ബ്ര. കുളങ്ങോട്ടിൽ ജോസഫ്
നിയമസഭാംഗം, സഹകാരി, സമുദായപ്രവർത്തകൻ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന തോമസ് ജോസഫ് നവംബർ മാസം 3-ാം തീയതി മൂക്കാട്ടുകുന്നേൽ പുത്തൻപുരയ്ക്കൽ ശ്രീ. പി.എം. ജോസഫിൻെ്റയും ശ്രീമതി മറിയാമ്മ ജോസഫിൻെ്റയും മകനായി കുറുമ്പനാടത്ത് ജനിച്ചു. പ്രൈമറി സ്കൂൾ വിദ്യാഭ്യാസം കുറുമ്പനാടം സെൻ്റ് ആൻ്റ്ണീസ് എൽ.പി. സ്കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം കുറുമ്പനാടം സെൻ്റ് പീറ്റേഴ്സ് ഹൈസ്കൂളിലും പൂർത്തിയാക്കി. തുടർന്ന് ചങ്ങനാശ്ശേരി എസ്സ്. ബി. കോളേജിൽ ചേർന്ന് 1961-ൽ ബി.എസ്സ്.സി. ഡിഗ്രിയും 1963-ൽ മാന്നാനം സെൻ്റ് ജോസഫ് ട്രെയിനിംഗ് കോളേജിൽ നിന്ന് ബി.എഡ്. ഡിഗ്രിയും കരസ്ഥമാക്കി. 1963-ൽ കട്ടപ്പന സെൻ്റ് ജോർജ്ജ് ഹൈസ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1988 വരെ ആ സേവനം തുടർന്നു. പിന്നീട് രണ്ടുവർഷം വലിയതോവാള ക്രൈസ്റ്റ് രാജ് ഹൈസ്കൂളിലും 1990 മുതൽ 1992 വരെ കട്ടപ്പന സെൻ്റ് ജോർജ്ജ് ഹൈസ്കൂളിലും പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ചു.
അദ്ധ്യാപകജോലിയിൽ ഏർപ്പെട്ടിരിക്കെതന്നെ രാഷ്ട്രീയ, സാമുദായിക സഹകരണ മേഖലകളിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ തോമസ് ജോസഫിന് സാധിച്ചു.
പൊതുരംഗത്തേക്കുളള ശ്രീ.തോമസിൻെ്റ പ്രവേശനം ചെറുപുഷ്പ മിഷൻലീഗിലുടെയായിരുന്നു. 1958 മുതൽ കുറുമ്പനാടം ഇടവകയിൽ മതാധ്യാപനായും, സൊഡാലിറ്റിയിലും ലീജയണൽ ഓഫ് മേരിയിലും അംഗമായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം സെർവെൻ്റ്സ് ഓഫ് സെൻ്റ് തോമസ് സൊസൈറ്റിയുടെ അംഗമായും പിന്നീട് ആ സൊസൈറ്റിയുടെ സെക്രട്ടറിയായും അദ്ദേഹം സേവനം അനുഷ്ടിച്ചു (1960-1962). മതാധ്യാപകൻ എന്ന നിലയിൽ വിലപ്പെട്ട സേവനങ്ങളാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. അക്കാലത്ത് പലനാടകങ്ങളിലും അഭിനയിക്കുകയും ചിലനാടകങ്ങൾ സംവിധാനം ചെയ്തുകയും ചെയ്തിട്ടുണ്ട്. 1958 മുതൽ 1960 വരെ കുറുമ്പനാടം വൈ.എ.എ.യുടെ പ്രസിഡണ്ടായി പ്രവർത്തിച്ചു. ബഹു. ഹിപ്പോളിറ്റസ് കുന്നങ്കലച്ചൻെ്റ നിർദ്ദേശാനുസരണം സത്യാരാധനാസംഘടനയിൽ പ്രവർത്തിക്കുകയും വിവിധ സ്ഥലങ്ങളിൽ ബൈബിൾ ക്ലാസുകൾ എടുക്കുകയും ചെയ്തിട്ടുണ്ട്. ബഹു. മാത്യു നടയ്ക്കലച്ചനോടൊപ്പം വേദപാഠ അദ്ധ്യാപകസെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. കുറുമ്പനാടത്തെ ക്രിസ്റ്റഫർ സംഘടനയുടെ വിംഗ് കമാണ്ടറുമായിരുന്നു.
കട്ടപ്പന സ്കൂളിൽ അദ്ധ്യാപകനായി സേവനം ആരംഭിച്ച് നാലു വർഷം കഴിഞ്ഞപ്പോൾ 1967 മുതൽ കട്ടപ്പനയിൽ സ്ഥിരതാമസമായി. അതേവർഷം ഇളങ്ങുളം ചെരിപുറത്ത് സി.എം. മേരിക്കുട്ടിയെ വിവാഹം കഴിച്ചു. മേരിക്കുട്ടി കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലായി റിട്ടയർ ചെയ്തു. തോമസ് ജോസഫ് കട്ടപ്പനയിൽ സ്ഥിരതാമസമാക്കിയതിനുശേഷം കട്ടപ്പന ഇടവകയിലെ ഭക്തസംഘടനകളിലും സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്ത് പ്രവർത്തിച്ചു. കട്ടപ്പന ഇടവകയിലെ സെന്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയിൽ അംഗമായും 1973 മുതൽ 1975 വരെ വിൻസൻ്റ് ഡി പോൾ സൊസൈറ്റി കട്ടപ്പന പർട്ടിക്കുലർ കൗൺസിൽ പ്രസിഡൻ്റായും പ്രവർത്തിച്ചു. സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാവ ങ്ങൾക്കുവേണ്ടിയുള്ള ഭവനനിർമ്മാണ പദ്ധതിക്കും നേതൃത്വം നൽകി. നിരവധി വീടുകൾ പാവപ്പെട്ടവർക്ക് വച്ചു കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്
ഭക്തസംഘടനകളിലെ പ്രവർത്തനങ്ങളോടൊപ്പം രാഷ്ട്രീയ പ്രവർത്തനത്തിലും അദ്ദേഹം സജീവമായ ഭാഗഭാഗിത്വം വഹിച്ചിട്ടുണ്ട്. 1957-ൽ കേരളത്തിൽ അധികാരമേറ്റെടുത്ത കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റിൻെ്റ വിദ്യാഭ്യാസ പദ്ധതിക്കെതിരെയും, കമ്മ്യൂണിസ്റ്റ് ഗവൺമെൻ്റിനെ അധികാരത്തിൻെ്റ കൊടുമുടിയിൽ നിന്നും താഴെയിറക്കുവാൻ നടത്തിയ വിമോചനസമരത്തിലും തോമസ് ജോസഫ് സജീവ നേതൃത്വം നൽകുകയുണ്ടായി. വിമോചനസമരകാലത്ത് ചങ്ങനാശ്ശേരിയിൽ നടന്ന വെടിവയ്പിൽ മുൻനിരയിലുണ്ടായിരുന്നുവെങ്കിലും വെടിയേൽക്കാതെ രക്ഷപെട്ടു. 1963-ലെ പഞ്ചായത്ത് ഇലക്ഷനിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ചു.
കേരളാ കോൺഗ്രസ്സിൻെ്റ സ്ഥാപനം മുതൽ പ്രസ്തുത സംഘടനക്കുവേണ്ടി പ്രവർത്തിച്ചു. കട്ടപ്പന കേരളാകോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ്, ഉടുമ്പൻചോല നിയോജകമണ്ഡലം വൈസ്പ്രസിഡൻ്റ്, കേരളാ കോൺഗ്രസ്സ് ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം 1973 മുതൽ കോൺഗ്രസ്സ് സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പറായി. 1977 ലും 1980 ലും നടന്ന തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽനിന്നും കേരളനിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. 1982-ൽ മത്സരരംഗത്തുനിന്നും പിന്മാറി. 1983 മുതൽ 1987 വരെ കേരളാ ടൂറിസം ഡവലപ്മെൻ്റ് കോർപ്പറേഷൻ ചെയർമാനായിരുന്നു. 1981 മുതൽ 1996 വരെ കേരളാ കോൺഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡൻ്റ് പദവി വഹിച്ചു. കേരളാകോൺ (എം) സംസ്ഥാന ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രമുഖസഹകാരിയായ തോമസ് ജോസഫ് 1975 മുതൽ കട്ടപ്പന സർവ്വീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡിൽ അംഗമായിരുന്നു. 1981 മുതൽ 1984 വരെ കട്ടപ്പന സർവ്വീസ് സഹകരണബാങ്ക് പ്രസിഡൻ്റുമായിരുന്നു. 1984 മുതൽ 1996 വരെ കട്ടപ്പന പ്രിൻ്റ്ംഗ് സൊസൈറ്റിയുടെ ബോർഡുമെമ്പറായും 1979 മുതൽ 1982 വരെ ഉടുമ്പൻചോല കോ-ഓപ്പറേറ്റീവ് സർക്കിൾ യൂണിയൻ മെമ്പറായും 1980 മുതൽ 1984 വരെ ഇടുക്കി ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡുമെമ്പറായും 1994 മുതൽ 1998 വരെ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ബോർഡുമെമ്പറായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. 1988 മുതൽ 1995 വരെ കട്ടപ്പന പഞ്ചായത്ത് പ്രസിഡൻ്റായും പ്രവർത്തിച്ചു.
1975 മുതൽ കട്ടപ്പന സെന്റ് ജോർജ്ജ് ദേവാലയത്തിലെ പാരീഷ്കൗൺസിൽ മെമ്പറായും 2002 മുതൽ 2005 വരെ കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററൽ കൗൺസിൽ മെമ്പറായും പ്രവർത്തിച്ച തോമസ് ജോസഫ്, പാസ്റ്ററൽ കൗൺസിൽ ഫൈനാൻസ് കമ്മീഷനിലും കൾച്ചറൽ കമ്മീഷനിലും അംഗമായിരുന്നു. 2004 ൽ നടന്ന മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ളിയിലും അദ്ദേഹം പങ്കെടുത്തു. 2001 മുതൽ കട്ടപ്പന സീനിയർ സിറ്റിസൺസ് ഫോറം പ്രസിഡൻ്റായും 2004 മുതൽ ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് ഫോറത്തിൻെ്റ ഇടുക്കി ജില്ലാ പ്രസിഡൻ്റായും പ്രവർത്തിച്ചുവരുന്നു. രാഷ്ട്രീയ സാമൂഹ്യ സാമുദായിക പ്രവർത്തനങ്ങളോടൊപ്പം കൃഷികാര്യങ്ങളിലും അദ്ദേഹം ശ്രദ്ധാലുവാണ്. പ്രധാനകൃഷി ഏലമാണ്. കുരുമുളകും, കാപ്പിയും, വാനിലയും കൃഷി ചെയ്യുന്നുണ്ട്.










Leave a Reply