ആത്മീയതയില്‍ ഉറച്ച ബോധ്യങ്ങളും വിശ്വാസവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭയെ നയിച്ച ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ വിയോഗം വിശ്വാസികളെ കണ്ണീരിലാഴ്ത്തി. മേല്പട്ട സ്ഥാനത്തു മൂന്നര പതിറ്റാണ്ടിലേറെ അര്‍പ്പിച്ച ശുശ്രൂഷയിലുടനീളം ദൈവം വഴിനടത്തിയതായി തിരുമേനി ആവര്‍ത്തിച്ചിരുന്നു. മലങ്കര സഭയുടെ വളര്‍ച്ചയ്ക്കും അതിലൂടെ വിശ്വാസികളുടെയും സമൂഹത്തിന്റെയും ഉന്നമനത്തിനും കര്‍മ മണ്ഡലങ്ങളിലുടനീളം പ്രാധാന്യം കൊടുത്തു.
സഭയുടെ മുന്‍ പിതാക്കന്മാരിലൂടെ പകര്‍ന്നു കിട്ടിയ സുവിശേഷാത്മക ജീവിതവും ആത്മീയപ്രകാശവും ചുറ്റുമുള്ള സമൂഹത്തിനും നന്മയ്ക്കായി ചൊരിയാന്‍ എപ്പോഴും ബാവ ശ്രമിച്ചിരുന്നു. അതു തന്നെയാണു മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വളര്‍ച്ചയുടെ അടിത്തറയും ബലവുമായി മാറിയതും. 30 ഭദ്രാസനങ്ങളും 33 മേല്പ്പട്ടക്കാരും 25 ലക്ഷം വിശ്വാസികളുമുള്ള ഐക്യകൂട്ടായ്മയായി മലങ്കര ഓര്‍ത്തഡോക്സ് സഭയെ വിശ്വാസബോധ്യങ്ങളില്‍ ഉറപ്പിക്കുന്നതില്‍ കാതോലിക്കാ ബാവ നിര്‍ണായക പങ്ക് വഹിച്ചു.
കേരളത്തിനു പുറത്ത് ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, കോല്‍ക്കത്ത, ചെന്നൈ, ബംഗളൂരു ഭദ്രാസനങ്ങളും സഭയ്ക്കുണ്ട്. വിദേശത്ത് അമേരിക്കയില്‍ രണ്ടും യുകെ, യൂറോപ്പ് ഭദ്രാസനങ്ങളുമുണ്ട്. 2014ല്‍ എഴുപതാം പിറന്നാള്‍ അമേരിക്കയിലെ സഭ വിശ്വാസികള്‍ക്കൊപ്പമായിരുന്നു ബാവ ചെലവഴിച്ചത്. ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ ലാളിത്യമാര്‍ന്ന ജീവിതമായിരുന്നു മുഖമുദ്ര. സഹജീവികളുടെ നോവും നൊന്പരവും തന്റേതാക്കി മാറ്റി പ്രാര്‍ഥനയും ശുശ്രൂഷയും സ്നേഹ സഹായ ഹസ്തവും ലോകത്തിനു പകര്‍ന്നു.
സഭയുടെ പ്രധാന സാമൂഹ്യ സേവന പദ്ധതികളില്‍ ഒന്നായി പരുമല കാന്‍സര്‍ കെയര്‍ സെന്ററും നിര്‍ധനരായ കാന്‍സര്‍ രോഗികളുടെ സൗജന്യ ചികിത്സാ സഹായ പദ്ധതിയായ സ്നേഹ സ്പര്‍ശവും ബാവയുടെ ദീര്‍ഷ വീക്ഷണത്തിന്റെ പ്രകടമായ സാക്ഷ്യമാണ്. നൂറു കോടിയോളം രൂപമുടക്കിയാണ് കാന്‍സര്‍ സെ്ന്റര്‍ പൂര്‍ത്തിയാക്കിയത്. ഗുരുകാരണവന്മാരെയും മാതാപിതാക്കളെയും സഭയുടെ പിതാക്കന്മാരെയും സഭാംഗങ്ങളെയും ദൈവകൃപയുടെ നിമിഷത്തില്‍ നന്ദിയോടെ സ്മരിക്കുന്നതായി അദ്ദേഹം അനുസ്മരിച്ചിരുന്നു.
പ്രതിസന്ധികള്‍ ചെറുതും വലുതുമായി ഉണ്ടാകുക സ്വഭാവികം, ദൈവാശ്രയത്തില്‍ ഉൗന്നി മുന്നോട്ടുപോകാന്‍ ശ്രമിക്കണം സംതൃപ്തിയുടെ വലിയ ഭാവത്തില്‍- ആ നല്ല ഇടയന്റെ ഉപദേശം ഇങ്ങനെയായിരുന്നു.










Leave a Reply