പാലാ രൂപതയുടെ സഹായമെത്രാൻ സ്ഥാനത്തുനിന്ന് സന്യാസത്തിലേക്ക് മാറാനുള്ള ആഗ്രഹത്തെപ്പറ്റി മാർ ജേക്കബ് മുരിക്കൻ സംസാരിക്കുന്നു.
പാലാ രൂപതയുടെ സഹായമെത്രാൻ സ്ഥാനം പരിത്യജിച്ച് ഏകാന്ത താപസ്സനാകുകയാണ് തന്റെ ലക്ഷ്യമെന്നു മാർ ജേക്കബ് മുരിക്കൻ.കത്തോലിക്കാ സഭയുടെ ആദ്യകാലത്തുണ്ടായിരുന്ന ഏകാന്ത താപസരുടെ ജീവിതക്രമത്തിലേക്കു തിരിയാൻ ദൈവം വിളിക്കുന്നു. 2017ൽ ഇങ്ങനെയൊരു ആഗ്രഹം തോന്നി. 2018ൽ സിറോ മലബാർ സഭയുടെ ഭരണകാര്യങ്ങൾ നിർവഹിക്കുന്ന സിനഡിന് അപേക്ഷ നൽകി. അപേക്ഷയിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. എന്നാൽ, ഉചിതമായ തീരുമാനമുണ്ടാകുമെന്നു മറുപടി ലഭിച്ചിട്ടുണ്ടെന്നും മാർ ജേക്കബ് മുരിക്കൻ പറയുന്നു. അടുത്തകാലം വരെ ഈ നടപടിക്രമങ്ങളെല്ലാം രഹസ്യമായിരുന്നു. എന്നാൽ, ഈയിടെ ചില കാര്യങ്ങൾ പുറംലോകമറിഞ്ഞതോടെ ആശയക്കുഴപ്പങ്ങളും അബദ്ധ പ്രചാരണങ്ങളുമായി. ഈ സാഹചര്യത്തിൽ, യഥാർഥ വസ്തുതകളും തന്റെ തീരുമാനങ്ങളും വിശദമാക്കുകയാണ് ഈ അഭിമുഖത്തിലൂടെ മാർ മുരിക്കൻ.
• ബിഷപ് സ്ഥാനത്തുനിന്നു പൂർണസന്യാസത്തിലേക്ക്. ഇന്ത്യയിലെ കത്തോലിക്കാ സഭയിൽ ഇങ്ങനെയൊരു കാര്യം ആദ്യമായിട്ടാവുമല്ലോ..?
2017ൽ ആണ് ഈ ചിന്തയിലേക്കു ദൈവം എന്നെ നയിക്കുന്നതായി അനുഭവപ്പെട്ടത്. ഏകാന്ത താപസ ജീവിതത്തിലേക്കുള്ള വിളിയാണിത്. ആദിമസഭയുടെ കാലത്ത് ഉണ്ടായിരുന്നതും പിന്നീട് ഇല്ലാതെ പോയതുമായ ‘ഹെർമിറ്റ്’ ജീവിതക്രമത്തിന്റെ പുനരുദ്ധാരണത്തിനുള്ള പ്രചോദനമാണ് എനിക്കു ലഭിക്കുന്നത്.
• വൃക്ക ദാനംചെയ്തതിലൂടെയും ലളിത ജീവിതത്തിലൂടെയും മറ്റും സകലർക്കും മാതൃകയായി മാറിയ ജീവിതമാണല്ലോ അങ്ങയുടേത്. ഈയൊരു മാതൃക പരസ്യജീവിതത്തിലൂടെ കൂടുതൽ ആളുകൾക്കു പ്രചോദനമാകാൻ ഉപയോഗിക്കുകയല്ലേ വേണ്ടത്?
എന്നിൽ എന്തെങ്കിലും നൻമ ഉണ്ടെങ്കിൽ അതിനു കാരണം ഞാനല്ല. ദൈവത്തിന്റെ ശക്തി എന്നിൽ പ്രവർത്തിക്കുന്നതു കൊണ്ടാണത്. വൃക്കദാനവും ദൈവഹിതപ്രകാരമായിരുന്നു. അതുകൊണ്ടു വൃക്കദാനത്തിനു മുൻപും ശേഷവും ഒരു വ്യത്യാസവും ശരീരത്തിൽ അനുഭവപ്പെട്ടില്ല.
മെത്രാനെന്ന നിലയിൽ സന്തോഷകരമായി സഭാ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഏകാന്ത താപസ ജീവിതത്തിനുള്ള വിളി വന്നത്. ജനങ്ങളുടെ കൂടെ ആയിരിക്കുന്ന ശുശ്രൂഷ വ്യക്തിപരമായി ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നുവെങ്കിലും ദൈവം മറ്റൊരു നിയോഗം ആവശ്യപ്പെടുന്നു. ദൈവത്തിനു വ്യക്തമായ മറ്റൊരു പദ്ധതിയുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. അതിനു കീഴ്പ്പെടുന്നു.
• ഏകാന്ത താപസ ജീവിതം എന്നാൽ എന്താണ് ? ആശ്രമജീവിതം എങ്ങനെയായിരിക്കും?
പ്രകൃതിയോടു പൂർണമായും യോജിച്ച് ജീവിക്കുന്ന വ്യക്തിയാണ് താപസൻ. വളരെ അത്യാവശ്യ ജീവിത സൗകര്യങ്ങൾ മാത്രമേ ഉപയോഗപ്പെടുത്തൂ. പ്രാർഥനയും ധ്യാനവും ബൈബിൾ പഠനവും എഴുത്തും ഒക്കെയായുള്ള നിശബ്ദ ജീവിതമാണ്. ദിവസത്തിൽ ഒരുനേരം മാത്രം ഭക്ഷണം. മാംസ, മൽസ്യാദികളും, മുട്ട, പാൽ എന്നിവയും വർജ്യമാണ്. സ്വയം പാചകം ചെയ്തു ഭക്ഷിക്കണം. കല്ലുകൾകൊണ്ടോ തടികൊണ്ടോ ഉള്ള കട്ടിലും ഇരിപ്പിടങ്ങളുമായിരിക്കണം. ലോകത്തെ വെറുക്കുകയല്ല, ലോകത്തെ ശരിയായി കാണുവാൻ മനുഷ്യരെ പഠിപ്പിക്കുകയാണ് താപസൻ ചെയ്യുന്നത്.
മനുഷ്യൻ തന്റെ ദൃഷ്ടികൾ ദൈവത്തിലുറപ്പിച്ചു ഭൂമിയിൽ ജീവിക്കണം. പ്രകൃതിയിലെ വിഭവങ്ങൾ ദൈവം നൽകിയതാണ് എന്ന ബോധ്യത്തിൽ വിവേകപൂർവം ഉപയോഗിക്കണം. ധൂർത്ത്, ആഡംബരം, ആഘോഷങ്ങൾ എന്നിവ ഉപേക്ഷിക്കണം. മിതമായ ജീവിതം വഴി സഹോദരങ്ങളുടെ ആവശ്യങ്ങളും പരിഗണിക്കപ്പെടണം.
• ബിഷപ് സ്ഥാനം രാജിവയ്ക്കുകയോ ഉപേക്ഷിക്കുകയോ അല്ല. പകരം സന്യാസത്തിന് അപേക്ഷ നൽകുകയാണ് അങ്ങു ചെയ്തത്. ഇതിലൂടെ അർഥമാക്കുന്നത് എന്താണ് ?
ഈ വർഷമാണ് പലരും ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞത്. എന്നോടു നേരിട്ട് അന്വേഷിച്ചവരോടു ഞാൻ കാര്യങ്ങൾ ബോധിപ്പിച്ചിരുന്നു. വളരെ ശാന്തമായി ഈ പ്രക്രിയകൾ നടക്കുന്നതിനിടയിലാണു പെട്ടെന്നു ചില വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വന്നത്.
2018ൽ ഞാൻ സമർപ്പിച്ച അപേക്ഷയിൽ തീരുമാനം അറിയിക്കുമെന്നാണ് കർദിനാളും എന്റെ ബിഷപ്പും പറഞ്ഞിരിക്കുന്നത്. കാത്തിരിക്കുവാനാണ് അവർ എന്നോടു നിർദേശിച്ചിരിക്കുന്നത്. ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും അവർ അറിയിച്ചിട്ടുണ്ട്. അതുവരെ എന്റെ നിലവിലുള്ള ശുശ്രൂഷ സജീവമായി തുടരും.
• താപസ ജീവിതത്തിലേക്കു മാറിയാൽ സാധാരണ ജനങ്ങളുമായുള്ള ബന്ധം എങ്ങനെയായിരിക്കും?
താപസ ജീവിതം നയിക്കുന്നവരെ കാണുവാൻ വിശ്വാസികൾക്കു നിയന്ത്രിതമായി മാസത്തിൽ ഏതാനും ദിവസങ്ങൾ ഉണ്ടാകാറുണ്ട്. ഏകാന്ത താപസന്റെ ജീവിതം നയിക്കുന്നത് എല്ലാവർക്കും വേണ്ടിയാണ്. അതിന്റെ ഫലങ്ങൾ വിശ്വാസ സമൂഹത്തിനും ലോകം മുഴുവനും കൃപയായി ലഭിക്കും.
ബനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്ത അവസരത്തിൽ ഇനി ഞാൻ മറഞ്ഞിരുന്നു സഭയെ ശുശ്രൂഷിക്കുമെന്നാണ് പറഞ്ഞത്. അദ്ദേഹത്തിന്റെ മറഞ്ഞിരുന്നുള്ള ശുശ്രൂഷയുടെ ഫലമാണ് പിൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയ്ക്കു കിട്ടിയ സ്വീകാര്യത എന്നു ഞാൻ കരുതുന്നു. എന്റെ അറിയപ്പെടുന്ന ശുശ്രൂഷാ ജീവിതത്തെക്കാൾ ശക്തമായിരിക്കും അറിയപ്പെടാത്ത താപസജീവിതം. അതു സഭാഗാത്രത്തെ മുഴുവൻ കൂടുതൽ അരൂപിയുടെ പ്രവർത്തനങ്ങൾക്കു വിധേയപ്പെടുത്തും.
• ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അങ്ങയുടെ പ്രതികരണമെന്താണ്?
വാർത്തകൾ നൽകിയവർ യഥാർഥ ഉറവിടത്തിൽനിന്നു വിവരങ്ങൾ ശേഖരിച്ചാൽ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടു വസ്തുതകൾക്കു ദുർവ്യാഖ്യാനങ്ങളുണ്ടായി. ഇതുമായി ബന്ധപ്പെട്ടു പാലാ രൂപതയിൽ ഒരു പ്രശ്നവുമില്ല. ഞാൻ പാലാ രൂപത സഹായമെത്രാനായിട്ട് 8 വർഷം ആയി. നാളിതുവരെ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവുമായി ഒരു വാക്കുവ്യത്യാസവും ഉണ്ടായിട്ടില്ല. ഞാൻ ഏറ്റവും കൂടുതൽ ആദരിക്കുന്ന, എന്റെ പ്രിയ ഗുരുനാഥൻ കൂടിയായ അഭിവന്ദ്യ പിതാവിനെ ചിലരെങ്കിലും വിമർശിച്ചത് എനിക്കു മരണതുല്യമായ വേദന തന്നെയായിരുന്നു. ആദ്ദേഹം എനിക്കു നൽകുന്ന സ്നേഹവും പരിഗണനയും അത്രയ്ക്കു വലുതാണ്. പാലാ രൂപതയിൽ നല്ല ഐക്യവും പരസ്പര ധാരണയും എല്ലാ പ്രവർത്തനങ്ങളിലുമുണ്ട്. ഭിന്നതയുടെ ഒരു അടിസ്ഥാനവുമില്ല.
രൂപതയിലെ ബഹുമാന്യരായ വൈദികരെ ആക്ഷേപിക്കുന്നതിന് ഈയവസരം ഉപയോഗിച്ചതിലും എനിക്കു വലിയ ദുഃഖമുണ്ടായി. നല്ല ഐക്യവും സ്നേഹവും ധാരണയുമുള്ള ഇടങ്ങളിൽ ഭിന്നതയുണ്ടാക്കുവാനുള്ള ശ്രമം സാത്താൻ എക്കാലത്തും നടത്താറുണ്ട്. ഏതായാലും വേദനിപ്പിച്ചവരോടു പരിഭവം ഇല്ല. അവരോടു പൂർണമായും ക്ഷമിക്കുന്നു.










Leave a Reply