നവീൺ മൈക്കിൾ
ലോകത്തിൽ ഈശോ മിശിഹായുടെ പ്രകാശമാകാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവർ. പൗലോസ് ശ്ലീഹായുടെ വാക്കുകളിൽ സഭയാകുന്ന മിശിഹായുടെ ഗാത്രത്തിലെ അവയവങ്ങൾ. നിത്യ യുവാവായ മിശിഹായുടെ മണവാട്ടി. ഈശോ മിശിഹായാൽ സ്ഥാപിക്കപ്പെട്ട്, റൂഹാദ്ഖുദിശയാൽ നയിക്കപ്പെടുന്ന ഏകവും പരിശുദ്ധവും ശ്ലൈഹീകവും സാർവത്രികവുമായ സഭയിലെ അംഗങ്ങൾ ഇന്ന് ലോകത്തിനു മിശിഹായെ നൽകാൻ വിളിക്കപ്പെട്ടവരാണ്. വിശുദ്ധ ഗ്രന്ഥത്തിൽ ഉടനീളം രേഖപ്പെടുത്തിയുരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സവിശേഷമാം വിധം യുവജനങ്ങളെ ദൈവം പരിഗണിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നതായി നാം വായിക്കുന്നുണ്ട്. ആബേലിൽ, പൂർവ പിതാവായ യൗസേപ്പിൽ, ഗിദയോനിൽ, സമുവേലിൽ , രാജാവായ ദാവീദിൽ, അവന്റെ പുത്രനായ സോളമനിൽ, വിധവയായിരുന്ന യൂദിത്തിൽ, രാഞ്ജിയായിരുന്ന എസ്‌തേറിൽ, റൂത്തിൽ തുടങ്ങി പുതിയ നിയമത്തിലെ പരിശുദ്ധ മറിയത്തിൽ, യോഹന്നാനിൽ, പിന്നീട് പൗലോസായി മാറിയ സാവൂളിലെല്ലാം തന്നെ യുവതയുടെ ഒരു പ്രതിഫലനം ദ്രശ്യമാണ്. അതേ, ഇന്ന് ലോകത്തിൽ ദൈവം വിളിച്ചു ചേർത്തിരിക്കുന്ന അല്ലെങ്കിൽ ഈശോ മിശിഹായിൽ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ക്രൈസ്തവ യുവത്വമാണ് നാം ഓരോരുത്തരും. ദൈവത്തിന്റെ ആ വിളിക്ക് ഉത്തരമേകാൻ നാം കടപ്പെട്ടിരിക്കുന്നു.
പ്രബുദ്ധരാകൂ…
ഈശോയുടെ ഏറ്റവും സവിശേഷമായ ഒരു ‘വിളി’യായിരുന്നു സാവൂളിനെ പൗലോസാക്കി മാറ്റിയത്. സാവൂളിൽനിന്ന് പൗലോസിലേയ്ക്കുള്ള ദൂരം പഴയ ആ മനുഷ്യനെ ഉരിഞ്ഞുമാറ്റി പുതിയ ഒരു മനുഷ്യനെ ധരിക്കുന്നത്രയായിരുന്നു. തന്റെ ജീവിതത്തിൽ താൻ നേടിയ അറിവുകളും വിജ്ഞാനവുമെല്ലാം ഈശോയെ പ്രതി ഉപേക്ഷിച്ചു എന്നു പറയുന്ന പൗലോസ് യഥാർത്ഥത്തിൽ അവൻ നേടിയ അറിവുകളിൽ, സമ്പാദിച്ച വിജ്ഞാനത്തിൽ ഈശോയെ കണ്ടെത്തുകയായിരുന്നു എന്നുള്ളതാണ് സത്യം. പ്രവചനങ്ങളുടെയും നിയമങ്ങളുടെയും പൂർത്തീകരണമായ ഈശോയെ അവൻ ധരിച്ചപ്പോൾ , പൗലോസ് ശ്ലീഹായുടെ ആത്മാവിൽ ചാർത്തപ്പെട്ടത് നിത്യ യൗവനമായ മിശിഹായാണ്. തന്റെ ജീവിത കാലഘട്ടത്തിൽ ആത്മാവിന്റെ ആ യുവത്വത്തിന് ഭംഗം വരാതെ കാത്തുസൂക്ഷിക്കാൻ പൗലോസ് ശ്ലീഹായ്ക്കു സാധിച്ചു.
ലോകം ഇന്ന് സഞ്ചരിക്കുന്ന പാത ശാസ്ത്ര കണ്ടുപിടുത്തങ്ങളുടെയും , ശാസ്ത്ര ഗവേഷണത്തിന്റെയും വിപ്ലവം നിറഞ്ഞതാണ്. ഓരോ നിമിഷത്തിലും പുതിയ അറിവുകൾ നിറഞ്ഞുകൊണ്ടിരിക്കുന്ന ആ യാത്രയിൽ അല്പം പോലും പിന്നോട്ടു പോകരുതെന്നുള്ള വ്യഗ്രത നമ്മുടെ യുവസമൂഹത്തിനുണ്ട്. ലോകത്തോടൊപ്പം ചിന്തിക്കുകയും , അതിനോടൊപ്പം സഞ്ചരിക്കുകയും ചെയ്യണം. പക്ഷേ, ആ ഒട്ടപ്പാച്ചിലിൽ സഭ, മതം, വിശ്വാസം എന്നീ വാക്കുകൾ കാലഹരണപ്പെട്ടതും, പ്രയോജരാഹിതവുമായി തീരുന്നു എന്ന തോന്നൽ ഒരു യാഥാർഥ്യം പോലെ യുവാക്കളെയും യുവതികളെയും പിന്തുടരുന്നുണ്ട്. എന്തുകൊണ്ടായിരിക്കാം ഇങ്ങനെയൊരു മനോഭാവം രൂപപ്പെടുന്നത്? തന്റെ ജീവിതത്തിനിടയിൽ ഈശോ ഒരു യുവാവിനോട് അവനുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുത്തിട്ട് പിന്നീട് വന്ന് ഈശോയെ അനുഗമിക്കാൻ കല്പിക്കുന്നുണ്ട്. എന്നാൽ ധാരാളം സമ്പത്തുണ്ടായിരുന്ന ആ യുവാവിന് അതൊരു ദുഃഖമായി അവശേഷിക്കുകയും, മടങ്ങിപ്പോവുകയും ചെയ്തു എന്ന് പറഞ്ഞുകൊണ്ട് ആ സംഭവം അവിടെ അവസാനിക്കുന്നു. ഒരുപക്ഷേ, ഈ ഒരു വിട്ടുകൊടുക്കൽ മുന്നോട്ട് വയ്ക്കുന്ന വെല്ലുവിളിയാകാം ആധുനിക യുവജനതയെയും പിന്നോട്ട് വലിയ്ക്കുന്നത്. സുവിശേഷം നൽകുന്ന സമ്പത്ത് ആത്മീയമാണെന്ന കാര്യം ഭൗതികതയുടെ മാസ്മരികതയിൽ നമ്മൾ മറക്കുകയും സുവിശേഷത്തെ പാടെ അവഗണിക്കാൻ കാരണമാവുകയും ചെയ്യുന്നു. ദൈവത്തിൽ നിന്നും നമ്മെ അകറ്റുന്ന ചിന്തകൾ പണം , പ്രശസ്തി, ആഡംബരം, ലൗകിക സുഖങ്ങൾ തുടങ്ങിയവയാകാം. എന്നാൽ ഈ അവസരങ്ങളിൽ മരുഭൂമിയിൽ സാത്താനെതിരെ പോരാടിയ ഈശോയുടെ വിവേകം നാം ധ്യാനിക്കുകയും മേൽപറഞ്ഞവയ്ക്ക് മേലെയാണ് നമ്മുടെ ദൈവം എന്ന ബോധ്യത്തിൽ നാം ആഴപ്പെടുകയും ചെയ്യണം. ഞാൻ ആയിരിക്കുന്നത് എനിക്ക് വേണ്ടി മാത്രമാണ് എന്നു ചിന്തിക്കാതെ, നമ്മൾക്കുവേണ്ടി എന്നു ചിന്തിച്ചുകൊണ്ടു ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കമ്പോൾ ആദിമ സഭാ ചൈതന്യത്തിലേയ്ക്ക്, അതായത് സഭയുടെ യുവത്വത്തിലേയ്ക്ക് അവളെ മക്കളായ നമ്മൾ കൊണ്ടെത്തിക്കുന്നു.
ക്രിസ്തുവിലുള്ള നവീകരണം പൗലോസ് ശ്ലീഹായെ സഭയുടെ അടിസ്ഥാന ശിലകളിൽ ഒന്നാക്കി തീർത്തതുപോലെ നമ്മുടെ വിജ്ഞാനവും, പ്രബുദ്ധതയും സഭാഗാത്രത്തെ- ലോകത്തിലെ മിശിഹായെ- പടുത്തുയർത്താൻ തക്കതായിരിക്കണം. ശാസ്ത്രവും സമൂഹവും ഈ ലോകവും മുന്നോട്ട് വയ്ക്കുന്ന ആധുനിക കാഴ്ചപ്പാടുകളിൽ ക്രിസ്തുവിനെ നമ്മൾ ദർശിക്കണം. ക്രിസ്തുവിന്റെ കണ്ണുകളിലൂടെ നമ്മൾ നോക്കുമ്പോൾ മാത്രമാണ് നമ്മുടെ വഴി കൃത്യതയുള്ളതാകൂ. തിരുസഭയുടെ പരിശുദ്ധ കൂദാശകളിലൂടെ നിരന്തരം കർത്താവിനോടൊത്തുള്ള ഒരു സമ്പർക്കം പുലർത്തുമ്പോളാണ് നാം ഈശോയെപ്പോലെയാവുകയുള്ളൂ എന്ന ബോധ്യമാണ് യഥാർത്ഥ പക്വത.
ക്രൈസ്തവ യുവ ജനത ആർജ്ജിക്കേണ്ടത് സമഗ്രമായ വളർച്ചയാണ്. തന്റെ കഴിവുകൾ കണ്ടെത്തുകയും, അതനുസരിച്ചു പഠിക്കുകയും ചെയ്യണം. നമ്മുടെ മുൻപിലുള്ള വിജ്ഞാനലോകത്തിനു മുൻപിൽ നാം ഒരുപക്ഷേ പകച്ചുപോയേക്കാം,ഒരു താലന്ത് കിട്ടിയവനെപോലെ. അവിടെ നാം നമ്മെത്തന്നെ കുഴിച്ചുമൂടുകയല്ല ചെയ്യേണ്ടത്. യൗവനത്തിന്റെ പ്രാരംഭദിശകളിൽ നമ്മെ ആകുലപ്പെടുത്തുന്ന നിരാശ, ഭയം, ഉത്ക്കണ്ഠ തുടങ്ങിയവ നമ്മുടെ മുൻപിൽ വലിയ തടസങ്ങൾ സൃഷ്ടിച്ചേക്കാം. എന്നാൽ ഈ ലോകം നമ്മുടേതാണെന്നും ഇവയെല്ലാം നമുക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടു എന്നുമുള്ള കാഴ്ചപ്പാട് നമുക്ക് ഉണ്ടാകണം. നല്കപ്പെട്ടിരിക്കുന്നത് ഒരു താലന്ത് ആണെങ്കിൽ പോലും ജീവിതത്തിന്റെ ഓരോ നിമിഷത്തെയും ആസ്വദിച്ചുകൊണ്ടു മുന്നോട്ടു പോകാനാണ് നാം ക്രിസ്ത്യാനിയായിരിക്കുന്നത്. അവിടെയെല്ലാം നമ്മെ ഭരിക്കേണ്ട ചിന്ത , എന്നിലൂടെ എന്റെ സഭയുടെ ഉന്നമനവും, ലോകത്തിനു മിശിഹായെ നൽകുക എന്നതുമായിരിക്കണം.
