Sathyadarsanam

കണ്ടതും കേട്ടതും ചിലർ കാണാതെപോയതും!

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ, കേരള കോൺഗ്രസിനെ തള്ളി ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കിയ കോൺഗ്രസ്സിനും യു. ഡി. എഫിനും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞോ? മധ്യകേരളത്തിലെങ്കിലും അതിനു കഴിഞ്ഞില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. മറ്റിടങ്ങളിലും ജനങ്ങൾ അത് തള്ളിക്കളഞ്ഞതായാണ് മനസ്സിലാക്കാൻ കഴിയുന്നത്. പരമ്പരാഗതമായി യു. ഡി. എഫിനോട് ആഭിമുഖ്യം പുലർത്തിയിരുന്ന ജനവിഭാഗങ്ങൾതന്നെ യു.ഡി.എഫിൽ നിന്നും അകലുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. അതിനു ആനുപാതികമായ നേട്ടമുണ്ടാക്കാൻ എൽ.ഡി. എഫിനും ബി. ജെ. പിക്കും കഴിഞ്ഞിട്ടുണ്ട് എന്നതും കാണാതെപോകരുത്.

രാജ്യത്തു പടർന്നുപിടിക്കുന്ന മത രാഷ്ട്ര പ്രത്യയശാസ്ത്ര രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ ദേശീയ പ്രസ്ഥാനത്തിന് നേതൃത്വംകൊടുത്ത കോൺഗ്രസ്സ് പാർട്ടി, ഇന്ത്യയുടെ മതേതര സങ്കല്പത്തിന് തുരങ്കം വയ്ക്കുന്ന രാഷ്ട്രീയ കൂട്ടുകെട്ടുകൾക്കു തയ്യാറാകുന്നത് ആരെ സന്തോഷിപ്പിക്കാനാണ്? ആരോടുള്ള വെല്ലുവിളിയാണ്?

ഗ്രാമതലം മുതലുള്ള രാഷ്ട്രീയ ചലനങ്ങൾ വ്യക്തമാകുന്ന തെരഞ്ഞെടുപ്പാണല്ലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേത്‌. ഇന്ത്യയുടെ ആത്മാവ് അതിന്റെ ഗ്രാമങ്ങളിലാണ് കുടികൊള്ളുന്നതെന്നു ചൂണ്ടിക്കാട്ടിയ രാഷ്ട്രപിതാവിന്റെ രാഷ്ട്രീയ പൈതൃകം അവകാശപ്പെടുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം, ഈ തെരഞ്ഞെടുപ്പിൽ, മുസ്ലീം ലീഗുപോലും തള്ളിക്കളഞ്ഞ, ഇസ്ലാമിക രാഷ്ട്രവാദത്തിന്റെ പ്രവാചകനായ മൗദൂദിയുടെ രാഷ്ട്രീയവുമായി കൈകോർത്തത് എന്തുതരം രാഷ്ട്രീയ പ്രബുദ്ധതയുടെ ലക്ഷണമാണ്?

കേരളത്തിൽ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടിക്കുനേരെ ഉയർന്നുവന്നിട്ടുള്ള കള്ളക്കടത്ത്, സാമ്പത്തിക അഴിമതി, സ്വജന പക്ഷപാത ആരോപണങ്ങൾ ഗൗരവതരമായിരിക്കുമ്പോൾത്തന്നെ, കുറ്റകരമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിനുത്തരവാദികളായവരെ നിയമത്തിനുമുമ്പിൽ കൊണ്ടുവരാനും ശിക്ഷിക്കാനും കഴിയുമെന്ന ബോധ്യം ജനങ്ങൾക്കുണ്ട്. രാഷ്ട്രീയമായ സമ്മർദങ്ങൾ എത്ര ശക്തമാണെങ്കിലും, ഭരണകൂടങ്ങളുടെ സ്വാധീനം എത്ര വലുതാണെങ്കിലും, ഇന്ത്യൻ ജുഡീഷ്യറിയിലും ഭരണഘടനയിലും ജനങ്ങൾക്കുള്ള വിശ്വാസത്തിനു കുറവു വന്നിട്ടില്ല. രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ കലക്കവെള്ളം തെളിയുമ്പോൾ, യഥാർത്ഥ വസ്തുതകൾ വെളിപ്പെടാതിരിക്കുകയുമില്ല. എന്നാൽ, ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ബലികൊടുത്തുകൊണ്ടുപോലും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങൾ, ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ വെല്ലുവിളിക്കുന്നതാണ്.

ആഗോളതലത്തിൽ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന മതരാഷ്ട്ര ഭീകരതയുടെ പ്രാദേശിക രൂപങ്ങളുമായി സഖ്യമുണ്ടാക്കുന്ന രാഷ്ട്രീയ യുക്തിയെ എന്തിന്റെ പേരിലാണ് ന്യായീകരിക്കാൻ കഴിയുന്നത്? സമുദായങ്ങൾതമ്മിലുള്ള ഐക്യവും രാഷ്ട്രത്തിന്റെ അഖണ്ഡതയും സംരക്ഷിക്കാൻ, എല്ലാ പ്രതിപക്ഷപാർട്ടികളുടെയും ഐക്യം ആവശ്യമാണെന്ന് പറയുന്നവർ, ഇന്ത്യയുടെ ജനാധിപത്യ-മതേതര സങ്കല്പങ്ങളുടെ പൊരുൾ തേടേണ്ടത് മൗദൂദിയിലല്ല, ഗാന്ധിജിയിലാണ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തിലല്ല, ഇന്ത്യയുടെ ഭരണഘടനയിലാണ്.

ഇനിയും കാര്യങ്ങൾ വ്യക്തമാകുന്നില്ലെങ്കിൽ, എത്ര പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനമായാലും, അത് രാഷ്ട്രീയമായി അപ്രസക്തമാകും എന്ന് കാലം തെളിയിക്കുകതന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *