പാക്കിസ്ഥാനിലെ കോടതിയിൽ നിന്നു പൊട്ടിക്കരഞ്ഞ മരിയ എന്ന പതിനാലുകാരിയുടെ കണ്ണുനീർ ലോകത്തെ ഈറനണിയിച്ചിട്ടു രണ്ടാഴ്ച
പാക്കിസ്ഥാനിലെ കോടതിയിൽ നിന്നു പൊട്ടിക്കരഞ്ഞ മരിയ എന്ന പതിനാലുകാരിയുടെ കണ്ണുനീർ ലോകത്തെ ഈറനണിയിച്ചിട്ടു രണ്ടാഴ്ച പോലുമായിട്ടില്ല. ലാഹോർ ഹൈക്കോടതിയിൽ നിന്നുകൊണ്ടാണ് അവൾ ഭയന്നു നിലവിളിച്ചത്. മൂന്നു മാസം മുന്‍പ് 14 വയസായിരുന്ന ക്രിസ്ത്യൻ പെണ്‍കുട്ടിയെ മുഹമ്മദ് നകാഷ് എന്ന മുസ്ലിം പുരുഷൻ മറ്റു രണ്ടുപേരോടൊപ്പമെത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു. ആ കേസിലെ വിധിയാണ് ഹൈക്കോടതി പറഞ്ഞത്. മുഹമ്മദ് സമർപ്പിച്ച കള്ളസർട്ടിഫിക്കറ്റുകളെല്ലാം കോടതി അംഗീകരിച്ചുകൊടുത്തശേഷമാണ് വിധി പറഞ്ഞത്. ആരാണോ തട്ടിക്കൊണ്ടുപോയത് അയാൾക്കൊപ്പം പോയി ജീവിച്ചുകൊള്ളാൻ.
എന്തായാലും നെഞ്ചുപൊട്ടിക്കരയുന്ന പെണ്‍കുഞ്ഞിന് ജഡ്ജി രാജാ മുഹമ്മദ് സാഹിദ് അബ്ബാസി ഒരുപദേശവും കൊടുത്തു. “ഇനിയൊരു നല്ല ഭാര്യയായിരിക്കുക.’
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുക, നിർബന്ധിച്ചു മതം മാറ്റുക, വിവാഹം കഴിച്ചെന്നും പ്രായപൂർത്തിയായെന്നും കള്ളസർട്ടിഫിക്കറ്റ് ഉണ്ടാക്കുക, ഇതൊക്കെ ചെയ്ത ക്രിമിനലിന്റെ പക്ഷത്ത് കോടതിയും നില്ക്കുക. കോടതിമുറിയിൽ പേടിച്ചു കരയുന്ന കുഞ്ഞിനോട് പ്രതിയുടെ നല്ല ഭാര്യയായിരിക്കാൻ ജഡ്ജിതന്നെ ഉപദേശിക്കുക…ഇതൊക്കെ ഏതു നൂറ്റാണ്ടിൽ നടന്ന കാര്യമാണെന്നോ എവിടെ നടന്നതാണെന്നോ ചോദിക്കേണ്ട. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്ഥാനിൽ ഇതൊരു അസാധാരണ സംഭവവുമല്ല.
ഇത്തരം “നല്ല ഭാര്യമാർ’ നിരവധിയുണ്ട് പാക്കിസ്ഥാനിൽ. ആയിരക്കണക്കിനു ക്രിസ്ത്യൻ-ഹിന്ദു പെണ്‍കുട്ടികൾ ഇങ്ങനെ മുസ്ലിം പുരുഷ ന്മാരുടെ ഭാര്യമാരായി നരകജീവിതം നയിക്കുന്നുണ്ട്. “ദി മൂവ്മെന്റ് ഫോർ സോളിഡാരിറ്റി ആന്‍ഡ് പീസ് പാക്കിസ്ഥാൻ’ എന്ന സംഘടനയുടെ 2014 ലെ പഠനം പറയുന്നത് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ആയിരത്തോളം ഹിന്ദു-ക്രിസ്ത്യൻ സ്ത്രീകളെ ഓരോ വർഷവും തട്ടിക്കൊണ്ടുപോകുകയും തടവിൽ പാർപ്പിക്കുകയും മതം മാറ്റി ഭാര്യമാരാക്കുകയും ചെയ്യുന്നുണ്ടെന്നാണ്. ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള കേസുകളിലൊക്കെ മതം കലർത്തുന്നതോടെ ഇര നിസഹായാവസ്ഥയിലാകുകയും ചെയ്യും.
