കേരളത്തില്‍ സ്വര്‍ണ്ണ – മയക്കുമരുന്നു കള്ളക്കടത്ത് വര്‍ദ്ധിച്ചുവരുന്നുവെന്നത് ഒരു സത്യമാണ്. ശ്രീലങ്കയിലും മറ്റും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ കള്ളക്കടത്തിലൂടെയും മറ്റും ഒഴുകിയെത്തിയ കണക്കില്ലാത്ത പണം മുഖ്യപങ്കു വഹിക്കുന്നതായി ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിലെ ഇത്തരം കള്ളക്കടത്തുകള്‍ വല്ലപ്പോഴുമൊക്കെ പിടിക്കപ്പെടുന്നതായുള്ള വാര്‍ത്തകള്‍ വരുന്നു എന്നതല്ലാതെ അവയുടെ ഉറവിടമോ ലക്ഷ്യമോ തിരഞ്ഞുപോകാനോ ഉദ്ദേശലക്ഷ്യങ്ങള്‍ പുറത്തുകൊണ്ടുവരാനോ സംസ്ഥാനത്തെ നിയമ-ഭരണസംവിധാനങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. വ്യാപകവും സംഘടിതവുമായ ഇത്തരം കള്ളക്കടത്തുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വ്യക്തികളല്ലെന്നും അവയൊന്നും തന്നെ ഒറ്റപ്പെട്ടതോ കേവലം സാമ്പത്തികലാഭം മാത്രം ലക്ഷ്യം വെച്ചുള്ളതോ അല്ലെന്നും അറിയാമെങ്കിലും അവയുടെ നിയന്ത്രണവും അവക്കെതിരേയുള്ള നടപടികളും ചോദ്യചിഹ്നമായി അവശേഷിക്കുകയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ഡിപ്ലോമാറ്റിക് ബാഗിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് വാര്‍ത്തയാകുന്നത്. പ്രസ്തുത സ്വര്‍ണ്ണക്കടത്തിന് തീവ്രവാദവുമായി ബന്ധമുണ്ടെന്നും അത് കേരളത്തിലെ സ്വര്‍ണ്ണവ്യവസായം, റിയല്‍ എസ്റ്റേറ്റ്, സിനിമ, മറ്റ് വ്യവസായമേഖലകള്‍ എന്നിവയോട് മാത്രമല്ല, ഭരണത്തിലിരിക്കുന്ന ഉന്നതരോടും ഉദ്യോഗസ്ഥവൃന്ദത്തോടും കൂടി ബന്ധപ്പെട്ടതാണ് എന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കള്ളക്കടത്തും അതിലൂടെ സ്വരുക്കൂട്ടുന്ന പണവും പലതരത്തിലുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള വിശകലനങ്ങളാണ് ഈ ലക്കം സത്യാന്വേഷി ചര്‍ച്ച ചെയ്യുന്നത്. ഏവര്‍ക്കും സ്വാഗതം.
1. സ്വര്‍ണ്ണക്കടത്തും വിവാദങ്ങളും
ഭരണ രാഷ്ട്രീയ മേഖലകളില്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഡിപ്ലോമാറ്റിക് ബാഗിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലാദ്യമായാണ് ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയതിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. യുഎഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‌സലില്‍ സ്റ്റീല്‍ പൈപ്പുകള്‍ക്കുള്ളിലാണ് സ്വര്‍ണം ഉണ്ടായിരുന്നത്. പല ബോക്‌സുകളിലായി സ്വര്‍ണം എത്തിയത് ദുബായില്‍ നിന്നാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തി സ്വര്‍ണ്ണം പിടികൂടിയത്.
2020 ജൂലൈ 5ന് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന 15 കോടി രൂപയുടെ സ്വര്‍ണം ഇപ്രകാരം കസ്റ്റംസ് പിടിച്ചെടുത്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. കേസില്‍ കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒ. ആയ സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് അധികൃതര്‍ ആരോപിക്കുന്നത് മുന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയും ഐ.ടി വകുപ്പിലെ കരാര്‍ ജീവനക്കാരിയുമായ സ്വപ്ന സുരേഷിനെയാണ്. സംഭവം പുറത്ത് വന്നതിനെത്തുടര്‍ന്ന് സ്വപ്നയെ പുറത്താക്കി. കൂടാതെ ഇതിന്റെ പേരില്‍ ആരോപണ വിധേയനായ ഐ.ടി സെക്രട്ടറി ശിവശങ്കരനേയും സര്‍ക്കാര്‍ മാറ്റി. സ്വര്‍ണ്ണക്കടത്തു കേസ് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് ദേശീയസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ യുഎപിഎ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ദേശീയ അന്വേഷണ ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വര്‍ണക്കടത്തിലൂടെ രാജ്യത്ത് എത്തിയ പണം ദേശീയ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നതിനാലും പണം ഭീകരവാദ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയും പരിഗണിച്ചാണ് നടപടി എന്നാണ് എന്‍.ഐ.എ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
തിരുവനന്തപുരത്തിന് പുറമേ ഹൈദരാബാദ് അടക്കമുള്ള മറ്റു വിമാനത്താവളങ്ങളിലും ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണ്ണക്കടത്തു നടത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. അക്കാരണത്താല്‍ത്തന്നെ അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക് എത്തുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. സ്വര്‍ണ്ണക്കടത്തില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് എന്‍ഐഎ നിലപാട്.
