Sathyadarsanam

മെയ് 14- സകല മതപാരമ്പര്യങ്ങളോടും കോവിഡ് മഹാമാരിയെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം

കൊറോണ എന്ന പാന്‍ഡെമിക് ലോകമാസകലം പടര്‍ന്നുപിടിക്കുകയും സകലമനുഷ്യരും ദുരിതത്തിലാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ലോകത്തിലെ എല്ലാ മതപാരമ്പര്യങ്ങളോടും മെയ് 14-ാം തിയതി പ്രാര്‍ത്ഥനയില്‍ ഒരുമിക്കാന്‍ ആഗോളകത്തോലിക്കാസഭയുടെ തലവനും പത്രോസിന്റെ പിന്ഗാമിയുമായ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം.

സര്‍വ്വമതപ്രാര്‍ത്ഥനകള്‍ കത്തോലിക്കാവിശ്വാസത്തിന് വിരുദ്ധമാണെന്നും അത് ഈശോ ഏകരക്ഷകനാണെന്ന വിശ്വാസത്തിനും ഏകദൈവവിശ്വാസത്തിനും വിരുദ്ധമാണെന്നും എഴുതിയും പ്രസംഗിച്ചും കത്തോലിക്കാവിശ്വാസികളെ വഴിതെറ്റിക്കുന്നവര്‍ ഈ നാളുകളിലെങ്കിലും ഇതരമതങ്ങളോട് സഭയുടെ ബന്ധത്തെക്കുറിച്ചുള്ള പ്രബോധനങ്ങള്‍ മനസ്സിരുത്തി വായിച്ചുപഠിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

എന്തുകൊണ്ട് സര്‍വ്വമതപ്രാര്‍ത്ഥനകള്‍?

സര്‍വ്വമത പ്രാര്‍ത്ഥനകള്‍ നടത്തുന്നത് സഭയ്ക്ക് ഏകദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെ ഫലമായിട്ടാണ് എന്നാണ് പലരും വാദിക്കുന്നത്. സഭാപ്രബോധനങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കാതെയും അതിനുള്ള അവധാനത കാണിക്കാതെയും നടത്തുന്ന വൈകാരികപ്രതികരണങ്ങള്‍ മാത്രമാണ് ഇത്. യഥാര്‍ത്ഥത്തില്‍ കത്തോലിക്കാസഭയുടെ ഏകദൈവവിശ്വാസത്തിന്റെ അടിയുറച്ച പ്രഖ്യാപനമാണ് സര്‍വ്വമതപ്രാര്‍ത്ഥനകള്‍. ഒരേയൊരു ദൈവമേയുള്ളൂ എന്നും എല്ലാവരും പ്രാര്‍ത്ഥിക്കുന്നത് ഏകദൈവത്തോടാണ് എന്നും അടിയുറച്ച് വിശ്വസിക്കുന്ന കത്തോലിക്കാസഭക്ക് മറ്റു മതങ്ങളുടെ പ്രാര്‍ത്ഥനകളെ പൈശാചികമെന്നോ നിരര്‍ത്ഥകമെന്നോ എഴുതിത്തള്ളാനാവില്ല. ദൈവദര്‍ശനത്തെയും ദൈവികസാന്നിദ്ധ്യത്തെയും കുറിച്ച് ലോകത്ത് ഏതൊരു മതത്തേയുംകാള്‍ ആധികാരികതയോടെ സംസാരിക്കാനും ഇടപെടാനും തിരുത്തലുകള്‍ നല്കാനും കഴിയുന്ന കത്തോലിക്കാസഭ ഈയൊരു ഉദ്യമത്തില്‍ ഏര്‍പ്പെടുന്നത് തന്നെ വലിയൊരു സുവിശേഷപ്രഘോഷണമാണ്. ഇവിടെ ഏകരക്ഷകനായ ഈശോ തള്ളിപ്പറയപ്പെടുകയോ ഏകദൈവവിശ്വാസം ബലികഴിക്കപ്പെടുകയോ ചെയ്യുന്നില്ല. എപ്പോഴും സത്യദൈവവിശ്വാസത്തിന്റെ പൂര്‍ണതയിലേക്ക് എല്ലാ മതങ്ങളും വളര്‍ന്നുവരണം എന്നതുതന്നെയാണ് പരിശുദ്ധ കത്തോലിക്കാസഭയുടെ കാഴ്ചപ്പാടും പ്രബോധനവും. കത്തോലിക്കാസഭയുടെ ദൈവശാസ്ത്രപരവും വിശാലവുമായ ഈ വീക്ഷണങ്ങളുടെ ഉള്ളടക്കം ദഹിക്കാത്തവരാണ് തങ്ങളുടെ സ്വന്തം ധാരണകളുടെ പൊട്ടക്കുളത്തിലും പിടിവാശികളിലും ഉറച്ച്നിന്ന് നിരന്തരമായി ദൈവജനത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

Noble Thomas Parackal

Leave a Reply

Your email address will not be published. Required fields are marked *