Sathyadarsanam

എല്ലാവിധത്തിലുള്ള ധൂര്‍ത്തും ഒഴിവാക്കണം, സഭ പാവപ്പെട്ടവരുടേതാണ്: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സിറോ മലബാർ സഭാധ്യക്ഷനും കെ.സി.ബി.സി. പ്രസിഡന്റുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അഭിമുഖം

?അമ്പതുപേരിൽ കവിയാതെ ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് ക്രൈസ്തവ സഭകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രാനുമതികൂടി ലഭിക്കേണ്ടതുണ്ട്. ജനജീവിതം ഭാഗികമായെങ്കിലും തിരിച്ചുവരുകയാണ്. ഇനിയും ദേവാലയങ്ങൾ അടച്ചിടേണ്ടതില്ല എന്നാണോ നിലപാട്

= ആരാധനാലയങ്ങൾ തുറന്നാൽ ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കാൻപറ്റാതെ വരുമോയെന്ന് സർക്കാരുകൾ ചിന്തിക്കുന്നുണ്ടാവും. രോഗത്തിന്റെ സമൂഹവ്യാപനം ഉണ്ടാകുമെന്ന് സർക്കാർ ഭയക്കുന്നു. എന്നാൽ, നിബന്ധനകളോടുകൂടിയ ഒരു നിലപാട് സർക്കാർ എടുക്കണമെന്നാണ് ക്രൈസ്തവ സഭകളുടെ കാഴ്ചപ്പാട്. അമ്പതിൽ കവിയാത്ത ആളുകളുമായി എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം. അപ്പോഴും നിബന്ധനകൾ കൃത്യമായി പാലിക്കുകയും വേണം.

? ഇളവുകൾ സംബന്ധിച്ച് എന്താണ് സഭ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട്

= കോവിഡ്മൂലം ഇന്ത്യയിലും കേരളത്തിലും മരണം താരതമ്യേന കുറവാണ്. സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് കുറച്ചുകൂടി സുചിന്തിതമായ ഒരു രണ്ടാം നയപരിപാടി ഇക്കാര്യത്തിൽ വേണം. സംസ്ഥാന സർക്കാരുകൾക്ക് കുറച്ചുകൂടി സ്വാതന്ത്ര്യം നൽകണം. സമൂഹജീവിതത്തെ കഴിവതും സ്വാഭാവികമാക്കി നിയന്ത്രണത്തിനായി ശ്രമിക്കണം. സമൂഹത്തെ 80 ശതമാനമെങ്കിലും സ്വതന്ത്ര വ്യാപാരത്തിന് വിട്ടിട്ട് അതിൽനിന്ന് എങ്ങനെ രോഗം നിയന്ത്രിക്കാമെന്ന് വിദഗ്ധരുമായി ആലോചിക്കാം. ജനങ്ങൾ ജോലിചെയ്താലേ ഇന്ത്യക്ക് സാമ്പത്തിക ഭദ്രത നേടാനാകൂ. കോവിഡ് കാലത്ത് ജനം കൃഷി അഭ്യസിച്ചു. അത് തുടരണം.

?കുർബാനകൾക്ക് എങ്ങനെ അമ്പതുപേരായി നിയന്ത്രിക്കും

= കുർബാനകളുടെ എണ്ണം കൂട്ടാം. ഒരു ഞായറാഴ്ച ഒരു വീട്ടിൽനിന്ന് രണ്ടുപേർ വന്നെങ്കിൽ അടുത്തയാഴ്ച വേറൊരു വീട്ടിൽനിന്ന് രണ്ടുപേർക്ക് വരാം. എന്നാൽ, ആളുകൾ കൂടാനിടയുള്ള പ്രദക്ഷിണങ്ങൾ, കൺവെൻഷനുകൾ, പെരുന്നാളുകൾ എന്നിവയൊന്നും നടത്തരുത്. കുടുംബകൂട്ടായ്മകൾ വഴിയും ആളുകളെ നിയന്ത്രിക്കാം.

?അടച്ചിടൽ കാലത്ത് പള്ളികളുടെ വരുമാനം നിലച്ചു. മുന്നോട്ടുപോക്ക് എങ്ങനെയാവും

= ഒന്നോ രണ്ടോ വർഷം ദാരിദ്ര്യാവസ്ഥയിൽ കഴിയേണ്ടിവരും. മുണ്ടുമുറുക്കിയുടുക്കണം. ജനങ്ങളുടെ സ്തോത്രകാഴ്ചകൾ കൊണ്ടാണ് പള്ളികൾ നടക്കുന്നത്. അതു ലഭിക്കാതെ വരുമ്പോൾ… ഇപ്പോഴത്തെ സാഹചര്യത്തിൽ ചോദിക്കുന്നതുതന്നെ ശരിയല്ല. എന്നാലും വിശ്വാസികൾ തരും.

?അംബരചുംബികളായ വലിയ പള്ളികൾ കോടികൾ മുടക്കിയാണ് പണിയുന്നത്. നിയന്ത്രണങ്ങൾ ഉണ്ടാകുമോ

= എല്ലാവിധത്തിലുള്ള ധൂർത്തും ഒഴിവാക്കണം. സഭ പാവങ്ങളുടേതാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറയുന്നു. സഭ പാവപ്പെട്ടവളുമാണ്.
സഭ അങ്ങനെയൊരു മുഖമാണ് കൊടുക്കേണ്ടത്. ദരിദ്രരേ നിങ്ങൾ ഭാഗ്യവാന്മാർ, എന്തെന്നാൽ ദൈവരാജ്യം നിങ്ങൾക്കുള്ളത് എന്നാണ് വചനം. എന്തെങ്കിലും സമ്പാദിക്കുന്നത് നമ്മുടെ കഴിവുകൊണ്ട് മാത്രമല്ല. ഒരുവനും ഒറ്റയ്ക്ക് ഒന്നും നേടുന്നില്ല. നമ്മുടെ ആവശ്യങ്ങൾ കഴിഞ്ഞുള്ള സമ്പാദ്യങ്ങൾ മറ്റുള്ളവർക്ക് കൊടുക്കണം. അത് ധൂർത്തിനോ ആഡംബരങ്ങൾക്കോ ഉപയോഗിക്കരുത്. കോടികൾ മുടക്കി പള്ളികൾ എന്ന ചിന്താഗതി വരുന്നത് ഒരു അച്ചന്റെയോ മെത്രാന്റെയോ ആഗ്രഹം കൊണ്ടല്ല. അവർക്കും ആഗ്രഹമുണ്ടാകാം. നിഷേധിക്കുന്നില്ല. പക്ഷേ, ഞങ്ങൾക്കൊരു വലിയപള്ളി വേണമെന്ന് ഒരു പൊതുമനസ്സാക്ഷി രൂപപ്പെടുന്നു. ഇതിനെ വിമർശിക്കുന്നവരുമുണ്ട്. പക്ഷേ, അവരുടെ വിമർശനം പലപ്പോഴും തീർത്തും നിഷേധാത്മകമായതിനാൽ ഫലം പുറപ്പെടുവിക്കുന്നില്ല. പൊതുവായ മനോഭാവത്തിലുള്ള മാറ്റമാണ് വേണ്ടത്. ആരാധനയ്ക്ക് ഉപകരിക്കുന്ന ഒരു ആലയം മതി. അതേസമയം, ഏതു മതത്തിനായാലും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുണ്ട്. അവിടെ വിശ്വാസികൾ കൂടുതൽ വരാം. അവിടെയൊക്കെ വലിയ ആരാധനാലയങ്ങൾ വേണ്ടിവരും. അവ ശില്പഭംഗിയുള്ളതാകാം. അതും വിശ്വാസത്തിന്റെ ഒരു പ്രകാശനമാണ്. പക്ഷേ, എല്ലാ ദേവാലയങ്ങളും അങ്ങനെയാവേണ്ടതില്ല. ഇക്കാര്യത്തിൽ ഒരു വിവേചനം ഉണ്ടാകണം.

?സഭാധ്യക്ഷൻ എന്ന നിലയിൽ ഇത് പൊതു നിർദേശമായി നൽകാൻ കഴിയുമോ

= തീർച്ചയായും. കോവിഡാനന്തര സഭയ്ക്ക് മാർഗനിർദേശം വിവിധ ഘടകങ്ങളിൽനിന്ന് ഉണ്ടാകും. സഭകളെ സംബന്ധിച്ച് സിനഡുകളിൽനിന്നും കെ.സി.ബി.സി.യിൽനിന്നും സി.ബി.സി.ഐ.യിൽനിന്നും മാർഗനിർദേശങ്ങളുണ്ടാകും.

