവസായ ഡയറക്ടറായി 1923ലും നിയമിച്ചു. 1931ല്‍ റിട്ടയര്‍ ചെയ്തു.
കടല്‍ത്തീരമണലില്‍ ഇല്‍മനൈറ്റ് ഉണ്ടെന്ന് കണ്ടുപിടിച്ച ഐ.സി ആ മണല്‍ കയറ്റി അയക്കുന്നതിന് റോയല്‍റ്റി ചുമത്തണമെന്ന് സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചു. ഇല്‍മനൈറ്റ് കമ്പനിയുടെ സ്ഥാപനത്തിന് കാരണക്കാരനും ഐ.സിയാണ്. കുണ്ടറ സിമന്റ് സ്ഥാപിക്കണമെന്നും ചേര്‍ത്തലയിലെ പാഴ്മണല്‍ ഉപയോഗിച്ച് ഇഷ്ടിക നിര്‍മിക്കാന്‍ ശ്രമിക്കണമെന്നും കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ പമ്പാനദിയില്‍ അണക്കെട്ട് നിര്‍മിക്കണമെന്നും തോട്ടപ്പള്ളില്‍ സ്പില്‍വേ നിര്‍മിക്കണമെന്നും ഗവണ്‍മെന്റിനെ ഉപദേശിച്ചത് ഐ.സി. ചാക്കോ ആയിരുന്നു. ചമ്പക്കുളം വള്ളംകളി ഇന്നത്തെ നിലയില്‍ പുനരുദ്ധരിച്ചതും അദ്ദേഹംതന്നെ.
കറപുരളാത്ത ഔദ്യോഗികജീവിതമാണ് ഐ.സി നയിച്ചത്.
കത്തോലിക്ക കോണ്‍ഗ്രസിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായിരുന്നു ഐ.സി. ചാക്കോ. 1945ല്‍ പാലായില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസ് വാര്‍ഷിക സമ്മേളനത്തിലെ അധ്യക്ഷനായിരുന്നു അദ്ദേഹം. ഫാ. ഒണാരെ എസ്.ജെ. സ്ഥാപിച്ച എം.സി.വൈ.എല്‍ എന്ന വിദ്യാര്‍ത്ഥിസംഘടനയുടെ പ്രസിഡന്റ് പദവിയും അദ്ദേഹം അലങ്കരിച്ചിരുന്നു. കത്തോലിക്കരെ പ്രത്യേക സമുദായമായി അംഗീകരിക്കുക, റവന്യു ദേവസ്വം വകുപ്പുകള്‍ വിഭജിക്കുക, പബ്ലിക് സര്‍വീസിലും പ്രതിനിധി സ്ഥാപനങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം അനുവദിക്കുക മുതലായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി കത്തോലിക്കര്‍ നടത്തിയ പൗരസമത്വവാദ പ്രക്ഷോപണത്തിന്റെ പിന്നിലെ ബുദ്ധി ഐ.സിയുടേതായിരുന്നു. നിവര്‍ത്തന പ്രക്ഷോപണവും സ്‌റ്റേറ്റ് കോണ്‍ഗ്രസും ഐസിയോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു. 1945ലെ വിദ്യാഭ്യാസ പ്രക്ഷോപണത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പെന്‍ഷന്‍ റദ്ദുചെയ്യുമെന്ന് ദിവാന്‍ സര്‍ സി.പി. രാമസ്വാമിഅയ്യര്‍ ഭീഷണിപ്പെടുത്തി. വിദ്യാലയദേശസാല്‍ക്കരണത്തെ അദ്ദേഹം എതിര്‍ത്തിരുന്നു. അതേസമയം അധ്യാപകരുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി അദ്ദേഹം വീറോടെ വാദിച്ചിരുന്നു. തെറ്റ,് ആരുചെയ്താലും അത് തെറ്റാണെന്ന് പറയുവാനുള്ള ധാര്‍മികധീരതയും നന്മ, ആരുചെയ്താലും അത് അഭിനന്ദിക്കുവാനുള്ള സൗമനസ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. തിരുവിതാംകൂര്‍ നിയമസഭയിലും അദ്ദേഹം അംഗമായിരുന്നു.
സാഹിത്യരംഗത്തും ഐ.സി, തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. ‘ഹേക്താ മൃതോ മേശ്വ’, ‘ക്രിസ്തുതവ’ എന്നീ സംസ്‌കൃത കാവ്യങ്ങളും ‘പാണനീയപ്രദ്യോതം’ എന്ന ഗദ്യകൃതിയും ഐ.സിയെ അനശ്വരനാക്കിത്തീര്‍ത്തു. പാണീയപ്രദ്യോതത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മാര്‍ ളൂയീസ് പഴേപറമ്പിലിന്റെ ജീവചരിത്രവും ജീവചരിത്രശാഖയ്ക്ക് ഐ.സി നല്‍കിയ വലിയ സംഭാവനയാണ്. അദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ് ‘വാല്‍മീകിയുടെ ലോകം’. കിരാതഭരണം നടത്തിയ ദിവാന്‍ സി.പി മൂലം തിരുവിതാംകൂറിലെ ക്രിസ്ത്യാനികള്‍ അനുഭവിക്കേണ്ടിവന്ന രാഷ്ട്രീയവനവാസത്തിന്റെ കാര്‍ക്കശ്യം ഈ കൃതിയുടെ പിന്നില്‍ കാണാം. പ്രകൃതിപാഠങ്ങള്‍, കത്തോലിക്ക പരിശ്രമം, കൃഷിവിഷയങ്ങള്‍, ജീവിതസ്മരണകള്‍, വിതണ്ഡവാദ ധ്വംസനം എന്നിവയാണ് ഐ.സിയുടെ മറ്റു പ്രധാനകൃതികള്‍.
ഐ.സിയുടെ വിവിധങ്ങളായ സേവനങ്ങളെ മാനിച്ച് മാര്‍പാപ്പ ഷെവലിയര്‍ സ്ഥാനം നല്‍കിയാദരിച്ചു. ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന 12 ഭാഷകളില്‍ ചൊല്ലിയതിനുശേഷമാണ് ഐ.സി. എന്നും ഉറങ്ങാന്‍ കിടന്നിരുന്നത്. പ്രമുഖ അഭിഭാഷകനായിരുന്ന സിറിയക്ക് നിധീരിയുടെ മകള്‍ മേരി ആയിരുന്നു ഐ.സിയുടെ ഭാര്യ. മേരി ചാക്കോ പ്രഭാഷകയും സാമൂഹ്യപരിഷ്‌കരണത്തില്‍ ശ്രദ്ധേയയുമായിരുന്നു. 1966 മെയ് 27ന് 97ാമത്തെ വയസില്‍ അദ്ദേഹം നിര്യാതനായി. അനന്യസാധാരണമായ മേധാശക്തിയും അതുല്യമായ പാണ്ഡിത്യവും ഐ.സിയുടെ പ്രത്യേകതകളായിരുന്നു










Leave a Reply