കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നടന്നാലും ഇല്ലങ്കിലും കേരള രാഷ്ട്രീയത്തിന് അത് പുതിയ മാനം നൽകുമെന്നത് തീർച്ചയാണ്. ഇടതു വലതു മുന്നണികളെ മാറി മാറി പരീക്ഷിച്ച് നിരാശരായ ജനങ്ങളുടെ മുമ്പിലേയ്ക്ക് പുതിയ സാധ്യതകൾ തുറന്നു കൊണ്ട് പുതിയ പാർട്ടികളും പുതിയ മുന്നണികളും രംഗ പ്രവേശനം ചെയ്യുകയാണ്. കേരളത്തിൽ ഒരു ഡൽഹി ആവർത്തിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ആം ആദ്മി എന്ന പാർട്ടിക്ക് ശൂന്യതയിൽ നിന്ന് ഉയർന്നു വന്ന് ഡൽഹി സംസ്ഥാനം വൻ ഭൂരിപക്ഷത്തോടെ തുടർച്ചയായി ഭരിക്കാമെങ്കിൽ,,,,,,,, 20-20 എന്ന ജനകീയ കൂട്ടായ്മയ്ക്ക് കിഴക്കമ്പലം പഞ്ചായത്തിൻ്റെ ഭരണം പിടിക്കാമെങ്കിൽ പരമ്പരാഗത രാഷ്ട്രിയ കക്ഷികളെ ഞെട്ടിക്കാൻ കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർക്കും കഴിയും. കുട്ടനാട്ടിലെ സമ്മതിദായകർ ഒരു പക്ഷേ ഈ രാഷ്ട്രീയ വ്യതിയാനത്തിൻ്റെ പ്രാരംഭ കരായി മാറിയേക്കാം.
ഈ സാധ്യതകൾ പരീക്ഷിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് DCF അഥവാ ഡെമോക്രാറ്റിക് ക്രിസ്ത്യൻ ഫെഡറേഷൻ.
കുട്ടനാട്ടിലെ ജനങ്ങൾ വളരെയധികം കാർഷിക- പാരിസ്ഥിതിക – സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. മാറി മാറി വരുന്ന രാഷ്ട്രീയ കക്ഷികൾ ഇവരെ തുടർച്ചയായി വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ വർഷവും ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങൾ സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. നിസാരമായ ചില ക്രമീകരണങ്ങൾകൊണ്ട് പരിഹരിക്കാവുന്ന പ്രശനങ്ങളാണ് കുട്ടനാട്ടിൽ ഉള്ള പലതും. എന്നാൽ രാഷ്ട്രീയ കക്ഷികളുടെ ആത്മാർത്ഥത ഇല്ലായ്മയാണ് വിഷയം. ആവശ്യത്തിനുള്ള പാലങ്ങളോ റോഡുകളോ പലയിടത്തുമില്ല. ഉള്ളവ തന്നെ ഇടുങ്ങിയതും പൊട്ടിപൊളിഞ്ഞതുമാണ്. സ്വാമിനാഥൻ റിപ്പോർട്ടാണെങ്കിൽ കാലങ്ങളായി പൂഴ്ത്തിവച്ചിരിക്കുകയാണ്.
ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ് ക്രൈസ്തവ സമൂഹം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ. ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ അനീതികൾ, സാമ്പത്തിക സംവരണം നടപ്പിൽ വരുത്തുന്നതിലെ കാലതാമസം, ക്രിസ്ത്യൻ പെൺകുട്ടികൾ ഇരയാക്കപ്പെടുന്ന ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളിലും കുട്ടനാട്ടിലെ കർഷകർ നേരിടുന്ന വിവിധ കാർഷിക,സാമ്പത്തിക, പാരിസ്ഥിതിക പ്രശ്നങ്ങളിലും തങ്ങളുടെ നിലപാട് അറിയിക്കുവാൻ തെരഞ്ഞെടുപ്പു പ്രഖ്യാപനം നടന്നിട്ടും ഇരുമുന്നണികളും തയ്യാറായിട്ടില്ല.
ഇടതുപക്ഷ സർക്കാരിൻ്റെ ന്യൂനപക്ഷക്ഷേമ വകുപ്പ് അതിൻ്റെ പദ്ധതികളുടെ നടത്തിപ്പിലും വിതരണത്തിലും കേരളത്തിലെ ക്രൈസ്തവ സമൂഹത്തോട് തികഞ്ഞ പക്ഷപാതപരമായ സമീപനമാണ് പുലർത്തുന്നത്. സാമ്പത്തിക സംവരണം നടപ്പിൽ വരുത്താതിരിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുകയാണ്.
ക്രിസ്ത്യൻ പെൺകുട്ടികളും സ്ത്രീകളും കന്യാസ്ത്രികളും ഇരയാക്കപ്പെടുന്ന കേസുകളിൽ നീതി നടപ്പിലാക്കാതെ പോകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. . മാത്രമല്ല ഭരണരംഗത്ത് കെടുകാര്യസ്ഥതയും അഴിമതിയും തീവ്രവാദ പ്രവർത്തനങ്ങളും സ്വർണകടത്ത്- മയക്കുമരുന്ന് ലോബികളും കൊടികുത്തി വാഴുകയാണ്.
എന്നാൽ പ്രതിപക്ഷം ഇത്തരം ക്രൈസ്തവ വിരുദ്ധ നിലപാടുകൾക്കെതിരെ യാതൊരു പ്രതികരണവും നടത്താൻ തയ്യാറാവുന്നില്ല. മാത്രമല്ല
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ അനീതികൾ ആരംഭിക്കുന്നത് കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്താണ്. അതോടൊപ്പം ഏതാനം ദരിദ്രർക്കു പ്രയോജനപ്പെടുന്ന സാമ്പത്തിക സംവരണത്തെ എതിർക്കുകയും മഹാഭൂരിപക്ഷം വരുന്ന കർഷകർ അടങ്ങുന്ന സുറിയാനി ക്രൈസ്തവ സമൂഹത്തെ പോലും മുന്നോക്കക്കാരെന്ന് വിളിച്ച് അവഹേളിക്കുകയുമാണ് ബി ടി ബൽറാം എന്ന കോൺഗ്രസ് എംഎൽഎ ചെയ്തത്. ഇതിനെ അപലപിക്കാൻ കോൺഗ്രസ് പാർട്ടിയോ യുഡിഎഫ് നേതൃത്വമോ ഇതുവരെ തയ്യാറായിട്ടില്ല.
കൂടാതെ മുസ്ലിംലീഗ് യുഡിഎഫിലെ പ്രധാന കക്ഷിയായി മാറുന്നതും ആ പാർട്ടി തീവ്ര വർഗ്ഗീയ നിലപാടുകൾ സ്വീകരിക്കുന്നതും ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം രൂപപ്പെടുത്തുന്നതും ക്രൈസ്തവർ വളരെ ഭയാശങ്കകളോടെയാണ് കാണുന്നത്. ഹഗിയ സോഫിയ വിഷയത്തിൽ ആ പാർട്ടി പരസ്യമായി ക്രൈസ്തവ വിരുദ്ധവും മതേതര വിരുദ്ധമായ നിലപാട് സ്വീകരിച്ചതായി പൊതു സമൂഹത്തിന് അറിവുള്ളതാണ്. അതിനാൽ ഇരുമുന്നണികളും ക്രൈസ്തവ വിരുദ്ധ നിലപാടുകളുമായി മുന്നോട്ടു പോവുകയും ക്രൈസ്തവരുടെ ന്യായമായ അവകാശങ്ങൾ പോലും പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നീതിബോധമുള്ള ക്രൈസ്തവരും ഇതര സമുദായാംഗങ്ങളും കുട്ടനാട് നിയമസഭ തെരഞ്ഞെടുപ്പ് നടത്തപ്പെടുകയാണെങ്കിൽ DCF ന് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നാണ് ആ രാഷ്ട്രീയ കക്ഷി ആവശ്യപ്പെടുന്നത്.
മാത്രമല്ല കുട്ടനാട്ടിലെ പ്രബല വിഭാഗമായ സീറോ മലബാർ സഭാംഗങ്ങളെ അവഗണിച്ച് വെറും 500 ൽ താഴെ മാത്രം വോട്ടുകൾ ഉള്ള സമുദായങ്ങളിൽ നിന്ന് ഇരു മുന്നണികളും സ്ഥാനാർത്ഥികളെ നിശ്ചയിച്ചത് ആ സഭയിലെ വിശ്വാസികളെ വല്ലാതെ അസംതൃപ്തരാക്കിയിട്ടുണ്ട് എന്ന് DCF നേതൃത്വം കൃത്യമായി മനസിലാക്കിയിട്ടുണ്ട്. ഈ അനുകൂല സാഹചര്യങ്ങൾ വോട്ടാക്കി മാറ്റാം എന്ന പ്രതീക്ഷയിലാണ് അവർ. കളി കാത്തിരുന്നു കാണുക തന്നെ. രാഷ്ട്രീയം സകല പ്രവചനങ്ങൾക്കും അതീതമാണല്ലോ.










Anonymous
4.5