മൂന്നര പതിറ്റാണ്ടുകൾക്ക് അപ്പുറത്ത് കുട്ടനാടൻ കായൽ നിലങ്ങളിൽ കൊയ്ത്തും മെതിയും, നെല്ലുണക്കുംനടത്തി എടുത്തിരുന്നത് ഇന്നത്തെ തലമുറക്ക് പരിചിതമല്ലാത്ത ഒരു രീതിയിൽ ആയിരുന്നു. കുട്ടനാടിന്റെയും അപ്പർകുട്ടനാടിന്റെയും, സമീപ പ്രദേശങ്ങളിൽ നിന്നും കൂട്ടമായി കായൽ നിലത്തിൽ വന്ന് താമസിച്ച് കൊയ്ത്ത് മെതി നടത്തിയും, പൊലി ഉണക്കിയും പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
കൊയ്ത്ത് യന്ത്രങ്ങളും, മെതിയന്ത്രങ്ങളും,പതിര് പാറ്റുന്ന യന്ത്രങ്ങളുടേയും കാലങ്ങൾക്ക് മുൻപ് ഉള്ള കാലമായിരുന്നു അത്. അതായത് 1990കൾക്ക് മുൻപുള്ള പുഞ്ചകൃഷി നടത്തപ്പെട്ടിരുന്ന കാലം. കൊയ്ത്തുകാരുടേയും ഉണക്കുകാരുടേയും സുവർണകാലം.
കേവലം 20-25 കിലോമീറ്റർ ദൂരത്തിന് അപ്പുറത്ത്, ഒരു വിദൂര ദ്വീപിൽ എന്നപോലെ ആളുകൾ വന്ന് താമസിച്ച് ജോലി ചെയ്ത് പോയിരുന്ന കാലം. ദിവസങ്ങളല്ല ആഴ്ചകളും ചിലപ്പോൾ മാസങ്ങളും ആയിരുന്നു. കായലിന്റെ ചിറകളിൽ താമസിച്ച് ജോലി ചെയ്ത് ആണ്ടുവട്ടത്തിലേയ്ക്ക് ഒരു കുടുംബത്തിന് വേണ്ടുന്നതെല്ലാം പുഞ്ചപ്പാടത്ത് നിന്ന് സ്വർണ്ണവർണ്ണത്തിൽ കൈപ്പിടിയിലാക്കി പോയിരുന്ന സാധാരണക്കാരുടെ കായൽ നിലത്തിലേയ്ക്കുള്ള ജീവിതയാത്ര ആയിരുന്നു അത്.
ഇന്നത്തേതുപോലെയുള്ള കരയാത്രാ സൗകര്യങ്ങളും ബോട്ട് യാത്രാ സൗകര്യങ്ങളും ഇല്ലാത്ത കാലം. വേമ്പനാട് കായലിന് കിഴക്ക് തെക്കായി കിടക്കുന്ന കായൽ നിലങ്ങൾ. കായൽരാജാവെന്ന് പേരുകേട്ട മുരിക്കന്റെ ശ്രമഫലമായി രൂപപ്പെട്ട കായൽ നിലങ്ങൾ. ആയിരക്കണക്കിന് ഏക്കർ വരുന്ന, പുഞ്ചകൃഷി മാത്രം പരിചിതമായിരുന്ന കായൽ നിലങ്ങൾ.ഈസ്റ്ററിനും വിഷുവിനും, ദിവസങ്ങൾക്ക് മുൻപ് എല്ലാ കൃഷി പണികളും തിർത്ത് വിളവെടുത്ത്, നെല്ല് അറയിലും പത്തായത്തിലും നിറച്ച് ആനന്ദത്തോടെ വിഷുവും, പെസഹാ തിരുനാളും വിളവെടുപ്പിന് ശേഷമുള്ള ആഘോഷങ്ങളായി കുട്ടനാട്ടുകാർ ആഘോഷിച്ചിരുന്ന ഒരു നല്ല കാലം ആയിരുന്നു അത്.
ജന്മിയുടെ നേതൃത്വത്തിൽ കർഷക തൊഴിലാളികൾ നിലം ഒരുക്കി,വിത്ത് വിതച്ച്, വളം ഇട്ട്, കളപറിച്ച് പൊന്നിൻ നിറത്തിൽ നെല്ല് വിളയിച്ച് നിർത്തും.എന്നാൽ ഏക്കറുകണക്കിനുള്ള പാടം മുഴുവൻ കൊയ്തെടുക്കാൻ അവരെക്കൊണ്ടാവില്ല.
കൊയ്ത്തിന് കാലമാകുമ്പോൾ ദേശാടന കിളികൾ എന്ന പോലെ അവർ കൂട്ടമായിട്ടെത്തും. മുപ്പതും, നാല്പതും ഒക്കെയായ കൂട്ടങ്ങളായിട്ടാണ് അവർ വരിക.വലിയ വള്ളങ്ങളിൽ സ്ത്രീകളും, കുട്ടികളും, അത്യാവശ്യം വിട്ടുപകരണങ്ങളുമൊക്കെയായിട്ടാണ് എത്തുക. ഇപ്പോഴത്തെ കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ, വിയപുരം, പാണ്ടി, അപ്പർകുട്ടനാട് പ്രദേശങ്ങളിൽ നിന്നാണ് കൂടുതൽ ആളുകളും വന്നിരുന്നത്.
മുൻ വർഷം കൊയ്ത് കൊണ്ടുപോയ നെല്ല് കുത്തിയെടുത്ത നല്ല പുഞ്ച അരിയും അത്യാവശ്യം വേണ്ടുന്ന സാധന സാമഗ്രികളുമായി, വലിയ വള്ളങ്ങളിൽ കൊയ്ത്തിന് രണ്ട് മൂന്ന് ദിവസം മുൻപേ നാട്ടിൽ നിന്ന് പുറപ്പെടും. ഒരു വള്ളത്തിൽ അഞ്ചും ആറും കുടുംബങ്ങളിലെ മുപ്പത് മുതൽ നാല്പത് വരെ അംഗങ്ങൾ കാണും .അങ്ങനെ നിരവധി വള്ളങ്ങളിൽ വിവിധ കായൽ നിലങ്ങളിലേയ്ക്ക് ഇവർ യാത്ര തിരിക്കും. തകഴി, ചമ്പക്കുളം, പുന്നമട എന്നിവിടങ്ങളിൽ അടുത്ത് ബാക്കി വേണ്ട സാധനങ്ങളും കൂടി സംഘടിപ്പിച്ച് രണ്ട് ദിവസങ്ങൾ കൊണ്ടാണ് ഇവർ ലക്ഷ്യസ്ഥാനമായ കായൽ നിലത്തിൽ എത്തുക. മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ നിന്നും അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ ഇവർ കടമായി വാങ്ങിയാണ് പോയിരുന്നത്. തിരികെ വരുമ്പോഴാണ് വാങ്ങിയ സാധനത്തിന്റെ വിലയായി നല്ല പുന്നെല്ല് കടക്കാർക്ക് നല്കിയിരുന്നത്. യാതൊരു മുൻപരിചയവും ഇല്ലെങ്കിലും കൊയ്ത്തിന് പോകുന്നവർക്ക് അത്യാവശ്യ സാധനങ്ങൾ കടം കൊടുക്കാൻ കച്ചവടക്കാർക്കും മടിയില്ലായിരുന്നു. കാരണം ഈ തൊഴിലാളികളൊന്നും വിശ്വാസവഞ്ചന കാട്ടില്ല എന്ന വിശ്വാസവും, തിരികെ വരുമ്പോൾ നല്ല പുന്നെല്ല് വിലയായി തിരികെ കിട്ടുമെന്ന പ്രതീക്ഷയും. വിശ്വാസവും പ്രതീക്ഷയും ഒരിക്കലും തെറ്റിച്ചിരുന്നില്ല എന്നതാണ് അന്നാളു കളിലെ കുട്ടനാടിന്റെ സംസ്കാരം. യാത്ര ചെയ്ത് കായലിലെത്തിയാൽ ഏറ്റവും നല്ല സ്ഥലം നോക്കി ചിറയിറമ്പിൽ വള്ളം ചേർത്ത് കൊണ്ടു വന്നിരിക്കുന്ന സാമഗ്രികൾ കൊണ്ട് പന്തൽ കെട്ടും. ഇനിയുള്ള ദിവസങ്ങളും ആഴ്ചകളും ഇവരുടെ ജീവിതം ഈ പന്തലുകളിലാണ്. ഇങ്ങനെ പന്തല് കെട്ടി താമസിച്ച് ജോലി ചെയ്തിരുന്നതിനാൽ നാട്ടുകാർ ഇവരെ’ പന്തകെട്ടി’ കൊയ്യാനെത്തുന്നവർ എന്നാണ് വിളിച്ചിരുന്നത്. ഇനിയുള്ള ഇവരുടെ ആഴ്ചകൾ കായൽ പാടങ്ങളുടെ രണ്ട് പന്തി ചിറകളുടെ നടുവിൽ കെട്ടിയുണ്ടാക്കിയ ഈ പന്തകളിലാണ്. വരാനിരിക്കുന്ന ഒരു വർഷത്തേയ്ക്ക് കരുതി വയ്ക്കാനുള്ളത് സ്വരുക്കൂട്ടാനുള്ള പന്ത ജീവിതം..
ഓരോ ജന്മിയുടേയും നിലങ്ങളിലേയ്ക്ക് ആവശ്യമായ കൊയ്ത്തുകാർ എല്ലാവരും അടുത്തടുത്തായി പന്തൽ കെട്ടിയാണ് താ
.മസിക്കുക. ജന്മിയുടെ നിലം മുഴുവൻ കൊയ്തെടുത്ത് കറ്റയാക്കി പാടവരമ്പിനടുത്ത് കറ്റയായി കെട്ടി വച്ച് ,തണ്ട് ഉണക്കാകുമ്പോൾ അവ കെട്ടുകളാക്കി തലച്ചുമടായി കളങ്ങളിലേയ്ക്ക് കൊണ്ടുവരും. ചില പാടങ്ങളിൽ നിന്ന് കറ്റ കിലോമീറ്ററുകളോളം ചുമന്നാലാണ് കളത്തിൽ എത്തിക്കാൻ കഴിയുക. അങ്ങനെ ഉള്ള സ്ഥലങ്ങളിൽ ആളുകൾ തല ചുമട് വച്ച് മാറ്റം നടത്താറുണ്ട്. വിസ്താരമേറിയ കളത്തിൽ ഓരോ പന്തക്കാർക്കും പ്രത്യേകം പ്രത്യേകം ‘പായെടം’ അനുവദിച്ചിട്ടുണ്ടാവും, ഓരോ കൂട്ടരും വെവ്വേറെ പായെടം പിടിച്ച് കറ്റ അടുക്കി വയ്ക്കും, ഒരാൾ പൊക്കത്തിൽ നല്ല നീളത്തിൽ കറ്റ “ചായ്ക്കാൻ ” പ്രത്യേകം കഴിവ് വേണം. അതിൽ പ്രാവീണ്യമുള്ളവർ തന്നെ അത് ചെയ്തില്ല എങ്കിൽ കറ്റ കൂട്ടം മറിഞ്ഞ് വീഴും. എല്ലാവരും കൊയ്ത്ത് ജോലികളിൽ മുഴുകുമ്പോൾ പന്തയിൽ ഒന്ന് രണ്ട് സ്ത്രീകൾ പാചകം ചെയ്യുന്നതിന്നും, കുട്ടികളെ നോക്കുന്നതിന്നുമായി ശേഷിക്കുന്നുണ്ടാവും. എരിവ് ചേർത്ത കഞ്ഞിവെള്ളവുമായി പന്തയിൽ നിന്ന് കളത്തിലേക്ക് മൺകുടത്തിൽ കൊടുത്തു വിടും, ജോലിക്കിടയിലെ ആശ്വാസമായ ഈ കഞ്ഞിവെള്ളം നല്കുന്ന ഉന്മേഷം എടുത്ത് പറയേണ്ടത് തന്നെയെന്ന് അനുഭവസാക്ഷ്യം.
രാവിലേയും വൈകുന്നേരവുമാണ് കൂടുതൽ ജോലി ചെയ്യുക. യാതൊരു മടിയും തടസ്സവും ഇല്ലാതെ ഉച്ചക്ക് കടന്നു വരുന്ന കുംഭം-മീനം മാസങ്ങളിലെ സൂര്യരശ്മികളുടെ കാഠിന്യം ഒഴിവാക്കിയാണ് അവർ ജോലികൾ ക്രമീകരിച്ചിരുന്നത്. അത്യാവശ്യ സന്ദർഭങ്ങളിൽ ദാഹം തീർക്കാൻ കായലിലെ വെള്ളവും, പാടശേഖരത്തിന് നടുവിലൂടെ ഒഴുകുന്ന ചാലുകളിലെ വെള്ളവും ഉപയോഗിച്ചിരുന്നു എന്ന് അറിയുമ്പോൾ അന്ന് വെള്ളം എത്രകണ്ട് ഉപയോഗയോഗ്യമെന്ന് മനസിലാവും.” ഒഴുക്ക് നിറ്റിൽ അഴുക്ക് ഇല്ല ”
എന്നതാണെല്ലോ പ്രമാണം.
കളത്തിൽ എത്തിക്കുന്ന കറ്റ മെതിക്കുന്നതിനും അക്കാലത്ത് നിയതമായ രീതികൾ ഉണ്ടായിരുന്നു. വലിയ കളങ്ങളിൽ അതിന്റെ മദ്ധ്യത്തിൽ നിന്നാണ് മെതി തുടങ്ങുക. അതിനും കാരണമുണ്ട് മെതിച്ച് കൂട്ടുന്ന നെല്ല് അളന്ന് മൂട കുത്തുന്നതിന് കളത്തിന്റെ മദ്ധ്യം ഒഴിവാക്കിയെടുക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.മെതി കഴിഞ്ഞ് ഉണക്ക് തുടങ്ങുമ്പോൾ പൊലി നാലു വശത്തേക്കും വാരി നിരത്താനും ഇതുവഴി കഴിയുമായിരുന്നു.
കറ്റമെതിക്കൽ ഒരു കലയാണ് കാലുകൾ കൊണ്ട് നൃത്തം വച്ച് കച്ചിയും നെല്ലും വേർതിരിക്കുന്ന പണി. നിളത്തിൽ സ്ഥാപിക്കുന്ന വച്ചുകെട്ടിൽ പിടിച്ച് കാലുകൊണ്ട് കറ്റകൾ ഇതളുകളാക്കി ഒരുകാലുകൊണ്ടമർത്തി മറുകാലുകൊണ്ട് ഉതിർത്തി എടുക്കുന്ന ജോലി ആരംഭിക്കുമ്പോൾ പലരുടേയും കാലുകൾ മുറിഞ്ഞ് ചോര പൊടിയും.പിന്നെ പിന്നെ അത് തഴമ്പായി മാറും, അപ്പോൾ മെതിക്ക് വേഗം കൂടും. കൊയ്ത്ത് കഴിഞ്ഞ് മെതി തുടങ്ങിയാൽ ഓരോ ദിവസവും പത്ത് മുതൽ പതിനാല് മണിക്കൂർവരെയാണ് ജോലി ചെയ്യുക. പകലത്തെ സൂര്യന്റെ ചൂടിനെ ഒഴിവാക്കാൻ അതിരാവിലെ മുതൽ തന്നെ മെതി ആരംഭിക്കും, അതുപോലെതന്നെ രാത്രീ വളരെ വൈകുന്നതു വരെയും തുടരുകയും ചെയ്യും. ഒരേ താളത്തിൽ വെച്ചുകെട്ടിൽ കൈ പിടിച്ചം കറ്റ മെതിച്ചിരുന്ന രീതി കുട്ടനാടൻ പാടശേഖരങ്ങളിലെ കൊയ്ത്തുപാട്ടു പോലെ തന്നെ സുന്ദരമായിരുന്നു. ഒന്നു ചേർന്ന് പോകുമ്പോൾ ഒരേ പോലെ ചുവട് വയ്ക്കുന്ന സംഘനൃത്തക്കാരാണ് മെതിക്കാർ എന്ന് തോന്നുമായിരുന്നു.
വൈദ്യുതി വിളക്കുകൾ എത്തുന്നതിന് മുൻപ് പെട്രോമാക്സുകളും, വലിയ പന്തങ്ങളുമായിരുന്നു രാത്രികാലങ്ങളിൽ കളത്തിൽ പ്രകാശം പരത്തിയിരുന്നത്.. രാത്രിയിലെ മെതി നെല്ലും കച്ചിയും തമ്മിൽ വേർപെടില്ല എന്ന കാരണത്താൽ പല ജന്മിമാരും പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നതും ഒരു യാഥാർത്യം ആയിരുന്നു.
മെതിച്ച് കൂട്ടുന്ന പൊലീ അളക്കുന്നതിനും ചില ചീട്ടവട്ടങ്ങളുണ്ടായിരുന്നു.
ഒരു കളത്തിലെ ആദ്യത്തെ അളവ് ‘ഒറ്റപ റയിൽ’ആയിരിക്കണം എന്ന് നിഷ്കർഷിച്ചിരുന്നു.അതും നിറപറയാക്കി മാറ്റി വയ്ക്കും.
പീന്നീട് സൗകര്യത്തെ പ്രതീ ഇരട്ട പറയും, രണ്ടര പറയും ഒക്കെ ഉപയോഗിക്കും.
ഏഴീന് ഒന്ന് എന്നതായിരുന്നു കൊയ്ത്തു കൂലി അല്ലെങ്കിൽ പതം.
ഏഴ് പറ നെല്ല് അളന്ന് മാറ്റുമ്പോൾ കൊയ്ത്തുകാരന് ഒരുപറ, ഒരു ചങ്ങഴി, ഒരു നാഴി’ തീർപ്പായി നല്കിയിരുന്നു.
ഓരോ ദിവസവും അളന്ന് കൂട്ടുന്നതിന്റെ കണക്ക് സൂക്ഷിച്ച് മെതി തീർത്ത് കളം പിരിയുന്ന ദിവസം അന്ന് വരെയുള്ള കൂലി അളന്ന് ചണ ചാക്കുകളിൽ നിറച്ച് വള്ളത്തിൽ അടുക്കി വയ്ക്കുമ്പോൾ വരാനിരിക്കുന്ന വർഷത്തെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് അവർ അടുക്കി വയ്ക്കുക.
കൊയ്ത്തുകാർ തങ്ങളുടെ പന്തലുകൾ അഴിച്ച് സാമഗ്രികൾ വള്ളത്തിൽ കയററുമ്പോൾ അങ്ങകലെ കായലി’ലെ ഓളങ്ങളിലൂടെ നിര നിരയായി വള്ളങ്ങളിൽ മറ്റൊരു കൂട്ടർ എത്തിത്തുടങ്ങും. ആ വള്ളങ്ങളിൽ പുരുഷൻമാരുടെ മാത്രം സംഘങ്ങൾ ആണ് എത്തുക. ഓരോ വള്ളത്തിലും പതിനഞ്ചിനും ഇരുപതിനും ഇടയിലുള്ള ‘ഉണക്കുകാരുടെ ‘ സംഘങ്ങളാണ് അത്.
ഇന്നത്തെ തലമുറയ്ക്ക് കേട്ട് കേൾവി പോലും ഇല്ലാത്ത ഒരു ജോലിയാണ് ഇത്. ഇന്ന് കൊയ്ത് യന്ത്രം കൊണ്ട് കൊയ്ത് കൂട്ടുന്നനെല്ല് കളങ്ങളിൽ എത്തിച്ച് തൊട്ടടുത്ത ദിവസം തന്നെ ചാക്കുകളിൽ നിറച്ച്, തൂക്കി ബന്ധപ്പെട്ട മില്ലുകളിലേയ്ക്ക് മാറ്റപ്പെടും.എന്നാൽ മുൻകാലങ്ങളിൽ ഇതായിരുന്നില്ല പതിവ്. മെതിച്ച് കൂട്ടുന്ന പൊലിയിൽ നിന്ന് നെല്ലും, പതിരും’ വേർതിരിച്ച് എടുക്കുന്നതും, അതിന് മുൻപ് പൊലീമുഴുവൻ ഉണങ്ങുന്നതുമായിരുന്നു പതിവ്. ഇത് കായൽ നിലങ്ങളിൽ ഒരു തപസൃതന്നെ ആയിരുന്നു.
കൂട്ടനാട്ടിൽ നിന്നായിരുന്നു ഉണക്കിനായി ആളുകൾ കായലിലേക്ക് പോയിരുന്നത്. ഉണങ്ങാൻ പോകുന്ന 15-20 പേരടങ്ങുന്ന ഗ്രൂപ്പിന്റെ ക്യാപ്റ്റൻ മൂപ്പൻ എന്നാണ് അറിയപ്പെട്ടിരുന്നത്. പോകുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ മൂപ്പന്റെ നേതൃത്വത്തിൽ പോകുന്ന ആളുകൾ ഒന്നിച്ച് കൂടും. മുൻ വർഷം പോയ ചിലർ ഒഴിവാകും അപ്പോൾ അവർക്ക് പകരംമറ്റ് ചിലരെ ഉൾപ്പെടുത്തും. എന്ന്, എപ്പോൾ ‘എങ്ങനെ പോകണം എന്നുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് ധാരണ ആകും. കൈക്കരുത്തും, ആരോഗ്യവുമുള്ള ചെറുപ്പക്കാരെ കൂട്ടത്തിൽ കൂട്ടാൻ മൂപ്പൻമാർ പ്രത്യേകം ശ്രദ്ധിക്കും. ചെയ്ത് തീർക്കുന്ന അളവിനാണ് കൂലി.കൂലിനെല്ലായിട്ട് പറ കണക്കിൽകിട്ടും. ആയിരപ്പറ നെല്ല് വിത്തിന് നാല് ഉണങ്ങിയാൽ ഇത്ര, മൂന്ന് ഉണങ്ങിയാൽ ഇത്ര പറ നെല്ല് എന്നതായിരുന്നു കൂലി കണക്ക്. കൂടുതൽ നല്ല പണിക്കാരുമായി പോയി കൂടുതൽ നെല്ല് കൊണ്ടു വരാം എന്നതായിരുന്നു എല്ലാവരുടേയും ആഗ്രഹം. കായലിൽ ഉണക്കിന് തങ്ങളുടെ മകനെ കൂടി കൊണ്ടുപോകാൻ മൂപ്പന്റെ അടുത്ത് ശുപാർശയുമായി എത്തുന്ന മാതാപിതാക്കൾ ഉണ്ടായിരുന്നു.മദ്യപിക്കാത്ത, ദുശീലങ്ങൾ ഇല്ലാത്തവരെ കൂട്ടത്തിൽ എടുക്കാൻ മൂപ്പൻമാരും പ്രത്യേകം ശ്രദ്ധീച്ചിരുന്നു.
പതിനഞ്ച് മുതൽ ഇരുപത് പേർ വരെ അടങ്ങുന്ന കൂട്ടത്തിൽ അത്യാവശ്യം പാചകം അറിയാവുന്നവർ ഒന്ന് രണ്ട് പേരുണ്ട് എന്ന് മൂപ്പൻ ഉറപ്പാക്കും.കാരണം ഒരു മാസത്തോളം കായലിന്റെ കരയിൽ സ്വന്തമായി ആഹാരം പാകം ചെയ്ത് കഴിയേണ്ടതാണ്. അരിയും മറ്റ് സാധനങ്ങളും കരുതിയാണ് പോകുന്നത്. പച്ച മത്സ്യം മാത്രമേ അവിടെ കിട്ടു.കിട്ടുന്നതു കൊണ്ട് നന്നായി ഭക്ഷണമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ, ആരോഗ്യം പ്രശ്നമാകും പിന്നെ ഈ പോക്കു കൊണ്ട് വലിയ ഗുണം ഉണ്ടാകില്ല എന്ന് അറിയാം.
പല മൂപ്പൻമാരും ഉണക്കിന് പോകാൻ ആലോചന തുടങ്ങുമ്പോൾ തന്നെ ഉണക്കമീനും, ഉണക്ക കപ്പയും കരുതി വയ്ക്കും.
വലിയ പതിവ് വള്ളത്തിലാണ് യാത്ര കാരണം തിരികെ വരുമ്പോൾ കൂലിയായി കിട്ടുന്ന നെല്ല് കൊണ്ടുവരേണ്ടതാണ്. എല്ലാവള്ളത്തിന്നും മദ്ധൃത്തിലായി ഒരു വളവരയും കാണും അതിന്റെ അകത്താണ് അത്യാവശ്യം തുണികളും മറ്റ് അരിയും സാധനങ്ങളും വയ്ക്കുക.
കുട്ട, ഏറു കുട്ട, വിത്തേറ്റി തുടങ്ങി പണി ആയുധങ്ങൾ തുടങ്ങീ അരകല്ലും പിള്ളക്കല്ലും വരെ ഉണ്ടാകും ആ വളവരയുടെ കീഴിൽ.
ഒരു ദിവസം സന്ധൃയോടുകൂടിയാവും യാത്ര തുടങ്ങുക. വള്ളക്കടവിൽ മൂപ്പന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തിയേ വള്ളത്തിലേയ്ക്ക് കയറു. യാത്ര അയക്കാൻ കുടുംബ അംഗങ്ങളും കടവിൽ എത്തിയിരിക്കും. ഒരു മാസമെങ്കിലും എടുക്കും ഇനി തിരികെ എത്താൻ.
ഉണക്കിന് കാലമാകുമ്പോൾ സന്ധ്യയ്ക്ക് പമ്പാനദിയിലൂടെ നിരവധി വള്ളങ്ങളാണ് ഇങ്ങനെ വേമ്പനാട് കായൽ ലക്ഷ്യ വച്ച് പോകുന്നത്. എല്ലാം വള്ളങ്ങളും ഒരു പറ്റം തൊഴിലാളികളേയും കൊണ്ട് കായലിലേയ്ക്ക്.
അടുത്ത ദിവസം കാലത്ത് മാത്രമേ ലക്ഷ്യത്തിൽ എത്തു. വള്ളത്തിൽ ഇരുന്നും കിടന്നും, കഥകൾ പറഞ്ഞും, കേട്ടും ഉള്ള ഒരു യാത്ര.മുൻപ് ഉണക്കിന് പോയിട്ടുള്ളവരും മൂപ്പനും, അനുഭവങ്ങളും കഥകളും പൊടിപ്പും തേങ്ങലും ചേർത്ത് വിളമ്പുമ്പോൾ ആദ്യമായി പോകുന്നവർക്ക് അമ്പരപ്പും, ആവേശവും ആവോളം.
പമ്പയുടെ ഓളത്തിലൂടെ, വേമ്പനാട് കായലിന്റെ ഓരം പറ്റി ലക്ഷ്യം വയ്ക്കുന്ന കായൽ പാടത്ത് എത്തുംവരെ ആകാശത്തെ നക്ഷത്രങ്ങളും കുഞ്ഞോളങ്ങളും കൂട്ട് വരും.
ആദ്യമായി പോകുന്നവർക്ക് വീട് വിട്ട് പോകുന്നതിന്റെ ഒരു വിഷമം
ഈ യാത്രയിൽ പലർക്കും പലതാണ് ലക്ഷ്യം.ഒരു മാസം ജോലി ചെയ്താൽ കൂലി ഇനത്തിൽ ലഭിക്കുന്ന നെല്ലീന്റെ ആകർഷണമാണ് എല്ലാവരേയും വീട് വിട്ട് നില്ക്കാൻ പ്രചോദിപ്പിക്കുന്നത്.ആളൊന്നിന് അറുപതിൽ കുറയാതെ പറ നെല്ല് കിട്ടും. ചില വീടുകളീൽ നിന്ന് രണ്ടും മൂന്നും പേരുണ്ടാവും. ആണ്ടു വട്ടത്തിലേയ്ക്ക് കഞ്ഞിക്കുള്ള നെല്ല് ഉണ്ടാവും ഒരാൾ പോയാൽ അപ്പോൾ രണ്ടും മൂന്നും പേർ പോയാലോ? അതെ ഉണക്ക് കൂലിയായി കിട്ടുന്ന നെല്ലിന്റെ അളവിലാണ് ഇവരുടെ പലരുടേയും സ്വപ്നങ്ങൾ യാഥാർത്ഥൃമാവുന്നത്. അതെ ഇത് സ്വപ്നം കണ്ടു കൊണ്ടുള്ള യാത്രയാണ്.
പന്തകെട്ടി കൊയ്ത്തിന് എത്തിയവർ കൊയ്ത്- മെതിച്ച് കൂട്ടിയ പൊലി ഉണക്കി പതിര് മാറ്റി അടുത്ത വർഷത്തെ കൃഷിക്കുള്ള വിത്തായും, ബാക്കി അരിയാക്കി മാർക്കറ്റിൽ വില്ക്കുന്നതിന് പുഴുക്ക് കാർക്ക് നല്കുന്നതിന്നും പരുവത്തിലാക്കി പൊലി നെല്ലാക്കി മാറ്റി സുക്ഷിക്കുന്നതിന്റെ ആദ്യപടിയാണ് ഉണക്ക്. വലിയ കൂനയായി കൂട്ടിയിരിക്കുന്ന പൊലി കളത്തിന്റെ നാല് ഭാഗത്തേക്ക്കും വാരി നിരത്തി തുടർച്ചയായി കാല് കൊണ്ട് ചിക്കിയും, വിത്തേറ്റിക്ക് വകഞ്ഞും വിവിധ തരത്തിൽ ഉണക്കി, വിത്തിനും നെല്ലിന്നും പ്രത്യേകമായി വേർതിരിച്ച് ഉണക്കിയെടുത്ത് ,കാറ്റീന്ന് വീശി എറിഞ്ഞ്, നെല്ലും പതിരും വേർതിരിച്ച് വീണ്ടും മൂട കുത്തി മൂടി ഉണക്ക് എന്ന ജോലി ഒരു മാസത്തോളം എത്തുമ്പോഴെ ഒരു കളത്തിലെ മുഴുവൻ പൊലിയും നെല്ലും പതിരും വേർതിരിഞ്ഞ് വിത്തും നെല്ലുമായി ജന്മിയുടെ അറപ്പുരകളിലും, മില്ലുകളിലും, കൂലിയായി ഉണക്കുകാരുടെ വള്ളത്തിലും നിറയു.
ഉണക്കി മാറ്റിയ വിത്തും നെല്ലും വള്ളത്തിൽ കയറ്റി ജന്മിയുടെ അറപ്പുരയിൽ നിറച്ച് കഴിയുമ്പോൾ മാത്രമാണ് ഉണക്കു കാരന്റെ ജോലി തീരുക.
ഉണക്കിൽ പിഴച്ചാൽ വിത്തീലും, അരിയിലും പിഴക്കും. അതു കൊണ്ട് ചെരുവിലെ മാടത്തിലിരുന്ന് എല്ലാം ശ്രദ്ധയോടെ വീക്ഷിക്കുന്ന ജന്മിയും, ജന്മിയുടെ നടത്തിപ്പുകാരനും, മൂപ്പനും എപ്പോഴും നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാവും. അതീരാവിലെ തുടങ്ങുന്ന ജോലി ചിലപ്പോൾ രാവേറെ വരെ നീണ്ടേക്കാം. എന്നാലും മടുപ്പില്ല. കാരണം തങ്ങളുടെ പല സ്വപ്നങ്ങളും നിറവേറ്റേണ്ട, യാഥാർത്ഥൃമാക്കേണ്ട സ്വർണ്ണവർണ്ണ മുത്തുകളായ നെന്മണിയുമായാണ് സല്ലപിക്കുന്നത്. കൂടുതൽ അദ്ധ്വാനം കൂടുതൽ പ്രതിഫലം. കായൽ കാറ്റ് രാവേറെ നിന്നാൽ ജോലി നീണ്ടു നില്ക്കും.
നെല്ലും പതിരും വേർതിരിക്കുന്നത് ഉയരമുള്ള തട്ടിൽ നിന്ന് ഏറുകൊട്ടയിൽ എറിഞ്ഞാണ്. കാറ്റിന്റെ ഗതി അറിഞ്ഞ് ഏറ് കൊട്ടയിൽ പൊലികുത്തിയെറിഞ്ഞ് നെല്ലും പതിരും വേർതിരിച്ചെടുക്കണം. ഇങ്ങനെ തട്ടിൽ നിന്ന് ഏറ് കൊട്ട നിറയെ പൊലി വാരി എറിയാൻ പ്രത്യേക കഴിവ് തന്നെ ഉണ്ടാവണം. പ്രകൃതിയുടെ കനിവായ കാറ്റിനെ അടിസ്ഥാനപ്പെടുത്തി മാത്രമേ പതിര് പാറ്റാൻ കഴിയു.ഏറ്തെറ്റിയാൽ നെല്ലും പതിരും വേർതിരിയില്ല. ഉണക്കുകാരുടെ കൂട്ടത്തിൽ തട്ടിൽ നിന്ന് ഏറുകൊട്ടയിൽ പൊലീ എറിയുന്നവന് ചുണ്ടൻ വള്ളത്തിലെ അമരക്കാരന്റെ തലയെടുപ്പും സ്ഥാനവുമാണ്.നിരനിരയായി കുട്ടയിൽ പൊലീവാരീ നല്കുമ്പോൾ കാറ്റിന്റെ വശത്തിനും നേരത്തെ വീണ് കിടക്കുന്ന നെല്ലിന്നും പതിരിന്നും മുകളിൽ യഥാസ്ഥാനം വീഴുകയും വേണം അല്ലെങ്കിൽ നെല്ലിൽ പതിരും, പതിരിൽ നെല്ലും കലരും. അങ്ങനെ ഉണ്ടാവരുത്.അങ്ങനെ ഉണ്ടാവാൻ ഉണക്കുകാർ അവസരം ഉണ്ടാക്കില്ല. കാറ്റിന്റെ ഗതിനോക്കി എറിയാൻ അറിയാവുന്ന ഉണക്കുകാരന് ജന്മിയുടേയും മൂപ്പന്റേയും വക പ്രോത്സാഹനവും, ചില ചെറിയ സമ്മാനവും ഉറപ്പ്.
സ്വന്തം വീട്ടിൽ നിന്ന് അധികം ദൂരത്തല്ല എങ്കിലും വിവരങ്ങൾ ഒന്നും അറിയാനുള്ള മാർഗ്ഗങ്ങൾ ഒന്നും നിലവിലില്ലാതിരുന്ന കാലം. യാത്രാ സൗകര്യങ്ങളും തീരെ അപര്യാപ്തം.
പലപ്പോഴും നാട്ടു വിശേഷങ്ങളും മറ്റ് പ്രധാന കാര്യങ്ങളും അറിയുന്നത് വല്ലപ്പോഴും കായലിലൂടെ കടന്നു പോവുന്ന വള്ളക്കാർ വഴിയാണ്. നാട്ടിലോ വിട്ടിലോ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ പോലും യഥാസമയം അറിയാൻ നിർവ്വാഹമില്ലാത്ത അവസ്ഥ.
കുട്ടനാട്ടിലെ പല കുടുംബങ്ങളും വിവാഹം വഴീ ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. തങ്ങളുടെ കൈയ്യെത്തും ദൂരത്ത് നിന്നായിരുന്നു പല ബന്ധങ്ങളും.
ആരോഗ്യവും തടിമിടുക്കും, കഴിവും ഉള്ള പുരുഷൻമാരെ പലപ്പോഴും പെൺകുട്ടികളുടെ അപ്പൻമാരും സഹോദരൻമാരും കായലിലെ ഉണക്കിന് പോയപ്പോൾ പരിചയപ്പെട്ട് കണ്ടെത്തിയിട്ടുണ്ട് എന്നതും ഒരു യാഥാർത്ഥൃം ആണ്.
ജോലി നേരത്തെ തീരുന്ന ദിവസങ്ങളിൽ വിവിധ കളങ്ങളിൽ വിവിധ സ്ഥലത്ത് നിന്ന് ജോലിക്ക് എത്തിയിരുന്നവർ ഒന്നിച്ച് കാണുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്യും.ഇത് പിന്നീട് കുടുംബ ബന്ധങ്ങൾക്ക് കാരണമാകാറുണ്ട്.
വൈകുന്നേരങ്ങളിൽ കായൽ കരയിലിരുന്ന് കായലിന്റെ സ്നേഹവും, കരുതലും പങ്കുവയ്ക്കുന്നതോടൊപ്പം അതിന്റെ രൗദ്രതയും ചർച്ച ചെയ്യപ്പെടും. വലിയ സ്വപ്നങ്ങളുടെ വഞ്ചിയുമായി തങ്ങളെപ്പോലെ എത്തിയ ചിലരെങ്കിലും കായലിന്റെ രൗദ്രഭാവത്തിന് കീഴടങ്ങിയത് നിസ്സഹായരായി നോക്കി നില്ക്കേണ്ടി വന്നിട്ടുള്ള ദയനീയ അനുഭവം പങ്കുവയ്ക്കപ്പെടാറുണ്ട്.
ജന്മിയുടെ അറപ്പുരയിൽ നെല്ലും വിത്തും സൂക്ഷിക്കുന്നതിനും ഒരു രീതിയുണ്ട്. വായുസഞ്ചാരമില്ലാത്ത അറപ്പുരയുടെ നടുക്കത്തെ മുറിയിൽ വിത്ത് നിറച്ച് കതക് അടച്ചാൽ അടുത്ത കൃഷിക്ക് വിത്ത് ഒരുക്കുന്ന സമയത്ത് മാത്രമേ അത് തുറക്കു.
വിത്തിനും നെല്ലിന്നും വെവ്വേറെ മുറികളുണ്ട് അറക്ക്..
ക്ഷാമ കാലത്ത് തന്റെ തൊഴിലാളികൾക്ക് കഞ്ഞിക്കുള്ള നെല്ല് പ്രത്യേകം അറയിൽ സൂക്ഷിച്ചിരുന്ന ജന്മിമാരും ഉണ്ടായിരുന്നു എന്നത് കുട്ടനാടിന്റെ മാത്രം സ്വകാര്യ അഹങ്കാരമാണ്. ആയിരക്കണക്കിന് പറ നെല്ല് കൊള്ളുന്ന അറയും പുരയും കുട്ടനാട്ടിൽ നിലനിന്നിരുന്നു. അവയിൽ സംഭരിക്കപ്പെടുന്ന നെല്ലിന്നും വിത്തിന്നും വെള്ളപ്പൊക്ക കാലത്ത് പോലും ഈർപ്പം ബാധിച്ചിരുന്നില്ല. തടികൊണ്ട് രൂപപ്പെടുത്തുന്ന അറയും പുരയും അത്രക്ക് സുരക്ഷിതമായിരുന്നു.
കായൽ കളത്തിൽ നിന്ന് അവസാനത്തെ നെല്ലും വള്ളത്തിൽ കയറ്റി, മൂപ്പൻ കളം അടിച്ച് വൃത്തിയാക്കി, ആലങ്കാരികമായിജന്മിയുടെ മാടവും എടുത്ത് വള്ളത്തിൽ വച്ച് കൊടുത്ത്, പതീര് പാടത്തെ തൂമ്പിന് മുന്നിലിട്ട് തീ കൊടുത്തിട്ടാണ് (തൂമ്പിനോട് ചേർന്ന് പതിര് കത്തിക്കുന്നതിന് ഒരു പ്രത്യേകതയുണ്ട്, തൂമ്പ് തുറന്ന് വെള്ളം കയറ്റുമ്പോൾ ചാരം എല്ലാ നിലത്തിലേയ്ക്കും ഒഴുകി പരക്കും. എല്ലാം കളങ്ങിലും ഇത് ചെയ്യുമ്പോൾ പാടം മുഴുവനും വെള്ളം കേറ്റുന്ന അവസരത്തിൽ ചാരം ഒഴുകി പരക്കും ഒരു വളപ്രയോഗം തന്നെ) ഉണക്കുകാർ കളം വിടുന്നത് .പലപ്പോഴും ജന്മിയുടെ വക സത്കാരവും, അടുത്ത വർഷത്തേയ്കുള്ള ഉണക്കിന്റെ ക്ഷണവും സ്വീകരിച്ചായിരിക്കും ഇവരുടെ യാത്ര.ജന്മിമാർ
ചില മൂപ്പൻമാരേയും, ഉണക്കുകാരേയും. തങ്ങളുടെ രാശീയായി കണ്ടിരുന്നു എന്നും പറഞ്ഞു കേട്ടിരുന്നു.
വള്ളം നിറച്ച് നെല്ലു നിറച്ച ചാക്കുകളുമായി കായലിൽ നിന്ന് ഒഴുക്കിന് എതിരെ വലിയ കഴുക്കോലുകൾ കുത്തി ഊന്നി, തിരികെ നിരനിരയായി നാട്ടിലേയ്ക്ക് പോകുന്നത് കാണുമ്പോൾ ഉറപ്പിക്കാം ഒരു കൊയ്ത്തുകാലം കൂടി കഴിഞ്ഞു എന്ന്. വരാനിരിക്കുന്ന വർഷത്തെ സ്വപ്നങ്ങളാണ് വള്ളംനിറയെ. അതിൽ മകളുടെ ,പെങ്ങളുടെ വിവാഹമുണ്ടാകാം, വിദ്യാഭ്യസമുണ്ടാവാം അതുപോലെ വരാനിരിക്കുന്നഈസ്റ്ററും വിഷുവും ഉണ്ടാവും. അങ്ങനെ സ്വപ്നങ്ങൾ ചാക്കിലാക്കി അവർ കുട്ടനാട്ടിലെ തങ്ങളുടെ വിടുകളിലേയ്ക്ക്.. നീണ്ട ഒരു ഉണക്ക് കാലത്തിന് ശേഷം.
ഇന്ന് കാണാനാവാത്ത പൊയ്പോയ ഒരു കുട്ടനാടൻ കാഴ്ച
കുട്ടനാടിന്റെ കൈകരുത്തിന്റെയും
മെയ് കരുത്തിന്റേയും മനക്കരുത്തിന്റേയും അദ്ധ്വാനത്തിന്റേയും തീരിച്ചെടുക്കാൻ ആവാത്ത വിധം നഷ്ടപ്പെട്ട ഒരു പ്രതാപകാലത്തിന്റെ
കാഴ്ചകളായിരുന്നു അത്.
ആൻറണി ആറിൽചിറ
ചമ്പക്കുളം










Leave a Reply