അനന്തപുരി / ദ്വിജൻ
കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ നടന്ന വിജിലൻസ് അന്വേഷണത്തെ ധനമന്ത്രി തോമസ് ഐസക് പരസ്യമായി എതിർത്തതും അതിന്റെപേരിൽ സിപിഎം അദ്ദേഹത്തിനെതിരേ പരസ്യമായ നിലപാടെടുത്തതും അതു പത്രക്കുറിപ്പായി പ്രസിദ്ധികരണത്തിനു നല്കിയതും കൃത്യമായ സന്ദേശങ്ങൾ തരുന്നു എന്നാണു നിരീക്ഷകരുടെ അഭിപ്രായം. പാർട്ടിക്കുള്ളിൽ പിണറായിയെപ്പോലെ ചിന്തിക്കാത്തവരുണ്ടെന്നു തെളിയിക്കാൻ ഐസക്കും അല്ല താൻ തന്നെയാണു പാർട്ടി എന്നു സംശയമുള്ളവരെയെല്ലാം ബോധ്യപ്പെടുത്തുവാൻ പിണറായിയും വിജയിച്ചിരിക്കുകയാണ്.
അടുത്തകാലത്തായി കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിന്റെ പേരിലുണ്ടായ വിവാദത്തിലൂടെ സർക്കാരിന്റെ പടനായകൻ എന്ന പദവിയിലേക്ക് ഉയർന്നപ്പോഴാണ് കെഎസ്എഫ്ഇയിലെ വിജിലൻസ് അന്വേഷണത്തിന്റെ പേരിൽ ഐസക് അടിച്ചിരുത്തപ്പെടുന്നത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനുശേഷം ഇനി ഇതേക്കുറിച്ചു പറയാമെന്ന അർധവിരാമത്തോടെയാണു ധനമന്ത്രി കെഎസ്എഫ്ഇ വിവാദത്തിൽ നിന്നു പിന്മാറുന്നതെങ്കിലും സാഹസികമായ എന്തെങ്കിലും അദ്ദേഹത്തിൽ നിന്നുണ്ടാകുമെന്നു കരുതുന്നവർ ഏറെയില്ല. അദ്ദേഹം അത്യാവശ്യം മന്ത്രിപ്പണിയും തന്റെ അക്കാദമിക് ജോലികളുമായി നാവടക്കി ജീവിക്കുന്നു. വിജിലൻസ് അന്വേഷണം സംബന്ധിച്ച വിവാദം അടഞ്ഞ അധ്യായമാണെന്ന് ഐസക്കിനോടു പാർട്ടി സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
പിണറായി തെളിയിച്ചത
ഞാനാണു സർക്കാർ, ഞാൻ തന്നെയാണു പാർട്ടി, ഞാൻ പറയുന്നതുപോലെ എല്ലാം നടക്കണം എന്ന പിണറായി നിലപാടു തന്നെയാണ് ഇപ്പോഴും പാർട്ടിയുടെ ശിലാനിയമം എന്ന് ഒരിക്കൽക്കൂടിപിണറായി തെളിയിക്കുകയാണ്. ആ പദവിയെ ചോദ്യം ചെയ്യുന്നതുപോലുള്ള ചില സംഭവങ്ങൾ അടുത്തകാലത്ത് ഉണ്ടായിരുന്നു. പോലീസ് നിയമ ഭേദഗതിക്കുണ്ടായ ദുരന്തം വലിയ അടിയായി. ഓർഡിനൻസ് പിൻവലിക്കേണ്ടിവന്നതിൽ കാണിച്ച മാതൃക പിണറായിക്കു മനക്ഷോഭം ഉണ്ടാക്കിയിരിക്കുമെന്ന് അദ്ദേഹത്തെ അറിയുന്നവർ കരുതുന്നു. എന്നാൽ, എല്ലാം ഈ ശാസനയിലൂടെ അദ്ദേഹം മാറ്റിയെടുക്കുകയാണ്. ഐസക്കിനെ അനുകൂലിക്കാൻ വന്നത് ആനത്തലവട്ടം മാത്രം. എതിർത്തു പരസ്യ നിലപാടുമായി വന്നതോ ഇ.പി. ജയരാജൻ, ജി.സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ മന്ത്രിമാരും. ഇവരിൽ ആനത്തലവട്ടം വിജിലൻസ് നടപടിയെ വിമർശിച്ചത് ഐസക്കിനോടുള്ള സ്നേഹത്തെക്കാൾ കെഎസ്എഫ്ഇയിലെ തന്റെ യൂണിയനോടുള്ള സ്നേഹം കൊണ്ടാവാനാണ് സാധ്യത.
കെഎസ്എഫ്ഇക്കു സമൂഹത്തിൽ വർധിച്ചുവരുന്ന വിശ്വാസ്യത കേരളത്തിലെ സ്വകാര്യ ചിട്ടിക്കാർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. അതുകൊണ്ടു തന്നെ സ്ഥാപനത്തിനെതിരേ അവർ കരുനീക്കങ്ങളും നടത്തുന്നുണ്ട്. കേന്ദ്ര ധനമന്തിക്കു വരെ പരാതികൾ കൊടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഇത്തരം ഒരു റെയ്ഡും അതിലെ കണ്ടു പിടിത്തങ്ങൾ മാധ്യമങ്ങൾക്കു ചോർത്തിക്കൊടുക്കപ്പെട്ടതും ആനന്ദനെ വേദനിപ്പിക്കുന്ന സങ്കടം തന്നെയാണ്. വിജിലൻസ് റെയ്ഡിന്റെ രണ്ടു ദിവസം കൊണ്ട് 28 കോടിയുടെ ബിസിനസ് കെഎസ്എഫ്ഇക്കു നഷ്ടപ്പെട്ടു എന്ന് ഒരു കണക്കുണ്ട്. നിക്ഷേപകർ കൂട്ടത്തോടെ അതു പിൻവലിക്കാൻ എത്തുന്നതരത്തിലേക്ക് കാര്യങ്ങൾ എത്തിയില്ല എന്നതു ശരി.
ഇങ്ങനെ കെഎസ്എഫ്ഇയെ തകർക്കാൻ മുഖ്യമന്ത്രി കൂട്ടുനിൽക്കുമെന്ന് ആനന്ദൻ കരുതുന്നില്ല. എന്നാൽ, അവർക്കെല്ലാം സംശയമുള്ള ശ്രീവാസ്തവയാണ് പിന്നിൽ എന്നു വന്നപ്പോൾ അദ്ദേഹത്തിന്റെ സർവീസ് ചരിത്രം അറിയുന്നവർക്കു സംശയം ഉണ്ടാവുക സ്വാഭാവികം. ന്യായീകരണം എന്തെല്ലാമായാലും ഐസക് എന്തിന് അത്തരം ഒരു മണ്ടത്തരം പറഞ്ഞ് അടിക്കാൻ വടിയുണ്ടാക്കിക്കൊടുത്തു എന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർപോലും ചോദിക്കുന്നുണ്ട്.
പാർട്ടിയിലെയും സർക്കാരിലെയും തന്റെ മേധാശക്തി വ്യക്തമാക്കുന്നതിനു കിട്ടുന്ന ഒരുവസരവും മുഖ്യമന്ത്രി പാഴാക്കാറില്ല. അടുത്തകാലത്തുണ്ടായ പാർട്ടി സെക്രട്ടറി നിയമനത്തിലും അതുതന്നെയാണ് പ്രകടമായത്. എന്തു കാരണത്തിനായാലും കോടിയേരി ബാലകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റേണ്ടിവന്നപ്പോൾ പാർട്ടിയുടെ കീഴ്്വഴക്കങ്ങൾ ലംഘിച്ചു മുഖ്യമന്ത്രിക്കു കീഴിൽ പ്രവർത്തിക്കുന്ന ഇടതുമുന്നണി കണ്വീനറെ പാർട്ടിയുടെ സെക്രട്ടറിയാക്കിയതു പിണറായി ആണ്. ഇടതു മുന്നണി കണ്വീനർ എന്ന നിലയിൽ ഇന്നും അദ്ദേഹം ഇടതുമുന്നണിയുടെ ചെയർമാനായ മുഖ്യമന്ത്രിക്കു കീഴിലാണ്.
പാർട്ടിയുടെ രീതി അനുസരിച്ച് സെക്രട്ടറിക്കു മാറേണ്ടി വരുന്പോൾ ഏറ്റവും മുതിർന്ന പോളിറ്റ് ബ്യൂറോ അംഗത്തിനാണു ചുമതല കൊടുക്കുക. അതനുസരിച്ചാണെങ്കിൽ വരേണ്ടത് എസ്. രാമചന്ദ്രൻ പിള്ളയാണ്. വാർധക്യം മൂലം അദ്ദേഹത്തിനു സാധിക്കില്ലെങ്കിൽ വരേണ്ടതു പോളിറ്റ് ബ്യൂറോയിലെ കേരളത്തിൽനിന്നുള്ള അടുത്ത അംഗം എം.എ. ബേബിയാണ്. കേന്ദ്ര കമ്മിറ്റിയിലെ സിനിയോറിട്ടി നോക്കിയാൽ എം.വി. ഗോവിന്ദൻ മാസ്റ്റർക്കാണു ചുമതല കിട്ടേണ്ടത്. ഇവരിൽ ആർക്കു കിട്ടിയാലും അവർക്കു വ്യക്തിപരമായ യോഗ്യതയുടെ കൂടി ഫലമായിട്ടാണു പദവി കൈവന്നത് എന്നു കരുതാം. എന്നാൽ, പകരം താരതമ്യേന ജൂണിയറായ വിജയരാഘവന് ആ പദവി കൊടുത്തപ്പോൾ താൻ തന്നെയാണു പാർട്ടി മേധാവി എന്നു പിണറായി സ്ഥാപിക്കുകയായിരുന്നു.
അവകാശലംഘനം
സിഎജി കിഫ്ബിയെക്കുറിച്ചു നടത്തിയ പരാമർശം അടങ്ങിയ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുന്നതിനു മുന്പു ധനമന്ത്രി പ്രസിദ്ധപ്പെടുത്തിയതു സംബന്ധിച്ച വിവാദത്തിൽ പ്രതിപക്ഷം കൊടുത്ത അവകാശ ലംഘന നോട്ടീസ് സ്പീക്കർ എത്തിക്സ് കമ്മിറ്റിക്കു വിട്ടതും പിണറായിയുടെ ഐസക് വിരോധത്തിന്റെ ഉദാഹരണമായി ചിത്രീകരിക്കപ്പെടുന്നത് ശരിയാണെന്ന് അധികം പേർ കരുതുന്നില്ല. സഭയുടെ അവകാശം ലംഘിക്കുന്നവരുടെ നിയമസഭാംഗത്വം വരെ റദ്ദാക്കാൻ ശിപാർശ ചെയ്യാവുന്ന സമിതിയാണ് പ്രവിലേജ് കമ്മിറ്റി. ലോക്സഭയിൽ ഇങ്ങനെ സമിതി ശിപർശ ചെയ്യുകയും സഭ അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സമിതി എന്തു ശിപാർശ ചെയ്താലും അതിനു പ്രാബല്യം കിട്ടാൻ സഭ അംഗീകരിക്കേണ്ടതുണ്ട്. അതുകൊണ്ട് ഐസക്കിനെതിരായ അവകാശ ലംഘന പ്രമേയത്തിന് ഉണ്ടാകാവുന്ന പരിണാമം ഉൗഹിക്കാവുന്നതേ ഉള്ളു.
ധനമന്ത്രി തോമസ് ഐസക് മുഖ്യമന്ത്രി പിണറായി വിജയന്റെ നല്ലകുട്ടികളുടെ ലിസ്റ്റിൽ നിന്നു പുറത്തുപോയത് ഇന്നലെയോ മിനിയാന്നോ ഒന്നുമല്ല എന്നാണ് സിപിഎമ്മിന്റെ അകത്തളങ്ങളുമായി അടുപ്പമുള്ളവർ പറയുന്നത്. ടി.പി. വധക്കേസ് സംബന്ധിച്ച് ഐസക് കൈക്കൊണ്ട നിലപാടിന്റെ കാലം മുതൽ തുടങ്ങിയതാണത്രേ ഈ അകൽച്ച. അന്ന് ആ കൊലപാതകത്തിൽ പാർട്ടിക്കു പങ്കില്ല എന്ന സിപിഎം സംസ്ഥാന സമിതിയുടെ നിലപാടിനെതിരെ ഐസക് കേന്ദ്ര കമ്മിറ്റിയിൽ നിലപാടെടുത്തത്രേ. പ്രതികളെ പാർട്ടി ഒളിപ്പിച്ച ഇടങ്ങളുടെ വിവരണവും കേന്ദ്ര കമ്മിറ്റിയിൽ നൽകി. അത് കേന്ദ്ര കമ്മിറ്റിക്കു പോലും പിടിച്ചില്ല എന്നാണ് പറയുന്നത്. കമ്യൂണിസ്റ്റ് പ്രവർത്തന ശൈലിക്കു നിരക്കുന്നതല്ലത്രേ ഈ സമീപനം.
അന്നേ പിണറായിയെ വെറുപ്പിച്ച ബുദ്ധിജീവിയായ ഈ നേതാവിനെ എന്നിട്ടും പിണറായി ധനമന്ത്രിയാക്കി. വി.എസിന്റെ തട്ടകമായ ആലപ്പുഴയിലെ പാർട്ടിയെ വലിയ പരിക്കില്ലാതെ ഒപ്പംനിർത്താനും അവിടെ വി.എസിനു പകരക്കാരനായി വളർന്നു വരുന്ന സുധാകരനെ നിയന്ത്രിച്ചു നിർത്താനും ഐസക് വേണമെന്നാതാവാം ആ കരുതലിനു കാരണമെന്ന് പറയുന്നവരുണ്ട്. അതു മാത്രമല്ല വലിയ സാന്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന കേരളത്തിൽ ശന്പളവും മറ്റു കാര്യങ്ങളും മുടങ്ങാതെ കൊണ്ടുപോകേണ്ടതുണ്ടായിരുന്നു. എന്നാൽ, ധനമന്ത്രിയായിരുന്നിട്ടും പല ഉന്നത സമിതികളിൽ നിന്നും ഐസക്കിനെ അകറ്റിനിർത്താൻ മുഖ്യമന്ത്രി ശ്രദ്ധിച്ചു. പ്രളയസഹായ സമിതിയിലും റീബിൽഡ് കേരളയിലും ഒക്കെ ഐസക് ഒതുക്കപ്പെട്ടിരുന്നു. അല്ലെങ്കിൽ മാറ്റിനിർത്തപ്പെട്ടു.
ജിഎസ്ടിയിലെ കുടിശിക നൽകാൻ കേന്ദ്രം മടിക്കുന്നതിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഐസക്കിന്റെ നീക്കം മുഖ്യമന്ത്രി തടഞ്ഞതായാണ് അറിയുന്നത്. മുഖ്യമന്ത്രിക്കു കേന്ദ്രവുമായുള്ള നല്ല ബന്ധം പാലിക്കുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധ എന്നു പറയുന്നവരുണ്ട്. വി.എസ്. മന്ത്രിസഭയിൽ തിളങ്ങിയതിന്റെ പകുതി പോലും ഐസക്കിനു പിണറായി മന്ത്രിസഭയിൽ സാധിച്ചില്ല. ഒരവസരത്തിൽ ഐസക് രാജിക്കുള്ള അനുമതി പാർട്ടിയോട് ചോദിച്ചിരുന്നു എന്ന് വരെയാണ് കഥകൾ.
കൃത്യമായ നീക്കങ്ങൾ
പിണറായി കൃത്യമായാണ് കരുക്കൾ നീക്കുന്നത്. മന്ത്രിസഭയിൽ താൻ പറയുന്നതിനെ ചോദ്യംചെയ്യുന്ന രണ്ടു മന്ത്രിമാർ മാത്രം. ഐസക്കും സിപിഐയുടെ ചന്ദ്രശേഖരനും. വളരെ സമർഥമായി കാനത്തിനെ കൂടെയാക്കിയതോടെ ചന്ദ്രശേഖരൻ നാവടക്കും. വിജിലൻസ് റെയ്ഡ് പ്രശ്നത്തിൽ ഐസക്കിനൊപ്പം ഒരു സിപിഐ മന്ത്രി വന്നപ്പോൾ കാനം തന്നെ രംഗത്തുവന്നത് ശ്രദ്ധിക്കുക. കാനത്തിന്റെ മനംമാറ്റത്തിൽ സിപിഐയിൽ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്.
പാർട്ടിയിൽ ഐസക്കിന്റെ പിന്തുണ അനിവാര്യനാക്കിയ വി.എസ് ഏതാണ്ട് അസ്തമിക്കുകയും ആലപ്പുഴയിലെ സുധാകരൻ വിശ്വസ്ത വിധേയനാവുകയും ചെയ്തതോടെ, ഐസക് കുറെക്കൂടി ഒതുക്കപ്പെടണം എന്ന ചിന്തയും ശക്തമായിരിക്കണം. അടുത്ത സിപിഎം മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിൽ നിന്ന് ഐസക് അകറ്റിനിർത്തപ്പെടണം എന്ന ചിന്തയും ഇല്ലാതില്ല. യെച്ചൂരിയുടെ സ്വാധീനം ശക്തമായാലും കാര്യങ്ങൾ പിണറായി ഇച്ഛിക്കുന്നതുപോലെ തന്നെ നടക്കാനുള്ള നീക്കം. ഐസക്കിനെപ്പോലുള്ള ബുദ്ധിജീവികൾ വലിയ കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞ് കേമന്മാരാകേണ്ട എന്നർഥം.
വന്പൻ സ്രാവുകൾ ആരെല്ലാം?
ഉമ്മൻ ചാണ്ടി സർക്കാരിനെ വേട്ടയാടിയ, വിവാദ നായികയുടെ കുപ്രസിദ്ധമായ കത്തു പോലാകുമോ സ്വപ്നയും സരിത്തും നല്കിയ മൊഴികൾ എന്നു കാത്തിരിക്കുകയാണു ജനം. മൊഴിയിലെ വിവരങ്ങൾ പുറത്തായാൽ അവരുടെ ജീവനുതന്നെ ഭീഷണിയാകുമെന്നും അത്തരം ഉന്നതരെക്കുറിച്ച് അവർ വെളിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് കസ്റ്റംസ് കോടതിയെ ധരിപ്പിച്ചത്. കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖ പരിശോധിച്ച കോടതിയും ഏതാണ്ടു സമാനമായ കമന്റ് മുന്പു നടത്തിയിരുന്നു. വന്പൻ സ്രാവുകൾ കേസിൽ ഉൾപ്പെട്ടിട്ടിണ്ട്. പഴയ കത്തിലെ കഥാപാത്രങ്ങളെപ്പോലെ നടക്കാനാവില്ലല്ലോ കള്ളക്കടത്തു കേസിലെ പ്രതികൾക്ക്.
തെരഞ്ഞെടുപ്പ് അടുക്കുന്പോൾ മാത്രം പരാതിയുമായി വരുന്ന ചിലരെ ജനം തിരിച്ചറിയുന്നു. എല്ലാ തെരഞ്ഞെടുപ്പിനെയും അവർക്കു സ്വാധീനിക്കാനാവും എന്ന ധാരണയിൽ കരുക്കൾ നീക്കുന്നവർ ശബരിമല സംഭവം ഓർക്കുന്നതു നല്ലതാവും.









Leave a Reply