Sathyadarsanam

ഇന്ത്യൻ സ്വാതന്ത്ര്യസമരവും ചങ്ങനാശ്ശേരിയും

ഇന്ത്യൻ സ്വാതന്ത്ര്യസമരവും ചങ്ങനാശ്ശേരിയെയും കുറിച്ച് പറയുകയാണെങ്കിൽ തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന ചങ്ങനാശ്ശേരിയിൽ സ്വാതന്ത്ര്യസമരം സ്റ്റേറ്റ് കോൺഗ്രസിൻ്റെ സമരപരിപാടികളായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. ചങ്ങനാശ്ശേരിയിലെ സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ ആദ്യ അവസാന പ്രവർത്തികളിൽ ഒന്നാമതായി പറയേണ്ട പേര് സ്വാതന്ത്ര്യസമര സേനാനിയായ പിജെ സെബാസ്റ്റ്യനാണ്. പിന്നീടാണ് മന്നത്തുപത്മനാഭൻ ഈ സമര രംഗത്തേക്ക് കടന്നുവന്നത്. 1947 സ്റ്റേറ്റ് കോൺഗ്രസ് നടത്തിയ അന്തിമ സമരത്തിൻ്റെ ഫലമായി ചങ്ങനാശ്ശേരിയിലെ ഈ രണ്ടു പ്രമുഖ പൗരന്മാർ ഒരേ ജയിലിൽ ഒരേ കാലത്ത് തടവുകാരായി കഴിഞ്ഞവരാണ്. സിപി രാമസ്വാമി വെട്ടേറ്റു നാടു വീടുമ്പോഴും മന്നത്തു പത്മനാഭനും പിജെ സെബാസ്റ്റ്യനും ജയിലിലായിരുന്നു.

1933 ലാണ് മഹാത്മാ ഗാന്ധി ആദ്യമായി ചങ്ങനാശ്ശേരിയിൽ എത്തുന്നത്, ഗാന്ധിജി ചങ്ങനാശ്ശേരി ആനന്ദാശ്രമം സന്ദർശിച്ചപ്പോൾ അദ്ദേഹത്തിൻ്റെ പ്രഭാഷണം കേട്ട് ആദർശ പ്രചോദിതമായി തീർന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു, തൻ്റെ ശരീരത്തിൽ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ ഊരി ഗാന്ധിജിയുടെ പാദങ്ങളിൽ അർപ്പിച്ച മഹാ ത്യാഗിയായിരുന്നു വാഴപ്പള്ളി വാൽപ്പറമ്പിൽ പി കെ കമലം എന്ന യുവതി, പിന്നീട് അവർ മുഴുനീള കോൺഗ്രസ് പ്രവർത്തകയായി മാറി.

വരിക വരിക സഹജരെ
സഹന സമര സമയമായ്
കരൾ ഉണർന്ന് കൈകൾ കോർത്ത്, കാൽനടയ്ക്ക് പോക നാം. അന്ന് ചങ്ങനാശ്ശേരിയിലെ തെരുവീഥികളിൽ അങ്ങോളമിങ്ങോളം അന്ന് മുഖരിതമായ സമരഗാനമായിരുന്നു ഇത്. വാഹനസൗകര്യം ഇന്നത്തെപോലെ സുലഭം അല്ലാതിരുന്ന ആ കാലത്ത് സമര ജാഥകൾ പദയാത്രകൾ മാത്രമായിരുന്നു.

ചങ്ങനാശ്ശേരിയിലെ മറ്റൊരു പ്രമുഖ സ്വാതന്ത്ര സമരസേനാനിയായിരുന്നു ഗ്രിഗറി കണ്ടങ്കരി, നിവർത്തന പ്രക്ഷോഭം, വിദേശ വസ്ത്ര ബഹിഷ്കരണം, വൈക്കം സത്യാഗ്രഹം എന്നിവയിൽ പങ്കെടുത്തു, ഏഴു പ്രാവശ്യം ജയിൽ ശിക്ഷ അനുഭവിച്ചു, പിതാവ് ലൂയിസ് പോത്തൻ മരിക്കുമ്പോൾ ജയിലിലായിരുന്ന ഗ്രിഗറിയെ ക്ഷമായാചനം എഴുതിക്കൊടുത്താൽ മോചിപ്പിക്കാം എന്ന് അധികാരികൾ പറഞ്ഞെങ്കിലും അദ്ദേഹം അതിന് വഴങ്ങിയില്ല.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ചങ്ങനാശ്ശേരിയിലെ അന്നത്തെ പോൾ ട്യൂട്ടോറിയൽ കോളേജിലുള്ള നൂറോളം വിദ്യാർത്ഥികളാണ് ആദ്യമായി പഠിപ്പുമുടക്കി പ്രകടനം നടത്തിയത്, പിന്നീട് അവർ ആ സമരവുമായി എസ് ബി കോളേജിലേക്ക് പോയി ആദ്യദിവസം കോളേജ് വിട്ടില്ല, രണ്ടാമത്തെ ദിവസവും ഈ സമരം തുടർന്നു. അന്നത്തെ എസ് ബി കോളേജ് വിദ്യാർത്ഥിയായിരുന്ന എ എ റഹിമിൻ്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കീ ജയ് എന്നുറക്കെ വിളിച്ചു കൊണ്ട് കുറെ വിദ്യാർഥികൾ ക്ലാസിൽ നിന്ന് ഇറങ്ങിയോടി. പിന്നീട് ജാഥ ചന്ത മൈതാനിയിൽ അവസാനിച്ചു.

സ്വാതന്ത്ര്യസമരകാലത്ത് എസ്ബി കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ പിജെ സെബാസ്റ്റ്യനും കുളത്തുങ്കൽ പോത്തനും അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി, എസ് ബി സ്കൂളിലെ പ്രധാന മലയാള അധ്യാപകനായിരുന്ന പി സി എബ്രഹാം ക്ലാസ്സ് എടുത്തു കൊണ്ട് തിരുവിതാംകൂർ മഹാരാജാവ് തിരുമേനിയുടെ യൂറോപ്പ് പര്യടനത്തിലെ കുറിച്ച് പ്രതിപാദിക്കുന്നതിനിടയിൽ
ആരാധന്യനായ പാർവ്വതിഭായി എന്ന അമ്മമഹാറാണിയെ വിശേഷിപ്പിച്ചു കൊണ്ടുള്ള പാഠഭാഗത്തിന് സ്വസിദ്ധമായ ശൈലിയിൽ നൽകിയ വ്യാഖ്യാനം കർണാകർണ്ണകി എന്നായിരുന്നു. അതറിഞ്ഞ് സർ സിപി അദ്ദേഹത്തിന്റെ ടീച്ചിങ് ലൈസൻസ് റദ്ദാക്കി. പി ജെ സെബാസ്റ്റ്യന്റെ സഹോദരൻ പി ജെ ജോസഫ് എബ്രഹാം സാറിനോടൊപ്പം ബർക്ക്മാൻസ് സ്കൂളിൽ അധ്യാപകനായിരുന്നു, അദ്ദേഹത്തിന്റെ ടീച്ചിങ് ലൈസൻസും റദ്ദാക്കി.

സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന വേറെയും ചില ചങ്ങനാശ്ശേരിക്കാരുണ്ട് ഇവിടെ അവരെയെല്ലാം അനുസ്മരിക്കാൻ സാവകാശമില്ല, വേറൊരിക്കലാവാം.

Leave a Reply

Your email address will not be published. Required fields are marked *