കാറ്റടിച്ച് മരം ഒടിഞ്ഞ് വൈദ്യുതി ലൈനിൽ വീണാൽ ആരാണ് ഉത്തരവാദി? സ്ഥലം ഉടമയായ കർഷകനോ, മരകൊമ്പു പോലും മുറിക്കുന്നത് വിലക്കുന്ന വനം വകുപ്പോ, യഥാസമയം പരിപാലനം നടത്താത്ത KSEBയോ, ഒടിഞ്ഞു വീണ മരമോ, വീഴ്ത്തിയ കാറ്റോ ആരാണ് യഥാർത്ഥ ഉത്തരവാദി?
01. വൈദ്യുതിലൈനിൽ സ്വകാര്യ ഭൂമിയിലെ മരം വീണാൽ ഇനിമുതൽ ഭൂവുടമയെ ഉത്തരവാദിയാക്കി പ്രഖ്യാപിക്കുകയും അവരിൽനിന്നു നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുമെന്നാണെല്ലോ KSEB യുടെ കിനാവള്ളി. റോഡ് സൈഡിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റുകളിൽ ഏതെങ്കിലും വാഹനം ഇടിച്ചാൽ വാഹന ഉടമയെ പേടിപ്പിച്ചു നഷ്ടപരിഹാരം ഈടാക്കി ശീലിച്ചിടത്തുനിന്നാണ് ഈ കിനാവള്ളിയുടെയും ഉറവിടം.
INDIAN ROADS CONGRESS എന്ന സ്ഥാപനമാണ് ഇന്ത്യയിലെ റോഡുകൾ നിർമിക്കേണ്ടതിന്റെ മാനദന്ധം നിർണയിക്കുന്നത്. IRC : 32-1969 പ്രകാരം നിർണയിച്ച , STANDARD FOR VERTICAL AND HORIZONTAL CLEARANCES OF OVERHEAD ELECTRIC POWER AND TELECOMMUNICATION LINES AS RELATED TO ROADS എന്ന നിർദേശപ്രകാരം, Horizontal clearance is the horizontal distance, measured at right angles to road alignment, between roadway or carriageway edge and a pole carrying an overhead utility line, or any pole supporting structure എന്നും, ഒരു ഉദാഹരണം എടുത്താൽ, For roads without raised kerbs At least 1.5 metre from the edge of the carriageway, subject to minimum of 5.0 metre from the centre line of the carriageway എന്നും നിര്ണയിച്ചിട്ടുണ്ട്. ഓരോ വിഭാഗം റോഡുകൾക്കും വ്യത്യസ്ത മാനദണ്ഡങ്ങൾ ആണ് നിര്ണയിച്ചിരിക്കുന്നതു. ഈ മാനദണ്ഡം പാലിക്കാതെ അപകടകരമായി സ്ഥാപിച്ച ഒരു പോസ്റ്റിൽ ഇടിച്ചു ഒരു വാഹനത്തിനു കേടു വന്നാൽ, KSEB വാഹന ഉടമക്കാണ് നഷ്ടപരിഹാരം കൊടുക്കേണ്ടിയിരുന്നത്. പക്ഷെ ഇന്നത്തെ നാട്ടുനടപ്പനുസരിച്ചു വണ്ടിക്കാരാണ് KSEB ക്കു നഷ്ടപരിഹാരം കൊടുക്കുന്നത്. സമാനമായ ഒരു വരുമാനം കർഷകരുടെ ചെലവിൽ സംഘടിപ്പിക്കാമെന്നാണ് KSEB യുടെ ഇപ്പോഴത്തെ കിനാവള്ളി.
02. KSEB ഒരു ലൈസൻസി മാത്രമാണ്. അവർക്ക് ലൈൻ വലിക്കാൻ അവകാശം ഉള്ളതിനേക്കാൾ കർഷകന് തന്റെ ഭൂമിയിൽ കൃഷി ചെയ്യാൻ അവകാശം ഉണ്ട്. മരങ്ങൾക്ക് സർവേ നമ്പർ നോക്കി വളർച്ച നിർത്തിവെക്കാൻ ഉള്ള കഴിവ് ഇല്ലല്ലോ? അതുകൊണ്ട് മരത്തിനു കേടു വരുത്തേണ്ടി വരുന്ന പക്ഷം KSEB കർഷകന് നഷ്ടപരിഹാരം കൊടുക്കണം.
03. ഇനി, മരങ്ങളുടെ ആകൃതി സന്തുലിതമായി നില നിർത്താമെന്നു ഒരു കർഷകൻ വിചാരിച്ചു എന്നിരിക്കട്ടെ. ഏതെങ്കിലും മരച്ചില്ല മുറിച്ചാൽ, വനം വകുപ്പ് കർഷകനെതിരെ നിയമനടപടിയുമായി വരും. 30 സെന്റീമീറ്ററിൽ കൂടുതൽ വണ്ണമുള്ള ശിഖരങ്ങൾ മുറിക്കാൻ കർഷകന് അനുവാദമില്ല. Kerala Promotion of Tree Growth in Non Forest Areas Act, 2005, Rule 5 (x) പ്രകാരം ഇത് നിരോധിച്ചിരിക്കുന്നു. അതിനാൽ pruning, lopping മുതലായ പ്രവർത്തനങ്ങളിലൂടെ ഒരു വൃക്ഷത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തി സുരക്ഷിതമാക്കാൻ കർഷകന് അധികാരമില്ലാത്തതിനാൽ, തൻമൂലം ഉണ്ടാകുന്ന അപകടങ്ങൾക്കും കർഷകൻ ബാധ്യത ഏൽക്കേണ്ടതില്ല..
04. KSEB ക്ക് വേണമെങ്കിൽ ഒരു വൃക്ഷ സംരക്ഷണ വിഭാഗം രൂപീകരിച്ച്, അവരുടെ പ്രാഥമിക നിരീക്ഷണത്തിലൂടെ കണ്ടെത്തുന്ന വൃക്ഷങ്ങളെ സുരക്ഷിതമാക്കാൻ വേണ്ട മാർഗ്ഗങ്ങൾ വനം വകുപ്പും ഡിസാസ്റ്റർ മാനേജ്മെന്റ് അധികാരികളുമായി സംയുക്‌ത പഠനം നടത്തി തീരുമാനിച്ചു, ബന്ധപ്പെട്ട കർഷകന് ഉചിതമായ നഷ്ടപരിഹാരം നൽകിക്കൊണ്ട് വേണ്ട സുരക്ഷാ നടപടികൾ സ്വീകരിക്കാവുന്നതാണ്.വൈദ്യുതി ലൈൻ സ്പർശനം ഒഴിവാക്കാൻ ശിഖരങ്ങൾ മുറിക്കുന്നത് മൂലം സംഭവിക്കുന്ന ഉല്പാദന നഷ്ടത്തെ മാസാമാസം KSEB മീറ്ററിന് വാടക ശേഖരിക്കുന്ന മാതൃകയിൽ , കർഷകനുള്ള വൈദ്യുതി ബില്ലിൽ കിഴിവ് ചെയ്തു നൽകാവുന്നതാണ്. ഇതിനു KSEB സന്നദ്ധമല്ലെങ്കിൽ, ഫലവൃക്ഷങ്ങളുള്ള പ്രദേശങ്ങളിൽ ഭൂഗർഭ കേബിൾ വഴി വൈദ്യുത വിതരണം നടത്തുന്ന കാര്യവും KSEB ക്ക് ചിന്തിക്കാവുന്നതാണ്.
05. കാറ്റടിച്ചോ മഴയിലോ മരം വീണു നഷ്ടം ഉണ്ടായാൽ അതു FORCE MAJORE അല്ലെങ്കിൽ പ്രകൃതി ക്ഷോഭം എന്ന ഇനത്തിൽ വരുന്നതാണ്. നഷ്ടം KSEB ക്കെന്നപോലെ, കർഷകനും സംഭവിക്കുന്നുണ്ടല്ലോ. ബഹിരാകാശ പേടകങ്ങൾ പോലും ഇൻഷുർ ചെയ്യപ്പെടുന്ന ഇക്കാലത്തു KSEB ക്കു വേണമെങ്കിൽ ഇതിലേക്ക് വരുന്ന ചിലവുകളിൽനിന്നു സംരക്ഷണം കിട്ടാനായി പ്രത്യേക പ്രീമിയം അടച്ചു ഇൻഷുറൻസ് ചെയ്യാവുന്നതാണ്.
06. KSEB കൈവശം STAY WIRE കെട്ടുന്ന സംവിധാനങ്ങൾ ധാരാളമുണ്ട്. ആ വിഷയത്തിൽ അവർക്കു വളരെ നല്ല വൈദഗ്ധ്യവുമുണ്ട്. വനം വകുപ്പിന് ഈ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി, മരങ്ങളെ ഒടിഞ്ഞു വീഴാതെ സംരക്ഷിക്കാവുന്നതാണ്. മരങ്ങളെ സംരക്ഷിക്കാൻ കഴിവില്ലെങ്കിൽ പിന്നെ എന്തിനു വേണം ഒരു വനം വകുപ്പ്?
07. കൃഷിഭൂമിയിലെ ഫലവൃക്ഷങ്ങളുടെ സമീപത്തുകൂടി വൈദ്യുതി ലൈൻ കടന്നുപോകുന്നുണ്ടെങ്കിൽ, അവയുടെ സംരക്ഷണത്തിലേക്കു ഫലവൃക്ഷങ്ങളെ കോതിയൊതുക്കിയോ ശിഖരം മുറിച്ചോ അവയുടെ സന്തുലിതാവസ്ഥ ക്രമീകരിക്കാൻ ഉചിതമായ ചെലവുകാശും നഷ്ടപരിഹാരവും ലഭിച്ചാൽ കർഷകർ സന്നദ്ധരാകുന്നതാണ്. അല്ലാത്ത പക്ഷം KSEB ക്ക് ഭൂഗർഭ കേബിൾ സംവിധാനത്തെപ്പറ്റി ചിന്തിക്കാവുന്നതാണ്.
08. പിന്നെ മറവി ഒരു തെറ്റല്ല, പക്ഷെ നിങ്ങൾ ഈ പറഞ്ഞ വിലപ്പെട്ട പോസ്റ്റുകൾ എല്ലാം കുടികൊള്ളുന്നത്, കാലാകാലങ്ങളിൽ പൊതുജനം റോഡ് വികസനത്തിനായി സർക്കാരിന് സൗജന്യമായി നൽകിയ ഭൂമിയിൽ ആണ് എന്ന് മറക്കേണ്ട. അതു കൊണ്ടു കാലുറപ്പിക്കാൻ ഭൂമി തന്ന ഞങ്ങളുടെ അടുത്തു നിന്നും നഷ്ടപരിഹാരം വാങ്ങും എന്ന തിട്ടൂരം, തൽക്കാലം എട്ടായി മടക്കി മൂലമറ്റം പവർ ഹൗസിൽ തന്നെ വെച്ചേക്ക്.
09. പിന്നെ അത്രക്ക് നിർബന്ധം ആണെങ്കിൽ, ഞങ്ങൾ പൊതുജനത്തിന്റെ സ്വകാര്യ ഭൂമിയിൽ ഇപ്പോഴും ഒരു രൂപ വാടക തരാതെ സ്ഥാപിച്ചിരിക്കുന്ന സ്റ്റേ വയറുകൾക്ക് ഇങ്ങോട്ട് മാസം ഒരു 1000 രൂപ വെച്ചു തന്നേക്കു. കളി തുടങ്ങി കഴിഞ്ഞു ഗോൾ പോസ്റ്റ് മാറ്റുന്നത് ശെരിയല്ല എന്നാണല്ലോ, ല്ലെ?
10. അതിനാൽ ഇല്ലാത്ത അവകാശവാദങ്ങൾ പറഞ്ഞു കർഷകനെ വിധേയനാക്കാമെന്നു കരുതി KSEB യിൽ ഇരുന്നുകൊണ്ട് ഒരു ഭാസ്കര പട്ടേലറും കിനാവ് കാണേണ്ട. കർഷക രക്ഷക്കായി കിഫാ ജന്മമെടുത്തു പിച്ചവെച്ചു തുടങ്ങി. ഇനി പഴയ കർഷക വിധേയരുടെ സ്ഥാനത്തു ബോധവത്കരിക്കപ്പെട്ട പുതിയ കർഷക പൗരന്മാരെ പ്രതീക്ഷിച്ചാൽ മതി.
നിയമം വളച്ചൊടിച്ച് മുട്ടാനാണ് ഭാവമെങ്കിൽ, നേരായ നിയമം ഉപയോഗിച്ച് തടുത്താണ് ശീലം, നിർബന്ധിക്കരുത്.
ടീം കിഫ
നിയമപ്രകാരം ഉള്ള മുന്നറിയിപ്പ്: മലയോര കർഷക മേഖലയെയും, സാധാരണ ജനങ്ങളെയും ഉപദ്രവിക്കാൻ ആരെങ്കിലും കച്ച കെട്ടി ഇറങ്ങാം എന്നു കരുതുന്നു എങ്കിൽ ആ വിചാരം വേണ്ട ഇവിടെ കിഫയുണ്ട്.










Leave a Reply