Sathyadarsanam

സമുദായം ഒരു +ve പദം തന്നെയാണ്


ഫാ.ജയിംസ് കൊക്കാവയലിൽ

[2020 സെപ്റ്റംബർ 17 പ്രസിദ്ധീകരിച്ച സത്യ ദീപത്തിൽ ഫാ. ജോസ് വള്ളിക്കാട് എം എസ് ടി എഴുതിയ സമരിയയിൽ നിന്നുള്ള സമുദായ പാഠങ്ങൾ എന്ന ലേഖനത്തിന് ഒരു പ്രതികരണം എന്ന നിലയിലാണ് ഈ കുറിപ്പ് എഴുതുന്നത് ]

പ്രസ്തുത ലേഖനത്തിൽ സമുദായം, സമുദായ ബോധം എന്നീ പദങ്ങളെ വളരെ -ve ആയിട്ട് അവതരിപ്പിച്ചിരിക്കുകയാണ്. എന്നാൽ ഒറ്റവാക്കിൽ പറഞ്ഞുകൊള്ളട്ടെ സമുദായം ഒരു +ve പദം തന്നെയാണ് . ആ ലേഖകൻ്റെ അഭിപ്രായത്തിൽ ഈ അടുത്ത കാലത്തായി കേരളസഭയിൽ ഉപയോഗിക്കാൻ തുടങ്ങിയ ഒരു പദമാണ് സമുദായം. എന്നാൽ സഭയിലെ ചരിത്രപ്രാധാന്യമുള്ള പുസ്തകങ്ങളും അഭിവന്ദ്യ പിതാക്കന്മാരുടെ കാലാകാലങ്ങളായുള്ള ഇടയലേഖനങ്ങളും എടുത്തുനോക്കിയാൽ സമുദായം എന്ന പദം വളരെ തീഷ്ണതയോടുകൂടി ഉപയോഗിച്ചിരിക്കുന്നത് കാണാൻ സാധിക്കും. 200 വർഷത്തിലധികം പഴക്കമുള്ള ‘വർത്തമാനപുസ്തകം’ എന്ന ഗ്രന്ഥം സമുദായത്തിൻ്റെ ആവശ്യങ്ങളെ കുറിച്ചും സമുദായം നേരിടുന്ന അനീതികളെക്കുറിച്ചും ആ പദം പച്ചയ്ക്ക് ഉപയോഗിച്ചുകൊണ്ട് തന്നെയാണ് പറഞ്ഞിരിക്കുന്നത്.

സമുദായബോധമെന്നാൽ അഭിമാനബോധം

സമുദായ ബോധം എന്നാൽ അഭിമാന ബോധം തന്നെയാണ്. എനിക്ക് എൻ്റെ പേരിനെ കുറിച്ച് അഭിമാനമുണ്ട് കുടുംബത്തെക്കുറിച്ചും അതിൻ്റെ പാരമ്പര്യങ്ങളെ കുറിച്ച് അഭിമാനമുണ്ട്. ഇതേ അഭിമാനം കുറച്ചുകൂടി വ്യാപകമായി എൻ്റെ സമുദായത്തെക്കുറിച്ച് കൂടി ഉണ്ടാകുമ്പോൾ അത് സമുദായ ബോധമായി മാറുന്നു. ഇതേ മനോഭാവം എൻ്റെ രാഷ്ട്രത്തെക്കുറിച്ച് ഉണ്ടാകുമ്പോൾ അത് രാഷ്ട്രബോധം അഥവാ ദേശീയതയായി മാറുന്നു. ഇവയൊക്കെ നമ്മുടെ വ്യക്തിത്വ (Identity) വുമായി ബന്ധപ്പെട്ടവയാണ് .ഞാൻ ആരാണ് എന്ന് ചോദിച്ചാൽ ഞാൻ അംഗമായിരിക്കുന്ന ഉപ സമൂഹങ്ങളെ അഥവാ സമുദായങ്ങളെ (ക്രിസ്ത്യാനി, മലയാളി, ഇന്ത്യക്കാരൻ, etc) ഒഴിവാക്കി ഒരു മറുപടി പറയാൻ എനിക്ക് സാധിക്കുകയില്ല. അല്ലെങ്കിൽ ദൈവം മോശയോട് പറഞ്ഞതുപോലെ ‘ഞാൻ ഞാൻ ആകുന്നു ‘ എന്നു മാത്രം പറയേണ്ടിവരും. ഉദാഹരണത്തിന് ബഹുമാനപ്പെട്ട ജോസച്ചന് തൻ്റെ പേരിനു മുൻപിൽ ‘ഫാ.’ എന്നും പുറകിൽ ‘എം എസ് ടി ‘ എന്നും ചേർക്കേണ്ടിവരുന്നു. ഇവ അദ്ദേഹം അംഗമായിരിക്കുന്ന ഉപ സമൂഹങ്ങളാണ് സൂചിപ്പിക്കുന്നത്. ഇവയിൽ അഭിമാനിക്കുന്നു എന്നതിൽ എന്താണ് ഇത്ര തെറ്റ് .ഈ അഭിമാനബോധം ആ ഉപ സമൂഹത്തിൻ്റെ അഥവാ സമുദായത്തിൻ്റെ നിലനിൽപ്പിനും വളർച്ചയ്ക്കും അത്യാവശ്യമാണ്. അതെക്കുറിച്ച് അപകർഷതാ ബോധം ഉളവാകുന്നു എങ്കിൽ അത് ആ സമുദായത്തിൻ്റെ നാശത്തിന് കാരണമാകും. എല്ലായിടത്തും പൊതുസമൂഹത്തിൽ നിന്ന് വ്യത്യസ്തമായ ഉപ സമൂഹങ്ങളുണ്ട്. അഥവാ Society യിൽ നിന്ന് വ്യത്യസ്തമായ Community കൾ എല്ലാവർക്കുമുണ്ട്. അതു ക്രൈസ്തവർക്ക് മാത്രം പാടില്ല എന്ന് പറയുന്നത് എന്ത് നീതിയാണ്. സഭ എന്ന വാക്ക് ഒരു ആത്മീയ യാഥാർഥ്യമാണെങ്കിൽ സമുദായം ഒരു ഭൗതിക യാഥാർഥ്യമാണ് . ആത്മീയതയും ഭൗതികതയും മനുഷ്യന് ആവശ്യമാണ്. ഭൗതികമായതെല്ലാം -ve ആണെന്ന കാഴ്ചപ്പാട് ഒട്ടും ആത്മീയമല്ല എന്ന് കൂടി ഓർമ്മിപ്പിക്കട്ടെ.

തെറ്റുധാരണ പരത്തുന്ന ലേഖനം

ഇനി ആ ലേഖനത്തിൻ്റെ ഉള്ളിലേക്ക് വന്നാൽ തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് അതിൽ നടത്തിയിരിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. സമുദായ ബോധത്തെ വർഗീയത, വംശീയത എന്നീ -ve വാക്കുകളുമായി കൂട്ടിക്കുഴച്ച് സമരിയാക്കാരുടെ ഉദാഹരണ സഹിതം അവതരിപ്പിച്ചിരിക്കുകയാണ് ആ ലേഖനത്തിൽ. വംശീയതയും വർഗീയതയും അഹങ്കാര ചിന്തയിൽ നിന്നും അപകർഷതാബോധത്തിൽ നിന്നും ഉളവാകുന്നതും മറ്റുള്ളവരെ നശിപ്പിക്കുവാനുള്ള ത്വരയുമാണ്. എന്നാൽ സമുദായ ബോധം അഭിമാന ബോധത്തിൽ നിന്ന് ഉളവാക്കുന്നതാണ്. അത് ആരെയും നശിപ്പിക്കുന്നതിനല്ല സ്വയം സംരക്ഷിക്കുന്നതിനും വളരുന്നതിനും മറ്റുള്ളവരെ വളർത്തുന്നതിനുമാണ്. ആ ലേഖനത്തിൽ ആരോപിക്കുന്നതുപോലെ ഇവിടെ ഒരു ഒരു ക്രൈസ്തവ പ്രഭാഷകനും മറ്റുള്ളവരെ നശിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല. നശിപ്പിക്കാൻ വരുന്നവരിൽ നിന്ന് സ്വയം സംരക്ഷിക്കണമെന്നും അതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തണമെന്നും മാത്രമാണ് ക്രൈസ്തവ പ്രബോധകർ പറയുന്നത്. പ്രാവുകളെപ്പോലെ നിഷ്കളങ്കർ മാത്രമല്ല സർപ്പങ്ങളെപ്പോലെ വിവേകികളും കൂടി ആയിരിക്കണമെന്ന് (മത്താ10:16) കർത്താവ് തന്നെ പറഞ്ഞിട്ടുണ്ട്.

സമുദായബോധം തിരുവചനത്തിൽ

പ്രസ്തുത ലേഖനത്തിലെ പ്രധാനപ്പെട്ട ഒരു വാചകമാണ് ക്രിസ്തുവും അപ്പോസ്തോലന്മാരും ഉടച്ചു കളഞ്ഞ സങ്കുചിത സമുദായ ബോധം എന്ന പ്രയോഗം ഈശോ സാർവത്രിക സ്നേഹത്തെക്കുറിച്ച് ധാരാളം പറഞ്ഞിട്ടുണ്ട്. അവിടുന്ന് സങ്കുചിത മനോഭാവത്തിന് എതിരുമായിരുന്നു. എന്നാൽ ഒരിക്കലും സമുദായ ബോധത്തിന് എതിരല്ലായിരുന്നു. ഉദാഹരണത്തിന് യോഹന്നാൻ്റെ സുവിശേഷം 17 -ാം അധ്യായത്തിൽ ഈശോയുടെ പ്രാർത്ഥന നമുക്ക് കാണാൻ സാധിക്കും. അതിൽ 20- 21 വാക്യങ്ങൾ ഇപ്രകാരം പറയുന്നു. “അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ വചനം മൂലം എന്നില്‍ വിശ്വസിക്കുന്നവര്‍ക്കുവേണ്ടിക്കൂടിയാണു ഞാന്‍ പ്രാര്‍ഥിക്കുന്നത്‌. അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ്‌ എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന്‌ എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു”. (യോഹന്നാന്‍ 17 : 20-21).

ഈ ഭാഗത്ത് ഈശോയെ ഈ ലോകത്തിലെ പൊതുസമൂഹത്തിൽ നിന്ന് വ്യത്യസ്തമായി തന്നിൽ വിശ്വസിക്കുന്നവരുടെ ഒരു ഉപ സമൂഹം അഥവാ സമുദായം ഉള്ളതിനാൽ അതിൻ്റെ നിലനിൽപ്പിനു വേണ്ടി പ്രാർത്ഥിക്കുന്നതാണ് കാണുന്നത്. അവരെ ലോകത്തിൽ നിന്ന് എടുക്കണം എന്നല്ല ലോകത്തിൽ നിലനിർത്തിക്കൊണ്ടു തന്നെ അവരെ സംരക്ഷിക്കണം എന്നാണ് ഈശോ പ്രാർത്ഥിക്കുന്നത്. “ലോകത്തില്‍നിന്ന്‌ അവരെ അവിടുന്ന്‌ എടുക്കണം എന്നല്ല, ദുഷ്‌ടനില്‍നിന്ന്‌ അവരെ കാത്തുകൊള്ളണം എന്നാണു ഞാന്‍ പ്രാര്‍ഥിക്കുന്നത്‌”.
(യോഹന്നാന്‍ 17 : 15)

ഇനി അപ്പസ്തോല പ്രവർത്തനങ്ങളിലേക്ക് വന്നാൽ വിശ്വാസത്തിൽ ഐക്യപ്പെട്ട ഒരു സമൂഹത്തെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. അതായത് പൊതുസമൂഹത്തിൽ ഉള്ളവരോടുള്ള മനോഭാവത്തിൽ നിന്ന് വ്യത്യസ്തമായി തങ്ങളുടെ സമുദായത്തിൽ ഉള്ളവരോട് ആദിമ ക്രൈസ്തവ സമൂഹം പ്രത്യേകമായ സ്നേഹവും ഹൃദയബന്ധവും പുലർത്തിയിരുന്നു എന്ന് മാത്രമല്ല തങ്ങൾക്കുള്ളവ അവർ പരസ്പരം പങ്കുവെക്കുകയും ചെയ്തിരുന്നു. ” വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്‌മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്‌തുക്കള്‍ സ്വന്തമെന്ന്‌ അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു”.
(അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 32).നടപടി പുസ്തകത്തിൽ ഇനിയും ധാരാളം ഉദാഹരണങ്ങൾ ഉണ്ട്.

അപ്പസ്തോലന്മാരും സമുദായ ബോധത്തെ പ്രോത്സാഹിപ്പിച്ചിരുന്നു നമുക്ക് കാണാൻ സാധിക്കും. “നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്‌ധജനതയും ദൈവത്തിൻ്റെ സ്വന്തം ജനവുമാണ്‌”.
(1 പത്രോസ് 2 : 9). മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ഒരു വ്യക്തിത്വവും അഭിമാനബോധവും ക്രിസ്ത്യാനികൾക്ക് പ്രത്യേകമായി ഉണ്ട് എന്ന് പത്രോസ് ശ്ലീഹാ പറയുന്നു.

പൗലോസ് ശ്ലീഹായും ഇതേക്കുറിച്ച് വളരെയധികം പറയുന്നുണ്ട്. ഉദാഹരണത്തിന് ” സകല മനുഷ്യര്‍ക്കും, പ്രത്യേകിച്ച്‌, വിശ്വാസത്താല്‍ ഒരേ കുടുംബത്തില്‍ അംഗങ്ങളായവര്‍ക്ക്‌, നന്‍മ ചെയ്യാം “.
(ഗലാത്തിയാ 6 : 10)
സകല മനുഷ്യർക്കും നന്മ ചെയ്യുക എന്നത് സഭയുടെ കടമയാണ്. എന്നാൽ പ്രത്യേകിച്ച് വിശ്വാസത്താൽ ഒരേ കുടുംബം ആയിരിക്കുന്നവർക്ക് നന്മ ചെയ്യണം കാരണം അത് ഈ വിശ്വാസത്തിൻ്റെ നിലനിൽപ്പിനും പരിപോഷണത്തിനും അത്യാവശ്യമാണ് .ഈ കാര്യമാണ് പൗലോസ് ശ്ലീഹ ഇവിടെ സൂചിപ്പിക്കുന്നത്.

ഭരണഘടനയുടെ നിലപാട്

ഭരണഘടന മതേതരത്വത്തെയും മിശ്രവിവാഹത്തെയുമൊക്കെ പ്രോത്സാഹിപ്പിക്കുന്നതിനാൽ സമുദായ ബോധം നിയമവിരുദ്ധമാണ് എന്ന് ധാരണ പലർക്കുമുണ്ട്. എന്നാൽ ഭരണഘടന മതസ്വാതന്ത്ര്യം, ന്യൂനപക്ഷ അവകാശങ്ങൾ, മതങ്ങളും വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുവാനും പ്രചരിപ്പിക്കാനുള്ള അവകാശങ്ങൾ തുടങ്ങിയവ അനുവദിച്ചു തരുന്നുണ്ട് എന്നുമാത്രമല്ല അവയ്ക്കായി കോടിക്കണക്കിന് രൂപയുടെ ഫണ്ടുകൾ അനുവദിച്ചു തന്ന് അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. .ഭരണഘടനയുടെ അടിസ്ഥാന തത്വം തന്നെ നാനാത്വത്തിൽ ഏകത്വം എന്നതാണ് അതായത് നാനാത്വം എന്ന സമുദായ ഘടനകൾ നിലനിർത്തിക്കൊണ്ടുതന്നെ ഏകത്വത്തെ പുലരുക എന്നാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. അതിന് സമുദായബോധം ദേശത്തിൻ്റെ ഏകത്വത്തിന് തടസ്സമല്ല എന്നൊരു ധ്വനി കൂടിയുണ്ട്.

സമുദായ ബോധത്തെ തകർക്കാനുള്ള ശ്രമങ്ങൾ

ഇന്ന് ക്രൈസ്തവ സമൂഹത്തിൻ്റെ സമുദായ ബോധവും അഭിമാനബോധവും തകർക്കാനുള്ള ശ്രമങ്ങൾ ധാരാളമായി നടന്നുകൊണ്ടിരിക്കുന്നു. പൊതുമാധ്യമങ്ങളും സിനിമകളും സാമൂഹ്യ മാധ്യമങ്ങളും നിരന്തരമായി സഭാ സമൂഹത്തെ അധിക്ഷേപിക്കുന്നു. ഇങ്ങനെയുള്ള ആക്രമണങ്ങളുടെ ലക്ഷ്യം നമ്മുടെ യുവജനങ്ങളും കുട്ടികളുമൊക്കെ ക്രിസ്ത്യാനിയാണ് എന്ന് പറയുന്നതിൽ ഒരു അപകർഷതയും ഉണ്ടാവുകയും അവർ പരസ്യമായി പ്രകാരം പറയാൻ ഇടയാവുകയും ചെയ്യരുത് എന്നതാണ്.
ഇപ്രകാരം അപകർഷത ഉണ്ടാകുന്നതിൻ്റെ ദോഷവശം മറ്റുള്ളവർ ഈ അവസരം മുതലെടുത്ത് അവരുടെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും വസ്ത്രധാരണവും ഭക്ഷണരീതികളും ഒക്കെ നമ്മുടെ ഇടയിൽ പ്രചരിപ്പിക്കുന്നു എന്നതാണ് . കുട്ടികളും യുവജനങ്ങളുമൊക്കെ ഇതിലേക്ക് ആകർഷിക്കാൻ ഇടയാകുന്നു. ഇതുമൂലം സംഭവിക്കുന്നത് സമൂഹത്തിൻ്റെ മുഖ്യധാരയിൽനിന്ന് ക്രൈസ്തവ സംസ്കാരം ബോധപൂർവ്വം മാറ്റപ്പെടുന്നു എന്നതാണ്.

പരിഹാരമാർഗ്ഗങ്ങൾ

സമുദായത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നമ്മൾ ബോധപൂർവം നടത്തേണ്ടിയിരിക്കുന്നു. അതിനാൽ തന്നെ സഭ എന്ന വാക്കിനൊപ്പം തന്നെ സമുദായം എന്ന വാക്ക് നമ്മൾ ബോധപൂർവം ഉപയോഗിക്കേണ്ടതുണ്ട്. നമ്മുടെ വിശ്വാസം, ആചാരാനുഷ്ഠാനങ്ങൾ, വസ്ത്രധാരണം, ഭക്ഷണ രീതി സംസ്ക്കാരം ഭാഷ (സുറിയാനി, ലത്തീൻ എന്നിവ മാത്രമല്ല ക്രിസ്ത്യൻ പ്രദേശങ്ങളിലെ തനതായ വാക്കുകളും ഉച്ചാരണരീതികൾ ) തുടങ്ങിയവയെല്ലാം സംരക്ഷിക്കപ്പെടണം.
ഇവയിലൊക്കെ നമ്മൾ അഭിമാനിക്കുന്നതിലും ഇവയൊക്കെ സംരക്ഷിക്കുന്നതിലും എന്താണ് തെറ്റ്. അത് മറ്റാർക്കെങ്കിലും ഉപദ്രവകരമായവയാണോ.

ഇതോടൊപ്പം നമ്മുടെ സഭാ – സമുദായത്തിൻ്റെ നന്മകൾ നമ്മൾപകർന്നു കൊടുക്കണം. നമ്മൾ ചെയ്യുന്ന ഉപവി പ്രവർത്തനങ്ങൾ, നമ്മുടെ പ്രാർത്ഥനകൾ, കുടുംബ ബന്ധങ്ങളുടെ ദൃഢത, ഞായറാഴ്ച ആചരണങ്ങൾ, സഭയുടെയും സമുദായത്തിൻ്റെയും മഹത്തായ ചരിത്രം, സമുദായത്തിലെ മഹത് വ്യക്തികൾ ഇവയെക്കുറിച്ചെല്ലാം അടുത്ത തലമുറയ്ക്ക് പകർന്നു കൊടുക്കാൻ നമ്മൾ ശ്രമിക്കണം.
ഇവയൊക്കെ തമസ്കരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ ചുറ്റുപാടും നടത്തപ്പെട്ടു കൊണ്ടിരിക്കുകയാണ്. അവയൊക്കെ നമ്മൾ ജാഗ്രതാ പൂർവ്വം ചെറുക്കേണ്ടിരിക്കുന്നു നമ്മുടെ സമുദായ ബോധം കൂടുതൽ ഉണർത്തി. നമ്മുടെ അഭിമാന ബോധം കൂടുതൽ വളർത്തി. അത് നമ്മുടെ സമുദായത്തിൻ്റെ നിലനിൽപ്പിനും വളർച്ചയ്ക്കും പൊതുസമൂഹത്തിൻ്റെ അഭിവൃദ്ധിക്കും കാരണമായി തീർക്കാൻ നമുക്ക് കൂട്ടായ പരിശ്രമം നടത്താം.

Leave a Reply

Your email address will not be published. Required fields are marked *