Sathyadarsanam

നമ്മുടെ ആൺകുട്ടികളുടെ ആണത്വം അപകടത്തിലോ ???

അന്ന് ഹോസ്റ്റലിലെ കുട്ടികൾ സ്കൂളിൽ നിന്ന് വന്നപ്പോൾ ഭക്ഷണമുറിയിലേക്ക് പോകാതെ നേരേ എന്റെ അടുത്തേക്കാണ് വന്നത്. “അവർ സ്കൂളിൽ എന്തോ പ്രശ്നമുണ്ടാക്കിയിട്ടുണ്ട് ” എന്റെ മനസ്സ് മന്ത്രിച്ചു. അധ്യാപകർ അറിയിക്കുന്നതിന് മുമ്പ് നേരിട്ട് കാര്യം പറഞ്ഞാൽ ശാസനയുടെ കാഠിന്യം കുറയും. അതവർക്കറിയാം. ഇവരെല്ലവരും കൂടെ എന്ത് പ്രശ്നമാണ് ഉണ്ടാക്കിയത് ???? എന്റെ മനസ്സ് ആകുലപ്പെട്ടു….
കൂട്ടത്തിൽ ഒരുവൻ പറഞ്ഞു തുടങ്ങി…. “അച്ചാ ഇന്ന് സ്കൂളിൽ ഒരു പ്രശ്നമുണ്ടായി. കളിയുടെ സമയത്ത് ഒരുത്തൻ എന്നെ തല്ലി. സ്കൂൾ വിട്ടപ്പോൾ ഞാൻ അവനോട് പോയി ചോദിച്ചു. സമാധാനത്തിൽ പറഞ്ഞു തീർക്കാൻ ചെന്നതാ. അപ്പോൾ അതാ അവൻ വെല്ലുവിളിക്കുന്നു . പിന്നെ ചെറിയ ഉന്തും തള്ളുമായി ” . അപ്പോൾ സീനിയറിൽ ഒരുവൻ പറഞ്ഞു: ” അച്ചാ ഇവനെ തല്ലുന്നതു കണ്ടാൽ ഞങ്ങൾക്ക് നോക്കി നില്ക്കാൻ പറ്റുമോ, ഞങ്ങളും ഇടപെട്ടു പോയി.

എനിക്ക് കാര്യം മനസ്സിലായി അനിയന്റെ പ്രശ്നത്തിൽ ചേട്ടൻമാർ ഇടപെട്ടതാ. എന്റെ മുഖം ചുമന്നു . കുട്ടികൾ വഴക്ക് കേൾക്കാൻ തയ്യാറായി നില്ക്കുന്നതു പോലെ എനിക്ക് തോന്നി.. എന്റെ മനസ്സ് ധർമ്മ സങ്കടത്തിലായി…. എന്താ ഇപ്പം കുട്ടികളോട് പറയുക? വഴക്ക് പറയണോ അതോ അഭിനന്ദിക്കണോ?????
ഞാൻ പറഞ്ഞു: “എന്തായാലും പ്രശ്നം നിങ്ങൾ നേരിട്ട് പറഞ്ഞല്ലോ, പിന്നെ ഒരു കാര്യം നിങ്ങളിൽ ഒരുത്തന് ഒരു പ്രശ്നം വന്നാൽ ബാക്കിക്കുള്ളവർ കൈയ്യും കെട്ടി നോക്കി നില്ക്കുക ഒന്നും വേണ്ട…. ആ ചെറുപ്പക്കാരുടെ കണ്ണുകളിൽ തീക്ഷ്ണമായ ഒരു തിളക്കം . അർപ്പുവിളിച്ചു കൊണ്ടാണ് അന്നവർ ഭക്ഷണമുറിയിലേയ്ക്ക് പോയത്. ഞാൻ ചിന്താകുലനായി. തെറ്റായ ഒരു കാര്യമാണോ ഞാനവരെ പഠിപ്പിച്ചത് ???. ഇല്ല ഞാൻ തെറ്റൊന്നും പഠിപ്പിച്ചിട്ടില്ല. വഴക്കു പറഞ്ഞിരിന്നുവെങ്കിൽ അതാകുമായിരുന്നു തെറ്റ്. കാരണം പിന്നീടെന്നെങ്കിലും തങ്ങളുടെ കൂട്ടുകാർക്ക് ഒരു പ്രശ്നം വരുമ്പോൾ ഇടപെടാൻ അവർ മടിച്ചേനേ.
ഞാൻ ചേട്ടൻമാരേ വിളിച്ചിട്ട് പറഞ്ഞു: “ഇനി ഒരാഴ്ച മുഴുവൻ സമയവും നിങ്ങളവന് കാവലാകണം.” ഒന്നാം ‘വർഷക്കാരനോട് പറഞ്ഞു ” നീ ഈ ആഴ്ച തന്നെ പ്രശ്നമുണ്ടാക്കിയവനുമായി സൗഹൃദത്തിലാകണം.” കാര്യങ്ങൾ ശുഭമായി പര്യവസാനിച്ചു.

മറ്റുള്ളവർക്ക് ഒരു പ്രശ്നം വരുമ്പോൾ അതിലിടപെടുക എന്നുള്ളത് ഒരാണിന്റെ നൈസർഗ്ഗിക ഭാവമാണ്. പ്രിയപ്പെട്ടവർക്കാണ് പ്രശ്നമെങ്കിൽ പറയുകയും വേണ്ട! കാരണം തന്റെ കൂടെയുള്ളവരുടെ സംരക്ഷകനാണ് ഞാൻ എന്നാണ് ഓരോ ആൺകുട്ടിയും (പുരുഷനും ) ചിന്തിക്കുന്നത്. ആ ഭാവത്തെ തല്ലിത്തകർക്കരുത്. അപ്പന്റെ കൈയ്യിൽ പിടിച്ചു നടക്കുമ്പോൾ നാം അനുഭവിക്കുന്ന ഒരു. സുരക്ഷിതത്വമുണ്ടല്ലോ?. അത് അന്യം നിന്നു പോകരുത്.

നമ്മുടെ സമൂഹത്തിലെ ഒരു പെൺകുട്ടി നഷ്ടപ്പെട്ടാൽ നാം അലറിക്കരയാറുണ്ട്….. ചർച്ചകളായി, പരിദേവനങ്ങളായി, നിവേദനങ്ങളായി അങ്ങന്നെ പലതുമായി. നല്ല കാര്യം… തീർച്ചയായും വേണം. എന്നാൽ നമ്മുടെ സമുദായത്തിൽ നിന്നും ആൺകുട്ടികൾ അപ്രത്യക്ഷരാകാൻ തുടങ്ങിയിട്ട് കാലമേറെയായി … ഇവിടുത്തെ കോളേജുകളിൽ, ജോലി സ്ഥലങ്ങളിൽ, കലാ സാഹിത്യ രംഗങ്ങളിൽ, എന്തിനു പറയുന്നു അൾത്താര സംഘത്തിൽ നിന്നു പോലും….. ആർക്കും അതിനെപ്പറ്റി സങ്കടമില്ല.. പരിദേവനങ്ങളോ ചർച്ചകളോ, നിലവിളിയോ ഇല്ല. ഇങ്ങനെ ഒരു സംഭവം നടന്നതായി പോലും ആരും ഭാവിക്കുന്നില്ല. സങ്കടകരം…. എന്നല്ലാതെ എന്തുപറയാൻ.

കഠിനമാണ് ഇന്നൊരു ആൺകുട്ടിയുടെ അതിജീവനം.
പഠിക്കാൻ അവർക്ക് സ്കോളർഷിപ്പുകളില്ല, സംവരണങ്ങളില്ല. ഇനി അഥവാ ഒരു കോളേജിൽ അഡ്മിഷൻ കിട്ടിയാൽ താമസിക്കാൻ ഹോസ്റ്റലുകളില്ല. എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് പഠിച്ച് ജോലി വാങ്ങി വിവാഹം കഴിക്കാൻ ആഗ്രഹിക്കുമ്പോൾ പെൺകുട്ടികൾക്ക് അവനെ വേണ്ട! കാരണം പ്രായം കൂടിപ്പോയി. (അങ്ങനെ ഒരു ലക്ഷത്തോളം ആൺ പിള്ളേരുണ്ട് നമ്മുടെ സമുദായത്തിൽ.) എല്ലായിടത്തും അവർ അവഗണിക്കപ്പെടുകയാണ്. അവർ ചങ്കുനീറി കരയുന്നുണ്ട്. ശബ്ദ്ധമില്ലാത്തതുകൊണ്ട് പുറത്തു കേൾക്കുന്നില്ലന്നേയുള്ളൂ. ഇനിയും നാം അത് കാണാതെ പോകരുത്.

ഒരു പ്രശ്നക്കാരനായിട്ടാണ് അവനെ പലപ്പോഴും നിയമസംവിധാനങ്ങളും സമൂഹവും, വിദ്യാഭ്യസ സ്ഥാപനങ്ങളും വീടും ഒക്കെ നോക്കിക്കാണുന്നത്. ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും ഒരേ തെറ്റ് ചെയ്താലും രണ്ട് രീതിയിലാണ് സമൂഹം അത് വ്യാഖ്യാനിക്കുന്നത്. എന്നാൽ ഇന്നു ക്രിസ്തു
ആൺകുട്ടികളെ ചൂണ്ടിക്കാണിച്ചിട്ട് പറയും ” നിങ്ങളിൽ പാപമില്ലാത്തവൻ *ഇവനെ* കല്ലെറിയട്ടെയെന്ന് ”

അവസരങ്ങൾ ആണിനും പെണ്ണിനും തുല്യമല്ലേ?
ആൺകുട്ടികൾ ഉഴപ്പുന്നതു കൊണ്ടല്ലേ ??, ലക്ഷ്യമില്ലാതെ പെരുമാറുന്നതുകൊണ്ടല്ലേ?? പഠിക്കാത്തതുകൊണ്ടല്ലേ ?? അവർ പിന്നോട്ടു പോകുന്നത്.? ഇങ്ങനെ പറയുന്നവരുണ്ട്. അവർ മനസ്സിലാക്കേണ്ട ചില പാഠങ്ങളുണ്ട്. ഒരു പെൺകുട്ടിക്ക് അവളുടെ ശരീരം തന്നെ ഒരു ഗുരുനാഥയാണ്. ജീവിത ലക്ഷ്യം, പക്വത , മധുരമായ സംസാരം, പെരുമാറ്റം ഇങ്ങനെ ഒട്ടനവധി കാര്യങ്ങൾ കൗമാരത്തിലേയ്ക്ക് കടക്കുബോൾത്തന്നെ ശരീരം അവളെ പഠിപ്പിക്കും. എന്നാൽ ഒരാൺകുട്ടി ഈ ജീവിത പാഠങ്ങൾ പഠിക്കുക കൗമാരത്തിന്റെ അവസാന ഘട്ടത്തിലാണ് . ഇതവന്റെ ജീവിത ചക്രമാണ്. ഒരുപാട് നാൾ ചിറകിട്ടടിച്ചു വേണം അവന്റെ ആണത്വത്തിന്റെ ചിറകിന് ബലം വെപ്പിക്കാൻ. (ദീർഘ നേരം ചിറകിട്ടടിച്ചാണ് ഒരു ചിത്രശലഭപ്പുഴു തന്റെ കൂടു പൊളിച്ച് പുറത്തു വരുന്നത്. ചിത്രശലഭത്തിന്റെ ചിറകിന് ബലം വയ്ക്കാൻ പ്രകൃതി ഒരുക്കിയ പാഠം… ചിത്രശലഭം ഇങ്ങനെ ചിറകിട്ടടിക്കുന്നതു കണ്ട് ദയ തോന്നി ആരെങ്കിലും ആ കൂട് പൊട്ടിച്ചു കൊടുത്താൽ അതിന് പറക്കാനാവില്ല)
എന്നാൽ കാത്തിരിക്കാനുള്ള ക്ഷമ നമുക്കില്ല. എങ്ങനെയെങ്കിലും അവനെ ഒരു പെൺകുട്ടിയെപ്പോലെ ‘നല്ല’ കുട്ടിയാക്കാനുള്ള ആവേശത്തിലാണ് നാം. അതിനുള്ള എളുപ്പമാർഗ്ഗം അവന്റെ ആണത്വത്തിന്റെ കൂടുകൾ തകർത്ത് അവനെ ഒരു അമ്മക്കുഞ്ഞാക്കി മാറ്റുക എന്നതാണ്. ‘അമ്മക്കുഞ്ഞ് ‘ എന്ന് പറഞ്ഞാൽ അമ്മയുടെ സാരിത്തുമ്പിന്റെ ആവൃതിക്കുള്ളിൽ മാത്രം വട്ടം തിരിയുന്ന ‘പാവം’ ആൺകുട്ടി. ഇന്നത്തെ ആൺകുട്ടികളിൽ കുറെപ്പേരെങ്കിലും ഇത് ആസ്വദിച്ചു. തുടങ്ങിയിരിക്കുന്നു. അപകടകരമായ ട്രെൻഡാണിത്.

ബലഹീന ജൻഡറിനെ ശക്തി പ്പെടുത്തുക എന്നത് നമ്മുടെ രാജ്യത്തിന്റെ പോളിസിയാണ്. ഇന്ന് കേരളത്തിലെ പ്രത്യേകിച്ചും ക്രിസ്ത്യൻ സമുദായത്തിലെ വീക്കർ ജൻഡർ (Weaker Gender) ആൺകുട്ടികളാണ്.
ഒരു പ്രസംഗം പറയാൻ , ദേവാലയത്തിൽ ലേഖനം വായിക്കാൻ , സംഘടനകൾക്ക് നേതൃത്വം വഹിക്കാൻ , പരിപാടികൾ നടത്താൻ എന്നു വേണ്ട എല്ലാക്കാര്യങ്ങൾക്കും മുൻപന്തിയിൽ ഇന്ന് പെൺകുട്ടികളാണ്. കാരണം ശക്തിയുള്ളവരാണ് അവസരങ്ങൾ ആദ്യം പ്രയോജനപ്പെടുത്തുക. അതൊരു പ്രകൃതി നിയമവുമാണ്. ഏകദേശം 20 വർഷങ്ങൾക്കു മുമ്പ് ആൺകുട്ടികളായിരുന്നു എല്ലാക്കാര്യങ്ങളിലും മുൻപന്തിയിൽ. പെൺകുട്ടികളുടെ വളർച്ച തീർച്ചയായും സന്തോഷകരം തന്നെ. ഇനി കുറച്ചു വർഷങ്ങൾ ആൺകുട്ടികളുടെ ശക്തീകരണത്തിനായി പരിശ്രമിക്കണം. അതിന് ആദ്യം ചെയ്യേണ്ടത് അവരെ
അപ്പൻകുഞ്ഞുങ്ങളായി രൂപാന്തരപ്പെടുത്താനുള്ള കർമ്മ പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കാക്കുക എന്നതാണ്.

” പിതാക്കൻമാരേ നിങ്ങളുടെ കുട്ടികളെ പ്രകോപ്പിക്കരുത് . പ്രകോപ്പിച്ചാൽ അവർ നിരുൻമേഷരാകും.”
(കൊളോസോസ്, 3:21)

ഫാ. അജി പുതിയാപറമ്പിൽ
(താമരശ്ശേരി രൂപത)

Leave a Reply

Your email address will not be published. Required fields are marked *