കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് അവകാശസ്മരണകളുണർത്തുന്ന മനുഷ്യാവകാശദിനം വീണ്ടും കടന്നുപോകുന്നത്. നന്നായി രോഗവിമുക്തിനേടി മനുഷ്യാവകാശങ്ങൾക്കായി ഉയർന്നുനിൽക്കാമെന്ന മഹത്തായ സന്ദേശമാണ് ഐക്യരാഷ്ട്രസഭ ഈ സുദിനത്തിൽ പങ്കുവയ്ക്കുന്നത്. രോഗവിമുക്തിക്കായി രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികളിലും പൂർവസ്ഥിതി വീണ്ടെടുക്കുന്നതിനായുള്ള ദൗത്യങ്ങളിലും മനുഷ്യാവകാശങ്ങൾ കേന്ദ്രബിന്ദുവാകണം. കോവിഡനന്തര ആഗോളലക്ഷ്യങ്ങൾ സഫലമാകണമെങ്കിൽ എല്ലാവർക്കും തുല്യാവസരങ്ങൾ പകർന്നുകൊടുത്തുകൊണ്ട് മഹാമാരി വിരൽചൂണ്ടുന്ന പരാജയങ്ങളെയും ചൂഷണങ്ങളെയും ധീരമായി അഭിമുഖീകരിക്കണം. മനുഷ്യാവകാശ മാനദണ്ഡങ്ങളെ ആശ്രയിച്ചുകൊണ്ട് വേർതിരിവുകളെയും വിവേചനങ്ങളെയും തുടച്ചുനീക്കുന്ന ക്രിയാത്മക പരിഹാര ശ്രമങ്ങളാണുണ്ടാകേണ്ടത്.
വിലപ്പെട്ട ജീവന്റെ അവകാശം
മനുഷ്യാവകാശങ്ങളിൽ ഏറ്റവും ശ്രേഷ്ഠമാണു ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം. ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുഛേദം ജീവനെയും സ്വാതന്ത്ര്യത്തെയും നിയമത്താൽ നിശ്ചയിക്കപ്പെട്ട നടപടിക്രമത്തിലൂടെയല്ലാതെ നിഷേധിക്കുവാനാവില്ല എന്നു പ്രത്യേകം വ്യക്തമാക്കുന്നു. മനുഷ്യജീവന് അസാധാരണവും ദൂരവ്യാപകവുമായ വ്യാഖ്യാനമാണ് നീതിന്യായ കോടതികൾ നൽകിയിട്ടുള്ളത്. ജീവൻ എന്ന പദംകൊണ്ട് സസ്യങ്ങളുടെ ജീവനോ മൃഗങ്ങളുടെ ജീവിതമോ അല്ല അർഥമാക്കുന്നതെന്നും അന്തസോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള ഓരോ പൗരന്റെയും അവകാശമാണ് അതിൽ അന്തർലീനമായിരിക്കുന്നതെന്നും സുപ്രീംകോടതി കണ്സ്യൂമർ എഡ്യുക്കേഷൻ കേസിൽ 1995-ൽ വിധിയെഴുതി. ജീവൻ എന്ന അവകാശത്തിൽ ജീവിതമാർഗം കണ്ടെത്താനും അന്തസോടെ തൊഴിൽ ചെയ്തു ജീവിക്കാനുമുള്ള അവകാശവും ഉൾപ്പെടുന്നു എന്നും കോടതി എടുത്തുപറയുകയുണ്ടായി.
നഷ്ടമാകുന്ന സാമൂഹിക ജനാധിപത്യം
മനുഷ്യാവകാശങ്ങൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്കു കാരണം സാമൂഹിക ജനാധിപത്യത്തിന്റെ അഭാവമാണ്. ഭരണാധികാരികൾ ഭരണ തീരുമാനങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയും ആ തീരുമാനങ്ങൾക്കുകീഴ്പ്പെട്ടുകൊണ്ട് അസംതൃപ്തരായി ജീവിതം തള്ളിനീക്കേണ്ടിവരുകയും ചെയ്യുന്ന ദുരവസ്ഥയാണ് ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്നത്.
ഭരണ തീരുമാനങ്ങളിൽ ജനങ്ങൾക്ക് പങ്കാളിത്തം ലഭിക്കുന്നില്ല. ജീവിതത്തിന്റെ അടിസ്ഥാന തത്വങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളെ അംഗീകരിക്കുന്ന രീതിയാണ് സാമൂഹിക ജനാധിപത്യം. എന്നാൽ, നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തിൽ സാമൂഹിക ജനാധിപത്യത്തിന്റെ കണികകൾ പ്രതിഫലിക്കുന്നില്ല. സ്വാതന്ത്ര്യത്തെ സമത്വത്തിൽ നിന്നോ സമത്വത്തെ സ്വാതന്ത്ര്യത്തിൽനിന്നോ വേർതിരിക്കാനാവില്ല. സാഹോദര്യത്തിൽനിന്നു സമത്വത്തെയും വേർതിരിക്കാൻ കഴിയുകയില്ല. സ്വാതന്ത്ര്യം ഇല്ലാത്ത സമത്വം വ്യക്തിഗത വളർച്ച ഇല്ലാതാക്കും.
ദാരിദ്ര്യം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ
ഇന്ന് രാജ്യം നേരിടുന്ന ഏററവും വലിയ പ്രതിസന്ധിയാണ് ദാരിദ്ര്യം. പട്ടിണി ഇല്ലാതാക്കാനായി ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവന്നെങ്കിലും അതിലെ വ്യവസ്ഥകൾ എത്രമാത്രം നടപ്പാക്കപ്പെട്ടു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. യൂനിസെഫിന്റെ കണക്കുകൾ പ്രകാരം ലോകത്ത് പോഷകാഹാരക്കുറവ് നേരിടുന്ന നല്ലൊരു ശതമാനവും വസിക്കുന്നത് ഇന്ത്യയിലാണ്. പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളുടെ കാര്യത്തിലും നാം പുറകിലല്ല. വിശപ്പിന്റെ ലോകം ഭീതിയുടെ ലോകമാണ്. ദാരിദ്ര്യം കുട്ടികളുടെ വ്യക്തിവികാസത്തെയും ശാരീരിക വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നു. രാജ്യം നേരിടുന്ന നിശബ്ദ പ്രതിസന്ധികൂടിയാണിത്.
ഭക്ഷ്യാവകാശം ആരുടെയും ഒൗദാര്യമല്ല. അതു ജനങ്ങളുടെ ജന്മാവകാശമാണ്. ജീവിക്കാനുള്ള അവകാശത്തിൽ ഭക്ഷ്യാവകാശവും ഉൾപ്പെടുന്നു എന്നു വ്യക്തമാക്കിയ സുപ്രീംകോടതി, 1989-ലെ കിഷൻ പട്നായിക് കേസിൽ പട്ടിണി മരണങ്ങൾ തടയേണ്ടത് ഭരണകൂടത്തിെന്റെ പ്രഥമ ചുമതലയാണെന്ന് ഓർമിപ്പിക്കുകയുണ്ടായി. ഇതിന്റെ ചുവടുപിടിച്ച് 1992-ൽ പിയർലസ് ജനറൽ കന്പനി കേസിലും 1995-ൽ പി.ജി. ഗുപ്ത കേസിലും 2007-ൽ ആർ.ഡി. ഉപാദ്ധ്യായ കേസിലും മനുഷ്യാവകാശം എന്ന നിലയിൽ ഭക്ഷ്യസുരക്ഷാവകാശം ഉറപ്പാക്കണമെന്ന് അഭിപ്രായപ്പെടുകയുണ്ടായി.
ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിൽ വ്യക്തമായ മാർഗനിർദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നതായിരുന്നു പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന വിധി. ആഗോള ഭക്ഷ്യസുരക്ഷ ലക്ഷ്യം വയ്ക്കുന്നതാവണം സർക്കാർ നയമെന്നും ദരിദ്രരിൽ ദരിദ്രർക്ക് പ്രത്യേക ശ്രദ്ധ നൽകുന്നതോടൊപ്പം സാധാരണക്കാരനും കുറഞ്ഞ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകുകയുണ്ടായി. ഭക്ഷ്യധാന്യങ്ങൾ കുടുംബാടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നതിനു പകരം വ്യക്തിഗത സമീപനം ആവശ്യമാണെന്നു ചൂണ്ടിക്കാണിക്കുകയുമുണ്ടായി. രാജ്യത്തെ 150 പിന്നോക്ക ജില്ലകൾക്ക് ഭക്ഷ്യധാന്യ വിതരണത്തിൽ മുൻഗണന നൽകണമെന്നും നിർദേശിക്കപ്പെട്ടു. എന്നാൽ, ഇതുകൊണ്ടൊന്നും പട്ടിണിമരണങ്ങളോ വിശപ്പിന്റെ നിലവിളിയോ ഇല്ലായ്മ ചെയ്യാനായിട്ടില്ല.
തുടർച്ചയാകുന്ന ലംഘനങ്ങൾ
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്ന് നാം അഭിമാനിക്കുന്പോഴും നമ്മുടെ രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങൾ തുടർച്ചയായി അരങ്ങേറുന്നു. അത്യന്തം ജാഗ്രതയോടെ പ്രവർത്തിക്കുന്ന മാധ്യമങ്ങളും ജുഡീഷൽ സംവിധാനവും പൗരാവകാശ സംഘടനകളും നിലനിൽക്കുന്പോഴാണ് ഇതെന്നുള്ളത് മനുഷ്യാവകാശങ്ങളുടെ മുഖം വികൃതമാക്കുന്നു. ബാലവേല, അടിമപ്പണി, ജോലിസ്ഥലത്ത് സ്ത്രീകൾ നേരിടുന്ന പ്രയാസങ്ങൾ, ദളിത്-പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന വിവേചനങ്ങൾ, ശാരീരിക ന്യൂനതയുളളവർ നേരിടുന്ന വെല്ലുവിളികൾ, എയ്ഡ്സ് രോഗികളും മറ്റു പകർച്ച രോഗബാധിതരും നേരിടുന്ന സാമൂഹിക ഒറ്റപ്പെടൽ, ജനസംഖ്യാ നയത്തിന്റെ അപാകതകൾ എന്നിവ ഉദാഹരണങ്ങൾ മാത്രം.
ഗർഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയങ്ങളും നിയമവിരുദ്ധമായി നടക്കുന്ന ഗർഭഛിദ്രങ്ങളും ലിംഗനിർണയ ക്ലിനിക്കുകളിൽ നടക്കുന്ന ലിംഗനിർണയവും പെണ്ഭ്രൂണഹത്യയും മനുഷ്യാവകാശ ലംഘനങ്ങളുടെ വിഭിന്ന മുഖങ്ങൾ തുറന്നുകാണിക്കുന്നവയാണ്. കസ്റ്റഡി മരണങ്ങൾ, പോലീസ്-ജയിൽ പീഡനങ്ങൾ, അന്യായ തടങ്കൽ എന്നിവയും മനുഷ്യാവകാശ ലംഘനങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നു. വികസനത്തിന്റെ പേരിൽ പ്രകൃതിക്കും മനുഷ്യനും ജീവജാലങ്ങൾക്കുമെതിരേ നടക്കുന്ന ചൂഷണങ്ങളും പരിസ്ഥിതി വിധ്വംസക പ്രവർത്തനങ്ങളും നിസാരവത്കരിച്ചു കാണാനാവില്ല.
ഇന്നത്തെ മനുഷ്യാവകാശ ലംഘനങ്ങളാണ് നാളത്തെ സംഘട്ടനങ്ങൾക്ക് കാരണമാകുന്നത്. ഒരാൾ നേരിടുന്ന അനീതി എല്ലാവർക്കുമെതിരേയുള്ള വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ മനുഷ്യാവകാശ ലംഘനങ്ങൾ മാനവരാശിയുടെ നിലനില്പിനു തന്നെയുള്ള ഭീഷണിയാണ്.
തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും സാമൂഹികസുരക്ഷ ലഭ്യമാകുന്നില്ല. ആരോഗ്യമേഖലയിലെ രോഗപ്രതിരോധ നടപടികൾക്കുള്ള സർക്കാർ ചെലവ് തികച്ചും അപര്യാപ്തമാണ്. ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസ നിലവാരം ഇപ്പോഴും താഴ്ന്ന നിലയിലാണ്. മനുഷ്യാവകാശങ്ങൾ ഏറ്റവും കൂടുതൽ നിഷേധിക്കപ്പെടുന്നത് സ്ത്രീകൾക്കും കുട്ടികൾക്കും ന്യൂനപക്ഷങ്ങൾക്കും ദളിത് വിഭാഗങ്ങൾക്കുമാണ്.
ഇത് ഒരു കാര്യം വ്യക്തമാക്കുന്നു. അവകാശവും സ്വാതന്ത്ര്യവും ഇന്നും വിദൂരമാണ്. ഒരാൾക്കെതിരേയുള്ള അനീതി മറ്റെല്ലാവർക്കും എതിരേയുള്ള ഓർമപ്പെടുത്തലാണ്. ഒരാളുടെ മനുഷ്യാവകാശം അപകടത്തിലാകുന്പോൾ അത് മറ്റുള്ളവരുടെ അവകാശങ്ങൾ തകർച്ചയിലേക്കു നീങ്ങുന്നുവെന്നതിന്റെ സൂചനയാണ്. 1948ലെ ഐക്യരാഷ്ട്രസഭയുടെ സർവദേശീയ മനുഷ്യാവകാശ ഉടന്പടിയുടെ ശില്പിയായ എലനോർ റൂസ്വെൽറ്റിന്റെ വാക്കുകളിൽ മനുഷ്യാവകാശങ്ങൾ ആരംഭിക്കുന്നത് ചെറിയ സ്ഥലങ്ങളിൽ നിന്നും ചുറ്റുപാടുകളിൽ നിന്നുമാണ്. അത് ലോകമാപ്പിൽ പ്രത്യക്ഷപ്പെടണമെന്നില്ല. ശക്തവും സമാധാനപരവുമായ പ്രക്രിയയിലൂടെ അവകാശസംരക്ഷണം സാധ്യമാകണം. ഉറച്ച ബോദ്ധ്യത്തോടുകൂടി മനുഷ്യാവകാശങ്ങൾക്കായി നിലകൊള്ളണം. ശബ്ദമില്ലാത്തവർക്കായി ശബ്ദിക്കുന്നതിനും നീതിക്കു വേണ്ടി പോരാടുന്നതിനും പ്രതീക്ഷ നഷ്ടപ്പെട്ടവർക്കായി പുത്തൻപ്രതീക്ഷകൾ പകർന്നുനൽകുന്നതിനും നമുക്ക് കഴിയണം.
ഡോ. പോളി മാത്യു മുരിക്കൻ










Leave a Reply