Sathyadarsanam

പരീക്ഷയില്‍ ജയിക്കാന്‍ ആയി പള്ളിയില്‍ മെഴുകുതിരി കത്തിക്കുമായിരുന്നു : ഗവർണർ പി എസ് ശ്രീധരന്‍ പിള്ള

ക്രൈസ്തവ ഹിന്ദു സംസ്‌കാരങ്ങക്കിടയിലെ സവിശേഷതകള്‍ താരതമ്യം ചെയ്തു കൊണ്ടാണ് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അനുസ്മരണ പ്രഭാഷണം നടത്തിയത്. ഈ വേദിയിലാണ് ക്രൈസ്തവ സംസ്‌കാരവുമായി തനിക്കുള്ള ബാല്യകാല ബന്ധം ശ്രീധരന്‍പിള്ള ഓര്‍ത്തെടുത്തത്. സ്‌കൂളില്‍ പരീക്ഷ നടക്കുന്ന കാലത്ത് ഹൈന്ദവ വിശ്വാസത്തില്‍ പെട്ടവരും പരീക്ഷയില്‍ ജയിക്കാന്‍ ആയി പള്ളിയില്‍ മെഴുകുതിരി കത്തിക്കുമായിരുന്നു എന്ന് പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. താനും പരീക്ഷ എഴുതുന്നതിനു പോകുമ്ബോള്‍ പള്ളിയില്‍ മെഴുകുതിരി കത്തിച്ചിരുന്നു എന്ന് ശ്രീധരന്‍പിള്ള ഓര്‍ത്തഡോക്‌സ് ആസ്ഥാനമായ ദേവലോകം അരമനയില്‍ നടത്തിയ കാതോലിക്കാ ബാവ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.ക്രൈസ്തവസഭകള്‍ ഭാരതീയ സംസ്‌കാരത്തില്‍ ഉള്ള പല കാര്യങ്ങളും പിന്തുടര്‍ന്നിട്ടുണ്ട് എന്ന് പി എസ് ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടി. ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുമായി തനിക്കുള്ള അടുപ്പം ചൂണ്ടിക്കാട്ടി ചില ഓര്‍മ്മകളും ഇതുമായി ബന്ധപ്പെടുത്തി ശ്രീധരന്‍പിള്ള സദസ്സിനു മുന്നില്‍ പറഞ്ഞു. കാതോലിക്കാ ബാവയുടെ ജന്മനാടായ കുന്നംകുളം പഴഞ്ഞി പള്ളിയിലെ റാസ യുമായി ബന്ധപ്പെട്ട ഒരു ആചാരം ചൂണ്ടിക്കാട്ടിയായിരുന്നു പി എസ് ശ്രീധരന്‍ പിള്ള ഇക്കാര്യം ഓര്‍ത്തെടുത്തത്. അന്ന് കാതോലിക്കാബാവക്കൊപ്പം താന്‍ ഈ റാസ കാണുമ്ബോള്‍ ബാവ പറഞ്ഞ അവിടുത്തെ ഒരു ആചാരം ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീധരന്‍പിള്ള ഈ ബന്ധം സദസ്സിനു മുന്നില്‍ അവതരിപ്പിച്ചത്.

റാസി മായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ചടങ്ങ് അവിടെ നടത്തിയിരുന്നത് പ്രദേശത്തെ ഒരു പുരാതന ഹൈന്ദവ കുടുംബമായിരുന്നുവെന്ന്കാതോലിക്കാബാവ തന്നോട് പറഞ്ഞിരുന്നതായി പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി പള്ളിയിലും ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ചില ആചാരങ്ങള്‍ ഉള്ളതായി പി എസ് ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി. താന്‍ പന്തളം കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്നും പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. എല്ലാ മതങ്ങളുടെയും അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് മനുഷ്യനെ മനുഷ്യനായി കണ്ട് സ്നേഹിക്കുവാനും കരുതുവാനും ചേര്‍ത്തുനിര്‍ത്തുവാനും പ്രത്യേകം ശ്രദ്ധിച്ചിരുന്ന മനുഷ്യസ്നേഹിയായിരുന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെന്നും ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിളള അനുസ്മരിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായുടെ സ്മരണാര്‍ത്ഥം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടന്ന ‘സ്മൃതി സുകൃതം’ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് ഗവര്‍ണര്‍ അനുസ്മരണ പ്രഭാഷണം നടത്തിയത്. പ്രാര്‍ത്ഥനയില്‍ അടിയുറച്ച വിശാലമായ കാഴചപ്പാടാണ് ബാവായുടേതെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തയായ കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *