Sathyadarsanam

#ചുബിക്കേണ്ട കരങ്ങള്‍????

✍🏻റിന്‍റോ പയ്യപ്പിള്ളി ✍🏻

(N. B: വായിക്കുന്നുണ്ടേൽ മുഴുവൻ വായിച്ചേക്കണേ.. ഇടക്ക് ‘അയ്യേ…’ എന്നും ഇത്രയുമൊക്കെ എഴുതേണ്ട കാര്യമുണ്ടോ എന്നും തോന്നിയേക്കാം.. അതിനൊരു കാരണമുണ്ട്.. അവസാനം വരെ വായിക്കണേ എന്നോർമ്മപ്പെടുത്തിയത് അതിനാലാണ്…)

“എടാ…ഞാൻ സെമിനാരി ലൈഫ് നിർത്താൻ പോവാ… എന്നെക്കൊണ്ട് പറ്റില്ല ഇവരെ കുളിപ്പിക്കാനും അവരെ നോക്കാനും.. ” കൂട്ടത്തിലൊരുത്തന്‍റെ ശബ്ദമുയർന്നു. ബാക്കിയുള്ള മൂന്നു പേരുടെയും അവസ്ഥ വ്യത്യസ്തമായിരുന്നില്ല.

ഉടുപ്പിടുന്നതിനു മുൻപുള്ള ഒരു വർഷം.. പാഠപുസ്തങ്ങൾ മാറ്റി വച്ച് അനുഭവങ്ങളെ പാഠങ്ങളാക്കാനുള്ള ദിവസങ്ങൾ.. അതിൽ കുറച്ചേറെ ദിനങ്ങളുണ്ട് മാനസികരോഗികളോടും തളർന്നുകിടക്കുന്നോരോടുമൊപ്പം… അവരെ കുളിപ്പിച്ചും അവർക്ക് ഭക്ഷണം വാരിക്കൊടുത്തും അവരുടെ മലമൂത്രവിസർജ്ജ്യങ്ങൾ മാറ്റിയും അവരെ ശുശ്രൂഷിച്ചും കഴിയേണ്ട ദിവസങ്ങൾ.. സിസ്റ്റേഴ്സ് നടത്തുന്ന സ്ഥാപനമാണ്… ആ അഗതിമന്ദിരത്തിലെ രോഗികളെ സന്ദർശിച്ചു പോവാൻ എളുപ്പമായിരുന്നു.. പക്ഷെ അവിടെ അവരോടൊപ്പം ജീവിക്കുക അത്ര എളുപ്പല്ലായിരുന്നു…

നാളെ രാവിലെ മുതൽ ചെയ്തു തുടങ്ങണം… തലേന്ന് രാത്രി. ഒരുതരത്തിൽ ഗദ്സമെൻ രാത്രി… കടന്നു പോകേണ്ട കുരിശിന്‍റെ വഴിയെക്കുറിച്ചുള്ള ആകുലത നിറഞ്ഞ രാത്രി… ഒരു വ്യത്യാസം.. ചിന്ത ഒറ്റക്കല്ല… നാലുപേരൊരുമിച്ചാണ്…ഞാൻ ആ കൂട്ടത്തിലൊരാൾ മാത്രമേ ആകുന്നുള്ളൂ.. ആ ചിന്തകൾക്കിടയിലാണ് കൂട്ടത്തിലൊരുത്തന്‍റെ വാക്കുകൾ പിറന്നു വീണത്… ‘സെമിനാരി ജീവിതം അവസാനിപ്പിക്കാം..’ പിറ്റേന്ന് പുലരാതിരുന്നെങ്കിൽ എന്ന ചിന്തകൾക്ക് ആ രാത്രിയെ പിടിച്ചു നിർത്താനായില്ല…

നേരം പുലർന്നു.. കുർബാന കഴിഞ്ഞു രോഗികളുടെ വാർഡിലേക്കുള്ള വഴി.. ബലിക്കുള്ള കുഞ്ഞാടിനെ കൊലക്കളത്തിലേക്ക് ആനയിക്കുന്നതുപോലെ യാത്ര… നിശബ്ദമായ അധരങ്ങൾ.. വിങ്ങിപ്പൊട്ടുന്ന നാല് ഹൃദയങ്ങൾ.. മുന്നിൽ പട നയിച്ച് ആ അഗതിമന്ദിരത്തിലെ ജോളി സിസ്റ്ററും ഷീല സിസ്റ്ററും..

മുറിയിലേക്ക് കടന്ന പാടെ മലത്തിന്‍റെ രൂക്ഷഗന്ധം മൂക്കിലേക്ക് അടിച്ചു കയറി. വയറിൽക്കിടന്ന ദഹിച്ചതുൾപ്പെടെ ഇപ്പൊ ഛർദ്ധിച്ചു പുറത്തു ചാടുമെന്ന അവസ്ഥ.. ഒരു തരത്തിൽ പിടിച്ചു നിന്നു…

ജോളി സിസ്റ്റർ തുടക്കമിട്ടു.. ഒപ്പം ഒരു ആശ്വാസ വാക്കുകളും… “ഇന്ന് നിങ്ങള് ചെയ്യണ്ട.. കണ്ടു നിന്നാ മതി..” ആ മുറിയിൽ മാത്രം എട്ടോളം പേർ..പിന്നെയും നീളുന്ന വാർഡുകൾ… കുളിപ്പിക്കാനും കഴുകിക്കാനും ഒരു ഗ്ലൗസും കയ്യിലിട്ടില്ല.. ഷീലാമ്മ സിസ്റ്റർ കാരണം പറഞ്ഞു.. “അവർക്കത് വിഷമമാവുമെന്ന്.. അവരെ സ്വന്തം കൂടെപ്പിറപ്പുകളെപ്പോലെ കാണണമെന്ന്..” പക്ഷെ… കണ്ടു നിൽക്കാൻ പോലും കഴിയാതെ എങ്ങിനെ ചെയ്തു തുടങ്ങാൻ… അതും… മലമൂത്ര വിസർജ്ജ്യങ്ങൾ പുരണ്ട വസ്ത്രങ്ങൾ വെറും കയ്യോണ്ട് എടുക്കുകയും ഗ്ലൗസിടാതെ അവരെ കുളിപ്പിക്കുകയും ചെയ്യണമെന്ന് വച്ചാൽ…

ആദ്യദിനത്തിലെ ആ ചോദ്യത്തിനുമപ്പുറം നടന്ന ചില കാര്യങ്ങൾ ചെറുതാക്കി നേരിട്ടെഴുത്തുകയാണ്…. അല്ലെങ്കിൽ ഈ കുറിപ്പ് വല്ലാതെ നീണ്ടു പോവും…

എന്തിനീ ഓർമ്മകൾ എന്നുള്ളതിന്‍റെ കാരണം അവസാനത്തേക്കിരിക്കട്ടെ… ആ കാര്യത്തിന്‍റെ ഗൗരവമറിയാൻ ഈ ഓർമ്മകൾക്ക് പറ്റിയേക്കും..

ആരെക്കണ്ടാലും തുപ്പുന്ന കൊല്ലൻ എന്ന് വിളിപ്പേരുള്ളൊരു മനുഷ്യൻ. ഒരു ദിവസം ഭക്ഷണം വാരിക്കൊടുക്കുന്നതിനിടയിൽ ഒരു തുപ്പ്.. പ്ളേറ്റിലുണ്ടായിരുന്ന ചോറ് ചതച്ചരച്ചു തുപ്പലവും കൂട്ടി ഇപ്പൊ മുഖത്തുണ്ട്…

കൂടെക്കൂടെയുള്ള വാർഡിലേക്കുള്ള വിസിറ്റ് നടത്തണം… യൂറിൻ കോളാമ്പി മാറ്റാനും വിസർജ്ജ്യങ്ങൾ മാറ്റാനുമൊക്കെ വേണ്ടീട്ടാണ്.. അങ്ങനൊരു വിസിറ്റിനിടയിലാണത് സംഭവിച്ചത്… മാനസികരോഗിയായൊരു ചെറുപ്പക്കാരൻ പുറത്തേക്ക് വന്ന സ്വന്തം വിസർജ്ജ്യം കയ്യിലെക്കെടുത്തു എറിയാൻ തുടങ്ങുകയാണ്.. എറിയണത് വേറെ എങ്ങോട്ടുമില്ല.. വിസിറ്റിനിറങ്ങിയ എന്‍റെ മുഖത്തേക്കാണ്.. വേറെ നിവർത്തിയില്ല… ക്രിക്കറ്റിലെ ക്യാച്ചെടുക്കുന്ന യുവരാജിനെപ്പോലെ കൈകൊണ്ട് തന്നെ പിടിച്ചു.. സങ്കടവും വിഷമവും കൊണ്ട് വെറുത്ത നിമിഷം. പക്ഷെ തലേ ആഴ്ച ഒരു സിസ്റ്റർക്ക് കിട്ടിയത് യൂറിൻ കോളാമ്പിയുടെ അഭിഷേകമായിരുന്നു. നിറഞ്ഞിരുന്ന യൂറിൻ കോളാമ്പി ചോദിച്ചതാണ്.. ഒറ്റ ഒഴിക്കലായിരുന്നു സിസ്റ്ററുടെ ദേഹത്തേക്ക്.. തല മുതൽ കാലു വരെ അഭിഷേകം…

ഇടുന്ന ഡ്രസ്സ് നിമിഷങ്ങൾക്കകം തിന്നു തീർക്കുന്ന മറ്റൊരു ചെറുപ്പക്കാരൻ.. ഭീകരമായിരുന്നത് അവനെ വീട്ടിൽ പട്ടിക്കൂട്ടിലാണ് കിടത്തിയിരുന്നത് എന്നതാണ്… ഒടുക്കം സാമൂഹ്യപ്രവർത്തകരെത്തിയാണ് മോചിപ്പിച്ചു ഇവിടേക്കെത്തിച്ചത്..

എഞ്ചിനീറിങ് കഴിഞ്ഞു നിൽക്കെ അപകടത്തിൽപെട്ട് എല്ലാ ഓർമ്മയും പോയി കട്ടിലിലേക്ക് തളക്കപ്പെട്ട മറ്റൊരു യൗവ്വനജന്മം.. ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു ഒരാഴ്ചയിൽ കൂടുതൽ കഴിഞ്ഞീട്ടായിരുന്നു അവൻ മലം പുറത്തു വിട്ടിരുന്നത്… ഒന്ന് കൂടിയുണ്ടായിരുന്നു അവൻ അതെടുത്ത് മുഴുവൻ ദേഹത്തും വസ്ത്രങ്ങളിലും തേയ്ക്കും.. പിന്നെ അത് മുഴുവൻ ഉടനെത്തന്നെ കഴുകിക്കളയണം…

നിര നീളുന്നു… അനുഭവങ്ങളും…

രാവിലെ കുളിപ്പിക്കുന്നതിനിടയിലാണ് അതുണ്ടായത്. തളർന്നു പോയൊരാളെ ട്രോളിയിൽ കിടത്തി വെള്ളമൊഴിച്ചു സോപ്പ് തേച്ചു പിന്നെയും വെള്ളമൊഴിച്ചു…. കുളിപ്പിച്ച് കഴിയാറായി… അവസാനവട്ടം വീണ്ടും വെള്ളമൊഴിച്ചു ആ തളർന്നു പോയ ചെറുപ്പക്കാരന്‍റെ തലഭാഗം ഇടം കൈകൊണ്ടു ഒന്ന് പതിയെ പൊക്കി വലതു കൈ കൊണ്ട് അടിയിലുള്ള ശരീരത്തിന്‍റെ പുറംഭാഗം ഒന്നുകൂടി വെള്ളമൊഴിച്ചു തുടച്ചു.. അപ്പൊ വഴുക്കലുള്ള ഒന്ന് കയ്യിലേക്ക്.. സോപ്പ് മുഴുവൻ കഴുകിക്കളഞ്ഞതാണല്ലോ എന്ന് ചിന്തിച്ചു വീണ്ടും ഉരച്ചു… പന്തികേട് തോന്നി കൈപിൻവലിച്ചപ്പോ മനസിലായി അപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്ന മലം ആണ്.. വീണ്ടും വെള്ളമൊഴിച്ചു കഴുകി തുടച്ചു… ദിവസങ്ങൾ പിന്നിടുന്തോറും അനുഭവങ്ങളും കൂടിവന്നു… രണ്ടു മാസം… പറയാനുണ്ട് ഒരുപാട്..

