ഇന്ന് ആഗോള ന്യൂനപക്ഷ അവകാശദിനംആഗോള തലത്തിൽ ന്യൂനപക്ഷ അവകാശ ദിനമായി ഡിസംബർ 18 ആചരിക്കുന്നു. 1992-ൽ ഇതേ ദിവസമാണ് മത-ഭാഷ-ഗോത്ര ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെ കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ ആഗോള പ്രഖ്യാപനമുണ്ടായത്. അംഗ രാഷട്രങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ച് പൊതുസമൂഹത്തെ ഓർമ്മപ്പെടുത്താനും ബോധവത്കരിക്കാനും ഈ ദിനാചരണം ലക്ഷ്യം വയ്ക്കുന്നു. ഈ പ്രഖ്യാപനത്തിന്റെ ചുവട് പിടിച്ചാണ് 2013-ൽ ആദ്യമായി നമ്മുടെ രാജ്യം ന്യൂനപക്ഷ അവകാശ ദിനം ആചരിച്ചത്.
മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധിസ്റ്റ്, പാർസി, ജെയിൻ എന്നിവരാണ് ഭാരതത്തിലെ മത ന്യൂനപക്ഷ വിഭാഗങ്ങൾ. കേരളത്തിൽ ഇവരുടെ ജനസംഖ്യ 45 ശതമാനം വരും. സംസ്ഥാന ജനസംഖ്യയിൽ ഏകദേശം ഒന്നരകോടിയോളം വരുന്ന ഇവരിൽ 59.05 ശതമാനം മുസ്ലിംകളും 40.87 ശതമാനം ക്രൈസ്തവരുമാണ്. ബാക്കിയുള്ള വിഭാഗങ്ങളിൽ ഒരോന്നിലെയും അംഗബലം അയ്യായിരത്തിന് താഴെ മാത്രമാണ്.
ഭരണഘടനയും ന്യൂനപക്ഷങ്ങളും
മത-ഭാഷാ തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ന്യൂനപക്ഷങ്ങൾ മാത്രമാണ് ഭാരതത്തിൽ ഉള്ളത്. രാജ്യത്തെ പൗരന്മാരുടെ മൗലിക അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പ്രസക്തിയുള്ള ചില അനുഛേദങ്ങളുണ്ട്. നിയമത്തിന്റെ മുന്പിൽ തുല്യതയ്ക്കും നിയമത്തിന്റെ തുല്യമായ പരിരക്ഷക്കുമുള്ള മൗലികാവകാശം ഭാരതത്തിലെ എല്ലാ പൗരന്മാർക്കും ഭരണഘടനയുടെ പതിനാലാം അനുഛേദം ഉറപ്പു തരുന്നു. മതം, വർഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ആരോടും വിവേചനം പാടില്ല എന്ന് പതിനഞ്ചാം അനുഛേദവും നിഷ്കർഷിക്കുന്നു. നിയമം വഴി നിശ്ചയിക്കപ്പെട്ടിട്ടുള്ള നടപടി ക്രമങ്ങൾ വഴിയല്ലാതെ, ആരുടെയും ജീവനും വ്യക്തി സ്വാതന്ത്ര്യവും ഇല്ലാതാക്കാൻ പാടില്ല എന്ന ഇരുപത്തിയൊന്നാം അനുഛേദത്തിന്, സ്വതന്ത്രവും പുരോഗമനപരവും കാലികവുമായ വ്യാഖ്യാനങ്ങൾ ഇതിനകം വന്നു കഴിഞ്ഞു.
ജീവന്റെ മേലുള്ള അവകാശം മനുഷ്യോചിതമായും അന്തസോടെയും ജീവിക്കാനുള്ള അവകാശമായി രാജ്യത്തെ പരമോന്നത കോടതി ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപത്തഞ്ചാം അനുഛേദം ഒരുവന് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും മതാചാരങ്ങൾ അനുഷ്ഠിക്കാനും തന്റെ വിശ്വാസം പ്രചരിപ്പിക്കാനുമുള്ള മൗലിക സ്വാതന്ത്ര്യം നൽകുന്നു. മതപരമായ കാര്യങ്ങൾ ഇഷ്ടാനുസരണം നടത്താനുള്ള അവകാശം ഇരുപത്തിയാറാം അനുഛേദം ഉറപ്പു നൽകുന്നുണ്ട്. മത-ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഏറ്റം പ്രസക്തമായിട്ടുള്ള 29, 30 അനുഛേദങ്ങൾ, പൊതുവിൽനിന്നു ഭിന്നമായ ഭാഷയോ, ലിപിയോ, സംസ്കാരമോ സ്വന്തമായിട്ടുള്ള ഏതൊരു വിഭാഗത്തിനും അതു സംരക്ഷിക്കുന്നതിനും ഇഷ്ടാനുസരണമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും അവയുടെ ഭരണം നടത്താനുമുള്ള അവകാശവും അരക്കിട്ടുറപ്പിക്കുന്നു. ഇനിനു പുറമേ അനുഛേദം 350 എയിൽ, ഭാഷാ ന്യൂനപക്ഷങ്ങളിൽ പെടുന്നവർക്ക് തങ്ങളുടെ കുട്ടികളുടെ പ്രഥമിക വിഭ്യാഭ്യസം മാതൃഭാഷയിൽ തന്നെ ലഭ്യമാക്കാൻ സംസ്ഥാനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.