ഏതു കുറ്റകൃത്യവും ചെയ്തശേഷം ദൈവദൂഷണമെന്നോ മതനിന്ദയെന്നോ ഉള്ള വകുപ്പുകൂടി ഇരയുടെ തലയിൽ വച്ചുകെട്ടിയാൽ പിന്നെ കാര്യങ്ങൾ എളുപ്പമായി. ഇനി ഏതെങ്കിലും കാരണവശാൽ അത്യപൂർവമായി കോടതി കനിഞ്ഞാലും ന്യൂനപക്ഷങ്ങൾക്കു രക്ഷയില്ല. കാരണം പുറത്തിറങ്ങുന്നവർ ജീവനോടെ ഇരിക്കാമെന്നു കരുതേണ്ടതില്ല.
അസിയ നൊറീൻ എന്ന അസിയ ബീബിയുടെ കഥ അടുത്തയിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 2009-ലാണ് വെള്ളംകോരുന്നതിനിടെ അസിയ ബീബിയും ഏതാനും സ്ത്രീകളുമായി തർക്കമുണ്ടായത്. ചുമത്തപ്പെട്ടതാക്കട്ടെ മതനിന്ദാക്കുറ്റം. അടുത്തവർഷം ആ വീട്ടമ്മയ്ക്കു വധശിക്ഷ വിധിച്ചു. അപ്പീൽ പോയതോടെ 2018-ൽ സുപ്രീംകോടതി അവരെ വെറുതെ വിട്ടു. പക്ഷേ, മതഭ്രാന്തന്മാർ തെരുവിലിറങ്ങി കലാപമായി. പിന്നീട് അവരെ കാനഡയിലെത്തിച്ചു ജീവൻ രക്ഷിക്കാൻ സർക്കാർ പെടാപ്പാടു പെടേണ്ടിവന്നു.
മരിയയുടെ ജീവിതം
ഇക്കഴിഞ്ഞ ഏപ്രിൽ 28നാണ് മരിയ ഷഹബാസിന്റെ ജീവിതത്തിലെ കറുത്തദിവസം തുടങ്ങുന്നത്. ഫൈസലാബാദിലെ മദീന ടൗണിലുള്ള വീട്ടിലേക്കു പോകുംവഴി മുഹമ്മദ് നകാഷും രണ്ട് അനുചരന്മാരും കാറിലെത്തിയാണ് മരിയയെ തോക്കുചൂണ്ടി കാറിനകത്തേക്കു വലിച്ചുകയറ്റിയത്. അവർ ആകാശത്തേക്കു നിറയൊഴിച്ചു ഭീഷണിപ്പെടുത്തിയതിനാൽ കാഴ്ചക്കാരായി നിന്നവരിൽ ആരും അടുത്തില്ല.
വിവാഹിതനായ അയാൾ മരിയയെ തന്റെ വീട്ടിലെത്തിച്ച് തടവിലാക്കി. വിവരമറിഞ്ഞ മാതാപിതാക്കൾ മരിയയെ കണ്ടെത്താനും തിരികെ കിട്ടാനും കയറിയിറങ്ങാത്ത അധികാര സ്ഥാനങ്ങളില്ല. ഒരു കാര്യവുമുണ്ടായില്ല. നകാഷിന്റെ തടവിലുള്ള മകളെ വിട്ടുകിട്ടണമെന്ന മാതാപിതാക്കളുടെ പരാതി ഫൈസലാബാദ് ജില്ല സെഷൻസ് കോടതിയിലെത്തി. മരിയയെ താൻ വിവാഹം കഴിച്ചെന്നും അവൾ ഇതിനോടകം മതം മാറിയെന്നും അതുകൊണ്ട് ഭാര്യയെ കൂടെ താമസിപ്പിക്കുന്നത് തട്ടിക്കൊണ്ടുപോകലോ തടവിൽ പാർപ്പിക്കലോ അല്ലെന്നുമുള്ള കെട്ടിച്ചമച്ച തെളിവുകൾ അയാൾ കോടതിയുടെ മുന്നിലെത്തിച്ചു. മാത്രമല്ല പെണ്‍കുട്ടിക്കു 19 വയസായെന്നു സ്ഥാപിക്കുന്ന സർട്ടിഫിക്കറ്റുമെത്തി. സർട്ടിഫിക്കറ്റിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് അതിൽ പേരുള്ള മുസ്ലിം പുരോഹിതൻ കോടതിയിൽ വ്യക്തമാക്കി.
മരിയയ്ക്കു 14 വയസാണു പ്രായമെന്നു തെളിയിക്കുന്ന യഥാർഥ ജനന സർട്ടിഫിക്കറ്റ് മാതാപിതാക്കളും ഹാജരാക്കി. സ്കൂൾ രേഖകളിലും അവൾക്കു പ്രായം 14 മാത്രം. ജൂലൈ 30ന് ജഡ്ജി റാണാ മാസൂദ് മരിയയെ നകാഷിന്റെ വീട്ടിൽനിന്നു മോചിപ്പിച്ച് വനിതാസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റാൻ ഉത്തരവിട്ടു. ലാഹോർ ഹൈക്കോടതി കേസിൽ തീരുമാനമെടുക്കുവോളമാണ് സംരക്ഷണം. പക്ഷേ, എന്തു കാര്യം? ഓഗസ്റ്റ് നാലിന് ഹൈക്കോടതി വിധി വന്നു. മരിയ മതം മാറി മുസ്ലിമായതിനാൽ നകാഷിന്റെ ഭാര്യയായി അംഗീകരിച്ചിരിക്കുന്നു. വിവാഹത്തിന്റെയും പ്രായപൂർത്തിയായെന്നു തെളിയിക്കുന്ന കള്ളസർട്ടിഫിക്കറ്റിന്റെയും കാര്യമൊന്നും ജഡ്ജി മുഹമ്മദ് ഷാഹിദ് അബ്ബാസിക്കു പ്രശ്നമേയല്ല. പ്രതിയുടെ കൂടെ പോകേണ്ടി വരുന്ന സ്ഥിതിയോർത്ത് മരിയ കോടതിയിൽവച്ചുതന്നെ തേങ്ങിക്കരഞ്ഞു. അപ്പോഴാണ് കോടതിയുടെ ഉപദേശം. ഇനിയിപ്പോ നല്ല ഭാര്യയായി ജീവിക്കാൻ നോക്കാൻ.
നിർഭയം മൗലികവാദികൾ
പാക്കിസ്ഥാനിലെ ഇസ്ലാമിക ഭരണത്തെക്കുറിച്ച് അറിയാവുന്നവർക്ക് ജഡ്ജിയുടെ പെരുമാറ്റത്തിൽ അസാധാരണമായി ഒന്നും തോന്നിയില്ലെങ്കിലും മരിയയുടെ വക്കീൽ ഖലീൽ താഹിർ പറഞ്ഞത്, അവിശ്വസനീയം എന്നാണ്. സമർപ്പിച്ച രേഖകളൊക്കെ ശക്തമായിരുന്നെങ്കിലും ഇന്നു നാം കണ്ടതാണ് ഇസ്ലാമിക നീതി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാക്കിസ്ഥാനിൽ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസാണെന്നിരിക്കെയാണ് വെറുമൊരു കള്ളസർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ ഒരു ക്രിമിനലിന് 14 വയസുള്ള ക്രിസ്ത്യൻ പെണ്‍കുട്ടിയെ നിർഭയം തട്ടിക്കൊണ്ടുപോകാനായത്.
മരിയയുടെ മാതാപിതാക്കൾ സുപ്രീംകോടതിയിൽ അപ്പീൽ പോകുമെന്നാണ് പറഞ്ഞത്. പക്ഷേ, സംഭവം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്ഥാനിലാണ്. മരിയയുടെ ജീവിതത്തിൽ ഇനിയൊരിക്കലും ഒരു മടങ്ങിവരവ് ഉണ്ടാകാനിടയില്ല. ആയിരക്കണക്കിനു മരിയമാരാണ് ഇങ്ങനെ മുസ്ലീം മൗലികവാദികളുടെ ഒന്നിലേറെ ഭാര്യമാർക്കൊപ്പം അടിമജീവിതം നയിക്കേണ്ടിവരുന്നത്. ന്യൂനപക്ഷാവകാശവും ന്യൂനപക്ഷങ്ങൾക്കുള്ള മനുഷ്യാവകാശവുമൊക്കെ വെറുമൊരു ഫലിതമായി മാറുന്ന രാജ്യം. കേസുമായി മുന്നോട്ടുപോകരുതെന്ന ഭീഷണിയും മരിയയുടെ മാതാപിതാക്കൾക്കു കിട്ടിക്കഴിഞ്ഞു.
തങ്ങൾ ഓമനിച്ചു വളർത്തിയ പെൺകുഞ്ഞ് കരഞ്ഞുകൊണ്ട് ഒരു ക്രിമിനലിന്റെ കൂടെ പോകുന്നത് കണ്ടുനിൽക്കേണ്ടിവരുന്ന മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും നിസഹായാവസ്ഥയേക്കാൾ വലുതായി മറ്റെന്തുണ്ട്? ഹൃദയാഘാതത്തെതുടർന്ന് മരിയുടെ അമ്മ ആശുപത്രിയിലായെന്നുമുണ്ട് റിപ്പോർട്ടുകൾ.
പാക്കിസ്ഥാന്റെ തനിനിറം
കഴിഞ്ഞ വർഷം ഒക്ടോബറിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ഹുമ യൂനുസ് എന്ന ക്രിസ്ത്യൻ പെണ്‍കുട്ടിയും വാർത്തകളിൽ നിറഞ്ഞിരുന്നു. തടവിൽ കഴിയുന്ന വീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്കു ഫോണ്‍വിളിക്കാൻ ഒരിക്കൽ അവസരം കിട്ടിയപ്പോൾ അവൾ കരഞ്ഞുകൊണ്ടു പറഞ്ഞത്, നിരന്തരമായ മാനഭംഗത്താൽ താൻ ഗർഭിണിയായി എന്നാണ്. അവിടെനിന്ന് എങ്ങനെയെങ്കിലും ഇറങ്ങിപ്പോരാൻ പറ്റുമോയെന്നു ചോദിച്ചപ്പോൾ അതൊന്നും ചിന്തിക്കാൻ പോലുമാകാത്തവിധം തന്നെ മുറിയിൽ പൂട്ടിയിട്ടാണ് പീഡിപ്പിക്കുന്നത് എന്നാണ്. ഹുമയുടെ കേസും പതിവുപോലെ തട്ടിക്കൊണ്ടുപോയ ആൾക്ക് അനുകൂലമായി വിധിച്ചു.
ഇത്തരം ആയിരക്കണക്കിനു “നല്ല ഭാര്യമാരുടെ’ കണ്ണുനീർ ലോകമനഃസാക്ഷിയുടെ മുന്നിൽ പാക്കിസ്ഥാന്റെ തനിനിറം തുറന്നു കാട്ടുന്നു. തന്നെക്കാൾ ഏറെ പ്രായമുള്ള പുരുഷന്മാരുടെ മറ്റു ഭാര്യമാർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ലൈംഗിക അടിമകളെപ്പോലെ ജീവിക്കേണ്ടിവരുന്ന മരിയയെപ്പോലെയുള്ള ക്രിസ്ത്യൻ-ഹിന്ദു പെൺകുട്ടികൾ, മനുഷ്യാവകാശങ്ങൾക്കുവേണ്ടി ഒരക്ഷരം ഉരിയാടാനുള്ള സമൂഹത്തിന്റെ സാധ്യതകളെ വീണ്ടും വീണ്ടും ചുരുക്കിക്കൊണ്ടിരിക്കുന്നു. അതാണ് യാഥാർഥ്യം.
കടപ്പാട്: ദീപിക










Leave a Reply