സണ്ണി കോക്കാപ്പിള്ളില്‍
(ജോസഫ് സക്കറിയ)
ഒരു പ്രത്യേക കാര്യത്തിനായി സുഹൃത്തിനെ വിളിച്ചതാണ്. ഫോണിലൂടെ സുഹൃത്തിന്‍റെ നിലവിളിയാണ് കേട്ടത്. “എന്‍റെ ഇളയമകള്‍ കൂടെ പഠിക്കുന്ന ഒരു മുസ്ലീം ചെറുപ്പക്കാരന്‍റെ കൂടെ പോയി.” തുടര്‍ന്ന് ആര്‍ത്തലച്ച് കുറേ കാര്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞു. രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ വീട്ടിലേക്കു വരാമെന്നു പറഞ്ഞ് ഫോണ്‍ വച്ചു. വീട് കുറച്ച് അകലെയാണ്. ഞാനവിടെ ചെല്ലുമ്പോള്‍ മകള്‍ പോയിട്ട് 15 ദിവസത്തോളമായിരുന്നു. കരഞ്ഞുതളര്‍ന്ന രണ്ടു മനുഷ്യക്കോലങ്ങളെയാണ് കാണാന്‍ സാധിച്ചത്. കുറേ ദിവസമായി അന്നാണ് ആ ഭവനത്തില്‍ ആഹാരം പാകം ചെയ്തത്. ഇടവകപ്പള്ളിയില്‍ ഇതുവരെ പോകാന്‍ അവര്‍ക്കു ധൈര്യം വന്നിട്ടില്ല. ആരുടെയും മുഖത്തു നോക്കാന്‍ പറ്റുന്നില്ല. ആത്മീയമായി ഉയര്‍ന്നു നില്‍ക്കുന്ന ഒരു കുടുംബമായിരുന്നു. കഴിഞ്ഞ 21 വര്‍ഷമായി ഓമനിച്ചു വളര്‍ത്തിയവള്‍ ഇന്ന് ഏതോ ഭവനത്തില്‍ കഴിയുന്നു. വിവാഹം കഴിഞ്ഞ കാര്യം ഇന്‍സ്റ്റഗ്രാമില്‍ അവള്‍ പങ്കുവച്ചു. മോഡേണ്‍ വേഷം ധരിച്ചിരുന്ന അവള്‍ മുഖം മാത്രം കാണത്തക്കവിധം ശരീരം മറച്ചുനില്‍ക്കുന്ന ഫോട്ടോ എന്നെ കാണിച്ചുതന്നു. “മരിച്ചുപോയിരുന്നെങ്കില്‍ ശുദ്ധീകരണസ്ഥലത്തോ, സ്വര്‍ഗത്തിലോ എന്നു വിചാരിച്ച് പ്രാര്‍ഥിച്ചാല്‍ മതിയായിരുന്നു. ഇനി മരണം വരെ എന്താകുമെന്നോര്‍ത്ത് ടെന്‍ഷനടിക്കേണ്ടി വരുന്നു.” ഹൃദയംനുറുങ്ങിയാണ് അവര്‍ ഇതു പറഞ്ഞത്. “ചോദിക്കുന്നതെല്ലാം നല്‍കി കഷ്ടപ്പെട്ടു പണമുണ്ടാക്കി പഠിപ്പിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്?” ആ പിതാവിന്‍റെ വാക്കുകള്‍ ഇപ്പോഴും ഹൃദയത്തിലുണ്ട്.
ആത്മീയമേഖലയില്‍ ഉയര്‍ന്ന പല സ്ഥാനങ്ങളും വഹിച്ച മറ്റൊരു സുഹൃത്തിന്‍റെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള മകള്‍ ഇതേ അവസ്ഥയിലേക്കു പോയതും ആ ദിവസങ്ങളില്‍ തന്നെയായിരുന്നു. മാതൃകാപരമായ കുടുംബജീവിതം നയിച്ചുകൊണ്ടിരുന്ന വ്യക്തി. ക്രൈസ്തവകുടുംബങ്ങളെ എങ്ങനെ രൂപപ്പെടുത്തണമെന്ന് നിരവധി സ്ഥലങ്ങളില്‍ സെമിനാര്‍ നടത്തിയ ആള്‍. ഇന്ന് തന്‍റെ വ്യക്തിത്വം മുഴുവന്‍ നഷ്ടപ്പെട്ട് നാട്ടിലുള്ളവരുടെ മുഴുവന്‍ ആക്ഷേപപാത്രമായി നില്‍ക്കുന്നു. “സമൂഹത്തിനു മുന്‍പില്‍ ഞാനിന്ന് നഗ്നനാണ്. ആരുടെയും മുഖത്തു നോക്കാന്‍ എനിക്കു പറ്റുന്നില്ല. ഈ വിവരമറിഞ്ഞതിനു ശേഷം എത്രയോ ദിവസം പാറക്കല്ലുകള്‍ നിരത്തിയിട്ട് മുട്ടുകുത്തി ഞാന്‍ പ്രാര്‍ഥിക്കുമായിരുന്നു. എന്നിട്ടും അവള്‍ക്കു മാനസാന്തരമുണ്ടായില്ല. നൂറുകണക്കിനാള്‍ക്കാരോട് എങ്ങനെ മക്കളെ വളര്‍ത്തണമെന്ന് പറഞ്ഞതെല്ലാം വെറുതെയായി. മരിച്ചുപോയിരുന്നുവെങ്കില്‍ അതുമാത്രം ചിന്തിച്ചാല്‍ മതിയായിരുന്നു. ഇനി എന്നും വേവലാതി മാത്രം.”
