സ്വർഗത്തിലേക്കുള്ള ഈശോയുടെ ആരോഹണത്തിരുന്നാൾ അഥവാ സൂലാഖാതിരുന്നാൾ വി. ഗ്രന്ഥത്തിൽ അധിഷ്ഠിതമാണ്. ശ്ലീഹന്മാരുടെ നടപടി പുസ്തകം ഒന്നാം അദ്ധ്യായം 3 മുതൽ 11 വരെയുള്ള വാക്യങ്ങളിൽ ഈശോയുടെ സ്വർഗ്ഗാരോഹണത്തെക്കുറിച്ചുള്ള വിവരണം നമുക്ക് കാണാൻ സാധിക്കും. ഒൻപതാം വാക്യത്തിൽ നാമിങ്ങനെ വായിക്കുന്നുണ്ട്. “ഇത് പറഞ്ഞുകഴിഞ്ഞപ്പോൾ അവർ നോക്കിനിൽക്കേ അവൻ ഉന്നതങ്ങളിലേക്ക് സംവഹിക്കപെട്ടു”. മാർക്കോസിന്റെ സുവിശേഷം പതിനാറാം അദ്ധ്യായം പത്തൊൻപതാം വാക്യത്തിലും, ലൂക്കായുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം അൻപത്തിയൊന്നാം വാക്യത്തിലും ഈശോയുടെ സ്വർഗ്ഗാരോഹണത്തക്കുറിച്ചുള്ള പരാമർശമുണ്ട്. യോഹന്നാന്റെ സുവിശേഷം ഇരുപതാം അദ്ധ്യായം പതിനേഴാം വാക്യത്തിൽ മഗ്‌ദലനമറിയത്തോടുള്ള ഉയിർത്തെഴുന്നേറ്റ ഈശോയുടെ സംഭാഷണത്തിൽ സ്വർഗ്ഗാരോഹണത്തക്കുറിച്ചുള്ള വ്യക്തമായ സൂചനകളുണ്ട്. നാം ഏത് ദിവസമാണ് ഈ തിരുനാൾ ആഘോഷിക്കുന്നത്? ഈശോയുടെ ഉത്ഥാനത്തിനു ശേഷമുള്ള നാല്പതാം ദിവസമാണ് നാം ഈ തിരുനാൾ ആഘോഷിക്കുന്നത്. കാരണം, ഉത്ഥാനത്തിനുശേഷം കർത്താവ് നാല്പത് ദിവസം ഭൂമിയിൽ ചെലവഴിച്ചുവെന്ന് ശ്ലീഹന്മാരുടെ നടപടികൾ ഒന്നാം അദ്ധ്യായം മൂന്നാം വാക്യത്തിൽ വ്യക്തമായി നമുക്ക് കാണാൻ സാധിക്കും. നമുക്ക് ഈ തിരുനാളിന്റെ ചരിത്രം ഒന്ന് നോക്കാം. ഈ തിരുനാൾ എന്ന് ആഘോഷിക്ക പ്പെടുവാൻ തുടങ്ങിയെന്നു വ്യക്തമായി പറയുവാൻ സാധിക്കുകയില്ലെങ്കിലും നാലാം നൂറ്റാണ്ടിൽ ഈ തിരുനാൾ നിലവിലിരുന്നു എന്ന കാര്യം സ്പഷ്ടമാണ്. കാരണം നാലാം നൂറ്റാണ്ടിലെ അപ്പസ്തോലിക് കോൺസ്റ്റിട്യൂഷൻസ് അല്ലെങ്കിൽ ശ്ലീഹന്മാരുടെ പഠനങ്ങൾ എന്ന ഗ്രന്ഥത്തിൽ ഈ തിരുനാളിനെക്കുറിച്ചുള്ള സൂചനകളുണ്ട്. ‘ഈ ലോകത്തിൽ കർത്താവിന്റെ പ്രവർത്തനങ്ങളുടെ അവസാനദിവസമാകയാൽ ഈ ദിവസം ജോലിചെയ്യരുതെ’ന്നു ഈ ഗ്രന്ഥം പറയുന്നുണ്ട്. ഇന്നും ഈ ദിവസം നാമെല്ലാവരും പരി. കുർബാനയിൽ സംബന്ധിക്കണമെന്ന് സഭ നിഷ്കർഷിക്കുന്നുണ്ടല്ലോ. ഈ തിരുനാളിനെക്കുറിച്ചു നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വലിയ സഭാപിതാവായ മാർ അഗസ്റ്റിനും പഠിപ്പിക്കുന്നുണ്ട്. ഒരുപക്ഷേ നാലാം നൂറ്റാണ്ടിനു മുമ്പ് ഈ തിരുനാൾ ഈശോയുടെ ഉയിർപ്പിനോട് ചേർത്തുവച്ചാകണം ആചരിച്ചിരുന്നത്. കാരണം ആദിമസഭ കർത്താവിന്റെ ഉയിർപ്പുമുതൽ റൂഹാദ്ക്കുദശായുടെ ആഗമനം വരെയുള്ള കാര്യങ്ങൾ വേർതിരിച്ചു കണ്ടിരുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം. നാലാം നൂറ്റാണ്ടോടുകൂടി പൗരസ്ത്യസുറിയാനി സഭയും ഈ തിരുനാൾ ആഘോഷിക്കാൻ ആരംഭിച്ചിരിക്കണം. ആറാം നൂറ്റാണ്ടിലുള്ള ഒരു പൗരസ്ത്യ സുറിയാനി കൃതിയിൽ ഈ തിരുനാളിനെക്കുറിച്ചും, എന്തിനാണ് ഈ തിരുനാൾ ആഘോഷിക്കുന്നതെന്നും, എന്താണ് ഈ തിരുനാൾ നമുക്ക് നൽകുന്ന സന്ദേശമെന്നും വ്യക്തമാക്കുന്നുണ്ട്. ‘സൂലാഖാ’ എന്ന വാക്കാണ് ഈ തിരുനാളിന് സുറിയാനിയിൽ വിളിക്കുന്ന പേര്. ആരോഹണം, മുകളിലേക്കു കയറുക, ഉയരുക, എടുക്കപ്പെടുക എന്നൊക്ക ഈ സുറിയാനി പദത്തിന് അർത്ഥമുണ്ട്. ശ്ലീഹന്മാരുടെ നടപടികൾ ഒന്നാം അദ്ധ്യായം പതിനൊന്നാം വാക്യത്തിൽ ഈ വാക്ക് നമുക്ക് കാണുവാൻ സാധിക്കുന്നതാണ്. ദൂതന്മാർ ശ്ലീഹന്മാരോട് പറയുകയാണിവിടെ, “നിങ്ങളിൽനിന്ന് സ്വർഗത്തിലേക്ക് എടുക്കപെട്ട ഈശോ സ്വർഗത്തിലേക്ക് കയറിപ്പോകുന്നത് നിങ്ങൾ കണ്ടതുപോലെ തിരിച്ചുവരും”. ഇവിടെ കയറുക, എടുക്കപ്പെടുക എന്ന രണ്ടുവാക്കുകളും നമുക്ക് കാണാൻ സാധിക്കും. എടുക്കപ്പെട്ടു എന്ന വാക്ക് ഈശോയുടെ ദൈവത്വത്തിന് കുറവൊന്നും ഉണ്ടാക്കുന്നില്ല. ദൈവദൂതന്മാരുടെ അകമ്പടിയോടുകൂടി മേഘങ്ങളാകുന്ന രഥങ്ങൾ ഈശോയെ വഹിച്ചുകൊണ്ട് പോയി എന്ന് മാത്രമാണ് ഇവിടെ അർത്ഥമാക്കുന്നത്. സൂലാഖാ തിരുനാളിന്റെ ദിവസത്തെ യാമപ്രാർത്ഥനകളിൽ എടുക്കപ്പെട്ടു എന്ന വാക്ക് നമ്മൾ കാണുമ്പോൾ മുകളിൽ പറഞ്ഞ രീതിയിൽ വേണം അതിനെ മനസിലാക്കുവാൻ. പൗരസ്ത്യ സുറിയാനി സഭയിൽ ഈ തിരുനാൾ നാലാം നൂറ്റാണ്ടു മുതലെങ്കിലും ആഘോഷിക്കുവാൻ തുടങ്ങിയിരുന്നുവെന്ന് നമ്മൾ കണ്ടുകഴിഞ്ഞു. സൂലാഖാ അഥവാ ആരോഹണം എന്ന വാക്ക് അനേകം പ്രാവശ്യം നമുക്ക് ഈ ദിവസത്തെ യാമപ്രാർത്ഥനകളിൽ കാണുവാൻ സാധിക്കും. സൂലാഖാ തിരുനാളിലെ റംശാ പ്രാർത്ഥനയിലെ ഓനീസാ ദഖ്ദത്തിൽ മനോഹരമായ ഒരു പ്രാർത്ഥനയുണ്ട്. “സകല തലവന്മാർക്കും അധികാരികൾക്കും മാനവസൈന്യങ്ങൾക്കും ഉപരിയായി എല്ലാറ്റിന്റെയും രക്ഷകനായ ഈശോ സ്വർഗത്തിലേക്ക് മഹത്വപൂർവം എടുക്കപ്പെട്ടു. തന്റെ ആരോഹണം വഴി അവിടുന്ന് മാലാഖമാരെയും മനുഷ്യവംശത്തെയും സന്തോഷിപ്പിച്ചു. എന്തെന്നാൽ നമ്മുടെ വംശത്തിന്റെ ആദ്യഫലമായ ഈശോമിശിഹാ എന്നേയ്ക്കുമായി വാഴുന്നു”. ഈശോയുടെ സ്വർഗാരോഹണം നമുക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. സ്വർഗത്തിലേക്ക് പ്രവേശിക്കുവാൻ സാധിക്കുമെന്ന വലിയ പ്രതീക്ഷയാണിത്. ഈശോയുടെ സ്വർഗ്ഗാരോഹണസമയത്തെ കാര്യങ്ങൾ എങ്ങനെയാണ് നടന്നതെന്ന് തിരുന്നാൾദിവസത്തെ ഒരു പ്രകീർത്തനം വിവരിക്കുന്നുണ്ട്. അതിന്റെ പ്രസക്തമായ ഭാഗങ്ങൾ ഇങ്ങനെയാണ്.
‘സ്വന്തം ശരീരം കൊണ്ട് അവൻ പാപത്തെ പരാജയപ്പെടുത്തി. ഉയിർത്തെഴുന്നേറ്റ് നമ്മുടെ വംശത്തിന് ഉയിർപ്പ് പ്രദാനം ചെയ്തു. പിന്നീട് മഹത്വത്തോടെ ഉന്നതങ്ങളിലേക്ക് കരേറി. ഉന്നതന്റെ പുത്രൻ തന്റെ ഉന്നത സ്ഥാനത്തേക്ക് പറക്കുവാൻ തുടങ്ങുകയിൽ അവൻ ശ്ലീഹന്മാരുടെ സമൂഹത്തെക്കൂടെ കൊണ്ടുപോയി ബേസനിയ വരെ എത്തി. അവൻ അവരിൽ നിന്ന് വേർപെടാറായപ്പോൾ അവരോട് ഇപ്രകാരം പറഞ്ഞു. “നിങ്ങൾ ദുഖിതരാകാതെ സെഹിയോനിലേക്ക് മടങ്ങുക. ഞാൻ പോകുന്നതിലും, നിങ്ങളിൽ നിന്നും ശാരീരികമായി വേർപെടുന്നതിലും നിങ്ങൾ അസ്വസ്ഥരാകരുത്. ഞാൻ പോകുന്നില്ലെങ്കിൽ പരിശുദ്ധാത്മാവിനെ ഞാൻ അയക്കുകയില്ല. ദിവ്യദാനം വന്ന് അത്ഭുതങ്ങളും അടയാളങ്ങളും വഴി നിങ്ങൾ മഹത്വപൂർണരാകുന്നതുവരെ
നിങ്ങൾ ജറുസലേമിൽ താമസിക്കണം. അവിടെ ഞാൻ എന്റെ വലിയ ശക്തി വെളിവാക്കും. എന്റെ പ്രഭാവം പ്രകടിപ്പിക്കും. എന്റെ അധികാരവും കർത്തവ്യവും അറിയിക്കും. എന്റെ ദിവ്യത്വം എല്ലായിടത്തും പ്രസംഗിക്കപ്പെടും. അവരിൽ നിന്ന് വേർപെടാൻ ആരംഭിക്കയിൽ അവൻ അവരെ അത്ഭുതത്തിലാഴ്ത്തി അവരുടെ മുൻമ്പിൽ വച്ച് വായുവിനെ വസ്ത്രമാക്കി അവരുടെ കണ്ണുകളിൽ നിന്ന് അപ്രക്ത്യക്ഷനായി. അവന്റെ എതിരേല്പിനായി സൈന്യങ്ങൾ പാഞ്ഞുവന്നു. പരിചാരകവൃന്ദം ഒന്നിച്ചുകൂടി. സ്വർഗ്ഗരാജ്യത്തെ സേവകരെല്ലാം കാഹളമൂതി ആർപ്പുവിളിച്ചു’.
എത്ര സുന്ദരമായ പ്രാർത്ഥനയാണിത്. ഈശോയുടെ സ്വർഗാരോഹണം നമ്മുടെ പരി. കുർബാനയിൽ കണ്ടെത്തുവാൻ സാധിക്കുമോ? സീറോ മലബാർ സഭയുടെ പരി. കുർബാനയിൽ കാർമ്മികൻ ഹുത്താമ അല്ലെങ്കിൽ ആശിർവാദം നൽകുവാനായി നിൽക്കുന്നത് ബേസ്‍കുദ്ശായിൽ മദ്ബഹായുടെ വലതുവശത്താണെന്നു നമ്മുക്ക് എല്ലാവർക്കും അറിയാം. പരി. കുർബാനയിൽ ഹുത്താമ എന്നു പറയുന്നത് നമ്മുടെ കർത്താവീശോമിശിഹാ തന്റെ സ്വർഗ്ഗാരോഹണവേളയിൽ ഭൂവാസികൾക്കും സ്വർഗ്ഗവാസികൾക്കും നൽകിയ ആശിർവാദമാണ്. ഈ ആശിർവാദത്തിന് ശേഷം ഈശോ എങ്ങോട്ടാണ് പോയത്?. സ്വർഗത്തിൽ പിതാവിന്റെ വലതുഭാഗത്തേക്ക്. അതുകൊണ്ടാണ് ഹുത്താമ ബേസ്‍കുദ്ശായുടെ വലതുവശത്തു നിന്ന് ചൊല്ലുന്നത്. പരി. കുർബാനയിൽ നാം ഹുത്താമയുടെ സമയത്ത് ഈശോയുടെ സ്വർഗാരോഹണവും പിതാവിന്റെ വലതുവശത്തു ഉപവിഷ്ടനായിരിക്കുന്ന രാജാവായ ഈശോയെയുമാണ് അനുസ്മരിക്കേണ്ടത്. എന്താണ് ഈ തിരുനാൾ നമുക്ക് നൽകുന്ന സന്ദേശം?. ഈ ലോകജീവിതത്തിനപ്പുറം സ്വർഗ്ഗരാജ്യമുണ്ടെന്നും ആ രാജ്യത്തെ ലക്ഷ്യമാക്കിയുള്ള ജീവിതമാണ് നമ്മുടേതെന്നും ഈ തിരുനാൾ വ്യക്തമാക്കുന്നു. ഈ ലോകത്തിൽ നമ്മുടെ ചെയ്തികളും ചിന്തകളും പറുദീസായെ, സ്വർഗത്തെ ലക്ഷ്യം വച്ചുള്ളതാണോ എന്ന് ആത്മശോധന ചെയ്യുവാൻ ഈ തിരുനാൾ നമ്മെ ഓർമിപ്പിക്കുന്നു.
Fr Jacob Kizhakkeveedu










Leave a Reply