2. സ്വര്‍ണ്ണം പോകുന്ന വഴികൾ
തിരുവനന്തപുരത്ത് സ്വര്‍ണ്ണവും സ്വര്‍ണ്ണബന്ധങ്ങളും തേടി എന്‍ഐഎ അന്വേഷണം നടക്കുമ്പോള്‍ കസ്റ്റംസ് അരിച്ചുപെറുക്കിയത് കോഴിക്കോട് ഭാഗമാണ്. കേരളത്തിലേക്കെത്തുന്ന സ്വര്‍ണം എവിടേക്കു പോകുന്നു, എവിടെ നിന്ന് വരുന്നു, എന്തിനെല്ലാമാണ് ഉപയോഗിക്കപ്പെടുന്നത് എന്നിങ്ങനെ പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കാനുണ്ട്. അതിനായി പ്രതികളുടെ ഇടപാടുകളും ബന്ധങ്ങളും കണ്ടെത്തണം. പ്രതിയായ ഫൈസല്‍ ഫരീദ് യുഎഇയില്‍ നിര്‍മ്മിച്ച വ്യാജമുദ്ര ഉപയോഗിച്ചാണ് സ്വര്‍ണ്ണക്കടത്ത് നടത്തിയിരിക്കുന്നത്. ഇങ്ങനെ കേരളത്തിലെത്തിച്ച സ്വര്‍ണ്ണം ആഭരണനിര്‍മ്മാണത്തിനല്ല, മറിച്ച് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് എന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചിട്ടുള്ളത്. ഈ സ്വര്‍ണ്ണം ജ്വല്ലറി ഉടമകള്‍ക്കോ മറ്റ് ആളുകള്‍ക്കോ കൈമാറുന്നതിലൂടെ ലഭിക്കുന്ന സാമ്പത്തികലാഭമാണ് ഇത്തരം രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കപ്പെടുന്നത്. മലപ്പുറം സ്വദേശിയായ റമീസിനെ അറസ്റ്റ് ചെയ്തതില്‍ നിന്നും സ്വര്‍ണ്ണം ജ്വല്ലറികളിലേക്കും തമിഴ്‌നാട്ടിലേക്കുമൊക്കെ വിതരണം ചെയ്യപ്പെടുന്നതിനെക്കുറിച്ച് കസ്റ്റംസിന് മനസ്സിലാക്കാന്‍ കഴിഞ്ഞു.
റമീസില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങിയതിലൂടെ അറസ്റ്റിലായ ജലാല്‍ യത്തീംഖാനയില്‍ വളര്‍ന്ന വ്യക്തിയാണ്. തമിഴ്‌നാട്ടില്‍ കോഴിഫാം നടത്തിയിരുന്ന ജലാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രമാണ് ദുബായിലേക്ക് പോകുന്നത്. എന്നാല്‍ കണ്ണടച്ച് തുറക്കുന്നതിന് മുമ്പേ ജലാല്‍ അതീവസമ്പന്നനായിത്തീര്‍ന്നു. സ്വര്‍ണ്ണക്കടത്തും മറ്റുമായി ബന്ധപ്പെട്ട പല കേസുകളിലും പ്രതിയായ ജലാല്‍ പിടികിട്ടാപ്പുള്ളിയായിരുന്നു.
3. സാമ്പത്തികലാഭം തീവ്രവാദത്തിന്
സ്വര്‍ണ്ണക്കടത്തിന് തീവ്രവാദവുമായി ബന്ധമുണ്ടോയെന്ന എന്‍ഐഎ അന്വേഷണം കേരളത്തില്‍ വേരുകളുള്ള തീവ്രവാദസംഘടനകളിലേക്കുകൂടി വ്യാപിക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്തിന് ദേശീയ അന്തര്‍ദേശീയ ബന്ധങ്ങള്‍ ഇത്തരം സാധ്യതകളിലേക്കുള്ള ശക്തമായ സൂചനകളാണ് നല്കുന്നത്. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട തീവ്രവാദസംഘടനകള്‍ പലതും പേരുമാറി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഒരു പരസ്യമായ രഹസ്യമാണ്. ഇത്തരം സംഘടനകളിലെ ആളുകള്‍ രാഷ്ട്രീയപാര്‍ട്ടികളിലും സാമൂഹ്യസാംസ്‌കാരികസംഘടനകളിലും നുഴഞ്ഞു കയറിയിട്ടുള്ളതായും കാണാന്‍ കഴിയും.
കേരളത്തിലെ മത-സാമുദായികപ്രശ്‌നങ്ങളില്‍ ഇടപെട്ട് സമരം നയിക്കാനും സമുദായസ്പര്‍ധ സൃഷ്ടിക്കാനും ഇക്കൂട്ടര്‍ ശ്രമം നടത്തുന്നുണ്ട്. സമരങ്ങള്‍ക്ക് വേണ്ടി തട്ടിക്കൂട്ടിയിരിക്കുന്ന സാംസ്‌കാരികസംഘടനകളും പലതാണ്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് മാധ്യമങ്ങളെ വിലക്കെടുത്തും തങ്ങളുടെ ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ നടന്നിരിക്കുന്ന സമരങ്ങളുടെ പലതിന്റെയും സ്‌പോണ്‍സര്‍മാര്‍ ഇത്തരത്തിലുള്ള തീവ്രവാദബന്ധങ്ങളുള്ളവരാണ് എന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കസ്റ്റംസിന്റെ പിടിയിലായ റമീസ് തന്നെയും കൊച്ചി വിമാനത്താവളം വഴി ആറു തോക്കുകള്‍ കടത്തിയതിന് പിടിയിലായിട്ടുണ്ട്.
4. ഭരണകൂടങ്ങളുടെ നിഷ്‌ക്രിയത്വം
കേരളത്തില്‍ ഏതു മുന്നണി ഭരിച്ചാലും തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയും വിധം രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കകത്ത് നുഴഞ്ഞ് കയറാനും അധികാരസ്ഥാനങ്ങള്‍ കരസ്ഥമാക്കാനും തീവ്രവാദപ്രസ്ഥാനങ്ങള്‍ ശ്രമിച്ചതിന്റെ ഭാഗമായി അവരുടെ സാന്നിദ്ധ്യം എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും ഇപ്പോള്‍ കാണാവുന്നതാണ്. രാഷ്ട്രീയം കൊണ്ട് പലതാണെങ്കിലും ഉദ്ദേശം കൊണ്ട് എല്ലാവരും ഒരേ ലക്ഷ്യത്തിലേക്കാണ് ഈ പ്രസ്ഥാനങ്ങളെ നയിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടിയിലായാലും പ്രതിപക്ഷത്തായാലും ബലം അളന്നുനോക്കിയാല്‍ ഇക്കൂട്ടര്‍ ഏതാണ്ട് ഒരേയളവില്‍ എല്ലായിടത്തും കാണും. അതിനാല്‍ത്തന്നെ പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും അറിഞ്ഞില്ലെന്നും ഭാവിക്കുകയല്ലാതെ മാറിമാറി വരുന്ന ഗവണ്‍മെന്റുകള്‍ക്ക് മറ്റൊന്നും ചെയ്യുക സാധ്യമല്ല. ഭരണകൂടത്തെ നിഷ്‌ക്രിയമാക്കിക്കൊണ്ടും താക്കോല്‍സ്ഥാനങ്ങളിലുള്ളവരെ സ്വാധീനിച്ചുകൊണ്ടും നടത്തുന്ന നീചമായ ബൗദ്ധികയുദ്ധമാണ് ഇപ്പോള്‍ കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
ഇതിനും പുറമേ, ലോക്‌സഭാ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍പ്പോലും വന്‍തോതില്‍ പണമിറക്കാന്‍ ഇവര്‍ക്ക് സാധിക്കാറുണ്ട്. എല്ലാത്തിനും കൂറുകാണിക്കാന്‍ വേണ്ടി മാത്രം തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അവരുടെ ഭരണകാലം മതിയാകാതെ വരുമെന്നതാണ് സത്യം. അതിനേറ്റവും വലിയ തെളിവാണ് സ്വര്‍ണ്ണക്കടത്തിനും ഹവാലക്കും തീവ്രവാദവുമായി ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇരുമുന്നണികളുടെയും ഭരണകാലത്തായി മുക്കിക്കളഞ്ഞത്. കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണവിഭാഗം ഈ വിഷയം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ടുകള്‍ നല്കിയിരുന്നുവെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ല എന്നതാണ് സത്യം. കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ്, പോലീസ് തുടങ്ങിയ ഏജന്‍സികള്‍ കേസുകള്‍ പിടികൂടുന്നതിന് പിന്നാലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പ്രതികളുടെ വിവരങ്ങള്‍ തിരക്കാറുണ്ട്. പ്രതികളില്‍ പലര്‍ക്കും തീവ്രവാദസ്വഭാവമുള്ള വ്യക്തികളുമായും സംഘടനകളുമായും ബന്ധമുണ്ടെന്ന് പലപ്പോഴായി ഇത്തരം അന്വേഷണങ്ങളില്‍ മനസ്സിലായതിന്‍ പ്രകാരമാണ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടുകള്‍ നല്കിയത്. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് രഹസ്യാന്വേഷണവിഭാഗം തന്നെ ആരോപിക്കുന്നത്.
സര്‍ക്കാരുകളുടെ താത്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന നിയമപാലകര്‍ക്കും ഒരു പരിധി കഴിഞ്ഞ് ഇത്തരം വിഷയങ്ങളില്‍ ഇടപെടുക അസാദ്ധ്യമാണ്. ഇപ്പോഴത്തെ സ്വര്‍ണ്ണക്കടത്ത് പോലും ഒരു പരിധിക്കപ്പുറത്തേക്കുള്ള അന്വേഷണവഴികള്‍ താണ്ടുമോയെന്നത് സംശയകരമാണ്. ഉന്നതസ്ഥാനങ്ങളിലേക്ക് എത്തുന്തോറും അന്വേഷണത്തിന്റെ വേഗത കുറഞ്ഞ് കുറഞ്ഞ് വരും. സാവധാനം സ്വര്‍ണ്ണക്കടത്ത് തികച്ചും സദുദ്ദേശപരമായിരുന്നുവെന്നുപോലും കോടതിമുറിയില്‍ തെളിയിക്കപ്പെടുക അസാദ്ധ്യമല്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്. എങ്കിലും എന്‍.ഐ.എ അന്വേഷണം പ്രാപ്തിയിലെത്തുമെന്നാണ് പൊതു സമൂഹത്തിന്റെ പ്രതീക്ഷ
5. സ്വര്‍ണ്ണക്കടത്തും വ്യവസായവും സിനിമയും
സ്വര്‍ണ്ണക്കടത്തിന്റെ ലാഭം പറ്റുന്ന വ്യവസായമേഖലകള്‍ കേരളത്തിലുണ്ട് എന്നതും ഏവര്‍ക്കുമറിയാവുന്ന സത്യമാണ്. സ്വര്‍ണ്ണം, ടെക്‌സറ്റൈല്‍സ്, ടൂറിസം, ഷോപ്പിംഗ് മാളുകള്‍, വാഹനങ്ങള്‍, മൊത്തവ്യാപാരസ്ഥാപനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, സിനിമ എന്നിങ്ങനെ അത് വ്യാപിച്ച് കിടക്കുകയാണ്. രാജ്യത്തോടും തങ്ങളായിരിക്കുന്ന സമൂഹത്തോടുമുള്ള പ്രതബദ്ധതയോടെ ബിസിനിസ് ചെയ്യുകയും മാന്യമായ ലാഭം പ്രതീക്ഷിക്കുകയും ചെയ്യുന്ന മറ്റെല്ലാ മനുഷ്യര്‍ക്കും ഇവര്‍ ഒരു ഭീഷണിയാണ്. വലിയ തുകകള്‍ ഒരുമിച്ച് ഇറക്കി റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ ഉറപ്പിക്കുകയും കച്ചവടം നടത്തുകയും കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് വലിയ വ്യാപാരസ്ഥാപനങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയുമൊക്കെ ചെയ്യുന്നതിന് പണം എങ്ങനെ, എവിടെ നിന്നാണ് എന്നത് ഇപ്പോള്‍ നമുക്ക് ഉത്തരമുള്ള ചില ചോദ്യങ്ങളാണ്.
സിനിമ മേഖലയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും ചോദ്യം ചെയ്യലുകളുമൊക്കെ സ്വര്‍ണ്ണക്കടത്ത് കേസുകളിലുണ്ടായിട്ടുണ്ട്. മലയാളത്തിലെ സിനിമാരംഗം ഹൈജാക്ക് ചെയ്യപ്പെട്ടുവെന്നും ഒരു പ്രത്യേകവിഭാഗത്തെ വെള്ളപൂശുന്നതിനും ന്യായീകരണത്തിനുമായി മലയാളസിനിമാരംഗം ഉപയോഗിക്കപ്പെടുന്നുവെന്നുമുള്ള വിമര്‍ശനം കുറച്ചു നാളുകളായി ഉയരുന്നതാണ്. ക്രൈസ്തവസമുദായത്തെയും ക്രൈസ്തവസമുദായത്തിന്റെ നേതൃത്വത്തെയും ഇകഴ്ത്തിക്കാട്ടിയും കൂദാശകളേയും ദൈവാരാധനയേയും പരിഹസിച്ചും സിനിമകള്‍ രൂപം കൊള്ളുന്നതിന്റെ കാരണവും മറ്റൊന്നല്ല എന്നത് തര്‍ക്കമെന്യേ ഏവര്‍ക്കും മനസ്സിലാകുന്നു. സിനിമാക്കാരുടെ യാത്രകളും വാഹനങ്ങളും സ്വര്‍ണ്ണക്കടത്തിനായി ഉപയോഗപ്പെടുത്തിയെന്ന സംശയത്തിലാണ് അന്വേഷണസംഘം ഉള്ളത്. വിദേശപ്രോഗ്രാമുകളും മറ്റും ഇത്തരം കാര്യങ്ങള്‍ക്കുള്ള മറയായിരുന്നുവോയെന്നാണ് ഇപ്പോഴത്തെ സംശയം.
6. നന്മമരങ്ങളും സാമൂഹ്യസേവനവും
സോഷ്യല്‍ മീഡിയ ചാരിറ്റി സംഘടനകള്‍ പലതും കള്ളപ്പണം വെളുപ്പിക്കാനും തട്ടിപ്പിനും ഉള്ള മാര്‍ഗങ്ങള്‍ ആണെന്ന് ഉള്ള പരാതികളും അനുബന്ധപ്രശ്‌നങ്ങളും അടുത്ത കാലത്തായി ഉയരുന്നുണ്ട്. 30 ലക്ഷം ചികിത്സക്ക് ആവശ്യപ്പെടുമ്പോള്‍ ഒരാള്‍ തന്നെ 60 ലക്ഷം കൈമാറുന്നതും തുടര്‍ന്നും പണം വരുന്നതുമെല്ലാം ഇപ്പോള്‍ ചര്‍ച്ചയായ വിഷയങ്ങളാണ്. നന്മമരങ്ങളെ ന്യായികരിച്ചും പ്രോത്സാഹിപ്പിച്ചും സോഷ്യല്‍മീഡിയ വാര്‍ റൂമുകളും ഇവിടെ സജീവമാണ്.
കേരളത്തില്‍ നിറഞ്ഞു നിന്ന നഴ്സസ് സമരത്തിന്റെ മുന്നണിപ്പോരാളികളുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് നിക്ഷിപ്തതാത്പര്യങ്ങളുള്ളവര്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഇടങ്ങളെ വിഴുങ്ങിയതിനാലാണ്. നഴ്‌സുമാരുടെ സമരത്തെ പിന്‍പറ്റി കേരളത്തില്‍ സ്ഥാപിക്കപ്പെട്ട ഹോസ്പിറ്റല്‍ ശൃംഖലയെക്കുറിച്ച് ആരും സംസാരിക്കാത്തതെന്താണ്… ദീര്‍ഘ നാളുകള്‍ നീണ്ട് നിന്ന സമര പരിസരത്ത് നിന്നും ചില ആശുപത്രികളെ ഒഴിവാക്കിയതെന്തുകൊണ്ടാണ്… സംഘടനാപ്രവര്‍ത്തകര്‍ക്കുപോലും മനസ്സിലാകാത്തവിധത്തിലായിരുന്നു സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടു പോയിരുന്നത്. നഴ്‌സുമാര്‍ക്ക് ഈ സമരം സംഘടനാപരമായും സാമ്പത്തികമായും ഗുണം ചെയ്തെങ്കിലും നേതൃനിരയിലുണ്ടായിരുന്നവര്‍ സാമ്പത്തികതിരിമറി മൂലം കേസിലകപ്പെട്ടത് സത്യത്തെയും നീതിയെയും അധികനാള്‍ മറച്ചുവെക്കാനാവില്ല എന്നതിന്റെ ഉത്തമ നിദര്‍ശനമാണ്.
7. പക്ഷംപിടിച്ച് മാധ്യമങ്ങളും
വസ്തുതകളെല്ലാമറിയാമെങ്കിലും സത്യം പറയാനും ചര്‍ച്ച ചെയ്യാനും മടിക്കുന്ന മാധ്യമങ്ങളും ഈ ദുരവസ്ഥയുടെ കാരണക്കാരാണ്. ചില മാധ്യമങ്ങള്‍ സത്യം പറയുന്നില്ലെന്ന് മാത്രമല്ല, പണം ലഭിക്കുന്നിടത്തേക്ക് കൂറ് മാറുകയും ചെയ്യുന്നത് മാധ്യമധര്‍മ്മത്തിന് നിരക്കുന്നതല്ല. തീവ്രവാദവുമായി ബന്ധപ്പെട്ടും ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും ഏതു വാര്‍ത്തയും തത്പരകക്ഷികള്‍ക്ക് വേണ്ടി വളച്ചൊടിക്കാനും അവഗണിക്കാനും ഭൂരിപക്ഷം മാധ്യമങ്ങള്‍ തയ്യാറാകുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരിലെ സ്ത്രീകള്‍ ലൗജിഹാദിന്റെ ഇരകളാണെന്ന് പറയാന്‍ ധൈര്യമുള്ള എത്ര മാധ്യമങ്ങളുണ്ട്?.. മാധ്യമങ്ങള്‍ വിലക്കെടുക്കപ്പെടുകയോ, നിശബ്ദമാക്കപ്പെടുകയോ ചെയ്യുന്നുവെന്നത് ഭീകരതയെ തൊട്ടടുത്ത് അഭിമുഖീകരിക്കുന്ന ഒരു സമൂഹമെന്ന നിലയില്‍ കേരളത്തിന് ഭീഷണിയാണ്. നിശബ്ദമാകുന്നു എന്നതിലുപരി നുണകള്‍ കൊണ്ട് പലരെയും ഭീകരതയിലേക്ക് അടുപ്പിക്കാന്‍പോലും സഹായകമാംവിധം മാധ്യമപ്രവര്‍ത്തനം അധപതിക്കുന്നതിനും ഈ കാലം സാക്ഷ്യമാണ്.
8. കേരളത്തില്‍ തഴക്കുന്ന മതഭീകരത
കേരളത്തില്‍ മതഭീകരത ശക്തമാകുന്നുണ്ട് എന്നതിന് നിരവധിയായ സൂചനകള്‍ ലഭിച്ചിട്ടുണ്ട് എങ്കിലും അറിയേണ്ടവര്‍ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. 90കളിലാരംഭിക്കുന്ന ഇത്തരം അസാധാരണ സംഭവഗതികളെ സാധൂകരിക്കുന്ന പോലീസ് അന്വേഷണങ്ങള്‍ത്തന്നെയുണ്ട്. മലപ്പുറത്തെ തിയേറ്ററുകളില്‍ സിഗററ്റ് ബോംബുകള്‍ കണ്ടെത്തുന്ന 90കളും കടലുണ്ട് പാലത്തിനടിയില്‍ പൈപ്പ് ബോംബ് കണ്ടെത്തിയ 96-ലും എല്ലാം പ്രബലപ്പെടുന്ന മതഭീകരതയെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും ഔദ്യോഗികതലത്തില്‍ അറിയിപ്പുകളെത്തിയിട്ടുണ്ട്. ഒരിക്കല്‍ മലപ്പുറം ജില്ലയില്‍ നല്ലവനായ ഒരു മനുഷ്യന്‍ കൊല്ലപ്പെട്ടു. അയാള്‍ ഒരു ഹിന്ദുവായിരുന്നു. സാധാരണയായി നല്ലവനായിട്ടുള്ള ഒരാള്‍ കൊല്ലപ്പെടാറില്ല. എന്തെങ്കിലും കുഴപ്പം കാണും എന്ന വിശ്വാസത്തില്‍ പോലീസ് അന്വേഷണം നടന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി ഒരു മുസ്ലീം വിധവയുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇയാള്‍ കൊല്ലപ്പെട്ടത് എന്ന നിഗമനത്തിലേക്ക് അന്വേഷകര്‍ എത്തിച്ചേര്‍ന്നു. അപ്പോഴാണ് ഇതേരീതിയില്‍ തൃശൂരില്‍ രണ്ടുസ്ഥലത്ത് ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് പോലീസ് അറിയുന്നത്. പാലക്കാട് ആലത്തൂരിലും ഇതേരീതിയില്‍ കൊലപാതകം നടന്നു. 97-ല്‍ ഇങ്ങനെ നാലു സംഭവങ്ങള്‍ നടന്നു. മുസ്ലീം പെണ്‍സുഹൃത്തുമായി അടുപ്പമുള്ള ഹിന്ദു പുരുഷന്മാര്‍ കൊല്ലപ്പെടുന്നു. കൊല്ലപ്പെടുന്ന രീതിയും ഒന്നുതന്നെ. ഈ നാലു കേസുകളും നാല് ഉദ്യോഗസ്ഥന്‍മാര്‍ വളരെ സമര്‍ത്ഥമായി അന്വേഷിച്ച കേസുകളാണെങ്കിലും അവയ്ക്ക് പരസ്പരം ബന്ധം ഉണ്ടോ എന്ന് വീണ്ടും അന്വേഷിക്കാന്‍ പോലീസ് തീരുമാനിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ‘ജെഐഐ’ എന്ന പേരില്‍ ഒരു സംഘടന സംസ്ഥാന വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ ഇതിനകം കേരളത്തില്‍ പലയിടങ്ങളിലായി പന്ത്രണ്ടോളം പേരെ ഈ രീതിയില്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നും കണ്ടെത്തി. കൂടാതെ ഇവര്‍ 200-ലധികം ആക്രമണങ്ങള്‍ തൊണ്ണൂറുകളില്‍ നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. 97,98 കാലഘട്ടത്തില്‍ നടന്ന കാര്യമാണിത്. പക്ഷേ മാധ്യമങ്ങളില്‍ ആ വാര്‍ത്തക്ക് വലിയ പ്രാധാന്യം ലഭിച്ചില്ല.
പിന്നീട് നടന്ന കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ കേരളത്തില്‍ നിന്ന് സ്‌ഫോടനവസ്തുക്കള്‍ കൊണ്ടുപോയതിന്റെ പേരില്‍ ഒരാള്‍ അറസ്റ്റിലായി. പിന്നീട് കോഴിക്കോട് ബസ്റ്റാന്റില്‍ രണ്ടു ബോംബുകള്‍ പൊട്ടി. മാറാട് ബോട്ട് കത്തിച്ചു… ഇതൊക്കെ സംഭവിക്കുമ്പോഴും കേരളത്തില്‍ ഭീകരപ്രവര്‍ത്തനമുണ്ടെന്ന്… ഭീകരപ്രവര്‍ത്തകരുണ്ടെന്ന് കേരളീയര്‍ വിശ്വസിച്ചില്ല അഥവാ മറച്ചുവെച്ചു എന്നതാണ് സത്യം. ഭീകരപ്രവര്‍ത്തനത്തിന് തന്നെ പതിനഞ്ചോളം പേരെ അറസ്റ്റ് ചെയ്തപ്പോഴും കള്ളക്കേസാണെന്ന് പറഞ്ഞ് അവര്‍ക്ക് രക്ഷപ്പെടാന്‍ കേരളത്തില്‍ അവസരമുണ്ടായി. വാഗമണ്‍ സമ്മേളനം നടന്നത് അറിഞ്ഞപ്പോഴും കേരളത്തില്‍ ഭീകരരുണ്ടെന്ന് വിശ്വസിക്കാന്‍ തയ്യാറായില്ല. എന്നാല്‍ എറണാകുളത്തുകാരായ രണ്ടുപേരുള്‍പ്പെടെ നാലുപേര്‍ കാശ്മീരില്‍ കൊല്ലപ്പെടുകയും അവരെ തിരിച്ചറിയാന്‍ കാശ്മീരില്‍ നിന്ന് കേരളത്തില്‍ അന്വേഷണമുണ്ടാവുകയും ചെയ്തപ്പോള്‍, അന്നുവരെ കേരളത്തില്‍ ഭീകരരുണ്ടെന്ന് സമ്മതിക്കാന്‍ വിസമ്മതിച്ചിരുന്നവര്‍ക്ക് മിണ്ടാട്ടം മുട്ടിപ്പോയി.
ഇതേത്തുടര്‍ന്നാണ് കേരളത്തില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്കുപോലുമുള്ള റിക്രൂട്ട്‌മെന്റുകള്‍ ഉണ്ടായത്. കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളിലും സാമ്പത്തികമേഖലകളിലും ഉദ്യോഗസ്ഥരംഗത്തും, എന്തിന്, ജുഡീഷ്യറിയില്‍പ്പോലും നുഴഞ്ഞുകയറ്റമുണ്ടായി. ഇതരസമുദായങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയിച്ച് പ്രലോഭിപ്പിച്ച് മതംമാറ്റുന്ന പ്രവണതകള്‍ രൂപംകൊണ്ടു. അവരില്‍ ചിലരെ സിറിയയിലാണ് പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞത്. അക്കാദമികരംഗത്തും കലാ-സാസ്ംകാരികരംഗത്തും പ്രത്യേകപദ്ധതികളോടെ എത്തിച്ചേര്‍ന്നവര്‍ മതം വ്യാപിപ്പിക്കാനും മറ്റുള്ളവരെ ഇല്ലാതാക്കാനും ശ്രമിച്ചുതുടങ്ങിയിടത്താണ് കേരളത്തിന്റെ പൊതുബോധം ഭീതിയോടെയാണെങ്കിലും ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് സംസാരിക്കാനാരംഭിച്ചത്.
9. ക്രൈസ്തവര്‍ക്ക് എതിരാകുന്ന മതഭീകരത
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി മതത്തെ ഉപയോഗപ്പെടുത്തുന്നതിനും, മതവും അധികാരവും തമ്മില്‍ കൂടിക്കുഴയുമ്പോഴും വാഗ്ദാനാധിഷ്ഠിതമായ ഒരു ഖാലിഫേറ്റു രൂപംകൊള്ളണമെന്ന് ഒരുകൂട്ടം വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. അത്തരം ഒരു സ്വപ്നത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാക്ക്, സിറിയ എന്നിവിടങ്ങളില്‍ പുരാതന ഖാലിഫേറ്റു പുനരാവിഷ്‌കരിക്കുന്നതിനായി ഇസ്ലാമിക് സ്റ്റേറ്റ് അല്ലെങ്കില്‍ ഐഎസ്‌ഐഎസ് എന്ന ഭീകരപ്രസ്ഥാനം രൂപംകൊണ്ടത്. ഐഎസ്‌ഐഎസ് എന്ന സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിനുവേണ്ടി കോടാനുകോടി രൂപ മുടക്കാനായി ലോകത്തെമ്പാടും ധാരാളം ആളുകള്‍ സന്നദ്ധരാണ്. ഇപ്രകാരം സന്നദ്ധരായവരുടെയും അവര്‍ മുടക്കുന്ന പണത്തിന്റെയും പിന്‍ബലത്തിലാണ് അന്തര്‍ ദേശീയ രാഷ്ട്രീയ ഇസ്ലാം
(International Political Islam) അഥവാ റാഡിക്കല്‍ ഇസ്ലാം ആഗോള തലത്തില്‍ ശക്തിപ്രാപിക്കുന്നത്.
അമേരിക്കയുടെ ശക്തമായ ഇടപെടല്‍ കൊണ്ട് ഐഎസ് എന്നുള്ള പ്രത്യേക സ്റ്റേറ്റ് ഭരണം ഇപ്പോള്‍ ഏകദേശം ഇല്ലാതായി. ഐഎസ് ഭരിച്ചിരുന്നിടം ഇപ്പോള്‍ തികച്ചും അരാജകത്വം നിറഞ്ഞു നില്‍ക്കുകയാണ്. അവരുടെ ചിന്തയില്‍ ഈ തുടച്ചുനീക്കലിന് കാര്യകാരണങ്ങളുണ്ട്. മദ്ധ്യപൂര്‍വ്വദേശങ്ങളിലെ ക്രൈസ്തവരെ തങ്ങള്‍ ഓടിച്ചുവിട്ടതുകൊണ്ടാണ് പാശ്ചാത്യ ക്രിസ്ത്യാനിറ്റി തങ്ങളെ ഇല്ലാതാക്കിയതെന്നാണ് അവര്‍ കരുതുന്നത്. അമേരിക്കയെ അവര്‍ ക്രൈസ്തവരെന്ന് പരിഗണിക്കുന്നു. ഈയൊരൊറ്റക്കാരണത്താല്‍ത്തന്നെ ആലോചനാശീലമില്ലാത്തവരും അനാത്മീയരുമായ അത്തരം ചിന്താഗതിക്കാര്‍ ക്രൈസ്തവരോട് പകരംവീട്ടണമെന്ന പ്രതികാരചിന്തയാണ് ലോകമെങ്ങും പ്രചരിപ്പിക്കുന്നത്. ലോകത്തുള്ള ഏതു ക്രിസ്ത്യാനിയോടും പകരം വീട്ടണമെന്നതാണ് അവരുടെ നിശ്ചയം.
സമാപനം
ഇസ്ലാമികഭരണം നിലനില്‍ക്കുന്ന ഒരു ഖാലിഫേറ്റ് ആഗോള പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പ്രഖ്യാപിതലക്ഷ്യമാണ്. ഈ ചിന്താഗതിയില്‍ ആകൃഷ്ടരായ അനേകം യുവാക്കള്‍ ലോകത്തിന്റെ പലഭാഗങ്ങളിലുമുണ്ട്, കേരളത്തിലുമുണ്ട്. അവര്‍ ഒരു മുസ്ലീം രാഷ്ട്രം-മുസ്ലീം ഖിലാഫത്ത് ഉണ്ടാക്കാന്‍ യത്‌നി ക്കുന്നു. വാളെടുത്തുള്ള യുദ്ധം തത്കാലം സാദ്ധ്യമല്ലെന്ന് കരുതുന്നതിനാല്‍ ബൗദ്ധികമായ നീക്കങ്ങളും മുന്നേറ്റങ്ങളും അവര്‍ നടത്തുന്നു. അതിന് ആരും തടസ്സം നില്ക്കരുതെന്നും തങ്ങളുടെ ജന്മനാട്ടില്‍ തങ്ങളുടെ രാഷ്ട്രം നിര്‍മിക്കുന്നതിന് തങ്ങള്‍ക്കവകാശമുണ്ട് എന്നവര്‍ കരുതുന്നു. ഇതിനായി മരിക്കാന്‍ തയ്യാറാണെന്നും അവര്‍ പ്രഖ്യാപിക്കുന്നു. ഇസ്ലാമിക് കാലിഫേറ്റിന് വേണ്ടി തങ്ങള്‍ ലോകമാകെ പ്രവര്‍ത്തിക്കും എന്നുള്ളതാണ് അവരുടെ നിലപാട്. ഈ ചിന്താഗതിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം കേരളത്തിലുണ്ട്. കൂടുതല്‍ ജാഗ്രതയോടെയും കരുതലോടെയും ആലോചനയോടെയും കൂട്ടായ്മയോടെയും മുന്നോട്ട് പോയില്ലെങ്കില്‍ കേരളത്തിലെ ക്രൈസ്തവരെ സാവധാനം പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യരാക്കാനും അപ്രസക്തരാക്കാനും അവരുടെ സാമുദായികബോധത്തിന് തുരങ്കം വെച്ച് അവരെ ചിതറിച്ചുകളയാനും ഇവര്‍ക്ക് സാധിക്കും എന്നത് നിസംശയം. കേരളത്തിലേക്കെത്തുന്ന കിലോക്കണക്കിന് സ്വര്‍ണ്ണവും മയക്കുമരുന്നും അനുബന്ധ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും പരിശോധിച്ചുകൊണ്ട് തീവ്രവാദം കേരളത്തിന്റെ പടിവാതില്‍ക്കലെത്തിനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പറഞ്ഞത് അദ്ദേഹം തന്നെ തിരുത്തണം. പടിവാതിലും പിന്നിട്ട് സെക്രട്ടറിയേറ്റില്‍ത്തന്നെയാണ് തീവ്രവാദം സുഖവാസം നടത്തുന്നതെന്ന് കേരളസമൂഹത്തോട് അദ്ദേഹം ഏറ്റുപറയണം. അതിന് മുന്നണിരാഷ്ട്രീയത്തിന്‍രെ വ്യവസ്ഥകള്‍ ബാധകമല്ലാത്തതിനാല്‍ ഈ കുറ്റസമ്മതത്തെ പ്രതി അദ്ദേഹത്തിന് ഒരിക്കലും ദുഖിക്കേണ്ടി വരികയുമില്ല.
കടപ്പാട്
∆ജാഗ്രതാ കമ്മീഷൻ, കെസിബിസി
∆ദീപിക ദിനപ്പത്രം
✍️Noble Thomas Parackal










Leave a Reply