വായനക്കാര്‍ക്ക് അവിശ്വാസം തോന്നുമെങ്കിലും മറ്റൊരു സുഹൃത്തുമായും ഈ ദിവസങ്ങളില്‍ സംസാരിക്കേണ്ടി വന്നു. അനേകവര്‍ഷങ്ങളായി കുടുംബമൊന്നാകെ പ്രാര്‍ഥനാനുഭവത്തില്‍ ജീവിക്കുന്നതാണ്. ക്രിസ്തീയ കുടുംബത്തിന്‍റെ മഹിമയെപ്പറ്റി നിരവധി വേദികളില്‍ പങ്കുവച്ച വ്യക്തി. മൂത്തമകള്‍ കൂടെ പഠിക്കുന്ന ഒരീഴവ യുവാവുമായി ആരുമറിയാതെ രജിസ്റ്റര്‍ വിവാഹം നടത്തിയിരിക്കുന്നു. ഇനി അവളുടെ മനസ്സു മാറ്റി വിവാഹത്തില്‍ നിന്നു പിന്തിരിപ്പിക്കാനുള്ള മാര്‍ഗമറിയാതെ കണ്ണീരൊഴുക്കി ആ മാതാപിതാക്കള്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നു.
അനേകവര്‍ഷങ്ങളായി ഒരു ദേവാലയത്തില്‍ ദിവ്യബലിക്കു പാട്ടുപാടിക്കൊണ്ടിരുന്ന പെണ്‍കുട്ടി ഒരു മുസ്ലീം യുവാവിന്‍റെ കൂടെ പോയത് ഈയിടെയാണ്. വിദേശത്ത് നഴ്സായിരുന്ന ഒരു യുവതി ഈഴവയുവാവിനെ പ്രണയിച്ച് ഇറങ്ങിപ്പോയതും അടുത്ത ദിവസമാണ്. അക്രൈസ്തവ രീതിയില്‍ നടന്ന ആ വിവാഹചടങ്ങിന് ഹാളിന്‍റെ മുന്‍പിലേക്ക് പെണ്‍കുട്ടിയെ കൊണ്ടു ചെന്നിറക്കി ആ പിതാവ് ഇങ്ങനെ പറഞ്ഞു, “എന്‍റെ മകള്‍ മരിച്ചുപോയി എന്നു ഞാന്‍ ചിന്തിക്കുന്നു. ഇനി നമ്മള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല.”
2019 ഡിസംബര്‍ 15 നും 2020 ജനുവരി 15 നുമിടയില്‍ സംഭവിച്ചതാണിവയെല്ലാം. എനിക്കു നേരിട്ടു പരിചയമുള്ളവ. ഈ സംഭവങ്ങളിലൊക്കെ ദര്‍ശിക്കാന്‍ കഴിയുന്ന കാര്യം നിര്‍ബന്ധിക്കപ്പെട്ടുപോയവരാരുമില്ല. എല്ലാവരും ഉന്നത വിദ്യാഭ്യാസമുള്ളവര്‍. തങ്ങളുടെ വിശ്വാസം പാലിച്ചുകൊള്ളാമെന്നു സമ്മതിച്ചിട്ടുണ്ടെങ്കിലും അതൊന്നും പ്രായോഗികമല്ലെന്ന് ബുദ്ധിയുള്ളവര്‍ക്കറിയാം. തലയില്‍ ഷാള്‍ ധരിച്ച് കുര്‍ബാനസ്വീകരിക്കണമെന്നു പറയുമ്പോള്‍ അസ്വസ്ഥരാകുന്നവര്‍ ശിരസ്സു മുഴുവന്‍ മൂടിയ വസ്ത്രം മുഴുവന്‍ സമയവും ധരിക്കുന്നതില്‍ ഒരു മടിയും കാണിക്കുന്നില്ല. മേല്‍പറഞ്ഞ അഞ്ചുകുടുംബങ്ങളിലും മക്കളെ പൊന്നുപോലെ വളര്‍ത്തിയവരാണ്. വളര്‍ത്തുദോഷം എന്നു പറയുന്നതില്‍ കാര്യമില്ല.
മാതാപിതാക്കള്‍ തിരിച്ചറിയാത്ത കാര്യങ്ങള്‍
ശരാശരി ഒരു ആണ്‍കുട്ടി മാത്രമാണ് നമ്മുടെ ഭവനങ്ങളില്‍ ഉള്ളത്. കഴിയുന്നതും ഒരു ജോലിയും ചെയ്യിക്കില്ല. ഹൈസ്കൂള്‍ ക്ലാസ്സിലെത്തുന്നതുവരെ കൂടെ കിടത്തുകയും ആഹാരം വാരിക്കൊടുക്കുകയും ചെയ്യും. കടയില്‍ സാധനം വാങ്ങാന്‍ പോലും പറഞ്ഞയയ്ക്കില്ല. പഠനം മാത്രം ശരണം. അല്പമകലെയുള്ള ബന്ധുവീടുകളിലേക്കുപോലും തനിയെ പറഞ്ഞയയ്ക്കില്ല. വയറുനിറയെ കുശാലായി ഭക്ഷണം കഴിഞ്ഞ് ജീവിതം തീര്‍ക്കുകയാണ് അവര്‍.
ഇതിന് നേര്‍വിപരീതമാണ് അക്രൈസ്തവ ആണ്‍കുട്ടികള്‍. പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പേതന്നെ സ്വന്തം കാലില്‍ നില്‍ക്കാന്‍ അവര്‍ പഠിക്കുന്നു. എന്തെങ്കിലും ജോലി ചെയ്ത് അവര്‍ വരുമാനം ഉണ്ടാക്കുന്നു. പലരുടെയും കൂടെ പ്രവര്‍ത്തിച്ച് മാനസിക പക്വതയും കൈവരിക്കുന്നു. അവരോട് സ്വാഭാവികമായും പെണ്‍കുട്ടികള്‍ക്ക് ഇഷ്ടം തോന്നുന്നതില്‍ അതിശയിക്കാനില്ല. ആ ഇഷ്ടത്തെയാണ് അവര്‍ എളുപ്പത്തില്‍ ചൂഷണ വിധേയമാക്കുന്നത്.
