വിശുദ്ധ ഫ്രാൻസിസിനെപ്പോലെ മനുഷ്യരാശിയുടെ സാഹോദര്യത്തിനു വേണ്ടി അക്ഷീണം യത്നിക്കുന്ന കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ 84 വയസിലേക്ക്. 1936 ഡിസംബർ 17 ന് ഇറ്റലിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മാതാപിതാക്കൾ അർജന്റീനയിൽ കുടിയേറിയവരാണ്. തികഞ്ഞ മരിയ ഭക്തയായിരുന്ന വല്യമ്മയുടെ സ്വാധീനം ജോർജിനെയും തികഞ്ഞ മരിയഭക്തനാക്കി.
പ്രാന്തവത്കരിക്കപ്പെട്ടവരെത്തേടി ഇറങ്ങാനുള്ളവളാണ് സഭയെന്നും മറിച്ചായാൽ പരസ്പര പ്രശംസാസംഘമായി സഭ തരംതാഴുമെന്നും ജോർജ് ബർഗോളിയോ വൈദിക വിദ്യാർഥിയായിരുന്നപ്പോൾത്തന്നെ വാദിച്ചിരുന്നു. ബുവാനോസ് ആരീസിലെ സഹായമെത്രാനും ആർച്ച്ബിഷപ്പുമായിരുന്നപ്പോഴൊക്കെ അദ്ദേഹം പ്രവർത്തിച്ചിരുന്നത് ഈ ലക്ഷ്യത്തെ മുൻനിർത്തിയാണ്. മയക്കുമരുന്നു കച്ചവടക്കാരുമായി രഹസ്യബന്ധം പുലർത്തി ലാഭം കൊയ്തിരുന്ന പട്ടാള ഭരണാധികാരികളുടെ നോട്ടപ്പുള്ളിയായിരുന്ന അദ്ദേഹം അവരിൽനിന്നു പലപ്പോഴും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
പുരോഗമനവാദിയായിരുന്ന ആർച്ച്ബിഷപ് ബർഗോളിയോ 2001-ൽ കർദിനാളായി ഉയർത്തപ്പെട്ടു. ഇതോടെ അദ്ദേഹം ആഗോള സഭയിൽ ശ്രദ്ധാകേന്ദ്രമായി. സുവിശേഷത്തിൽ യേശുക്രിസ്തു തേടി നടന്നിരുന്നത് മുഖംനഷ്ടപ്പെട്ടവരെയും പ്രാന്തവത്കരിക്കപ്പെട്ടവരെയുമാണ്. ഈ പ്രവർത്തനങ്ങൾ പിന്തുടർന്ന ജോർജ് ബർഗോളിയോ ആക്രിസാധനങ്ങൾ പെറുക്കിനടന്നിരുന്ന “”കാർട്ടെണെറോ”കൾ അധിവസിക്കുന്ന ചേരികളിൽ വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു. 2014 മാർച്ച് 14-നാണ് അദ്ദേഹം മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. മാർച്ച് 19-നായിരുന്നു സ്ഥാനാരോഹണം.
“വിശ്വാസത്തിന്റെ വെളിച്ചത്തിൽ’ എന്ന അദ്ദേഹത്തിന്റെ പ്രഥമ ചാക്രിക ലേഖനത്തിൽ, വിശ്വസിക്കുന്നില്ലെങ്കിൽ സുസ്ഥിതി ലഭിക്കുകയില്ലെന്നും കുടുംബത്തിൽ നിമഗ്നവും ആഴപ്പെട്ടതുമായ വിശ്വാസം സമൂഹത്തിൽ എല്ലാ ബന്ധങ്ങളെയും ദീപ്തമാക്കാൻ കഴിയുന്ന വെളിച്ചമായിത്തീരണമെന്നും ഉദ്ബോധിപ്പിച്ചു. “കാരുണ്യത്തിന്റെ മുഖം’ എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ അദ്ദേഹം 2015 ഡിസംബർ എട്ടു മുതൽ കരുണയുടെ വർഷം പ്രഖ്യാപിച്ചു. ദൈവം സ്നേഹമാണെങ്കിൽ ദൈവികമുഖം കരുണയുടേതാണെന്നു മാർപാപ്പ പഠിപ്പിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെയും ലോകത്തിലെ എല്ലാ കത്തീഡ്രലുകളുടെയും കവാടങ്ങൾ തുറക്കപ്പെട്ട് വ്യക്തിതലത്തിലും ഇടവക തലത്തിലും രൂപതാതലത്തിലും കാരുണ്യപ്രവർത്തനങ്ങളുടെ പ്രവാഹമുണ്ടാകണമെന്ന് ആഹ്വാനം ചെയ്യപ്പെട്ടു. പൂർണ ദണ്ഡ വിമോചനവും പ്രഖ്യാപിച്ചു.
