മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിൻ്റെ ചരമ വേളയിൽ അദ്ദേഹത്തെക്കുറിച്ച് ധാരാളം അനുസ്മരണങ്ങൾ വന്നുവെങ്കിലും എല്ലാവരും മറന്നതോ ബോധപൂർവം ഒഴിവാക്കിയതോ ആയ ഒരു സവിശേഷത ഉണ്ട് അദ്ദേഹത്തിന്. സിറോ മലബാർ സഭയുടെ സുറിയാനി പൈതൃകത്തെയും ആരാധനയെയും അങ്ങേയറ്റം സ്നേഹിക്കുകയും തന്നാലാവും വിധം അതിനോട് നീതി പുലർത്തുകയും ചെയ്ത വ്യക്തിയാണ് മാർ ആനിക്കുഴിക്കാട്ടിൽ.
എറണാകുളം അങ്കമാലി പ്രവിശ്യയിലെ അംഗവും അവിഭക്ത എറണാകുളം രൂപതയുടെ ഭാഗവുമാണ് ഇടുക്കി രൂപത. എറണാകുളത്തുനിന്നും പിരിഞ്ഞ കോതമംഗലം രൂപത എറണാകുളത്തെ സുറിയാനി വിരുദ്ധ നിലപാടുകളിൽനിന്നു കുറെയൊക്കെ അകലം പാലിക്കുന്നുണ്ട്. എന്നാൽ കോതമംഗലത്തുനിന്നും പിരിഞ്ഞ ഇടുക്കി രൂപതയാകട്ടെ സുറിയാനി പൈതൃകത്തോട് വലിയ കൂറും വിശ്വസ്തതയുമാണ് പുലർത്തുന്നത്. ഇതിന്റെ പിന്നിൽ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിൻ്റെ ഉത്തമ സഭാബോധവും നിതാന്ത ജാഗ്രതയുമാണുള്ളത്. ഏതു വലിയ തിരക്കുകൾക്കിടയിലും യാമപ്രാർത്ഥനകൾ ചൊല്ലുവാനും ആരാധനാ കർമങ്ങൾ നിഷ്ഠയോടെ അനുഷ്ഠിക്കാനും പിതാവ് ശ്രദ്ധിച്ചിരുന്നു. ഇടുക്കി രൂപതയ്ക്ക് പുതിയ ഭദ്രാസന ദേവാലയം (കത്തീഡ്രൽ) വാഴത്തോപ്പിൽ നിർമിച്ചപ്പോൾ സിറോ മലബാർ സഭയുടെ പൈതൃകത്തോട് പൂർണമായും വിശ്വസ്തത പാലിക്കാൻ അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ഇന്ന് സിറോ മലബാർ സഭയിൽ ഏറ്റവും മനോഹരവും ആധികാരികവുമായ ഘടനയോടുകൂടിയ കത്തീഡ്രൽ ഇടുക്കി രൂപതയുടേതാണ്. ഇടുക്കിയിൽ പുതുതായി നിർമിച്ച മുഴുവൻ ദേവാലയങ്ങളും സുറിയാനി പാരമ്പര്യത്തോട് വിശ്വസ്തത പുലർത്തുന്ന ഘടനയിൽ നിർമിക്കണം എന്ന് പിതാവിന് നിർബന്ധമുണ്ടായിരുന്നു.
പിതാവിന്റെ ആപ്തവാക്യം തന്നെ “മിശിഹായിൽ ദൈവീകരണം” (Divinisation in Christ) എന്നാണ്. മിശിഹായിലൂടെ കരഗതമാകുന്ന രക്ഷയെ പരിത്രാണന കർമം (വീണ്ടെടുപ്പ്) എന്നതിലുപരിയായി ദൈവീകരണം (ദൈവത്തോട് അനുരൂപണപ്പെടുക) എന്നാണ് പൗരസ്ത്യ സഭകൾ മനസ്സിലാക്കുന്നത്. ഈ ദര്ശനവുമായി എത്രമാത്രം പിതാവ് താദാത്മ്യപ്പെട്ടു എന്നത് അദ്ദേഹത്തിന്റെ ആപ്തവാക്യത്തിൽ നിന്നും സ്പഷ്ടമാണ്. അഭിവന്ദ്യ പിതാവിന് സിറോ മലബാർ സഭയുടെ സുറിയാനി പൈതൃകത്തെ വിലമതിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന എല്ലാവരുടെയും പ്രണാമം.










Leave a Reply