സംരക്ഷണ സംവിധാനങ്ങൾ
മേൽപറഞ്ഞ അവകാശങ്ങൾ ഫലപ്രദമായി സംരക്ഷിക്കപ്പെടേണ്ടതിനായി നിയമ വ്യവസ്ഥിതിയിലും ഭരണതലത്തിലും ചില സംവിധാനങ്ങൾക്ക് ഭരണകൂടം രൂപം നൽകിയിട്ടുണ്ട്. 1992-ൽ പാർലമെന്റ് പാസാക്കിയ ന്യൂനപക്ഷകമ്മീഷൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ ദേശീയന്യൂനപക്ഷ കമ്മീഷൻ നിൽവിൽ വന്നു. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്ഥാപിതമായത് 2013 മേയ് 14-നാണ്. സംസ്ഥാന കമ്മീഷനുകളുടെ ഉത്തരവാദിത്വം അതത് സംസ്ഥാനത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പു വരുത്തുകയും അവരുടെ താത്പര്യങ്ങൾ നിയമാനുസൃതം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്.
ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം
മുകളിൽ സൂചിപ്പിച്ചതു പോലെ നമ്മുടെ രാജ്യത്തെ ന്യൂനപക്ഷ ജനസംഖ്യയിലും പ്രകടമായ ഏറ്റക്കുറച്ചിലുകൾ ഉണ്ട്. ഇത് ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിന് മേൽക്കോയ്മ അനുവദിച്ച് നൽകാൻ മതിയായ കാരണമല്ലെന്ന് മാത്രമല്ല, അങ്ങിനെയായാൽ അത് വലിയ അപകടം ക്ഷണിച്ചു വരുത്തുകയും ചെയ്യും. ന്യൂനപക്ഷക്ഷേമപദ്ധതികളിലും ആനുകുല്യ വിതരണത്തിലുമെല്ലാം സർക്കാരിന്റെ മേൽനോട്ടവും ന്യൂനപക്ഷങ്ങളുടെ ജാഗ്രതയും കുറഞ്ഞുപോയാൽ വിലപേശൽ ശേഷി കുറഞ്ഞ വിഭാഗങ്ങൾ പുറന്തള്ളപ്പെടാനിടയുണ്ട്. ന്യൂനപക്ഷ ക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും ന്യൂനപക്ഷങ്ങൾക്കിടയിൽ ജനസംഖ്യാനുപാതികമായി നടപ്പിലാക്കുകയാണ് ഇതിനുള്ള ശാശ്വതമായ പോംവഴി. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും യുക്തമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെങ്കിൽ, കേന്ദ്ര-സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകൾ അതിനായി രംഗത്തുവരണം. കേരളത്തിൽ നടപ്പാക്കുന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികളിൽ 80 ശതമാനം മുസ്ലിം സമുദായത്തിനായി മാറ്റിവയ്ക്കുന്നതും ബാക്കി വരുന്ന 20 ശതമാനം അവശേഷിക്കുന്ന സമുദായങ്ങൾക്കിടയിൽ പങ്കുവയ്ക്കുന്നതുമാണ് ഇപ്പോഴത്തെ അലിഖിത നിയമം. ഈ നിലപാടിന് ഭരണഘടനാപരമായോ നിയമ പരമായോ എന്തെങ്കിലും അടിസ്ഥാനമുള്ളതായി അറിവില്ല. തികച്ചും അനീതിപരമായ ഈ സന്പ്രദായം ഇനിയും തുടരാൻ പാടില്ല. രാഷ്ട്രീയ, നിയമ പോരാട്ടങ്ങളിലൂടെ ഇതിനെ പ്രതിരോധിക്കാൻ നഷ്ട സമൂദായങ്ങൾ മുന്നോട്ടു വരണം.
വെല്ലുവിളികൾ
നിരവധി മതങ്ങളും അവയുടെ അവാന്തര വിഭാഗങ്ങളും, വ്യത്യസ്ത സംസ്കാരങ്ങളും പൈതൃകങ്ങളും നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് എല്ലാവരും സഹിഷ്ണുതയിലും സഹവർത്തിത്വത്തിലും ജീവിക്കേണ്ടത് രാജ്യപുരോഗതിക്ക് അനിവാര്യമാണ്. പരസ്പരം സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും അന്യോന്യം ശത്രുതാഭാവത്തോടെ പെരുമാറുകയും ചെയ്താൽ നാം ഏങ്ങുമെത്തുകയില്ല. ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണയും പ്രോത്സാഹനവും ന്യൂനപക്ഷ സമുദായങ്ങളുടെ സുസ്ഥിതിക്കും വളർച്ചക്കും അനിവാര്യമാണ്. ഇത് ന്യൂനപക്ഷങ്ങൾക്കുള്ള ഔദാര്യമല്ല, ഭരണഘടനാപരമായ അവരുടെ അവകാശമാണെന്ന് ഭൂരിപക്ഷ സമുദായം അംഗീകരിക്കണം. അതേ സമയം തങ്ങൾക്ക് അവകാശങ്ങൾ മാത്രമേ ഉള്ളൂ കടമകൾ ഒന്നുമില്ല ഏന്ന് ന്യൂനപക്ഷങ്ങൾ ചിന്തിച്ചാൽ അത് വലിയ അപകടമാണ്. അതുണ്ടായാൽ സാമൂഹിക ഘടനയുടെ സംതുലിതാവസ്ഥയ്ക്ക് ഭംഗംവരിയ്കയും അസ്വസ്ഥതകളും അടിച്ചമർത്തലുകളും സമൂഹത്തിൽ തലപൊക്കുകയും ഏവരും കാംക്ഷിക്കുന്ന സാർവത്രിക സുസ്ഥിതി അന്യമാവുകയും ചെയ്യും.
ഡോ. ടി.ജെ. തേരകം










Leave a Reply