Sathyadarsanam

ദൈവസ്നേഹത്തിൻ്റെ ആൾരൂപമായ മുരിക്കൻ പിതാവിൻ്റെ കണ്ണുകൾ നിറയാൻ നാം ഒരിക്കലും ഇടവരുത്തരുത്.

പ്രിയ പിതാവേ, അങ്ങയുടെ നന്മ ദർശിക്കാൻ കാണാതെ പോയവർക്കുവേണ്ടി ക്ഷമ ചോദിക്കുകയാണ്.

കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് പാലാ രൂപതയുടെ സഹായമെത്രാൻ ആയ മാർ ജേക്കബ് മുരിക്കൻ പിതാവിൻ്റെ പേരുമായി ചേർത്ത് ചില അസത്യ വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ബഹുമാന്യ വ്യക്തിത്വമായ മുരിക്കൻ പിതാവ്, മെത്രാൻ പദവി രാജിവച്ചു, അതിനായി കത്തു നൽകി, പാലാ രൂപതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിലാണ് രാജിവയ്ക്കുന്നത് എന്ന വിധത്തിലാണ് വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടത്. ഇതേത്തുടർന്നു എന്താണ് സത്യം എന്നു പറഞ്ഞു പിതാവ് തന്നെ വിശദീകരണം നൽകുകയും ചെയ്തു. അത് ഇപ്രകാരമായിരുന്നു.

വർഷങ്ങളായി തനിക്ക് സന്ന്യാസ ഏകാന്തവാസം നയിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്നും ഈ ആഗ്രഹം പാലാ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി എന്നിവരുമായി പങ്കുവച്ചിരുന്നതായും മാർ ജേക്കബ് മുരിക്കൻ വ്യക്തമാക്കുന്നു.

തികച്ചും വ്യക്തിപരവും ആദ്ധ്യാത്മികപരമായ ആഗ്രഹത്തെ വളച്ചൊടിച്ചു അദ്ദേഹത്തിൻ്റെ പരിപാവനമായ മനസിനെ ചിലർ ബോധപൂർവ്വം വേദനിപ്പിച്ചിരിക്കുകയാണ്.

ഏതെങ്കിലും സ്ഥാനം രാജി വയ്ക്കാൻ ആരെങ്കിലും അനുവാദം ചോദിച്ചു കാത്തിരിക്കുമോ? അതും അഭിപ്രായ വ്യത്യാസത്തിൻ്റെ പേരിലുള്ള രാജി ആണെങ്കിൽ? താൻ തത് സ്ഥാനം രാജിവയ്ക്കുന്നുവെന്ന് ഒറ്റവരിക്കത്ത് എഴുതി നൽകിയിട്ട് ഇറങ്ങിപ്പോരാമല്ലോ?

മാത്രമല്ല, മൂന്നു വർഷം മുമ്പു വ്യക്തമായ കാര്യങ്ങളോടെ വ്യക്തിപരമായി സമർപ്പിച്ച അപേക്ഷ, ഇപ്പോഴും അംഗീകരിക്കപ്പെട്ടിട്ടില്ലെന്നതും ഓർക്കേണ്ടതുണ്ട്.

ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാകുന്നു. ബിഷപ്പ് മാർ ജേക്കബ് മുരിക്കനെ മുൻനിർത്തി പാലാ രൂപതയെ അപകീർത്തിപ്പെടുത്തുക എന്നതു മാത്രമാണ് ലക്ഷൃം. അതിനായി ചിലർ ഓൺലൈൻ മാധ്യമങ്ങളെയടക്കം തെറ്റിദ്ധരിപ്പിച്ചു ദുരുപയോഗപ്പെടുത്തി എന്നു വേണം കരുതാൻ.

ഇത്തരം ഒരു വാർത്ത ലഭിച്ചാൽ ഏതൊരു മാധ്യമവും തീർച്ചയായും വാർത്തയാക്കും. അതിനെ കുറ്റപ്പെടുത്താനാവില്ല. വാർത്ത കിട്ടിക്കഴിഞ്ഞാൽ പരമാവധി സോഴ്സുകളിലൂടെ നിജസ്ഥിതി അന്വേഷിക്കും. ചിലപ്പോൾ ചില സോഴ്സുകളിൽ നിന്നും ലഭിക്കുന്ന വാർത്ത കൃത്യമാകണമെന്നു ഇല്ലതാനും. അത്തരത്തിലൊരു പിഴവ് ഇക്കാര്യത്തിൽ സംഭവിച്ചിട്ടുണ്ടോ എന്നു മാധ്യമങ്ങൾ പരിശോധിക്കുന്നത് നന്നായിരിക്കും. അതിനു കാരണമുണ്ട്. ഇന്നലെ (06/05/2020) ഒരു പത്രപ്രവർത്തകൻ രാത്രി 9.30 ന് വിളിച്ചു. അദ്ദേഹത്തിൻ്റെ പത്രത്തിൻ്റെ ഓഫീസിൽ ആരോ വിളിച്ചു മുരിക്കൻ പിതാവ് രാജിവച്ചു എന്നു പറഞ്ഞു. അതേക്കുറിച്ച് വിവരം വല്ലതും ഉണ്ടോ എന്നറിയാൻ വിളിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

തികച്ചും തെറ്റായ വാർത്ത ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നതിൻ്റെ തെളിവാണിത്.

ഇന്നലെ(06/05/2020) 11 മണിയോടെ ഞാൻ മുരിക്കൻ പിതാവിനെ ബിഷപ്പ്സ് ഹൗസിൽ സന്ദർശിച്ചിരുന്നു. പിതാവിൻ്റെ പേര് ചേർത്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടതിൽ ഏറെ ദുഃഖിതനാണ് അദ്ദേഹം.

വാർത്തകൾ വന്നതിനെക്കുറിച്ച് അദ്ദേഹം അറിഞ്ഞിരുന്നുവെങ്കിലും വാർത്ത നേരിൽ കണ്ടത് കഴിഞ്ഞ ദിവസമായിരുന്നു. അദ്ദേഹത്തിന് മൊബൈൽ ഫോൺ ഉണ്ടെങ്കിലും രണ്ടായിരം രൂപയിൽ താഴെയേ വിലവരികയുള്ളൂ. അദ്ദേഹത്തിന് വാട്ട്സ് ആപ്പോ ഫെയ്ബുക്കോ ഒന്നും ഇല്ല താനും. വാർത്ത കണ്ടതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത് ഇപ്രകാരമാണ്. വാർത്ത കണ്ടപ്പോൾ ഹൃദയവേദന അനുഭവിച്ചു, താൻ മാനസിക വിഷമത്താൽ മരിച്ചു പോകുമോ എന്നുപോലും സംശയിക്കുന്നു. തന്നെ ചേർത്തു പിടിച്ച ഗുരുനാഥനാണ് കല്ലറങ്ങാട്ട് പിതാവ്. സഹായമെത്രാനായി എട്ടുവർഷം കഴിഞ്ഞിട്ടും ഒരിക്കൽ പോലും അദ്ദേഹവുമായി ഒരിക്കൽ പോലും ചെറിയ അഭിപ്രായ വ്യത്യാസം പോലും ഉണ്ടായിട്ടില്ല. തന്നെ ചേർത്തു പിടിച്ചത് കല്ലറങ്ങാട്ട് പിതാവാണ്. സന്ന്യാസ ഏകാന്തജീവിതത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ അതിനെ എതിർത്തതും കല്ലറങ്ങാട്ട് പിതാവ് തന്നെയാണ്. ഒട്ടേറെ വിഷമത്തോടു കൂടി തന്നെയാണ് മുരിക്കൻ പിതാവ് ഇക്കാര്യം പറഞ്ഞത്. പലപ്പോഴും അദ്ദേഹത്തിൻ്റെ കണ്ഠമിടറി, കണ്ണുകൾ നിറഞ്ഞു. വളരെയേറെ ഹൃദയവേദന അദ്ദേഹം അനുഭവിക്കുന്നതായി മനസിലായി. എന്നോടൊപ്പമുണ്ടായിരുന്ന Sabu Abraham സന്ന്യാസ ഏകാന്ത വാസ ആഗ്രഹം ഉപേക്ഷിക്കണമെന്ന് പിതാവിനോട് അപേക്ഷിച്ചു. എല്ലാം ദൈവഹിതമാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. വാർത്തകൾ നൽകിയവരോടു തനിക്ക് വിദ്വേഷമൊന്നുമില്ലെന്നും യേശുക്രിസ്തു ഇതിലും എത്രയോ സഹിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും നന്മ വരണമെന്നാണ് തൻ്റെ പ്രാർത്ഥനകളെന്നും അദ്ദേഹം പറഞ്ഞു. രണ്ടു മണിക്കൂറോളം അദ്ദേഹവുമായി സംസാരിച്ച ശേഷമാണ് ഞങ്ങൾ മടങ്ങിയത്.

ആരും വിമർശനത്തിന് അതീതരല്ല. വസ്തുതാപരമായ വിമർശനം നമ്മുടെ രാജ്യത്ത് അനുവദനീയവുമാണ്. എന്നാൽ തെറ്റായ വിവരങ്ങൾ ശരിയാണെന്ന വിധം പ്രചരിപ്പിക്കുന്നത് ആശാസ്യമല്ല. മാധ്യമങ്ങളെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന വ്യാജപ്രചാരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.

കൊറോണയ്ക്കെതിരെ മനുഷ്യകുലം ജീവമരണ പോരാട്ടം നടത്തുന്നതിടെ ഇത്തരം വ്യാജ വാർത്തകൾ സോഷ്യൽമീഡിയായിലൂടെ പ്രചരിപ്പിക്കാൻ കോപ്പുകൂട്ടിയവരുടെ മാനസികനില പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്.

മുരിക്കൻ പിതാവിൻ്റെ തികച്ചും വ്യക്തിപരമായ തീരുമാനം മാത്രമാണ് സന്ന്യാസ ഏകാന്തവാസം എന്ന് അദ്ദേഹവുമായിയുള്ള കൂടിക്കാഴ്ചയിൽ ബോധ്യപ്പെട്ടു. 2017 കാലഘട്ടത്തിൽ ഈ ആഗ്രഹം സംബന്ധിച്ചു പിതാക്കന്മാരെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. അക്കാര്യം സത്യവുമാണ്. അദ്ദേഹം അത് നിഷേധിച്ചിട്ടുമില്ല. കല്ലറങ്ങാട്ട് പിതാവിൻ്റെ സ്നേഹപൂർവ്വമായ എതിർപ്പ് ഈ തീരുമാനത്തെക്കുറിച്ച് നിലനിൽക്കുന്നുണ്ട്. അതിനർത്ഥം മുരിക്കൻ പിതാവ് ആ തീരുമാനം ഉപേക്ഷിക്കണമെന്നു തന്നെയാണ് വ്യക്തമാണ്.

ഇത്രയും ഹൃദയനൈർമല്യമുള്ള ഒരാളെ, ഫ്രാൻസീസ് മാർപാപ്പയോടു ചേർത്തുനിർത്താവുന്ന മഹത്വമുള്ള ഒരാളെ നമുക്ക് കിട്ടിയതിൽ, അതിന് കാരണക്കാരനായി അദ്ദേഹത്തെ ഒപ്പം ചേർത്തു നിർത്തുന്ന കല്ലറങ്ങാട്ട് ബിഷപ്പിനെ, മറ്റു നല്ലവരായ വൈദികരെ ബോധപൂർവ്വം കരുതിക്കൂട്ടി കരിവാരിത്തേക്കുന്നതിനെ അംഗീകരിക്കാനാവില്ല. എതിർപ്പുകൾ ഉണ്ടെങ്കിൽ അത് വസ്തുതാപരമായിരിക്കട്ടെ, ആരോഗ്യകരമായിരിക്കട്ടെ. നിഴൽ യുദ്ധമല്ല വേണ്ടത്.

ഇന്നലെ ഹൃദയവേദനയാൽ പിതാവിൻ്റെ കണ്ണുകൾ നിറയുന്നതു കണ്ടു. നിഷ്ക്കളങ്ക സ്നേഹത്തിൻ്റെ പ്രതീകമായ, ദൈവസ്നേഹത്തിൻ്റെ ആൾരൂപമായ മുരിക്കൻ പിതാവിൻ്റെ കണ്ണുകൾ നിറയാൻ നാം ഒരിക്കലും ഇടവരുത്തരുത്.

പ്രാർത്ഥനകളോടെ,

എബി ജെ ജോസ്, പാലാ

Leave a Reply

Your email address will not be published. Required fields are marked *