Sathyadarsanam

മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍

ആത്മശരീരത്തോടെ പരി.അമ്മ സ്വര്‍ഗാരോപണം ചെയ്തതിനെ കുറിച്ച് തിരുസഭ ധ്യാനിക്കുന്ന പുണ്യദിനമാണിന്ന്. 4-ാം നൂറ്റാണ്ടിനു മുന്‍പേ മറിയത്തിന്‍റെ സ്വര്‍ഗാരോപണത്തെപ്പറ്റിയുള്ള വിശ്വാസം സഭയില്‍ ആഴപെട്ട് തുടങ്ങി. 1950 നവംബര്‍ 15-ാം തിയതി പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പാ ‘മുനിഫിചെന്തിസ്സീമൂസ ദേവൂസ്’ എന്ന അപ്പസ്‌തോലിക ലേഖനത്തിലൂടെ മറിയത്തിന്‍റെ സ്വര്‍ഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പരിശുദ്ധ അമ്മയെ ”സ്വര്‍ഗത്തില്‍ ആത്മശരീരങ്ങളോടെ മഹത്വീകൃതമായി കഴിയുന്ന ഈശോയുടെ അമ്മ വരാനിരിക്കുന്ന ലോകത്തില്‍ പൂര്‍ത്തീകരിക്കപ്പെടാനിരിക്കുന്ന സഭയുടെ ഇക്കാലത്തിന്‍റെ പ്രതീകവും ആരംഭവുമാണ്” എന്ന് വ്യക്തമായി പഠിപ്പിക്കുന്നു. പരി. അമ്മ. ഈ ലോകത്തിലെ തന്‍റെ ജീവിതം ഇതാ കര്‍ത്താവിന്‍റെ ദാസി എന്ന് പറഞ്ഞ്, എല്ലാ സഹനവും വേദനകളും ദൈവതിരുമനസ്സായി കണ്ടപ്പോള്‍, അവള്‍ സ്വര്‍ഗരാജ്യത്തില്‍, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും നിരന്തരം ആരാധന സമര്‍പ്പിച്ചുകൊണ്ട്, ആത്മശരീരങ്ങളോടെ മഹത്വീകൃതയായി സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നു.

മറിയത്തിന്‍റെ ഈ സ്വര്‍ഗ്ഗാരോപണം ഈ ഭൂമിയില്‍ സഹനവും കഷ്ടപാടുകളും ഏറ്റെടുത്തുകൊണ്ട്, മരണാനന്തര ജീവിതത്തെ ലക്ഷ്യമാക്കി ജീവിക്കാന്‍ മനുഷ്യമക്കള്‍ക്ക് പ്രത്യാശ പകരുന്നു. ഈ ലോകത്തിലെ ജീവിതം നശ്വരമാണ് എന്നും, നമ്മള്‍ അദ്ധ്വാനിക്കേണ്ടതും ജീവിക്കേണ്ടതും നശ്വരമായ ഈ ലോകത്തിനപ്പുുറമുള്ള, അനശ്വരമായ നിത്യ ജീവിതത്തിനുവേണ്ടിയാണെന്ന് സ്വര്‍ഗാരോപിതയായ മാതാവ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. യോഹ 6:27-ല്‍ ഈശോ പറയുന്നു; ”നശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കാതെ മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍റെ അനശ്വരമായ അപ്പത്തിനുവേണ്ടി അദ്ധ്വാനിക്കുവിന്‍.” ഈ ഭൂമിയിലെ ജീവിതത്തിന്‍റെ നിസ്സാരതയ്ക്കും, കഷ്ടപ്പാടിനും സഹനത്തിനും ഉപരിയായി വരാനിരിക്കുന്ന നന്മ മനസ്സിലാക്കി ജീവിക്കാന്‍ പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നു. ഈ ഭൂമിയിലെ അനുദിന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടാലേ മരണാനന്തരം സ്വര്‍ഗ്ഗരാജ്യ പ്രവേശനം നമുക്ക് സാധ്യമാകൂ എന്ന് ത്രീലോക രാജ്ഞിയായി മുടി ചൂടി, സ്വര്‍ഗാരോപിതയായ അമ്മ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

പരിശുദ്ധ അമ്മ ജീവിച്ചിരിക്കുമ്പോള്‍ തന്നെയാണോ, അതോ മരിച്ചതിനുശേഷമാണോ ആത്മീയശരീരത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് ആരോപണം ചെയ്തത് എന്ന ബൗദ്ധിക തലത്തിലുള്ള ചര്‍ച്ചയ്ക്ക് അപ്പുറം മരണത്തെ തോല്‍പ്പിച്ച് സാത്താനെ പരാജയപ്പെടുത്തിയവളാണ് പരി. അമ്മ എന്നും ആ അമ്മയോട് മരണനേരത്ത് ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ അല്‍പം കൂടി വിശ്വാസത്തോടും തീക്ഷ്ണതയോടും കൂടി പ്രാര്‍ത്ഥിക്കണം എന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *