Sathyadarsanam

ബലിവേദിയിൽ യാഗമായവർ

ഇന്ന് ആഗസ്റ്റ് 4 വൈദികരുടെ മധ്യസ്ഥനായ വി.ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനം .എല്ലാ വൈദികർക്കും തിരുനാളിന്റെ പ്രാർത്ഥനാശംസകൾ

ബലിവേദിയിൽ യാഗമായവർ

ഡോ.മേഘ മേരി ജോർജ്ജ്

പ്രശാന്തമായ അന്തരീക്ഷം,അവിടെ മരങ്ങളാൽ ചുറ്റപ്പെട്ട നിശ്ശബ്ദമായ പ്രകൃതി.അതിന്റെ നടുക്കായി രണ്ടാം സെമിനാരി എന്നൊക്കെ വിശേഷിപ്പിക്കുന്ന പ്രീസ്റ്റ് ഹോം.അവിടെ ഹൃദയത്തിൻ സ്നേഹവും ചുണ്ടുകളിൽ ക്ഷീണിച്ച ഒരു പുഞ്ചിരിയും നിലയ്‌ക്കാത്ത പ്രാർത്ഥനകളുമായി കുറെ വന്ദ്യവയോധികർ- നമ്മുടെ അച്ചന്മാർ.

തങ്ങളുടെ ആയുസ്സും ആരോഗ്യവും കഴിവുകളും വരങ്ങൾക്കും സമയവും സാധ്യതകളും നമുക്ക് വേണ്ടി ഉഴിഞ്ഞു വച്ചവർ. ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും മോഹങ്ങളെയും സുഖങ്ങളെയും തൃണവത്കരിച്ച് നമുക്കായി കരങ്ങൾ ഉയർത്തിയവർ.പ്രായത്തോടും അനാരോഗ്യത്തോടും മല്ലടിച്ച്,ദൈവം കൂട്ടായ് കൊടുത്ത ഊന്നു വടിയോട് പേടിക്കണ്ട ഇവനെന്നെ താങ്ങി കൊള്ളുമെന്ന്‌ തമാശയും പറഞ്ഞു നടന്നകലുന്ന അവരെ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു.

പ്രൗഢഗംഭീരമായ പൗരോഹിത്യത്തിന്റെ അനിവാര്യമായ അവസാന വർണ്ണപകിട്ടാണ് ഇത്.പക്ഷേ അവർക്ക് പരാതിയില്ല ,പരിഭവം ഇല്ല ലവലേശം കുറ്റബോധം ഇല്ല.ഇതിനൊക്കെ വേണ്ടി തന്നെയാണ് വർഷങ്ങൾക്ക് മുൻപ് അവർ പ്രിയപ്പെട്ടവരെയും വീടിനെയും നാടിനെയും ഉപേക്ഷിച്ചിറങ്ങിയത്.ബലിയർപ്പിക്കാൻ ,ആ ബലിവേദിയിൽ യാഗമായി തീരാൻ.

ഒരു വീട്ടിലെ അമ്മയെ പോലെ അതിരാവിലെ തന്നെ ഉണർന്ന് ഇടവകയ്‌ക്ക്‌‌ വേണ്ടി അധ്വാനിച്ച് തുടങ്ങുന്നു പുരോഹിതർ.ചിലപ്പോൾ കാതങ്ങളോളം നടന്നു വേണം ഇടവകജനത്തിന്റെ അടുത്തെത്താൻ.വണ്ടി പോയിട്ട് ഒരു പുല്ല് പോലും മുളക്കാത്ത മരുഭൂമികളും വിജനപ്രദേശങ്ങളും താണ്ടി കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ വന്യമൃഗങ്ങളുടെയും കവർച്ചക്കാരുടെയും ഭീതിയിൽ കിലോമീറ്ററുകളോളം നടന്നു ജനങ്ങളുടെ അടുത്തെത്തുന്ന വൈദികരുണ്ട്.

പുരോഹിതനാകെയാൽ തന്റെ വ്യക്തിത്വം പോലും വെളിപിടുത്താനാവാതെ ഏത് നിമിഷവും മരണത്തിന്റെ നിഴലിൽ കഴിയുന്നവരുണ്ട്.മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിൽ കൂടെ നടക്കുമ്പോഴും അവരുടെ ആശ്രയം എന്നും പ്രശോഭിക്കുന്ന നീതിസൂര്യന്റെ പ്രകാശം മാത്രം.ജീവനും ജീവിതവും തുലാസിലാടുമ്പോൾ പോലും ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണെന്ന് പറഞ്ഞു ചോര ചിന്തി സഭയെ പരിപോഷിപ്പിച്ചവർ.

അച്ചന്റെ നീളൻ പാട്ട് കുർബാന ഒന്ന് വേഗം തീർന്ന് കിട്ടണേയെന്ന് മനമുരുകി പ്രാർത്ഥിക്കുന്ന വിശ്വാസികൾ ഓർക്കാറുണ്ടോ ഒരു കുർബാന ചൊല്ലുന്നത് എത്ര ആയാസകരമാണെന്ന്?ഒരു കുർബാനയിൽ കാഴ്ച്ചക്കാരായി നിൽക്കുന്നത് പോലും നമ്മെ ക്ഷീണിതരാക്കുന്നുണ്ടെങ്കിൽ ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടി മൂന്നും ചിലപ്പോൾ നാല് വരെ കുർബാനയർപ്പിക്കേണ്ടി വരുന്ന അച്ചന്റെ ക്ഷീണം എത്രമാത്രമായിരിക്കും?

കുർബാനയ്ക്കിടയിലെ വചനപ്രഘോഷണം ശ്രദ്ധിക്കാതെ അ സമയം നിദ്രയെ പുൽകി ഒടുക്കം ഞെട്ടി ഉണരുമ്പോൾ പ്രസംഗം ബോറിയിരുന്നു എന്ന കമന്റു പറയുന്നവരും ബേമ്മയിൽ നിൽകുന്ന അച്ചന്റെ പ്രസംഗത്തിന് 10-ൽ 5 മാർക്ക് കൊടുത്ത് കഷ്ടപ്പെട്ട് ജയിപ്പിക്കുന്ന വിശ്വാസികളും ഇന്ന് കുറവല്ല.
ക്രൈസ്തവന്റെ ജീവിതത്തിലെ അവിഭാജ്യമായ ഘടകമാണ് വൈദികർ. മാമ്മോദീസ ജലത്താൽ കുളിപ്പിച്ച് നമ്മെ ഉത്ഭവപാപത്തിൽ നിന്നും മോചിപ്പിച്ച് സഭയിൽ അംഗമാക്കി സ്ഥൈര്യലേപനത്തിലൂടെ പരിശുദ്ധാത്മാവിനെ നൽകി വി.കുർബാനയിലൂടെ നമ്മെ ദൈവത്തിന്റെ ആലയങ്ങങ്ങളായി പണിതൊരുക്കുന്ന ശില്പികളാണവർ

വർഷങ്ങളായി കുമ്പസാരക്കൂടിനെ സമീപിക്കാത്ത കഠിനപാപികൾക്ക് വിധിയാളനും ഭിഷഗ്വരനുമാണ് വൈദികൻ. പാപക്ഷാളനം മാത്രമല്ല അദ്ദേഹത്തിന്റെ കർത്തവ്യം ഓരോ ആത്മാവിനും പറ്റിയ ചികിത്സ നിശ്ചയിക്കണം. പാപത്തിന്റെ ഒഴുക്കിന് എതിരായി തുഴയാൻ മാത്രമല്ല അഭിവൃദ്ധിയുടെ പാതയിലൂടെ പുരോഗമിക്കുവാനുള്ള പോംവഴികളും അദ്ദേഹം ചൂണ്ടി കാണിക്കണം. ഈശോയുടെ പ്രതിപുരുഷനാണ് ഓരോ വൈദികരും. ഇത് നമുക്ക് ഏറ്റവും അനുഭവവേദ്യമാകുന്നത് വി.കുർബാനയിലും കുമ്പസാരക്കൂട്ടിലുമാണ്.

വീഡിയോയ്ക്ക് പോസ് ചെയ്ത് റാംപ് വോക്ക് നടത്തി എത്തുന്ന വധൂവരന്മാരെ ക്ഷമയോടെ കാത്തിരിക്കുന്ന, കുർബാനയുടെ സമയത്ത് എല്ലാവരെയും അകത്ത് കയറ്റാൻ പള്ളിക്ക് ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന, സൺഡേ സ്കൂളിൽ അധ്യാപകനില്ലെങ്കിൽ അധ്യാപകനായും പാട്ട് പരിശീലിപ്പിക്കുന്ന ഗായകനായും കലോത്സവങ്ങളുടെ സമയത്ത് എല്ലാത്തിലും പ്രാഗത്ഭ്യം തെളിയിച്ച കലാപ്രതിഭയെന്നോണം കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാനും പരിപാടികൾ ചെയ്യുന്ന നല്ല സംഘാടകനായും സംഘടനകളുടെ നേതൃത്വം ഏറ്റെടുക്കുന്ന നല്ല നേതാവായും പഴകി ജീർണിച്ച ദേവാലയങ്ങളെ പുതുക്കി പണിയാൻ ഇറങ്ങിത്തിരിക്കുന്ന ശില്പികളായും കണക്കുകൾ നോക്കുന്ന ഓഡിറ്ററായും അങ്ങനെ എത്രെയെത്ര വേഷങ്ങൾ നമ്മുടെ അച്ചന്മാർ ചെയ്യുന്നു.

ഇതിനിടയിൽ സ്വന്തം ആരോഗ്യമോ വിശപ്പോ പോലും അവരുടെ വിഷയമാകുന്നില്ല. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും തന്റെ ജനത്തെക്കുറിച്ചാണ് അവരുടെ ചിന്ത. പുരോഹിതന് സ്വന്തമായി സ്വപനങ്ങൾ പോലുമില്ല. അതിൽ പോലും തന്റെ അജഗണങ്ങൾ മാത്രം. ആടുകളുടെ ചൂരുള്ള ഇടയന്മാരാണ് നമ്മുടെ വൈദികർ.

അച്ചാ എന്ന് നാം സ്നേഹത്തോടെ അവരെ വിളിക്കുമ്പോൾ We mean it. Priesthood is actually fatherhood.. അപ്പനായി മാറുന്നവൻ ഇടവകയാകുന്ന , സഭയാകുന്ന കുടുംബത്തിലെ അപ്പൻ. യേശുക്രിസ്തുവിൽ നമുക്ക് ജന്മം നൽകിയവർ.

എങ്കിലും പലപ്പോഴും നമ്മുടെ അച്ചന്മാർക്ക് നന്ദിയുടെ ഒരു വാക്ക്, നോട്ടം പോലും കിട്ടാറില്ല എന്നതാണ് വാസ്തവം. കാർക്കശ്യക്കാരനാണെന്ന കുറ്റപ്പെടുത്തലുകൾ മാത്രം ബാക്കിയാവും. ചിലപ്പോൾ അത്ര പോരായെന്ന് വിധിയെഴുതും. നമുക്ക് വേണ്ടി അവർ ഒഴുക്കിയ വിയർപ്പ് അപ്പോൾ നാം ഗൗനിക്കാറേയില്ല.

അതിനാൽ തന്നെ പുരോഹിതനാകുന്നത് എളുപ്പമല്ല. കുരിശും ചുമന്ന് കാൽവരിയിലേയ്ക്ക് കയറുകയെന്നെ ഭാരിച്ച ഉത്തരവാദിത്വമാണ് വൈദികന്റേത്. കഷ്ടപ്പാടുകളും കൂക്കുവിളികളും അദ്ദേഹം ക്ഷമയോടെ സഹിക്കണം. കാൽവരിയുടെ ഉച്ചിയിലേക്കുള്ള ആരോഹണം കൊണ്ടേ കുരിശു മരത്തെ ഉയർത്തുവാൻ കഴിയൂ. കുരിശിന്റെ മനോഹാരിതയും ഉയർച്ചയും തെളിച്ചു കാണിക്കുന്ന ഒന്നാണ് ഓരോ വൈദികന്റെയും ജീവിതവും.

പുരോഹിതരില്ലാത്ത സഭയെക്കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ? പുരോഹിതന്റെ നീളൻ കാപ്പയ്ക്ക് അമ്മയുടെ സ്നേഹത്തിന്റെ ചൂടും വിരിച്ചു പിടിച്ച കരങ്ങൾക്ക് കീഴിൽ അപ്പന്റെ സംരക്ഷണവും നമുക്ക് അനുഭവിക്കാൻ കഴിയണം.

സ്വർഗ്ഗത്തിൽ മാത്രമേ വൈദികന്റെ മാഹാത്മ്യം മനസ്സിലാക്കപ്പെടുകയുള്ളൂ. ഭൂമിയിൽ അത് മനസ്സിലാക്കിയിരുന്നെങ്കിൽ മനുഷ്യർ പേടികൊണ്ടല്ല സ്നേഹം കൊണ്ട് മരിക്കുമായിരുന്നു എന്ന് വി. ജോൺ മരിയ വിയാനി പറയുന്നു. മാലാഖമാരേക്കാൾ ഉന്നതമായ സ്ഥാനമാണ് പുരോഹിതർക്ക് സഭയിലുള്ളത് കാരണം സ്വർഗ്ഗത്തിൽ നിന്നും ഒരു മാലാഖ ഭൂമിയിലേയ്ക്ക് ഇറങ്ങി വന്നാൽ പോലും ബലിയർപ്പിക്കാനാവില്ല. അതിന് ഒരു വൈദികൻ വേണം. അത്ര സമുന്നതമായ സ്ഥാനമാണത്.

പുരോഹിതൻ ദൈവത്തിനും മനുഷ്യർക്കുമിടയിലെ മധ്യവർത്തിയാണ്. പുരോഹിതന്റെ വിരിച്ച കരങ്ങൾക്കും തകർന്ന ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനയ്ക്കും നല്ല ദൈവം ഒരിക്കലും ഉത്തരം കൊടുക്കാതിരുന്നിട്ടില്ല. പഴയനിയമത്തിൽ നമ്മൾ കാണുന്നില്ലേ ജനങ്ങളുടെ പാപം നിമിത്തം ദൈവം അവരെ ശിക്ഷിക്കുമ്പോൾ അവർക്കു വേണ്ടി മാധ്യസ്ഥ്യം നടത്തുന്ന വൈദികനെ. തന്റെ ജനത്തിന്റെ മേലുള്ള ശിക്ഷ ഒഴിഞ്ഞു പോകുവാൻ അപേക്ഷിക്കാൻ മറ്റാർക്കാണ് കഴിയുക ?

വൈദികർ ഭൂമിയുടെ ഉപ്പാണ്. ഉപ്പിന്റെ ഉറകെട്ട് പോയാൽ എങ്ങനെ ഉറക്കൂടും ? അതിനാൽ തന്നെ പുരോഹിതർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടത് നമ്മുടെ കടമയാണ്. സമുന്നതമായ പൗരോഹിത്യം മാലാഖമാരേക്കാൾ ഉപരി അവരെ ഉയർന്നുന്നുണ്ടെങ്കിലും ദുർബലരും തെറ്റുപറ്റാവുന്നവരുമായ മനുഷ്യരാകെയാൽ അവർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടത് ആവശ്യമാണെന്ന് വി.കൊച്ചുത്രേസ്യ പറയുന്നു. ഇന്നോളം നമ്മെ നയിച്ച വൈദികരെ എന്നും ഓർത്ത് നമുക്ക് പ്രാർത്ഥിക്കാം. പുരോഹിതരെ സ്നേഹിക്കാം. പൗരോഹിത്യത്തെ ബഹുമാനിക്കാം

“നിത്യപുരോഹിതനീശോയേ കാക്കണമങ്ങേ വൈദികരെ”🙏

Leave a Reply

Your email address will not be published. Required fields are marked *