അമിത ലാളനയും അമിത സംരക്ഷണവും മൂലം കഴിവുകെട്ട ഒരു തലമുറയെ പ്രത്യേകിച്ചും ആണ്‍കുട്ടികളെ ഇന്ന് വളര്‍ത്തിക്കൊണ്ടിരിക്കുന്നു. പ്ലസ്ടു സ്കൂളുകളിലേക്കും കോളജുകളിലേക്കും കടന്നുചെല്ലുക. അവിടെ നന്നായി പഠിക്കുന്നത്, പ്രസംഗിക്കുന്നത്, കലാപരിപാടികള്‍ അവതരിപ്പിക്കുന്നത്, ഹാള്‍ അറേഞ്ച് ചെയ്യുന്നത്, പുതിയ സംരംഭങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നത് കൂടുതലും പെണ്‍കുട്ടികളാണെന്ന് കാണാന്‍ സാധിക്കും. സ്മാര്‍ട്ട് ഫോണില്‍ ജീവിതം ഒടുക്കുകയാണ് ആണ്‍കുട്ടികളില്‍ പലരും.
ഇന്ന് ക്രൈസ്തവലോകം അകപ്പെട്ടിരിക്കുന്നത് വന്‍ചുഴിയിലാണ്. വിചാരിക്കുന്നതുപോലെ മതത്തിന്‍റെ നിയന്ത്രണത്തിലല്ല പുതിയതലമുറ. പാശ്ചാത്യസംസ്കാരം പോലെ വ്യക്തിസ്വാതന്ത്ര്യം അവര്‍ അന്വേഷിക്കുന്നു. ആഗോളവത്കരണത്തിന്‍റെ പരിണിത ഫലങ്ങളിലൊന്നാണിത്. ഭൗതികനേട്ടത്തിനു മക്കളെ ഒരുക്കുകയെന്നതാണ് മാതാപിതാക്കള്‍ തങ്ങളുടെ കടമയായി കാണുന്നത്. വിശ്വാസകൈമാറ്റത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയപ്പോള്‍ വ്യക്തികേന്ദ്രീകൃത ലോകത്തിനു പ്രാമുഖ്യം ലഭിച്ചു. വ്യക്തിയുടെ ഭൗതികമേഖലയ്ക്കു പ്രാധാന്യം കൊടുത്തപ്പോള്‍ വിശ്വാസകൈമാറ്റത്തില്‍ വീഴ്ചവന്നു. കുറഞ്ഞകുട്ടികളും ഏറെ സുഖസൗകര്യങ്ങളുമുള്ള ഒരു സാഹചര്യത്തില്‍ എന്തിനുവേണ്ടിയാണ് പ്രാര്‍ഥിക്കേണ്ടത്? എന്തിനെങ്കിലും പ്രാര്‍ഥിക്കുന്നുണ്ടെങ്കില്‍ അത് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു കിട്ടാനും നല്ല കോഴ്സിന് പ്രവേശനം ലഭിക്കാനുമായി മാറി.
മുന്‍കാലങ്ങളില്‍ വിവാഹജീവിതത്തില്‍ അറിയേണ്ടുന്ന ലൈംഗികകാര്യങ്ങള്‍ ബാല്യം കഴിയുമ്പോഴേക്കും സമൂഹ മാധ്യമങ്ങളിലൂടെ ഒരു കുട്ടി തിരിച്ചറിയുന്നു. ഇത് പലരുടേയും തലച്ചോറിന് താങ്ങാനാവാത്തതാണ്. ഇതുവഴി ഉണരുന്ന ലൈംഗികത സുഹൃദ് ബന്ധങ്ങളില്‍ നിര്‍ണായകമാകുന്നു. വീടുകളില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രമാകുമ്പോള്‍ ഒന്നിച്ചിടപ്പെട്ടു വളരാന്‍ കഴിയാതെ എതിര്‍ലിംഗത്തിലുള്ളവരുമായുള്ള ബന്ധം വരുമ്പോള്‍ അപക്വത കാണിക്കുന്നു. ഇതരമതത്തില്‍പ്പെട്ടവരുമായി സഹവസിക്കുമ്പോള്‍ ക്രിസ്തീയതയെ പരിചയപ്പെടുത്തണമെന്ന മൗലിക കടമയ്ക്കു പകരം മനസ്സും ശരീരവും പങ്കുവച്ച് അപരവിശ്വാസത്തെ സ്വാംശീകരിക്കുന്ന പ്രവണതയ്ക്ക് ആരാണുത്തരവാദി?
ഈ കണക്കുകള്‍ ശരി പറയുന്നു
നൂറോളം കൗമാരക്കാരുമായി സംസാരിച്ചപ്പോള്‍ അവരില്‍ നിന്നും കിട്ടിയ ചില കാര്യങ്ങള്‍:
– ഏതെങ്കിലും ക്രിസ്തീയ പ്രസിദ്ധീകരണങ്ങള്‍ (ദീപികയടക്കം) വായിക്കുന്നവര്‍ നാലോ അഞ്ചോ പേര്‍.
– സന്ധ്യയ്ക്ക് ജപമാല ചൊല്ലുന്ന കുടുംബങ്ങള്‍ 20-ല്‍ താഴെ മാത്രം.
– മാസത്തിലൊരിക്കലെങ്കിലും കുമ്പസാരിക്കുന്നവര്‍ 15-ല്‍ താഴെ മാത്രം.
– അന്യമതത്തിലുള്ളവരുമായി മിക്ക പെണ്‍കുട്ടികള്‍ക്കും സുഹൃദ്ബന്ധമുണ്ട് (അതിനു കാരണമായി അവര്‍ പറയുന്നത്: അവര്‍ നന്നായി പെരുമാറുന്നു, സഹായം ചെയ്തുതരുന്നു, അവര്‍ക്കു പണമുണ്ട് എന്നൊക്കെ.)
– ദിവസേന പത്രം വായിക്കുന്നവര്‍ എട്ടോ പത്തോപേര്‍ മാത്രം.