“സുവിശേഷത്തിന്റെ ആനന്ദം’എന്ന അപ്പസ്തോലിക ലേഖനത്തിൽ കാരുണ്യം എന്ന പദം 32 പ്രാവശ്യമാണ് ആവർത്തിക്കപ്പെട്ടത്. സുവിശേഷ വചനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കപ്പെടുന്പോൾ എല്ലാവരും ആഗ്രഹിക്കുന്ന ആനന്ദം മനസിൽ അലയടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “അങ്ങേയ്ക്കു സ്തുതി’ എന്ന ചാക്രിക ലേഖനത്തിൽ നമ്മുടെ പൊതു ഭവനമായ ഭൂമി നിലനില്പിനായി കേഴുകയാണെന്നും വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും പരിസ്ഥിതി പ്രശ്നത്തിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ നാശത്തിലേക്കു കൂപ്പുകുത്തുമെന്നും സൃഷ്ടാവിനെ അംഗീകരിച്ചുകൊണ്ട് കൃതജ്ഞതനിറഞ്ഞ ഒരു പ്രവർത്തന സരണി രൂപപ്പെടുത്തണമെന്നും ഉദ്ബോധിപ്പിച്ചു. ഈ ചാക്രിക ലേഖനം ലോകമൊട്ടാകെ സ്വാഗതം ചെയ്യപ്പെട്ടെങ്കിലും പരിസ്ഥിതി പ്രശ്നത്തിൽ നടപടിയെടുക്കേണ്ട വൻകിട രാഷ്ട്രങ്ങൾ ഇപ്പോഴും ഉദാസീനത തുടരുകയാണ്.
2016-ൽ പ്രസിദ്ധീകരിച്ച “സ്നേഹത്തിന്റെ ആനന്ദം’ എന്ന അപ്പസ്തോലിക ലേഖനത്തിൽ സൃഷ്ടാവ് മനുഷ്യരാശിയെ സംബന്ധിച്ച സൃഷ്ടി പദ്ധതി കരുപ്പിടിപ്പിച്ചിരിക്കുന്നതു കുടുംബജീവിതത്തിലൂടെയാണെന്നും കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പര സ്നേഹവും പ്രവർത്തനങ്ങളും പരിശുദ്ധ ത്രിത്വത്തിന്റെ പരസ്പര സ്നേഹാകർഷണത്തിന്റെ പ്രതിഫലനമാണെന്നും പഠിപ്പിച്ചു.
2019-ലെ “ക്രിസ്തു ജീവിക്കുന്ന’ എന്ന അപ്പസ്തോലിക പ്രബോധനത്തിൽ യുവാക്കൾ യേശുവിന്റെ സനാതന യുവത്വത്തിൽ ആകൃഷ്ടരായി ഈ ലോകത്തിൽ ദൈവത്തിന്റെ നഗരം പുതുക്കിപ്പണിയുന്നതിൽ പ്രതിബദ്ധരായി കുടുംബത്തിലും ഇടവകയിലും സമൂഹത്തിലും ചലനാത്മകതയോടെ പ്രവർത്തിക്കുവാൻ ആഹ്വാനംചെയ്തു.
“നാം സഹോദരർ’ എന്ന ചാക്രികലേഖനത്തിൽ ഇരുളടഞ്ഞ ലോകത്തിനു പ്രകാശമാനമായ ഭാവിയുണ്ടാകുവാൻ നിസ്വാർഥവും സാഹസികവുമായ നന്മ പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണെന്നു ചൂണ്ടിക്കാട്ടുന്നു. കുരിശുയുദ്ധകാലഘട്ടത്തിൽ ക്രൈസ്തവരുടെയും ഇസ്ലാം മതക്കാരുടെയുമിടയിൽ ഐക്യദാർഢ്യം പുനഃസ്ഥാപിക്കാൻ വിശുദ്ധ ഫ്രാൻസിസ് ഈജിപ്തിലെ സുൽത്താൻ മാലിക് അൽ കമലിനെ സന്ദർശിച്ച സമാനതകളില്ലാത്ത സംഭവം ഉദാഹരിച്ച മാർപാപ്പ 800 വർഷങ്ങൾക്കു മുന്പു നടന്ന ഇത്തരം മാതൃകകൾ ലോകസമാധാനം നിലനിർത്താൻ ഇന്നും പ്രസക്തമാണെന്നും ഈ ചാക്രിക ലേഖനത്തിനു തന്നെ പ്രചോദനചിത്തനാക്കിയത് ഈ സംഭവമാണെന്നും എടുത്തുപറയുന്നു. 2014-ൽ നടത്തിയ അമേരിക്കൻ സന്ദർശനത്തിൽ, അമേരിക്കൻ കോൺഗ്രസിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ ആയുധക്കച്ചവടത്തെയും ആയുധ മത്സരങ്ങളെയും അദ്ദേഹം നിശിതമായി വിമർശിക്കുകയും ദൈവത്തിന് ഏറ്റവും വലിയ ദ്രോഹമാണിത് എന്നു കൂട്ടിച്ചേർക്കുകയും ചെയ്തു.
ജയിംസ് മങ്കുഴിക്കരി










Leave a Reply