മഹത്തായ വിദ്യാഭ്യാസ ദർശനങ്ങളും അവ സായത്വമാക്കാനുള്ള തീക്ഷ്‌ണതയും യുവജനങ്ങൾക്കുണ്ടാകണം. ഒരല്പം പുളിമാവ് മുഴുവൻ മാവിനെയും പുളിപ്പിക്കുന്നതുപോലെ ഞാനായിരിക്കുന്ന മേഖലകളിൽ ഈശോയെ നൽകി അവന്റെ രാജ്യം വളർത്താൻ നമുക്ക് കഴിയണം. ആലംബഹീനർക്ക്, ആശരണർക്ക്, പാവപ്പെട്ടവർക്ക് ക്രൈസ്തവ യുവത്വത്തിനെ ആവശ്യമുണ്ട്. പ്രബുദ്ധമായ നസ്രാണി യുവത്വത്തിലൂടെ ഒരു പുത്തൻ സൂര്യോദയം സഭ ദർശിക്കുമ്പോൾ നമ്മുടെ ജീവിതം ഒരു യഥാർഥ ക്രിസ്ത്യാനിയുടേതായി മാറും.
പ്രതികരിക്കുന്നവരാകൂ…
“I can’t breathe” ഈ ദിവസങ്ങളിൽ മുഴങ്ങിക്കേട്ട ഒരു സമര ശബ്ദമാണ്. അതുടലെടുത്തത് നിറം കറുപ്പായതുകൊണ്ടു മാത്രം നിരപരാധിയായ ഒരു മനുഷ്യൻ, അപരാധിയായി തീർന്നതുകൊണ്ടുമാണ്. ഒരു നായയ്ക്ക് നൽകുന്ന വിലപോലുമില്ലാതെ അവൻ തെരുവിൽ കൊല്ലപ്പെടുന്നു. അമേരിക്കയിലെ മിനിയപോലീസ് എന്ന നഗരത്തെ കുപ്രസിദ്ധമാക്കിയ ആ വാർത്ത വന്നത് വർണ വർഗ വിവേചനം കൊടികുത്തി വാണിരുന്ന പതിനെട്ടാം നൂറ്റാണ്ടിലല്ല. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്. മനുഷ്യൻ സാംസ്കാരികമായി വളരെയേറെ ഉന്നതിയിലാണെന്നു അഹങ്കരിക്കുന്ന ഈ നൂറ്റാണ്ടിൽ.
രണ്ടായിരത്തോളം വർഷങ്ങൾക്കുമുമ്പ്
സാവൂൾ സഭയെ പീഡിപ്പിച്ചപ്പോൾ ആകാശത്തിൽ നിന്ന് മുഴങ്ങിക്കേട്ട ശബ്ദം ” സാവൂൾ, സാവൂൾ നീ എന്തിനെന്നെ പീഡിപ്പിക്കുന്നു” എന്നതായിരുന്നു. അവിടുന്ന് സാവൂളിനോട് വീണ്ടും പറയുന്നു “നീ പീഡിപ്പിക്കുന്ന ഈശോയാണ് ഞാൻ” . സഭയുമായുള്ള ഈശോമിശിഹായുടെ ഒരു താദാത്മ്യപ്പെടൽ ഇവിടെ കാണുന്നു. ഞാൻ തന്നെയാണ് സഭ എന്നു അവിടുന്നു പൗലോസിന് വെളിപ്പെടുത്തിക്കൊടുക്കുന്നു. സഭ വേദനിക്കുമ്പോൾ താൻ തന്നെയാണ് വേദനിക്കുന്നതെന്നും ഈശോ പൗലോസിനോട് പറയുന്നു. ജോർജ് ഫ്ലോയിഡ് എന്ന മനുഷ്യൻ എനിക്ക് ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുകൊണ്ട് പറയുമ്പോൾ അത് ഈശോമ്ശിഹാ തന്നെയാണ് വേദനിക്കുന്നതെന്ന് മനസിലാക്കാൻ നമ്മുടെ യുവത്വത്തിന് കഴിയണം.
സഭയും പലപ്പോഴും ഞെരുക്കപ്പെടുന്നുണ്ട്, പീഡിപ്പിക്കപ്പെടുന്നുണ്ട്. അവൾ ശ്വാസം എടുക്കാനാവാതെ കേഴാറുണ്ട്. സഭയുടെ ആ വേദന നമ്മുടേതാക്കി മാറ്റാനും അവൾക്കെതിരെ വരുന്ന പ്രശ്നങ്ങളിൽ പ്രതിരോധം തീർക്കാനും നമുക്ക് കഴിയണം. ശരീരത്തിലെ ഒരു അവയവത്തിനു മറ്റൊന്നിനോടെന്നപോലെ വേദനയുടെയും, നിരാശയുടെയും പാടുകുഴികളിൽ നിന്ന് സ്വന്തം സഹോദരനായി കണ്ടു കൈപിടിച്ചുയർത്താനും ഒരു ക്രൈസ്ത യുവാവിന് അല്ലെങ്കിൽ യുവതിയ്ക്ക് കഴിയണം. അപ്പോൾ സഭ സന്തോഷിക്കും. ഒപ്പം സ്വർഗ്ഗവും.
സഭ നേരിടുന്ന പ്രതിസന്ധികളിൽ ഉത്സുകരായി പ്രവർത്തിക്കേണ്ടവർ യുവജനങ്ങളാണ്. എന്നാൽ ഇന്ന് എത്ര പേർ സഭാ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടെന്നു ചിന്തിക്കുന്നത് നല്ലതാണ്. ഒരുതരം നിസ്സംഗത പലയിടങ്ങളിലും കാണാൻ കഴിയും. സഭയോടൊത്ത് ചിന്തിക്കുവാനും സഭയ്ക്കുവേണ്ടി അക്ഷീണം പ്രവർത്തിക്കുവാനും യുവാക്കളായ നമുക്ക് മാത്രമേ സാധിക്കൂ. സഭ നേരിടുന്ന പ്രതിസന്ധികളിൽ , അവൾ തെരുവിൽ വലിച്ചിഴയ്ക്കപ്പെടുന്ന അവസരങ്ങളിൽ മിശിഹായെപ്പോലെ തന്നെ “എന്തിന് എന്നെ പീഡിപ്പിക്കുന്നു?” എന്ന് ചോദിക്കാനുള്ള ആത്മധൈര്യം നമുക്കുണ്ടാവണം. സഭയ്ക്കും സമൂഹത്തിനും ഏറ്റവും വലിയ വിപത്തുകളായ മദ്യം,മയക്കുമരുന്ന്, കഞ്ചാവ് മറ്റ് ലഹരിവസ്തുക്കൾ തുടങ്ങിവയ്ക്കെതിരെയും, നിരീശ്വരവാദം, അന്യമതത്തോടുള്ള കാരണമില്ലാത്ത ആകർഷണം, ഗർഭഛിദ്രം, ദയാവധം, ലൈംഗിക അരാജകത്വം മുതലായവയ്ക്കെതിരെയും യുവാക്കളായ നമ്മൾ പോരാടുകയും അതിനെ ശക്തിയുക്തം എതിർക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. കാരണം ഇവിടെയെല്ലാം സഭയ്ക്കും ശ്വാസം മുട്ടുന്നുണ്ട്. മിശിഹാ വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെടുന്നുമുണ്ട്. സഭയുടെ സന്താനങ്ങളായ നമ്മിലൂടെ മാത്രമേ അവളെ ആശ്വസിപ്പിക്കാനും ഈ പാപ മേഖലകളിൽനിന്ന് അവളെ കരകേറ്റാനും സാധിക്കൂ. സഭയുടെ നാനാമുഖ മേഖലകളിൽ യുവജനങ്ങൾ കടന്നുവരികയും പ്രവർത്തിക്കുകയും ചെയ്യണം. പ്രത്യേകമായി വിശ്വാസപരിശീലന രംഗങ്ങളിൽ യുവജനങ്ങൾ മുതിർന്നവരോടും സഭയോടും അവളുടെ പ്രബോധനങ്ങളോടും ചേർന്ന് നേതൃത്വം നൽകണം.