ഇനി കാര്യത്തിലേക്ക്.. വെറും രണ്ടുമാസം മാത്രം അവിടെ താമസിച്ച എനിക്ക് അനുഭവങ്ങൾ ഏറെയുണ്ടെങ്കിൽ ജീവിതം മുഴുവൻ ഇതിനായി മാറ്റിവച്ച കന്യാസ്ത്രീയമ്മമാർക്ക് പറയാൻ എന്തോരം ഉണ്ടാവും??

രണ്ടുമൂന്നു ദിവസം മുൻപ് എല്ലാ കന്യാസ്ത്രീ മഠങ്ങളും ലൈസെൻസ്ഡ് വ്യഭിചാരശാലകളാണെന്നും കന്യാസ്ത്രീകൾ മോശമാണെന്നും ഒരു സഹോദരൻ എഫ്. ബി. പോസ്റ്റ് ഇട്ടീട്ടുണ്ടായി… അത് അംഗീകരിച്ചു കൊണ്ട് നൂറുകണക്കിന് ഷെയറുകളും ആയിരക്കണക്കിന് ലൈക്കുകളും ആ പോസ്റ്റ് വാങ്ങിച്ചു കൂട്ടി… അങ്ങനെയുള്ളവരോട് ഒന്നേ പറയാനുള്ളൂ.. നൂറുകണക്കിന് അഗതിമന്ദിരങ്ങളിൽ പതിനായിരക്കണക്കിന് സിസ്റ്റേഴ്സ് ലക്ഷകണക്കിന് മനുഷ്യരെ പരിപാലിക്കുന്നുണ്ട്… അതുപോലൊരു സ്ഥാപനം നടത്താൻ പറ്റില്ലെങ്കിലും ഒരാഴ്ചയെങ്കിലും പോയി അവിടെയൊന്നു നിന്ന് ഇതുപോലെയൊന്നു ചെയ്യ്… എന്നീട്ട് പറ… അത് വ്യഭിചാരശാലകളാണോന്ന്…
ആ പാവം സഹോദരിമാര് എഫ്.ബിയില് വന്നു മറുപടി പറയാത്തത് അവർക്ക് ഉത്തരം ഇല്ലാഞ്ഞീട്ടല്ല… അവർക്കതിന് നേരമില്ല… അവർ തിരക്കിലാണ്.. അവരുടെ വിലയറിയാവുന്ന ഒരുപാട് മനുഷ്യർ അവരെ കാത്തിരുപ്പുണ്ട്…

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയില് ഒരു മനോഹരമായ രംഗമുണ്ട്.. പ്രശ്നമുണ്ടാക്കിയ രണ്ടു ചെറുപ്പക്കാരെ ശാസിച്ചീട്ട് ഒരു ചെറുപ്പക്കാരൻ പറയുന്ന വാക്കുകൾ.. “ബോണി പറയാൻ പറഞ്ഞു.. ” നിശബ്ദനായ ബോണിക്ക് വേണ്ടി അയാളുടെ ശബ്ദമായി മാറിയ മറ്റൊരു ചെറുപ്പക്കാരൻ… നിശ്ശബ്ദരായ കന്യാസ്ത്രീയമ്മമാർക്ക് വേണ്ടി ആരേലുമൊക്കെ ശബ്‌ദിക്കണ്ടേ ഭായ്… കുമ്പളങ്ങിയിലെ സജി പറയുന്ന കൂട്ട് ആയ കാലത്തൊക്കെ മ്മക്ക് വേണ്ടി അവരൊരുപാട് അധ്വാനിക്കുന്നുണ്ടെന്നെ…

Leave a Reply

Your email address will not be published. Required fields are marked *