Sathyadarsanam

സാമ്പത്തിക സംവരണം: സാമൂഹ്യ നീതിയുടെ പുതുനാമ്പ്

സാമ്പത്തിക സംവരണം: സാമൂഹ്യ നീതിയുടെ പുതുനാമ്പ്

സമകാലിക കേരളത്തിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ ആത്മാർത്ഥമായി വിലയിരുത്തിയാൽ മുന്നാക്കക്കാർ എന്ന അധിക്ഷേപം ചുമക്കുന്ന സംവരണരഹിത സമുദായാംഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക അവസ്ഥ തികച്ചും പിന്നാക്കമാണെന്ന് മനസിലാക്കാം. തൊഴിലില്ലായ്മ ഏറ്റവുമധികം രൂക്ഷമായിരിക്കുന്ന സമൂഹങ്ങളാണിവ. ദാരിദ്യം, കടക്കെണി, കർഷക ആത്മഹത്യ, വിവാഹം നടക്കാത്ത അവസ്ഥ, പ്രവാസി വൽക്കരണം, ജനസംഖ്യാ ശോഷണം, പ്രാതിനിധ്യ ക്കുറവ് തുടങ്ങിയ നിരവധി പ്രശ്നങ്ങളാൽ ഈ സമൂഹങ്ങൾ വീർപ്പുമുട്ടുകയാണ്. അർഹതയുണ്ടായിട്ടും അവഗണിക്കപ്പെടുന്നവൻ്റെ വേദന ജനാധിപത്യ ഭരണ സംവിധാനത്തിൽ പോലും വിലമതിക്കപ്പെട്ടിരുന്നില്ല. എന്നാൽ മീനച്ചൂടിൽ കുളിർമഴയെന്നപോലെ നൂറ്റി മൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ സംവരണേതരവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉന്നത വിദ്യാഭ്യാസരംഗത്തും സർക്കാർ ജോലികളിലും 10% സംവരണം അനുവദിക്കപ്പെട്ടിരിക്കുകയാണ്. നിലവിലുള്ള സംവരണ വിഭാഗങ്ങൾക്ക് യാതൊരു കുറവും വരുത്താതെയാണ് സാമ്പത്തിക സംവരണം പ്രവർത്തികമാക്കിയത്. എന്നിട്ടും ഈ സംവരണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ, അതും ദശാബ്ദങ്ങളായി സംവരണാനുകൂല്യങ്ങൾ അനുഭവിച്ചു വരുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നു എന്നത് തികച്ചും ഖേദകരമാണ്. ഇത്തരം തൽപരകക്ഷികൾ ഉയർത്തുന്ന വാദങ്ങളോടുള്ള പ്രതികരണമാണ് ചുവടെ ചേർത്തിരിക്കുന്നത്.

കേരളത്തിൽ പ്ലസ് വൺ കോഴ്സിന് 10% സാമ്പത്തിക സംവരണ (EWS റിസർവേഷൻ )ക്വോട്ടയിൽ സർക്കാർ സ്കൂളുകളിൽ അനുവദിച്ച സീറ്റുകൾ മുഴുവൻ നേടിയെടുക്കാൻ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സാധിച്ചിട്ടില്ല എന്നത് ചില കേന്ദ്രങ്ങൾ വക്രീകരിച്ച് അവതരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അവർ ആരോപണമുന്നയിക്കുന്നതുപോലെ ഈ വിഭാഗങ്ങളിൽ അർഹരായവർ ഇല്ലാത്തതിനാലല്ല , മറിച്ച് ഇവരുടെ പിന്നാക്കാവസ്ഥ മൂലം അർഹമായത് നേടിയെടുക്കാൻ കഴിയാതെ പോയി എന്നതാണ് യാഥാർഥ്യം . ഇ ഡബ്ള്യു എസ് സംവരണ ആനുകൂല്യത്തെക്കുറിച്ച് അംഗങ്ങൾക്ക് യഥാവിധി പറഞ്ഞു മനസിലാക്കികൊടുക്കുവാൻ സംവരണേതര സമുദായങ്ങൾക്ക് സാധിച്ചിട്ടില്ല.
കൂടാതെ വില്ലേജ് ഓഫിസിൽ ഇ ഡബ്ള്യു എസ് സർട്ടിഫിക്കറ്റിനായി ചെല്ലുന്ന മാതാപിതാക്കളെയും കുട്ടികളെയും സർക്കാർ നിശ്ചയിക്കാത്ത മാനദണ്ഡങ്ങൾ പോലും നിലവിലുണ്ട് എന്ന് പറഞ്ഞ് കബളിപ്പിക്കുകയും സർട്ടിഫിക്കറ്റ് നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ നിരവധിയുണ്ട്. സർക്കാർ ഇതിനായി ഇറക്കിയിരിക്കുന്ന അപേക്ഷാ ഫോറത്തിൽ നിലവിലില്ലാത്ത ഒരു മാനദണ്ഡം പോലും ഉൾപ്പെടുത്തിയിട്ടുണ്ട് . ഇത്തരം അവസ്ഥകളെ നേരിടാനുള്ള സംഘടനാ ശേഷിയുടെ കുറവ് ഈ സമുദായങ്ങളുടെ പിന്നാക്കാവസ്ഥയെ തന്നെയാണ് സൂചിപ്പിക്കുന്നത്.

EWS സർട്ടിഫിക്കറ്റിനുള്ള മാനദണ്ഡങ്ങളുടെ പരിധി സംസ്ഥാന സർക്കാർ വളരെ താഴ്ത്തിയാണ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന പ്ലാനിങ് ബോർഡിന്റെ വിവരശേഖരണത്തിൻ്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽത്തന്നെ കേരളത്തിൽ കൃഷിക്കാർക്ക് ഒരേക്കറിൽനിന്ന് 50,000 ( അമ്പതിനായിരം ) രൂപ പോലും വരുമാനം ഇല്ലാതിരിക്കെ ഭൂപരിധി 2.5 ഏക്കർ ആയി കുറച്ചതും കേരളത്തിലെ സാഹചര്യത്തിൽ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തമ്മിൽ കാര്യമായ വ്യത്യാസങ്ങൾ ഇല്ലാതിരിക്കുകയും, ഭൂവിനിയോഗ രീതിയുടെ കാര്യത്തിൽ വേർതിരിവുകൾ ഇല്ലാതിരിക്കുകയും ചെയ്തിട്ടും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഹൗസ് പ്ലോട്ട്- കൃഷിഭൂമി എന്ന വേർതിരിവ് കൊണ്ടുവന്നതും അർഹരായ അനേകർക്ക് തിരിച്ചടിയായിട്ടുണ്ട്. കൂടാതെ കോവിഡ് – ലോക്ക് ഡൗൺ പ്രശ്നങ്ങൾ മൂലം സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കാനും യഥാസമയം നേടിയെടുക്കാനും പലർക്കും സാധിക്കാതെ പോയിട്ടുണ്ട്. ഈ പോരായ്മകൾ യഥാവിധി പരിഹരിക്കപ്പെട്ടിരുന്നെങ്കിൽ നിലവിൽ ഈ ഡബ്ല്യു എസ് ക്വോട്ടയിൽ അനുവദിച്ചിരിക്കുന്ന അവസരങ്ങൾ മതിയാവാതെ വരുമായിരുന്നു.

ഇവയ്ക്കു പുറമെയാണ് ഓരോ കോഴ്സിനും അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ ഉദ്യോഗസ്ഥ ലോബി പലതരം കൃത്രിമങ്ങൾ കാണിക്കുന്നത്. ഇ ഡബ്ല്യൂ എസ് അനുവദിച്ചു കൊണ്ടുള്ള പൊതു ഉത്തരവ് നില നിൽക്കുമ്പോൾ പോലും ചില കോഴ്സുകൾക്ക് ഇ ഡബ്ല്യൂ എസ് സംവരണം ഉൾപ്പെടുത്താറില്ല.(ഉദാ. ഡി ഇഎൽ ഇഡ് – പഴയ ടിടിസി).ചില കോഴ്സുകൾക്ക് ഉൾപ്പെടുത്തിയാലും പ്രോസ്പെക്ടസിൽ പരസ്യപ്പെടുത്താറില്ല.(ഉദാ. ബിഎസ് സി നഴ്സിംഗ് പാരാമെഡിക്കൽ ). ചില കോഴ്സുകൾക്ക് EWS സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യാൻ മതിയായ സമയം അനുവദിക്കാറില്ല. ഏറ്റവും അവസാനം പുറത്തുവന്ന പോളി ടെക്‌നിക് പ്രവേശനത്തിനുള്ള പ്രോസ്പെക്ടസിൽ പ്രാബല്യം നഷ്ടപ്പെട്ട പഴയ ഉത്തരവുകൾ ചേർത്ത് വിദ്യാർത്ഥികളെ ആശയക്കുഴപ്പത്തിലാക്കുകയും അർഹരായവർക്ക് നിയമ വിരുദ്ധ മാർഗങ്ങളിലൂടെ സംവരണം നിഷേധിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ വിവിധ നാടകങ്ങളാണ് ഉദ്യോഗസ്ഥ തലത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത് . കൂടാതെ ഇ ഡബ്ള്യു എസ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ഇതുവരെ ഓൺലൈൻ മുഖാന്തര രമാക്കിയിട്ടില്ല. പരാതികൾ പരിഹരിക്കാൻ ഒരു പ്രത്യേക ട്രൈബ്യൂണൽ രൂപീകരിക്കുമെന്ന് ജനുവരി 03 ലെ ഉത്തരവിൽ പ്രഖ്യാപിച്ചിട്ടും ഇതുവരെ നടപടികളൊന്നുമായിട്ടില്ല. ഇത്രയും ദ്രോഹങ്ങൾ ചെയ്തിട്ട് അപേക്ഷകർ കുറവാണ് എന്നു പറയുന്നവരുടെ നർമ്മബോധം അംഗീകരിക്കേണ്ടതു തന്നെ. എന്നാൽ ഈ പ്രതിസന്ധികൾക്കു നടുവിലും പ്ലസ് വൺ ഒഴികെ എല്ലാ കോഴ്സുകൾക്കും അപേക്ഷകരുടെ എണ്ണം വളരെ ഉയർന്നതു തന്നെയായിരുന്നു എന്നതാണ് യാഥാർത്ഥ്യം.

പ്ലസ് വൺ പ്രവേശനത്തിൽ പട്ടികജാതി/ഒ ബി സി വിദ്യാർത്ഥികളെക്കാൾ കുറഞ്ഞ ഇൻഡക്സ് മാർക്കുള്ളവർക്ക് സാമ്പത്തിക സംവരണത്തിൽ പ്രവേശനം ലഭിച്ചെന്നതാണ് മറ്റൊരു ആരോപണം. ഈ ആരോപണം ശരിയാണെങ്കിൽ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ സാമൂഹ്യ -വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെ തന്നെയാണ് അത് സൂചിപ്പിക്കുന്നത്. വസ്തുത ഇതായിരിക്കെ
ഒബിസി സംവരണത്തിൻ്റെ പേരിൽ അരനൂറ്റാണ്ടിലധികമായി വൻതോതിലുള്ള ആനുകൂല്യങ്ങൾ അനുഭവിച്ചു പോരുന്ന പ്രബല വിഭാഗങ്ങൾ, അത്താഴപ്പട്ടിണിക്കാർക്ക് അനുവദിച്ച സാമ്പത്തിക സംവരണത്തിന് എതിരെ തിരിയുന്നത് അത്യന്തം വേദനയുളവാക്കുന്നു.

സംസ്ഥാനത്തെ പി എസ് സി നിയമനങ്ങളിൽ 10% സാമ്പത്തിക സംവരണം യാഥാർഥ്യമാകേണ്ടതുണ്ട്. എന്നാൽ ഇതിനെതിരെ സംഘടിതമായ ഗൂഡ നീക്കങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നതായി മനസ്സിലാകുന്നു. ഇവരുടെ വ്യാജ ആരോപണങ്ങളാൽ വഞ്ചിക്കപെടാതെ കാര്യങ്ങളുടെ നിജസ്ഥിതി മനസിലാക്കണമെങ്കിൽ കേരളത്തിൽ നിലവിലുള്ള സംവരണ ചിത്രം നാം അറിഞ്ഞിരിക്കണം . തൻമൂലം സംവരണ ആനുകൂല്യങ്ങൾ ചിലർ എത്രമാത്രം അനർഹമായിട്ടാണ് അനുഭവിക്കുന്നത് എന്ന് ഗ്രഹിക്കാൻ സാധിക്കും .

കേന്ദ്ര സർക്കാർ നിയമപ്രകാരം എസ് സി, എസ് ടി സംവരണം 22.5 % വും ഒബിസി സംവരണം 27 % വും ആയിരിക്കെ കേരളത്തിൽ എസ് സി, എസ് ടി സംവരണം 10 % മാത്രവും ഒബിസി സംവരണം 40 % വുമാണ്.
ഇവിടെ യഥാർത്ഥ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കർഹതപ്പെട്ട അവകാശങ്ങൾ കവർന്നെടുക്കപ്പെട്ടിരിക്കുകയാണെന്നത് വ്യക്തം. എഴുപത് സംവൽസരങ്ങളിലെ സംവരണ പോഷണത്തിന് ശേഷവും യഥാർത്ഥത്തിൽ പാർശ്വ വൽക്കരിക്കപ്പെട്ട പട്ടിക വിഭാഗങ്ങൾ ഇവിടെ ദുരിതക്കയത്തിൽ കഴിയുന്നു . അതേ സമയം അനർഹർ ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്യുന്നു. അധികാര- സ്വാധീനങ്ങൾ ഉള്ളവർക്ക് കേരളത്തിലെ പട്ടികവിഭാഗങ്ങളോടുള്ള മനോഭാവം എന്തെന്ന് വൈരുധ്യം നിറഞ്ഞ ഈ അനുപാതത്തിൽ നിന്നു തന്നെ വ്യക്തമാണല്ലോ.

സർക്കാർ ജോലികളിലെ 50 % ജാതി സംവരണത്തിൽ 40 % വും ഒബിസി വിഭാഗങ്ങൾക്ക് മാത്രമായി ലഭിക്കുന്നതിന് ജനസംഖ്യാനുപാതികമായി എന്ത് അർഹതയാണ് അവർക്കുള്ളത്? ഏതെങ്കിലും കാലഘട്ടത്തിൽ കേരളത്തിലെ ഒബിസി ജനസംഖ്യ 80 % മായി ഉയർന്നിട്ടുണ്ടോ? ജനസംഖ്യ ഉയരുന്നതനുസരിച്ച് സംവരണാനുപാതം ഉയർത്തി നിശ്ചയിക്കുന്നതിനുള്ള ചരടുവലികൾ നടത്തുന്നത് ചെറിയ സമുദായങ്ങൾക്കു മേലുള്ള കടന്നു കയറ്റമല്ലേ? ദുർബലരായ അവരുടെ പ്രാതിനിധ്യം അതുവഴി നഷ്ടപ്പെടുകയല്ലേ?
എന്നാൽ സംവരണരഹിതരുടെ ജനസംഖ്യ അനുപാതം അവർക്ക് അനുവദിക്കപ്പെട്ട 10% സംവരണത്തിന് ആവശ്യമായ 20 % ത്തേക്കാൾ വളരെ ഉയരത്തിൽ 30 % ത്തോളമാണ് എന്നുകൂടി അറിയണം.

കേന്ദ്രസർക്കാർ രാജ്യത്തെ എല്ലാ ഇതര പിന്നാക്കവിഭാഗങ്ങൾക്കും പൊതുവായി അനുവദിച്ചിരിക്കുന്ന ഒബിസി സംവരണം കേരളത്തിൽ വിവിധ സമുദായങ്ങൾ വീതം വച്ച് ശക്തരായവർ വലിയ പങ്ക് കൈയ്യടക്കുകയും പരിവർത്തിത ക്രൈസ്തവർ ഉൾപ്പെടെയുള്ള യഥാർത്ഥ പിന്നാക്ക വിഭാഗങ്ങൾക്ക് പേരിന് 1% വീതം സംവരണം നൽകി കടമ കഴിക്കുകയുമാണ് സർക്കാർ ചെയ്തിരിക്കുന്നത്.
ഇതിൻ്റെ കൃത്യമായ ഉദാഹരണമാണ് രണ്ട് ശക്തമായ സമുദായങ്ങൾക്ക് 14 % വും 12 % വും വീതം സംവരണം അനുവദിച്ചപ്പോൾ 77 പിന്നാക്ക ഹിന്ദു വിഭാഗങ്ങൾക്ക് (OBH -OBC ) ആകെക്കൂടി കേവലം 3 % മാത്രം സംവരണം അനുവദിച്ചിരിക്കുന്നത്.

ഏതെങ്കിലുമൊരു മതത്തിന് പൂർണ്ണമായും സംവരണം അനുവദിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വമായ തുല്യതയ്ക്ക് (Equality) എതിരും മറ്റ് മതങ്ങളുടെ നിലനിൽപ്പിനെ ബാധിക്കത്തക്ക അനീതിയും (കാരണം ജാതിയിലേയ്ക്ക് പരിവർത്തനം സാധ്യമല്ല, എന്നാൽ മതത്തിലേയ്ക്ക് പരിവർത്തനം സാധ്യമാണ്) മതേതരവിരുദ്ധവും ആയിരിക്കെ കേരളത്തിൽ മാത്രമായി എങ്ങനെയാണ് ഒരു പ്രത്യേക മതത്തിന്, അതും രാജവംശങ്ങൾ പോലുമുണ്ടായിരുന്ന ഒരു മതത്തിന് പൂർണ്ണമായും ഒബിസി സംവരണം ലഭിച്ചത്? യഥാർത്ഥത്തിൽ ആ മതത്തിലെ പിന്നാക്കാവസ്ഥയുണ്ടായിരുന്ന ഒരു പ്രാദേശികവിഭാഗത്തിന് അനുവദിച്ച സംവരണം സംഘടിത മതരാഷ്ട്രീയ ശക്തി ഉപയോഗിച്ച് ആ മതക്കാർ പൂർണ്ണമായും കയ്യേറുകയും കാലക്രമത്തിൽ അതിൻ്റെ തോത് വർദ്ധിപ്പിക്കുകയുമല്ലേ ചെയ്തത് ?

ഒബിസി സംവരണത്തിന് നോൺ ക്രീമിലെയർ വരുമാനപരിധി 8 ലക്ഷം രൂപയാണെങ്കിലും, എൻട്രി കേഡറിൽ തന്നെ ക്ലാസ് വൺ ജീവനക്കാരായി സർവിസിൽ പ്രവേശിച്ചവർ ഒഴികെയുള്ളവരുടെ ശമ്പളം ക്രീമിലെയർ കണക്കാക്കുന്നതിന് പരിഗണിക്കില്ലാത്തതിനാൽ വളരെയധികം ഉയർന്ന വരുമാനവും ആസ്തികളും ഉള്ളവർക്കും ഒ ബി സി സംവരണം ലഭ്യമാകും. നോൺ ക്രീമിലെയർ മാനദണ്ഡങ്ങൾ അത്യധികം ഉയർത്തി നിശ്ചയിച്ചിരിക്കുന്നതിലൂടെ അനുവദിക്കപ്പെട്ട സീറ്റുകളെക്കാൾ അധികമായി അപേക്ഷകരുടെ എണ്ണം ഉയരുക സ്വാഭാവികവുമാണ്. എന്നാൽ സാമ്പത്തിക സംവരണത്തിലാകട്ടെ സംവരണേതര വിഭാഗങ്ങളിലെ ദരിദ്രർ മാത്രമാണ് പരിഗണിക്കപ്പെട്ടിട്ടുള്ളത്.

EWS സംവരണവിഭാഗത്തിൽ ഉൾപ്പെടുന്നത് ബ്രാഹ്മണ, നായർ തുടങ്ങിയ വിവിധ ഹിന്ദു വിഭാഗങ്ങളും സുറിയാനി ക്രിസ്ത്യാനികളും മാത്രമല്ല, ജാതി-മത രഹിതരും മാതാപിതാക്കൾ ആരെന്നറിയാത്ത അനാഥർ പോലും ഉൾപ്പെടുന്നുണ്ട് . പാവപ്പെട്ട കർഷകരെയും അനാഥരെയും ജാതി മത രഹിതരെയും പോലും മുന്നാക്കക്കാരെന്നും സവർണ്ണരെന്നും വിളിച്ച് അധിക്ഷേപിക്കാൻ അവർ എന്ത് തെറ്റാണ് ചെയ്തത്?
സ്വതന്ത്ര ഇന്ത്യയുടെ 70 വർഷത്തെ ചരിത്രത്തിൽ വിദ്യാഭ്യാസപരമായും തൊഴിൽപരമായും അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്ക് ഭാരതത്തിൻ്റെ പരമോന്നത നിയമനിർമാണ സഭയിൽ വ്യവസ്ഥാപിത മാർഗത്തിലൂടെ ഭരണഘടനാപരമായി അനുവദിക്കപ്പെട്ട നീതി നടപ്പിലാക്കുന്നതിനെതിരെ മണി പവറും മസിൽ പവറുമായി സംഘടിച്ചിരിക്കുന്നവർ കേരളത്തിന്റെ മതേതര ജനാധിപത്യ പാരമ്പര്യത്തിന് നേരെയാണ് വെല്ലുവിളി ഉയർത്തുന്നത്. ഈ വെല്ലുവിളികളെ അതിജീവിച്ച് പി എസ് സി നിയമനങ്ങളിൽ 10% സാമ്പത്തിക സംവരണം യാഥാർഥ്യമാക്കി സാമൂഹിക നീതി നടപ്പിലാക്കുന്നതിനുള്ള ആർജ്ജവമാണ് കേരളത്തിലെ ജനാധിപത്യ ഭരണകൂടത്തിൽനിന്ന് പ്രതീക്ഷിക്കുന്നത്.

ഫാ.ജയിംസ് കൊക്കാവയലിൽ ഡയറക്ടർ, CARP
ചങ്ങനാശ്ശേരി അതിരൂപത

Leave a Reply

Your email address will not be published. Required fields are marked *