അന്യമതപ്രണയത്തെക്കുറിച്ചോ, നിര്‍ബന്ധിത മതപരിവര്‍ത്തനത്തെപ്പറ്റിയോ ഇന്നു നടക്കുന്ന ചര്‍ച്ചകളും ആശങ്കകളും കുട്ടികള്‍ക്ക് അറിയണമെന്ന് ആഗ്രഹമില്ല. നല്ലൊരു കോഴ്സിനു പ്രവേശനം. പിന്നെ മികച്ച ജോലി. കൊട്ടാര സദൃശ്യമായ ഭവനം, വിലപിടിപ്പുള്ള കാര്‍ എന്നിങ്ങനെയുള്ള ലക്ഷ്യത്തിലേക്ക് മാതാപിതാക്കള്‍ കുട്ടികളെ നയിക്കുന്നു. ധാര്‍മികതയുടെ പ്രാധാന്യം പറഞ്ഞുകൊടുക്കാന്‍ അതു കൈമോശം വരാത്തവര്‍ എത്രയോ തുച്ഛമാണ്. കുടുംബം ഒരു കൂട്ടായ്മ (Familiaris
concortio) എന്ന അപ്പസ്തോലിക ലേഖനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പറയുന്ന ഒരു കാര്യമുണ്ട്: മനുഷ്യവ്യക്തിയോട് വളര്‍ച്ചയുടെ ഘട്ടത്തില്‍ സുവിശേഷം ഉദ്ഘോഷിക്കാനും വിദ്യാഭ്യാസം, മതബോധനം എന്നിവയിലൂടെ ഒരു വ്യക്തിയെ മാനുഷികവും പൂര്‍ണവുമായി പക്വതയിലെത്തിക്കാനും വിളിക്കപ്പെട്ട ആദ്യസമൂഹമാണ് കുടുംബം. ഇക്കാര്യത്തില്‍ ഇന്ന് വീഴ്ച വന്നിട്ടുണ്ട്. വിദ്യാഭ്യാസത്തിനു പ്രാധാന്യം കൈവരുകയും മതബോധനത്തെ രണ്ടാം തരമായി മാറ്റുകയും ചെയ്തു. ക്രിസ്തുവിന്‍റെ അനന്യതയെക്കുറിച്ചോ, നിത്യജീവിതത്തെപ്പറ്റിയോ ആഴമേറിയ ബോദ്ധ്യങ്ങള്‍ ഇന്ന് മിക്കവരിലുമില്ല. സ്വര്‍ഗമെന്നത് ഭൗതിക സമൃദ്ധിയാണെന്നു വിശ്വസിക്കുന്നവര്‍ വളരെയേറെയാണ്. ഇന്ന് പൊതുസമൂഹം വച്ചുപുലര്‍ത്തുന്ന തെറ്റായ ക്രൈസ്തവബോധത്തെ യാഥാര്‍ഥ്യമെന്നമട്ടില്‍ വീക്ഷിക്കുന്നവര്‍ അനവധിയാണ്.
സഭ ശ്രദ്ധിക്കേണ്ടത്
കൗമാരക്കാരെയും യുവാക്കളെയും നേടുന്നതില്‍ ആകര്‍ഷണീയമായ ഒരു മുഖം സഭ ഇനിയും കൈവരിക്കേണ്ടതുണ്ട്. ഏതൊക്കെയോ കാരണങ്ങളാല്‍ വികൃതമാക്കപ്പെട്ട മുഖഭാവമാണ് പലരുടെയും മനസ്സില്‍ പതിയുന്നത്. അടുത്തകാലത്തുണ്ടായ ഒട്ടേറെ ആക്ഷേപങ്ങള്‍ യുവമനസ്സുകളില്‍ സഭയെ സംബന്ധിച്ച തീക്ഷ്ണത കൈവരിക്കാനുതകുന്നില്ല. മത്സരാധിക്യവും ആര്‍ഭാടങ്ങളും സഭയുടെ ആന്തരികതയെ ക്ഷയിപ്പിക്കുന്നു. ആഘോഷങ്ങളാണ് ആത്മീയതയെന്ന് ജനം ധരിച്ചു വശാകുന്നു. മറനീക്കി പുറത്തുവരുന്ന ഐക്യമില്ലായ്മകള്‍ സഭാഗാത്രത്തെ താങ്ങിനിറുത്തുന്ന തൂണുകള്‍ക്ക് ബലക്ഷയമുണ്ടാക്കുന്നു. പൗരോഹിത്യാധികാരവും ഇടയഗണവും തമ്മിലുള്ള അകലം ഏറെ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സഭാപരമായ സ്വാധീനത്തെക്കാള്‍ വലിയ ഘടകങ്ങള്‍ പൊതുസമൂഹത്തില്‍ ഇന്ന് ഏറെയുണ്ട്. സമൃദ്ധി എപ്പോഴും സംസാരവിഷയമാകുമ്പോള്‍ വിശുദ്ധരുടെ സഹനവും ആത്മാവിന്‍റെ നിത്യജീവനെപ്പറ്റിയുള്ള കാഴ്ചപ്പാടും മിക്കവാറും വിസ്മൃതിയിലാകുന്നു.
