Sathyadarsanam

ചമ്പക്കുളം കല്ലൂർക്കാട് ബസിലിക്കയും പരിശുദ്ധ കർമ്മല(പുഷ്പ റോസ്)മാതാവിന്റെ ദർശന തിരുനാളും

പതിനാറ് നൂറ്റാണ്ടിന്റെ വിശ്വാസ പാരമ്പര്യത്തിൽ അടിസ്ഥാനമുറപ്പിച്ചിരിക്കുന്ന ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ ജപമാല രാജ്ഞിക്കായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഒക്ടോബർ മാസത്തിൽ 15-ാം തീയതി കഴിഞ്ഞ് വരുന്ന ഞായറാഴ്ചയാണ് പരിശുദ്ധ പുഷ്പ റോസ് മാതാവിന്റെ ദർശന തിരുനാൾ ആഘോഷിക്കുന്നത്.

മദ്ധ്യ ദശകങ്ങളിൽ യൂറോപ്പിൽ സന്യാസഭ വനങ്ങളോട് ചേർന്ന് പ്രവർത്തിച്ച് വന്നിരുന്ന അല്മായരുടെ ഒരു സമൂഹമായിരുന്നു ദർശന സമൂഹങ്ങൾ. പില്ക്കാലത്ത് അവ ദൈവാലയ കേന്ദ്രീകൃതമായി മാറി. സന്യാസസഭകളെ അനുകരിച്ച് സുവിശേഷ നിഷ്ഠമായ ഒരു പ്രത്യേക ആദർശം പുലർത്തി പ്രവർത്തിക്കുന്നവരുടെ സമൂഹമായിട്ടാണ് ദർശന സമൂഹങ്ങൾ രൂപപ്പെട്ടത്.
‘ഓപ്പയും മോറിസും’ എന്ന സ്വകാര്യ സ്ഥാന വസ്ത്രം ദർശന സമൂഹ അംഗങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ഒരു ദർശന സമൂഹ അംഗം മരണപ്പെടുമ്പോൾ മൃതദേഹത്തിൽ സ്ഥാന വസ്ത്രങ്ങൾ ധരിപ്പിച്ചാണ് സംസ്കാര കർമ്മങ്ങൾ നടത്തുന്നത്. അംഗത്തോടുള്ള ആദരവിന്റെ സൂചകമായി കൊടിയും, കുരിശും ദർശന സമൂഹ അംഗങ്ങളാണ് വഹിക്കുന്നത്. ഒരു വലിയ അംഗികാരമായാണ് ദർശന സഭാ അംഗത്വത്തെ വിശ്വാസികൾ കണ്ട് വരുന്നത്.
ദൈവാലയങ്ങളോട് ബന്ധപ്പെട്ട് ദർശന സമൂഹങ്ങൾ പ്രവർത്തനം ആരംഭിച്ചപ്പോൾ ദൈവാലയ മദ്ധൃസ്ഥന്റെ, അല്ലെങ്കിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പേരിലുള്ള ദർശന സമൂഹങ്ങളായി അവ മാറി.

1824 ൽ വരാപ്പുഴ വികാരി അപ്പസ്തോലിക്ക ആയിരുന്ന പാലയ്ക്കൽ തോമ്മാമല്പാന്റെ അനുവാദത്തോടെയാണ് ചമ്പക്കുളം ദൈവാലയത്തിൽ പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയിലുള്ള ദർശന സമൂഹം ആരംഭിക്കുന്നത്. ദർശന സമൂഹത്തിന്റെ ആരംഭത്തോടെ ഇടവകയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതോടൊപ്പം ഒക്ടോബർ മാസത്തിലെ പരിശുദ്ധ കർമ്മല മാതാവിന്റെ തിരുനാൾ പത്ത് ദിവസത്തെ ജപമാലയോടെ വളരെ ഭക്ത്യാദരവോടു കൂടി ദർശന സമൂഹത്തിന്റെ നേതൃത്വത്തിൽ
നടത്തപ്പെട്ടു വരുന്നു. പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ദർശന സമൂഹത്തോടൊപ്പം വിശുദ്ധ യൗസേഫ് പിതാവിന്റെ പേരിലും ദർശന സമൂഹവും ചമ്പക്കുളത്ത് പ്രവർത്തിച്ചിരുന്നു.കാലക്രമത്തിൽ അതിന്റെ പ്രവർത്തനം നിലച്ചുപോയി.

ദർശന സമൂഹങ്ങൾ ഒരു ലത്തിൻ ഭക്തസംഘടനാ രീതിയിൽ നിലനില്ക്കുന്നവയാണ് എങ്കിലും, കേരളത്തിലെ പ്രമുഖ സീറോ മലബാർ ദൈവാലയങ്ങളിൽ അത് വളരെ നല്ല രീതിയിൽ ഒരു നല്ല പാരമ്പര്യത്തിനും വിശ്വാസത്തിനും പ്രോത്സാഹനമായി നിലനിന്ന് വരുന്നു. ദർശന സമൂഹം കേരളത്തിൽ സ്ഥാപിതമാകുന്ന ആദ്യകാലഘട്ടത്തിൽ തന്നെ ചമ്പക്കുളത്ത് ദർശന സമൂഹത്തിന് തുടക്കം കുറിച്ചു. അതിന് ശേഷമാണ് ഇന്ന് ദർശന സമൂഹം നിലവിലുള്ള പല ദൈവാലയങ്ങളിലും അത് ആരംഭിച്ചത്.

മാതാവിന്റെ മാദ്ധ്യസ്ഥതയിലുള്ള ദർശന സമൂഹങ്ങളിലെല്ലാം ജപമാല പ്രാർത്ഥനയ്ക്ക് വളരെ പ്രാധാന്യം നല്കി വന്നിരുന്നു. ഒക്ടോബർ മാസത്തിൽ തിരുനാളിന് മുന്നൊരുക്കമായി പത്ത് ദിവസം ഇടവക ജനം മുഴുവനും ഒറ്റക്കെട്ടായി ഭയഭക്തി ബഹുമാനത്തോടെ ദൈവാലയത്തിലും മുറ്റത്തും ഒന്നിച്ച് നിന്ന് ജപമാല പ്രാർത്ഥന നടത്തിവരുന്നത് അതിന്റെ തെളിവാണ്. ഇതിന് നേതൃത്വം നല്കുന്നത് ദർശന സമൂഹ അംഗങ്ങളാണ്.

ആഗോള ദർശന സമൂഹത്തിന്റെ നിയമാവലിയും ചട്ടങ്ങളും അനുസരിച്ച് തന്നെയുള്ള പ്രവർത്തനങ്ങളും ക്രമങ്ങളും തന്നെയാണ് ചമ്പക്കുളത്തെ ദർശന സമൂഹവും പാലിച്ച് പോരുന്നത്.
ഈ ദർശന സഭയുടെ സുപ്പിരിയോർ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലിത്തയും, കപ്ലോൻ ചമ്പക്കുളം കല്ലൂർക്കാട് ബസിലിക്ക റക്ടറും ആണ്. ദർശനസഭയുടെ
എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അംഗീകാരത്തിന് വിധേയമായി സ്ത്രി പുരുഷ ഭേദമന്യേ വിശ്വാസികൾക്ക് ഈ സഭയിൽ അംഗമാകാം. ചുവപ്പ് നിറത്തിലുള്ള മോറിസും, വെള്ള നിറത്തിലുള്ള ഓപ്പയും പുരുഷൻമാർക്കും, മാതാവിന്റെ കാശു രൂപത്തോട് കൂടിയ ചുവപ്പ് നിറത്തിലുള്ള കഴുത്തിൽ ധരീക്കാവുന്ന ബാഡ്ജ് സ്ത്രീകൾക്കും സ്ഥാനവസ്ത്രമായി/അടയാളമായി നിശ്ചയിച്ചിട്ടുണ്ട്.
ഓരോ വർഷവും പൊതുയോഗം കൂടിയാണ് ദർശന തിരുനാൾ കാര്യങ്ങൾ ആലോചിക്കുക, പീന്തപണം (വരിസംഖ്യ ) നിശ്ചയിക്കുക തുടങ്ങിയ കാര്യങ്ങൾ തിരുമാനിക്കുന്നത്. കാലോചിതമായി വരുത്തേണ്ട മാറ്റങ്ങളും തീരുമാനിക്കുന്നത് വാർഷിക യോഗത്തിലാണ്.

മുൻ വർഷങ്ങളിലെ പ്രസുദേന്തിമാർ ഉൾക്കൊള്ളുന്നതാണ് ദർശന സമൂഹത്തിന്റെ എക്സിക്യൂട്ടിവ് കമ്മറ്റി. മുൻ വർഷത്തെ പ്രസുദേന്തി തൻവർഷത്തെ ‘ശീന്തിക്കോൻ’ ആയിരിക്കും. കപ്ലോൻ വികാരി കമ്മറ്റിയുടെ അദ്ധ്യക്ഷനും ശീന്തിക്കോൻ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ കൺവീനറും ആയിരിക്കും.
ദർശന സമൂഹ അംഗങ്ങളിൽ താത്പര്യം അറിയിക്കുന്നവരിൽ നിന്ന് മാത്രമാണ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്.[ ഇപ്പോഴത്തെ സ്ഥിതിയിൽ 7 വർഷത്തോളം കാത്തിരുന്നാണ് ഓരോ പ്രസുദേന്തിയും ആ സ്ഥാനത്തിന് നിയോഗിക്കപ്പെടുകക] സ്ഥാനക്കാരെ( ഭാവി പ്രസുദേന്തിമാരുടെ ക്രമം) നിശ്ചയിക്കുന്നതിന് വേണ്ടി എക്സിക്യംട്ടീവ് കമ്മറ്റിയിൽ പെട്ട പത്ത് പേരെ എലക് തോരൻമാരായി കപ്ലോൻ വികാരി നിശ്ചയിക്കും. പ്രധാന തിരുനാളിന്റെ തലേ വ്യാഴാഴ്ച വിശുദ്ധ കുർബാനയ്ക്ക്(എലക് തോരൻമാരുടെ കുർബ്ബാന, കപ്ലോൻ അർപ്പിക്കുന്നത്) ശേഷം
കപ്ലോൻ വികാരിയുടെ അദ്ധ്യക്ഷതയിൽ ‘സാന്തമേശ’ കൂടി സ്ഥാനക്കാരെ തെരഞ്ഞെടുക്കും.

താത്പര്യമുള്ളവരുടെ മുൻഗണനാ പ്രകാരം അവരിൽ ഏറ്റവും യോഗ്യരായവരെ ഇസ്ക്രുമോനെയും(സെക്രട്ടറി), തെരഞ്ഞെടുക്കും, ഇസ് ക്രുമോൻ ലിസ്റ്റിൽ നിന്നും ‘പ്രക്കുദോരെയും'(ഖജാൻജി), പ്രക്കു ദോരാ യിരുന്നവരിൽ നിന്ന് ‘സിസിര’റേയും(വൈസ്.പ്രസിഡന്റ്) സിസിരറൻമാരിൽനിന്ന് പ്രസുദേന്തിയേയും തെരഞ്ഞെടുക്കുന്നത് വഴിയാണ് ഓരോ തിരുനാൾ കാലത്തും അടുത്ത പ്രസുദേന്തിയെ നിശ്ചയിക്കുക.

സ്ഥാനക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുന്നതുമുതൽ പരിശുദ്ധ അമ്മയുടെ തിരുനാൾ ഏറ്റവും മോടിയായി നടത്തുന്നതിന്നുള്ള ഒരുക്കത്തത്തിലും പ്രാർത്ഥനയിലൂടെയും കടന്നാണ് ഓരോ പ്രസുദേന്തിമാരും തങ്ങൾക്ക് ഏല്പിക്കപ്പെടുന്ന വലിയ ചുമതല നിർവ്വഹിക്കുന്നത്.

ദർശന തിരുനാൾ ആരംഭിക്കുന്നത് ബുധനാഴ്ച ആണ്. ആദ്യ ഞായറാഴ്ച അമ്മ ത്രേസ്യായുടെ തിരുനാളും അടുത്ത ഞായറാഴ്ച പ്രധാന തിരുനാളും.
തിരുനാൾ തുടങ്ങുന്ന ബുധനാഴ്ച മുതൽ പ്രധാന തിരുനാളിന്റെ ഞായറാഴ്ച വരെ പന്ത്രണ്ട് ദിവസവും ദർശന സഭാഗംങ്ങൾ സ്ഥാനവസ്ത്രങ്ങൾ ധരിച്ചാണ് തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുക

പ്രധാന തിരുനാളിന് മുൻപുള്ള ബുധനാഴ്ച രാവിലെ പ്രസുദേന്തി, സിസിരേർ, പ്രക്കുദോർ, ഇസ് ക്രു മോൻ എന്നിവർ ചേർന്ന് പള്ളിയിൽ നിന്ന് തിരുനാൾ സംബന്ധിയായ പൊന്നിലും, വെള്ളിയിലും തീർത്ത സാധനങ്ങൾ ഏറ്റ് വാങ്ങും, അന്നു മുതൽ തിരുന്നാൾ സമാപിച്ച് സാധനങ്ങൾ തിരികെ ഏല്പിക്കുന്നതു വരെ അവയുടെ സുരക്ഷാ ചുമതലയും അവർക്കാണ്. ഈ ദിവസങ്ങളിൽ അവർക്ക് വേണ്ട ഭക്ഷണവും മറ്റ് അത്യാവശ്യങ്ങളും പ്രസുദേന്തിയാണ് എത്തിച്ച് നല്കുക. രൂപക്കൂട് സംരക്ഷണം, പീന്ത പിരിവ്, നേർച്ചപ്പെട്ടി സംരക്ഷണം എല്ലാം ഇവരുടെ നേതൃത്വത്തിലാണ് നടത്തുന്നത്. പന്ത്രണ്ട് ദിവസത്തെ വലിയ നടത്തിപ്പും, അതിന് മുൻപ് വർഷങ്ങളായുള്ള ഒരുക്കവും നടത്തിയാണ് ദർശന സമൂഹ അംഗമായ ഒരു പ്രസുദേന്തീ ചമ്പക്കുളം പളളിയിലെ പരിശുദ്ധ അമ്മയുടെ തിരുനാൾ നടത്തുന്നത്. പ്രധാന തിരുനാൾ ദിനത്തിന് തലേന്നുള്ള കപ്ലോൻ വികാരി വാഴ്ചയും, അതിനേ തുടർന്നുള്ള കപ്ലോനായ ഇടവക വികാരിയുടെ അടുത്ത ഒരു വർഷത്തെ ഇടവകയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച നയപ്രഖ്യാപന പ്രഭാഷണവും വളരെ വ്യത്യസ്തത പുലർത്തുന്ന ഒരു ചടങ്ങാണ്. ദർശന സഭാ അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വർണ്ണശബളവും, പ്രാർത്ഥനാനിർഭരവുമായ പ്രദിക്ഷണത്തോടെയാണ് തിരുനാൾ മുൻ കാലങ്ങളിൽ സമാപിച്ചിരുന്നത് എന്നാൽ ലോകമെങ്ങും നാശം വിതച്ച് കടന്ന് പോകുന്ന കോവിഡിന്റെ ഈ ദുരിതകാലത്ത് നമ്മുടെപരിശുദ്ധ അമ്മ തന്റെ മക്കളുടെ ഇടയിലേയ്ക്ക് അനുഗ്രഹ വർഷവുമായി ഇടവകയുടെ എല്ലാ പ്രദേശങ്ങളിലും എത്തുന്നു എന്ന സവിശേഷതയും ഈ വർഷത്തെ ഒരു പ്രത്യേകതയാണ്.

മുൻകാലങ്ങളിൽ ചമ്പക്കുളത്തെ ദർശന തിരുനാളിനെ തുടർന്ന് ആഴ്ചകളോളം നീണ്ടു നിന്നിരുന്ന വ്യാപാര മേളകളെന്ന് വിശേഷിപ്പിക്കാവുന്ന ചന്തകൾ നിലനിന്നിരുന്നു. പള്ളിയുടെ വടക്കും തെക്കും ഉള്ള തോടുകളിൽ വലിയ വള്ളങ്ങളിൽ സാധന സാമഗ്രികളുമായി എത്തി ആഴ്ചകളോളം വ്യാപാരം നടന്നിരുന്നതും, വലിയ പാലം മുതൽ കൊച്ചു പള്ളി വരെയുള്ള പ്രദേശത്ത് വള്ളത്തിലും കരയിലുമായി വിവിധ കച്ചവടക്കാർ കല്ലൂർക്കാട് അങ്ങാടിയിൽ കച്ചവടം നടത്തിവന്നിരുന്നതും, കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന്
നിരവധി ആളുകൾ ഈ ദിവസങ്ങളിൽ വീട്ടു സാധനങ്ങളും മറ്റും വാങ്ങാൻ ഇവിടെ എത്തിയിരുന്നു എന്നതും, ഇന്നത്തെ മുതിർന്ന തലമുറയിലെ ആളുകളിലെ നല്ല ഓർമ്മകളാണ്. കന്നിപ്പെരുന്നാൾ കഴിഞ്ഞ് തത്തംപള്ളിയിൽ നിന്ന് തുലാ പെരുന്നാളിന് ചമ്പക്കുളത്തേയ്ക്ക് എന്നൊരു രീതി കച്ചവടക്കാരുടെ ഇടയിൽ നിലനിന്നിരുന്നു.

കേവലം ഒരു പള്ളി തിരുനാളിന് അപ്പുറം നാടിന്റെ നാനാഭാഗത്ത് നിന്ന് വിശ്വാസികളായും, അല്ലാതെയും ഹിന്ദുക്കളും, ക്രിസ്ത്യാനികളും ആയ നിരവധി ആയിരങ്ങളെ ഒന്നിച്ച് കൂട്ടുന്ന ഒരു വലിയ സൗഹാർദ്ദ ഭൂമിയാണ് ചമ്പക്കുളം എന്ന് ദർശന തിരുന്നാൾ ദിനങ്ങൾ തെളിയിച്ചിരുന്നു.

ദൈവാനുഗ്രഹങ്ങൾ വർണ്ണിക്കപ്പെടേണ്ടതാണ്. വർഷങ്ങളുടെ നീണ്ട ഒരുക്കത്തിലൂടെ ഈ വർഷത്തെ പ്രസുദേന്തിയായി പരിശുദ്ധ അമ്മയുടെ പ്രത്യേക അനുഗ്രഹത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്ന ചേന്നാട് കുടുംബത്തിലെ മുതിർന്ന അംഗവും നാടിന്റെ നന്മയെ കാംക്ഷിക്കുന്ന നല്ല വ്യക്തിത്വവും പ്രത്യേകമായി ചമ്പക്കുളം പള്ളിയുടേയും ഇടവക സമൂഹത്തിന്റേയും നല്ല സുഹൃത്തുമായ ശ്രീ. ജോയിച്ചൻ ചേന്നാട് ഈ തിരുനാളിന് നേതൃത്വം കൊടുക്കുമ്പോൾ ,
ഈ തിരുനാൾ ദിനങ്ങൾ ഇടവക സമൂഹത്തിനും ലോകത്തിന് മുഴുവനും ശാന്തിക്കും സമാധാനത്തിനും അനുഗ്രഹമായി മാറട്ടെ എന്ന് ആഗ്രഹിച്ച് പ്രാർത്ഥിക്കാം.

ആന്റണി ആറിൽചിറ ചമ്പക്കുളം

Leave a Reply

Your email address will not be published. Required fields are marked *