അഡ്വ. ജോര്‍ഫിന്‍ പെട്ട
ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ 1992 ലാണ് നിലവില്‍ വന്നത്. കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ രൂപീകരണത്തെപ്പറ്റി സര്‍ക്കാര്‍ പറയുന്നത്, രാജ്യത്തെ മുസ്ലിംകളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിച്ച സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും കേരളത്തിലെ മുസ്ലിംകളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിച്ച പാലോളി മുഹമ്മദ്കുട്ടി കമ്മിഷന്‍ റിപ്പോര്‍ട്ടുമാണ് കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ആരംഭിക്കാനുള്ള പ്രധാന കാരണം എന്നാണ്. എന്നാല്‍ ഇത് ന്യൂനപക്ഷ കമ്മിഷന്റെ ലക്ഷ്യത്തിന് വിരുദ്ധമാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് നിഷേധിക്കപ്പെടുകയും ക്രൈസ്തവ സമൂഹത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന കാഴ്ചയാണിപ്പോള്‍.
സച്ചാര്‍ റിപ്പോര്‍ട്ടിന്റെയും പാലോളി കമ്മിഷന്റെയും വെളിച്ചത്തില്‍ ഒരു വിഭാഗത്തിന് മാത്രമായി ആവിഷ്‌കരിക്കുന്ന പദ്ധതികള്‍, ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് അനീതിയാണ്. ഇതര ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് ആരും ഇതുവരെ പഠിച്ചിട്ടില്ല. ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ 80 ശതമാനവും മുസ്ലിം വിഭാഗത്തിനു നല്‍കുമ്പോള്‍ 20 ശതമാനം മാത്രമാണ് മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നീക്കി വച്ചിരിക്കുന്നത്.
ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ
കേരളത്തില്‍ ജനസംഖ്യയുടെ 54.73% ഹിന്ദുക്കളാണ്. 26.56% മുസ്ലിം, 18.38% ക്രിസ്ത്യാനികള്‍. ക്രൈസ്തവരുടെ സംഖ്യ താഴോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ കൈതാങ്ങ് ആവശ്യമായ ലക്ഷക്കണക്കിന് ആളുകള്‍ ക്രൈസ്തവ സമൂഹത്തിലുണ്ട്. തീരദേശങ്ങളിലും മലയോരങ്ങളിലും ദാരിദ്ര്യത്തില്‍ കഴിയുന്നവരും ഏറെ. സര്‍ക്കാര്‍ ജോലികളില്‍ നാമമാത്രമായ സാന്നിധ്യമാണ് ക്രിസ്ത്യാനികള്‍ക്ക്. രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായി അനുഭവിക്കുന്ന സമൂഹം ക്രൈസ്തവരാണെന്നു കേന്ദ്ര ന്യൂനപക്ഷ വകുപ്പിന്റെ രേഖ വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്ക് 12% സംവരണം വര്‍ഷങ്ങളായി മുസ്ലിംകള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ലത്തീന്‍ കത്തോലിക്കര്‍ക്കും, ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനും 4% മാത്രമാണ് ജോലി സംവരണം. നാട്ടില്‍ തൊഴില്‍ ലഭിക്കാത്തതിനാല്‍ പ്രവാസികളാകേണ്ടി വരുന്ന ക്രൈസ്തവ യുവാക്കള്‍ വിദേശങ്ങളില്‍ അഭയം തേടുമ്പോള്‍ ക്രൈസ്തവര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന വയോധികരുടെ പ്രശ്‌നങ്ങളും നിരവധി. ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മിഷനെ നിയോഗിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്.
ന്യൂനപക്ഷ സ്‌കോളര്‍ഷിപുകള്‍ അടക്കമുള്ള ആനുകൂല്യങ്ങളുടെ വിതരണത്തില്‍ നിലനില്‍ക്കുന്ന അനീതിയെക്കുറിച്ചും വിവേചനത്തെക്കുറിച്ചും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ കമ്മിഷന്‍ തൃശൂരില്‍ നടത്തിയ സിറ്റിംഗില്‍ ഇരിങ്ങാലക്കുട രൂപതയെ പ്രതിനിധീകരിച്ചവര്‍ ബോധിപ്പിച്ചിട്ടുള്ളതാണ്. ദേശീയ ന്യൂനപക്ഷ വകുപ്പ് കോടിക്കണക്കിനു രൂപ ന്യൂനപക്ഷ ക്ഷേമത്തിനായി നീക്കി വച്ചിട്ടുണ്ട്. ഇതിന്റെ സിംഹഭാഗവും ഒരു സമുദായത്തിലേക്ക് മാത്രമായി വഴിതിരിച്ചുവിടുന്ന സ്ഥിതി മാറണം.
ന്യൂനപക്ഷ കമ്മിഷനിലെ അട്ടിമറി
ഒരു ന്യൂനപക്ഷ സമുദായ അംഗം ചെയര്‍മാനും മറ്റൊരു ന്യൂനപക്ഷ സമുദായ അംഗം മെമ്പറും ഒരു ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ഒരു സ്ത്രീ വനിതാ അംഗവുമായി സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ രൂപീകരിക്കണമെന്ന ഉത്തരവില്‍ ‘മറ്റൊരു’ എന്നത് ‘ഒരു’ എന്നു മാത്രമാക്കി ചുരുക്കി.
ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് പിന്നീട് നിയമസഭ പാസാക്കി. ഈ ‘ചെറിയ വലിയ തിരുത്ത്’ കൈയടിച്ച് പാസാക്കിയവര്‍ അതിനു പിന്നിലെ അനീതി തിരിച്ചറിഞ്ഞില്ല; അല്ലെങ്കില്‍ അറിഞ്ഞതായി ഭാവിച്ചില്ല.
ക്ഷേമ പദ്ധതികളിലെ അഴിമതി
അനീതി ഒഴിവാക്കാനാണ് ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നത്. എന്നാല്‍ നടപ്പാക്കുമ്പോള്‍ അത് ചില വിഭാഗങ്ങളോടുള്ള അനീതിയായി മാറുന്നു. എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്‌സി എന്നീ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ് നല്‍കുന്നുണ്ട്. ഇതിന്റെ 80% മുസ്ലിം വിദ്യാര്‍ഥികള്‍ക്കും 20% മറ്റു ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുമാണ്.
ആനുകൂല്യങ്ങളെക്കുറിച്ച് അറിവില്ലായ്മ
ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും ക്രൈസ്തവ സമൂഹത്തിന് വേണ്ടത്ര അറിവ് കൃത്യസമയത്തിന് ലഭിക്കുന്നില്ല. ലഭിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നില്ല. അറിവുകള്‍ കിട്ടിയാല്‍തന്നെ ആനുകൂല്യങ്ങളൊന്നും തങ്ങള്‍ക്ക് ലഭിക്കില്ല എന്ന മുന്‍വിധി മൂലം സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷകളുമായി പലരും പോകുന്നില്ല.
ഈ പശ്ചാത്തലത്തിലാണ് ഇരിങ്ങാലക്കുട രൂപതയില്‍ ആരംഭിച്ചിട്ടുള്ള ന്യൂനപക്ഷ അവകാശ ഫോറം പ്രവര്‍ത്തിക്കുന്നത്. ക്രൈസ്തവ സമുദായത്തിന്റെ ആധ്യാത്മികവും സാമൂഹികവും സാംസ്‌കാരികവും തൊഴില്‍പരവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമാക്കിയാണ് ഫോറത്തിന്റെ പ്രവര്‍ത്തനം.










Leave a Reply