കുടുംബം, കൂട്ടുകാര്‍, അധ്യാപകര്‍, മതാനുഷ്ഠാനങ്ങള്‍ എന്നിവയൊക്കെ ആയിരുന്നു ഇത്രയും കാലം മനുഷ്യവ്യക്തികളെ രൂപപ്പെടുത്തിക്കൊണ്ടിരുന്നത്. എന്നാല്‍, 2004 മുതല്‍ സാങ്കേതിക വിദ്യവികസിച്ചതിനാല്‍ സമൂഹമാധ്യമങ്ങളാണ് ഈ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. പ്രായവും പക്വതയും നോക്കാതെ എല്ലാവരുടേയും മുന്‍പിലേക്ക് സമൂഹമാധ്യമങ്ങള്‍ എല്ലാം ഇന്നു കൊടുക്കുന്നു. വളര്‍ന്നുവരുന്ന ഒരു കുട്ടിയുടെ ജീവിതത്തിലെ ദര്‍ശനങ്ങളെയും കാഴ്ചപ്പാടുകളെയും ഇതു സ്വാധീനിക്കുന്നു. സാംസ്ക്കാരിക പൈതൃകങ്ങളും മൂല്യങ്ങളുമൊന്നും മാധ്യമങ്ങള്‍ ധര്‍മമായി കരുതുന്നില്ല. ഇലക്ട്രോണിക് മാധ്യമങ്ങള്‍ രൂപപ്പെടുത്തുന്ന പുതിയ മനുഷ്യജീവിയെ കത്തോലിക്കാ ആധ്യാത്മികതയില്‍ വളര്‍ത്തിയെടുക്കുക എന്ന ദൗത്യത്തിലേക്ക് സഭ ഇനിയും ഉണരേണ്ടതുണ്ട്.
കുട്ടികള്‍ക്ക് ചുവടു പിഴയ്ക്കുന്നുവോ?
21-ാം നൂറ്റാണ്ടില്‍ സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം കുട്ടികള്‍ക്കു ലിംഗഭേദം നഷ്ടപ്പെട്ടു എന്നാണ്. ബോയ്ഫ്രണ്ടോ ഗേള്‍ഫ്രണ്ടോ ഇല്ലാതെ ജീവിക്കാന്‍ പറ്റാത്ത സ്ഥിതി വന്നു. സമൂഹമാധ്യമങ്ങളും ചലച്ചിത്രങ്ങളും ഇതിനു പ്രേരണയായി. പാശ്ചാത്യസംസ്കാരം അതേപടി ഇവിടെയും വന്നു കഴിഞ്ഞു. കൗമാരത്തിലെ ജഡികാസക്തികള്‍ക്കു ആശ്വാസമായും ഹൃദയ വിചാരങ്ങള്‍ പങ്കുവയ്ക്കാനും ഇതുവഴി കഴിയുന്നു. എന്നാല്‍, ഭീതിദമായ അനന്തരഫലങ്ങള്‍ ഇതിനു തുടര്‍ച്ചയായുണ്ട്. ഗര്‍ഭധാരണം, അബോര്‍ഷന്‍, കുടുംബത്തകര്‍ച്ച എന്നിവയൊക്കെ ഇതിന്‍റെ പരിണിതമായി സംഭവിക്കുന്നുണ്ട്. ഈ വീഴ്ചകളെക്കുറിച്ചുള്ള ശരിയായ അവബോധം ഇന്നു കുട്ടികള്‍ക്കു കുറവാണ്.
ഇത്തരം സൗഹൃദങ്ങളെ ചൂഷണം ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയ ചില വിഭാഗങ്ങളുടെ ഹിഡന്‍ അജണ്ട മനസ്സിലാക്കാന്‍ പല പെകുട്ടികള്‍ക്കും കഴിയാത്തതാണ് ഇന്നത്തെ ദുരവസ്ഥ.
വിവാഹത്തിനുമുന്‍പ് കൂടി ത്താമസിക്കുകയെന്നത് ഏതാനും വര്‍ഷം മുന്‍പുവരെ കേരളത്തില്‍ ചിന്തിക്കാനേ കഴിയില്ലായിരുന്നു. എന്നാല്‍, ഇത്തരക്കാര്‍ ഇന്നേറെയുണ്ട്. പഠനത്തിനും ജോലിക്കും പുറത്തേക്കു പോകുന്നവരില്‍ ഒരു പങ്ക് ഇങ്ങനെ കഴിയുന്നവരാണ്. ശരീരം പരിശുദ്ധമായി സൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്നതില്‍ വലിയ വീഴ്ചയാണ് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്. ശരീരത്തിലെ ചില അവയവങ്ങള്‍ കോടിക്കണക്കിനു രൂപയ്ക്ക് ഇന്‍ഷ്വര്‍ ചെയ്യുന്ന സിനിമാനടികള്‍ ഉള്ള നാട്ടില്‍ മരിയ ഗൊരേത്തിയെ ആര്‍ക്കു വേണം?
വീറുപോയ ആ ശൗര്യം
പൊതുവേ നോക്കുമ്പോള്‍ ജെ.ഇ.ഇ. എന്‍ട്രന്‍സ് ഒഴിവാക്കിയാല്‍ സമസ്തമേഖലകളിലും ആണ്‍കുട്ടികളുടെ പിന്നോക്കാവസ്ഥ കാണാന്‍ കഴിയും. പല രൂപതകളിലെയും വിവാഹ ഒരുക്ക സെമിനാറുകളില്‍ പങ്കെടുക്കുന്നവരെ നോക്കുക. പെണ്‍കുട്ടികള്‍ ബഹുഭൂരിപക്ഷവും പിജി തലങ്ങളിലും ആണ്‍കുട്ടികള്‍ ഡിപ്ലോമ/ബിരുദതലങ്ങളിലുമാണ് വിദ്യാഭ്യാസത്തില്‍ എത്തി നില്‍ക്കുന്നതെന്നു മനസ്സിലാക്കാന്‍ പറ്റും. പി.എസ്.സി. പരീക്ഷ ജയിക്കുന്നവരില്‍ ഭൂരിപക്ഷവും യുവതികളാണ്. അധ്യാപകരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. 30 വയസ്സു കഴിഞ്ഞിട്ടും അവിവാഹിതരായി നില്‍ക്കുന്ന ക്രിസ്ത്യന്‍ പുരുഷന്മാരുടെ എണ്ണം സ്ത്രീകളെക്കാള്‍ അനേക മടങ്ങാണ്. ക്രിസ്ത്യന്‍ മതാധ്യാപകരില്‍ 30 ശതമാനത്തിലേറെ പുരുഷന്‍മാരുണ്ടെന്നു തോന്നുന്നില്ല.
സ്വന്തം കാലില്‍ നില്‍ക്കാനുള്ള അദമ്യമായ ആഗ്രഹത്തില്‍ സ്ത്രീകള്‍ ഇന്ന് വളരെയധികം മുന്നോട്ടുപോയി. മൊബൈല്‍ ഫോണിന്‍റെ അനന്തസാധ്യതകള്‍ അവള്‍ പരമാവധി ഉപയോഗിക്കുന്നു. മാതാപിതാക്കളുടെ നടുവിലിരുന്നും ആരുമായും ബന്ധം പുലര്‍ത്താന്‍ ഒരു മടിയുമില്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം യാത്ര ചെയ്തു നോക്കുക. ബസ്സില്‍, ട്രെയിനില്‍, ബസ്സ്റ്റോപ്പില്‍ ഒക്കെ മൊബൈലില്‍ കണ്ണുനട്ടിരിക്കുന്ന വരെയാണ് നമുക്കു കാണാന്‍ കഴിയുന്നത്.
സമസ്ത മേഖലകളിലും കാഴ്ചപ്പാടുകള്‍ മാറണം
മുസ്ലിം പെണ്‍കുട്ടികള്‍ 21-22 പ്രായത്തില്‍ വിവാഹിതരാകുന്നു. വിവാഹജീവിതവും പഠനവും ജോലിയുമൊക്കെ അവര്‍ ഒന്നിച്ചുകൊണ്ടുപോകുന്നു. നമ്മുടെയിടയില്‍ പരമാവധി പഠനം കഴിഞ്ഞ് ജോലിയും കിട്ടി; സ്ത്രീധനത്തിനുള്ള പണവുമുണ്ടാക്കുന്നതുവരെ പെണ്‍കുട്ടികളുടെ വിവാഹം വൈകിപ്പിക്കുന്ന പ്രവണത മാറേണ്ടതല്ലേ?
ലൈംഗികതയെപ്പറ്റിയുള്ള വികലമായ കാഴ്ചപ്പാടുകളാണ് സമൂഹമാധ്യമങ്ങളിലൂടെ ഇന്നു കടന്നുവരുന്നത്. അതിന്‍റെ പരിശുദ്ധി നഷ്ടപ്പെടുത്തി ആസ്വാദന ശേഷിയെ പരിപുഷ്ടമാക്കുന്ന തെറ്റായ മനോഭാവം ഇളംമനസ്സുകളില്‍ പോലും കുത്തിവയ്ക്കുമ്പോള്‍ പിടിച്ചു നില്‍ക്കാനാവാതെ മുന്‍പില്‍ കാണുന്ന വഴികളിലേക്ക് യുവത ആനയിക്കപ്പെടുന്നു.
സ്വന്തംമക്കളിലുള്ള അമിതമായ ആത്മവിശ്വാസമാണ് മാതൃകാകുടുംബമെന്ന് ഉദ്ഘോഷിക്കുന്നവരുടെ ഭവനങ്ങളില്‍നിന്നു പോലും വിശ്വാസം ത്യജിച്ചു കടന്നു പോകലുകള്‍ സൃഷ്ടിക്കുന്നത്. തങ്ങളുടെ മക്കള്‍ സുരക്ഷിതരാണെന്ന് അവര്‍ അന്ധമായി വിശ്വസിക്കുന്നു. നാട്ടിലുള്ള സകല യുവജനങ്ങള്‍ക്കും വേണ്ടി ചിലര്‍ പ്രാര്‍ഥിക്കും. തങ്ങളുടെ മക്കളും പൊതുസമൂഹത്തിലാണ് വളരുന്നതെന്നും സമൂഹമാധ്യമങ്ങളിലൂടെ ലഭ്യമാകുന്ന കുറ്റകരമായ മ്ലേച്ഛതയില്‍നിന്നും തങ്ങളുടെ മക്കള്‍ വേര്‍തിരിക്കപ്പെട്ടിട്ടില്ല എന്ന് അവര്‍ തിരിച്ചറിയുന്നില്ല. ആവശ്യമുള്ള പണം കൊടുത്തതുകൊണ്ട് കടമ തീര്‍ക്കരുത്. സമൂഹമാധ്യമങ്ങളുടെ അതിപ്രസരം മൂലം ഉണര്‍ത്തപ്പെട്ട ലൈംഗികതയും പേറിയാണ് ഇന്നത്തെ കുട്ടികള്‍ നടക്കുന്നതെന്നു തിരിച്ചറിയണം. ലിംഗഭേദമില്ലാത്ത അവരുടെ സുഹൃദ് ബന്ധങ്ങളില്‍ അതീവ ശ്രദ്ധവേണം. പഠനകാലത്തുപോലും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ഒന്നിച്ചു താമസിക്കുന്ന മലയാളികളെ കേരളത്തിനുപുറത്ത് പലയിടങ്ങളിലും കാണാം. പണസമ്പാദനത്തിനു മാത്രമല്ല സുഖാസ്വാദനത്തിനുമുള്ള ഏറ്റവും വലിയ മാര്‍ക്കറ്റായി ലൈംഗികത ഇന്നു മാറി. കേരളത്തില്‍ പോലും ഹോംസ്റ്റേകളിലും റിസോര്‍ട്ടുകളിലും ആരൊക്കെയാണ് വരുന്നതെന്ന് ആരെങ്കിലും തിരക്കാറുണ്ടോ? പാശ്ചാത്യ രാജ്യങ്ങളിലെ ലൈംഗിക സ്വാതന്ത്ര്യം പുതുതലമുറ കുറെയൊക്കെ സ്വീകരിച്ചുവെന്നറിയാത്ത മണ്ടന്മാരായ മാതാപിതാക്കളാണിവിടെയുള്ളത്.
സഭയിലെ സണ്‍ഡേസ്കൂള്‍ മേഖലയെടുക്കുക. ബഹുഭൂരിപക്ഷവും സ്ത്രീകളാണ് കേരളത്തിലെ മതാധ്യാപകര്‍. ഏതെങ്കിലുമൊരു ക്രൈസ്തവ പ്രസിദ്ധീകരണം പോലും വായിക്കാത്തവരാണ് അവരിലധികവും. ഇന്ന് ഏറെക്കുറെ കാലഹരണപ്പെട്ട സിലബസ് പഠിപ്പിക്കാന്‍ അവര്‍ മിടുക്കരായിരിക്കാം. ലോകത്ത് എന്താണ് നടക്കുന്നതെന്ന് ഒരു ചുക്കുമറിയാത്തവരാണ് ഇന്നത്തെ മതാധ്യാപകരില്‍ പലരും. മത്സരാധിക്യത്താല്‍ ആത്മാവു ചോര്‍ന്നുപോയ മേഖലയായി മതബോധന രംഗം മാറിയോ എന്നു സംശയിക്കണം. വിശുദ്ധ കുര്‍ബാനയെപ്പറ്റി നന്നായി മനസ്സിലാക്കിയ ഒരാള്‍ എങ്ങനെയാണ് സഭയെ ഉപേക്ഷിച്ചു പോകാന്‍ ധൈര്യപ്പെടുക….?
സഭയോടു ചേര്‍ന്നുനില്‍ക്കുന്ന യുവജന സംഘടനകള്‍ ഇന്നത്തെ കോപ്രായത്തരങ്ങള്‍ നിറുത്തിവയ്ക്കുക. തൊട്ടതിനും പിടിച്ചതിനും മത്സരങ്ങള്‍ നടത്താതെ പരിശീലനങ്ങള്‍ നടത്തുക. കേരളത്തില്‍ പിറന്ന ജീസസ് യൂത്തില്‍ യാതൊരുവിധ മത്സരങ്ങളുമില്ലെന്നോര്‍ക്കണം. നിരന്തരമായ പരിശീലനത്തിലൂടെയാണ് ജീസസ് യൂത്ത് അംഗങ്ങളെ കൂടെ നിറുത്തുന്നത്. കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങളുടെ ഒരു സര്‍വേ നടത്താന്‍ യുവജന സംഘടനയ്ക്കു കഴിയില്ലേ? എത്ര പേര്‍ സഭ വിട്ടുപോയെന്ന് കണ്ടുപിടിക്കുക. എന്‍റെ നിഗമനം ശരിയാണെങ്കില്‍ സഭയെ ഞെട്ടിക്കുന്ന ഒരുത്തരമാണ് ലഭിക്കാന്‍ പോകന്നത്.
ഇതുവരെ ശ്രദ്ധ കൊടുക്കാത്ത ഒരു കാര്യം
ഏതാനും വര്‍ഷം മുന്‍പ് വായിച്ചറിഞ്ഞതാണ്. ലണ്ടനില്‍ ക്രിസ്തീയ വിശ്വാസത്തില്‍നിന്നും ഇസ്ലാമിലേക്കു പരിവര്‍ത്തനം നടത്തിയവര്‍ അയ്യായിരത്തോളമായ നേരത്ത് ചില പത്രപ്രവര്‍ത്തകര്‍ അവരോടിങ്ങനെ ചോദിച്ചു: “എന്തുകൊണ്ടാണ് നിങ്ങള്‍ ക്രിസ്തീയസഭ വിട്ടുപോന്നത്?”അതിനവരുടെ മറുപടി ഇങ്ങനെയായിരുന്നു: “ഇപ്പോള്‍ ഞങ്ങളെ ശ്രദ്ധിക്കാനാളുണ്ട്. കൂട്ടായ്മയുണ്ട്. പ്രത്യേക അനുഷ്ഠാനങ്ങളുണ്ട്. ഇതൊന്നും നടത്തിയില്ലെങ്കില്‍ ചോദിക്കാനാളുണ്ട്.”
ഇവിടെയാണ് ‘വസ്ത്രധാരണത്തിന്‍റെ ദൈവശാസ്ത്രം’ എന്നു വിളിക്കാന്‍ ഞാനാഗ്രഹിക്കുന്നത്. ദേവാലയത്തില്‍ കുഞ്ഞുനാള്‍ മുതല്‍ ഇങ്ങനെയൊരു നിയമമുണ്ടായിരുന്നുവെങ്കില്‍ അത് വിശ്വാസത്തെ എത്ര മാത്രം വര്‍ധിപ്പിക്കുമായിരുന്നു. ഹിന്ദുക്കള്‍ക്ക് ആ നിയമമുണ്ട്. മുസ്ലിംകള്‍ക്കുണ്ട്. കത്തോലിക്കര്‍ക്കു മാത്രം ഇതൊന്നും ബാധകമല്ല. ബഹുമാനപ്പെട്ട ഡാനിയേല്‍ പൂവണ്ണത്തിലച്ചന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ വെറും ഏഴാംകൂലി ദൈവമായി നാം നമ്മുടെ ദൈവത്തെ കാണുന്നു. ഇവിടെയാണ് രാഹുല്‍ഗാന്ധിയുടെ മഹത്വം മനസ്സിലാക്കേണ്ടത്. വയനാട്ടിലെ തിരുനെല്ലിയില്‍ തന്‍റെ അച്ഛന്‍റെ ചിതാഭസ്മം വിതറിയിടത്ത് കഴിഞ്ഞവര്‍ഷം അദ്ദേഹം നടത്തിയ സന്ദര്‍ശനം മറക്കരുത്. ഇന്ത്യയിലെ ഏറ്റവും സമുന്നത വ്യക്തികളിലൊരാളായ അദ്ദേഹം മുണ്ടുടുത്ത് ഒരു ഷാളുകൊണ്ട് ദേഹം മറച്ച് ചെരിപ്പിടാതെ രണ്ടു കിലോമീറ്ററോളം പാറക്കല്ലിലൂടെ നടന്നു. അതാണ് വിശ്വാസത്തിന്‍റെ അനുസരണം.
ദേവാലയത്തെ ബഹുമാനിക്കുന്നവന്‍ ശരീരത്തെ ബഹുമാനിക്കും. അരമീറ്റര്‍ തുണി ശരീരത്തോട് ചേര്‍ത്തൊട്ടിച്ച് ദിവ്യകാരുണ്യത്തിന്‍റെ മുന്‍പിലേക്കു നടന്നടുക്കുന്നവര്‍ ദൈവത്തിനു നല്‍കുന്ന ബഹുമാനം എന്താണ്? കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 2521, 22, 23 ആരും കണ്ടില്ലെന്നുണ്ടോ? വയലിലെ നിധിയുടെ വില മനസ്സിലാക്കാത്തതു കൊണ്ടല്ലേ അത് ഉപേക്ഷിച്ചു കടന്നുപോകുന്നത്? ആര്‍ക്കും എപ്പോഴും എങ്ങനെയും കേറി നിരങ്ങാവുന്ന ഒന്നായി ദേവാലയം തരംതാഴ്ത്തപ്പെടുമ്പോള്‍ ദേവാലയത്തിലെ ‘പ്രതിഷ്ഠ’യ്ക്കും അത്രയ്ക്കും വിലയേ ഉണ്ടാവുകയുള്ളൂ. ‘വസ്ത്ര ധാരണത്തിലെ ദൈവശാസ്ത്രം’ ഇനിയും നിര്‍വചിക്കപ്പെടേണ്ട ഒന്നാണ്.
ലവ് ജിഹാദ് എന്ന പേരിലുള്ള ചാനല്‍ചര്‍ച്ചകളും വാര്‍ത്തകളും ഈയിടെ നടന്നു. അതിനു കൃത്യമായ മറുപടി നല്‍കാന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സഭയുടെ ഔദ്യോഗികവും അല്ലാത്തതുമായ വക്താക്കള്‍ക്കു കഴിഞ്ഞോ എന്നു സംശയമുണ്ട്. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ ചാനല്‍ ചര്‍ച്ചയ്ക്കു പോകരുത്. ചാനല്‍ ചര്‍ച്ച നിയന്ത്രിക്കുന്നവര്‍ മണ്ടന്മാരല്ലെന്നോര്‍ക്കണം.
ജിഹാദിന്‍റെ പേരില്‍ വേവലാതികൊള്ളുമ്പോള്‍ എത്ര പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു എന്നന്വേഷിക്കണം. ഏതെങ്കിലും ഒരു പെണ്‍കുട്ടി തന്നെ പ്രണയത്തില്‍ കുരുക്കി മതം മാറാന്‍ നിര്‍ബന്ധിച്ചു എന്നു പരാതികൊടുത്താലാണ് അത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുക. ഇവിടെ എത്രപേര്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്ന് അന്വേഷിക്കുക. വിരലിലെണ്ണാവുന്നവ പോലും അത്തരത്തില്‍ കാണില്ല. പോയതൊക്കെ സ്വന്തം ഇഷ്ടത്താല്‍ പോയതാണ്. സ്വന്തം മാതാപിതാക്കള്‍ക്കും സ്വന്തം ദൈവത്തിനും വിലയില്ലാ എന്നറിഞ്ഞുകൊണ്ടുപോയതല്ലേ?
ഇന്നു കാണുന്ന വിവാദങ്ങളും ചര്‍ച്ചകളുമൊക്കെ കൗമാരക്കാര്‍ അറിയുന്നുണ്ടോയെന്നു സംശയമാണ്. കാരണം, പത്രം വായിക്കുകയോ, വാര്‍ത്ത കാണുകയോ അവരിലധികവും ചെയ്യുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ അവര്‍ അംഗമായിരിക്കാനുമിടയില്ല. അവര്‍ വിരാജിക്കുന്നത് വേറെ ഏതോ ലോകത്താണ്.
ഇത്തരമൊരു സാഹചര്യത്തില്‍, രൂപതാമെത്രാനും ഇടവകവികാരിമാര്‍ക്കും മതാധ്യാപകര്‍ക്കും മാത്രമാണ് മാതാപിതാക്കളെയും കുട്ടികളെയും ബോധവത്കരിക്കാന്‍ കഴിയുകയുള്ളൂ. ഞങ്ങളുടെ മക്കളെ മറ്റുള്ളവര്‍ പിടിച്ചുകൊണ്ടുപോയി എന്നു പറയുന്നിടത്ത് ബലഹീനതയാണ് കടന്നുവരുന്നത്. മതബോധനം, യുവജന സംഘടന, മിഷന്‍ലീഗ്, തിരുബാലസഖ്യം, മാതൃവേദി, പിതൃവേദി, കുടുംബകൂട്ടായ്മ, ബൈബിള്‍ പഠനം, വിവാഹ ഒരുക്കം, മദ്യനിരോധനം, കര്‍ഷകരക്ഷ, ജാഗ്രതാകമ്മിറ്റി തുടങ്ങി നൂറായിരം ഡിപ്പാര്‍ട്ട്മെന്‍റുകളും ഡയറക്ടര്‍മാരും അവര്‍ അവതരിപ്പിക്കുന്ന കടലാസ് റിപ്പോര്‍ട്ടുകളും വേണ്ടത്ര ഫലവത്താകുന്നില്ലായെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ദൈവവചനത്തിലും പരിശുദ്ധ കുര്‍ബാനയിലും ആഴപ്പെടുത്താതെ മത്സരങ്ങളും ആഘോഷങ്ങളുമായി ഇനിയും നീങ്ങിയാല്‍ മക്കളെയോര്‍ത്ത് നെഞ്ചുതകര്‍ന്ന പതിനായിരക്കണക്കിനു കുടുംബങ്ങളുടെ ശേഷിപ്പുകളായി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ സമൂഹം അവശേഷിക്കും.










Leave a Reply