മറിയമെന്ന യുവതി.
നസ്രത്തിലെ മറിയം നമ്മെ പ്രതികരിക്കാൻ പഠിപ്പിക്കുന്ന യുവതിയാണ്. നന്നേ ചെറുപ്പമായിരിക്കെ തന്നെ തന്റെ മുൻപിൽ നിൽക്കുന്ന മാലാഖയോട് സങ്കോചമില്ലാതെ ചോദ്യങ്ങൾ ഉന്നയിക്കാനും തന്റെ ആശങ്ക മറച്ചുവയ്ക്കാതെ ഇതെങ്ങനെ സംഭവിക്കുമെന്ന് യുക്തിസഹമായി അറിയിക്കാനും അവൾ മുതിരുന്നുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ ‘ക്രിസ്തു ജീവിക്കുന്നു’ എന്ന അപ്പസ്തോലിക ലേഖനത്തിൽ മറിയത്തെക്കുറിച്ചു ഇപ്രകാരം കുറിക്കുന്നു. ” ഉണർവോടും ശിക്ഷണക്ഷമതയോടും കൂടി ക്രിസ്തുവിനെ പിൻചെല്ലാൻ സന്നദ്ധമായ യുവചൈതന്യമുള്ള സഭയുടെ പരമമായ മാതൃകയാണവൾ”. ദൈവത്തിനു ഒന്നും അസാധ്യമല്ല എന്ന മാലാഖയുടെ മറുപടിയിൽ അവൾ സ്വയം സമർപ്പിക്കുന്നു. സാഹസികതയുടെ ഈ സ്വയം സമർപ്പിക്കൽ യുവജനങ്ങൾക്ക് മാത്രമേ സാധിക്കൂ. താൻ വിശ്വസിക്കുന്ന ദൈവത്തിൽ നിന്നുള്ള ഒരു വാഗ്ദാനം – ഈശോയുടെ അമ്മയാകാനുള്ള വാഗ്ദാനം- മാത്രമാണ് മറിയത്തിന്റെ മുൻപിൽ ഉള്ള വിളി എന്നത് ഓർക്കണം. മറ്റൊന്നും- സ്വത്തോ, പ്രശസ്തിയോ ഒന്നും തന്നെ- അവൾക്കായി ദൈവം വാഗ്ദാനം ചെയ്യുന്നില്ല. സഭാ സേവനത്തിനു ഉദാത്തമായ മറ്റൊരു സുവിശേഷ മാതൃകയുണ്ടോ എന്നത് തന്നെ സംശയമാണ്. മറിയം അത്രയേറെ പൂർണതയുള്ളവളാണ്. പ്രത്യേകിച്ചു നമ്മുടെ യുവതികൾക്ക് മറിയം പോലെ മറ്റൊരു വെല്ലുവിളിയില്ല. നിസാരകാരണങ്ങളാൽ വിശ്വാസം ഉപേക്ഷിക്കുന്ന ഒരു സംസ്കാരം ഈയിടെയായി കൂടി വരുന്നു. തീവ്ര മതചിന്താ വിഭാഗത്തിലും മറ്റും ആകൃഷ്ടരായി വലിയ അപകടങ്ങളിലേയ്ക്കു ചെന്നുപെടുകയും ജീവിതം സ്വയം നശിപ്പിക്കുകയും ചെയ്യുന്ന വാർത്തകൾ ഇന്ന് കേരളത്തിൽ സുലഭമാണ്. വിവേക ശൂന്യമായ ഈ പ്രവണതകൾ മണവറയിൽ പ്രവേശിക്കാനാവാത്ത അഞ്ചു കന്യകമാരുടെ അവസ്ഥയ്ക്ക് തുല്യമാണ്. നമ്മുടെ കുടുംബങ്ങളിൽ പെസഹാ അപ്പം മുറിക്കുമ്പോൾ കുരിശില്ലാത്ത അപ്പം ഉണ്ടാക്കി അന്യമതസ്ഥർക്ക് നൽകിയിരുന്ന വിവേകമതികളായ നമ്മുടെ വല്യമ്മച്ചിമാർ നമുക്കു ഒരു വലിയ പാഠം പറഞ്ഞു തരുന്നുണ്ട്. വിശ്വാസത്തിനു ജീവിതത്തിൽ എത്രത്തോളം പ്രധാന്യമുണ്ടെന്നും ആർക്ക് എന്ത് നല്കണമെന്നുമുള്ള ഒരു തിരഞ്ഞെടുപ്പിന്റെ വലിയ പാഠം. വിശ്വാസത്തെ ഹനിക്കുന്ന ഏത് കാര്യത്തെയും വേണ്ട എന്നു പറയുവാനും അങ്ങനെയുള്ള സൗഹൃദങ്ങളോട് മുഖം തിരിക്കാനുമുള്ള വിവേകപൂർണമായ പക്വതയുടെ അനുകരണീയ മാതൃകയ നമ്മുടെ അമ്മമാർ തന്നെ. നമുക്കും ആ പാരമ്പര്യത്തെ മുറുകെ പിടിക്കാം. അങ്ങനെ മതിശാലികളായ കന്യകമാരോടൊപ്പം മണവറയിൽ പ്രവേശിക്കുകയും ചെയ്യാം. കാരണം സഭയുടെ പ്രിയപ്പെട്ട സന്താനങ്ങൾ അവൾക്ക് മാത്രം സ്വന്തമാണ്. അവളുടെ യുവത്വത്തിന് മാറ്റ് കൂട്ടാൻ വിളിക്കപ്പെട്ടവരാണ്.
സഭയ്ക്ക് പുറത്തുനിന്ന് വരുന്ന ആക്രമണങ്ങളെ സധൈര്യം നേരിടുന്ന സഭാ മക്കൾ അവളോടൊത്തു നിന്നുകൊണ്ട് അവളുടെ കുറവുകളെ ചൂണ്ടിക്കാണിക്കുകയും അങ്ങനെ ഒരു നവോത്ഥാനം സൃഷ്ടിക്കുകയും ചെയ്യണം. സഭ ഒരേ സമയം പരിശുദ്ധയും പാപിയുമാണ്. ഈശോ തന്റെ ജീവിത കാലഘട്ടത്തിൽ എങ്ങനെയാണോ തന്റെ മേലധികാരികളെയും മതനേതാക്കളെയും തിരുത്തിയത് അതേ ആത്മസംയനത്തോടെ, പക്വതയോടെ നാമോരോരുത്തരും പ്രവർത്തിക്കണം. ജെറുസലേം സൂനഹദോസിൽ ആശയപരമായ ഭിന്നിപ്പല്ല റൂഹാദ്‌ഖുദ്ശായ്ക്കു യോജിച്ച കൂട്ടായ്‌മ രൂപപ്പെട്ടതുപോലെ ആത്മീയ നേതാക്കൾ വിമർശനങ്ങളെ നോക്കിക്കാണുകയും കൂടുതൽ സഭാത്മകമായ തിരുത്തലുകൾക്ക് സ്വയം വിധേയമാവുകയും ചെയ്യണം. അങ്ങനെ യുവജനങ്ങളുടെ വ്യക്തിത്വത്തെ മാനിക്കാൻ തക്കവണ്ണം അവർക്ക് അർഹമായ ഒരു സ്ഥാനവും സ്ഥലവും സഭയിലുണ്ടാവുകയും വേണം.
യുവജനങ്ങളോടെ അവസാനമായി….
സഭ ഒരു സമൂഹമെന്ന ചിന്ത നമുക്കുണ്ടാകട്ടെ. ക്രൈസ്തവ യുവത്വമെന്ന നിലയിൽ ആത്മീയമായി ശക്തിപ്പെടുക മാത്രമല്ല, വിദ്യാഭ്യാസപരമായും, തൊഴിൽപരമായും നാം ശക്തിപ്പെടണം. സ്വന്തം നാട്ടിൽ നിന്നുകൊണ്ടുതന്നെ തൊഴിൽ കണ്ടെത്തുവാനും സാധ്യതകളെ പ്രയോജനപ്പെടുത്താനും നമുക്ക് കഴിയട്ടെ. ഏത് ഉയർച്ചയിലും സ്വാർഥചിന്ത നമ്മെ ഭരിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. നമ്മൾ ഉയരുമ്പോൾ നമ്മുടെ കണ്ണുകൾ പാവപ്പെട്ടവരിലും, അനാഥരിലും, ഉപേക്ഷിക്കപ്പെട്ട അപ്പനമ്മമാരിലും, രോഗികളിലും തുടങ്ങി നമ്മുടെ സഹായം ആവശ്യമുള്ളവരിലെല്ലാം ഉണ്ടാവുക എന്നത് മിശിഹാ കാണിച്ചു തന്ന, നാം ചെയ്യണം എന്ന് മിശിഹാ ആഗ്രഹിക്കുന്ന പിതാവിന്റെ ഇഷ്ടമാണ്. അവിടെയാണ് സഭ വളരുന്നതും പ്രവർത്തനോന്മുഖമാകുന്നതും
പ്രിയ യുവജനങ്ങളേ, സഭയുടെ വസന്തമാണ് നാം. നാളെയുടെ പ്രതീക്ഷകൾ പൂത്തുലയുന്നത് നമ്മിലാണ്. തിരുസഭാമാതാവിനെ കറയോ ചുളിവോ കുറവുകളോ ഇല്ലാതെ അവളുടെ യുവത്വ ഭാവത്തെ നിലനിർത്താൻ വിളിക്കപ്പെട്ടവരാണ് നാം. നമ്മുടെ ആനന്ദം ഈശോ മ്ശിഹായെന്ന നിത്യയുവത്വത്തിലായിരിക്കട്ടെ. പ്രബുദ്ധരായി, പ്രതികരിക്കുന്നവരായി ക്രിസ്തുവിന്റെ പ്രകാശത്തെ ഈ ലോകത്തിനു കൊടുക്കാൻ നമ്മുടെ ഈ ഓട്ടം നമുക്ക് തുടരാം. പരിശുദ്ധ കുർബാനയിലൂടെ, ദിവ്യവചസുകളിലൂടെ ശക്തിപ്പെട്ട്, സഭയ്ക്ക് വേണ്ടി, ലോകത്തിനു വേണ്ടി, എല്ലാറ്റിനുമുപരിയായി ഈശോ മ്ശിഹായ്ക്ക് വേണ്ടി.










Leave a Reply