?ലോക്ഡൗൺ കാലത്ത് ആചാരങ്ങളിലും കർശന നിയന്ത്രണങ്ങൾ വന്നു. കുരിശ് വണങ്ങുന്നതു പോലെയുള്ള ചടങ്ങുകളിൽ നിയന്ത്രണങ്ങൾ തുടരുമോ

= ഇത്തരം ആചാരങ്ങൾ നടത്തുന്ന രീതിക്ക് വ്യത്യാസങ്ങൾ വരുത്താൻ സാധിക്കും. കുരിശ് വണങ്ങുന്നത് ഭക്തിയുടെ പ്രകാശനമാണ്. വേണ്ടെന്നു പറയാൻ കഴിയില്ല. പക്ഷേ, അനുഷ്ഠാനങ്ങളിൽ കടന്നുവന്ന അനാവശ്യമായ ആഡംബരസ്വഭാവം ഒഴിവാക്കണം.

? ലോക്ഡൗൺ കാലത്ത് അന്തരിച്ച ഇടുക്കി മുൻ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വെക്കാൻ ആദ്യം അനുമതി ലഭിച്ചെങ്കിലും പിന്നീട് റദ്ദാക്കി. സഭയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിൽ സർക്കാരിനെതിരേ വലിയ വിമർശനമുണ്ടായല്ലോ

= വിവാദമാക്കിയത് സഭയല്ല. അതിലൊരു രാഷ്ട്രീയസ്വഭാവം വന്നു. ഒരു കാരണവശാലും സർക്കാരിനെതിരായി പ്രതികരിക്കരുതെന്നാണ് സഭ കൊടുത്ത നിർദേശം. പൊതുദർശനത്തിനുള്ള അനുമതി പിൻവലിച്ചുവെന്നത് വാസ്തവമാണ്. പക്ഷേ, അതിന്റെപേരിൽ പ്രതികരിക്കേണ്ടതില്ല. നിയന്ത്രണങ്ങൾക്ക് വിധേയമായി പിതാവിന്റെ ശവസംസ്കാരം നടത്തണമെന്നാണ് സഭ നിലപാടെടുത്തത്. അതിൽ പിഴവുവരരുത്. വന്നാൽ അന്തരിച്ച പിതാവിനോടുള്ള അനാദരമായിരിക്കും എന്നാണ് ഞാൻ പറഞ്ഞത്. അവരത് പാലിക്കുകയും ചെയ്തു.
?ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ഇനി സഭയ്ക്ക് കൂടുതൽ പരിഗണിക്കേണ്ടിവരില്ലേ

ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ഇനി സഭയ്ക്ക് കൂടുതൽ പരിഗണിക്കേണ്ടിവരില്ലേ

= ഇപ്പോൾത്തന്നെ ഏറെ ചെയ്യുന്നുണ്ട്. രൂപതകൾ, ഇടവകകൾ, സമർപ്പിത സമൂഹങ്ങൾ, സ്ഥാപനങ്ങൾ എന്നിവയെല്ലാംകൂടി 30 കോടിയോളം രൂപ കോവിഡുമായി ബന്ധപ്പെട്ട് ചെലവിട്ടുകഴിഞ്ഞു. ഇത് 60-70 കോടി വരെയാകാം. ഇതുകൂടാതെ ഒരു കോടി രൂപ സർക്കാരിന് നൽകി.

? കോവിഡാനന്തര കാലത്ത് ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫീസ് ഘടനയിൽ കുറവുവരുത്താൻ സാധ്യതയുണ്ടോ

= ഇന്നത്തെക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തണമെങ്കിൽ പഴയപോലെയുള്ള സൗകര്യങ്ങളോ ശമ്പളമോ പോരാ. വിദ്യാഭ്യാസത്തിന്റെ ചെലവ് മൂന്നുനാല് മടങ്ങ് കൂടി. അപ്പോൾ ഫീസും അതുപോലെ വാങ്ങേണ്ടിവരും. പക്ഷേ, സർക്കാർതന്നെ ഫീസും ശമ്പളവുമൊക്കെ നിശ്ചയിക്കുമ്പോൾ അതിനനുസരിച്ച് പ്രവർത്തിക്കാൻ സ്ഥാപനങ്ങൾ തയ്യാറാകുന്നുണ്ട്.
അവർ സർക്കാരുമായി നിരന്തര സമ്പർക്കത്തിലാണ്. സഭ പൊതുവായ മാർഗനിർദേശങ്ങൾ നൽകും. പക്ഷേ, സ്ഥാപനങ്ങൾക്ക് ഇക്കാര്യങ്ങളിൽ സ്വാതന്ത്ര്യമുണ്ട്. നഴ്സുമാർക്ക് അർഹമായ ശമ്പളം കൊടുക്കണമെന്ന ധീരമായ നിലപാടാണ് സഭ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *