വയലിൻ വായിക്കുന്ന അഭി. ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ ചിത്രം കണ്ടപ്പോഴാണ് ഈ വരികൾ കുറിക്കാൻ തോന്നിയത്.
1981 ൽ ഞാൻ വടവാതൂർ സെമിനാരി മൂന്നാം വർഷം ഫിലോസഫിയിലായിരുന്നപ്പോൾ ഏതാനും സുഹൃത്തുക്കളോടൊപ്പം പാലാക്കാരൻ കോക്കാട്ട് ശമ്മാശന്റെ കീഴിൽ വയലിൻ പഠിച്ചിരുന്നു. പഠനത്തിന്റെ ഒന്നാം ഘട്ടം, Honeyman Tutor എന്ന പുസ്തകം ഏതാണ്ട് പൂർത്തിയായപ്പോൾ അടുത്ത ലെവലുകൾകൂടി പഠിക്കാൻ ഞങ്ങൾക്ക് ആവേശമായി. കേരളത്തിലെ ഏറ്റവും പ്രഗത്ഭ വയലിനിസ്റ്റ് കൊച്ചിയിലെ റെക്സ്മാസ്റ്ററുടെ ശിഷ്യൻ മൂവാറ്റുപുഴ ഏഞ്ചൽ വോയ്‌സിലെ ലീഡിങ് വയലിനിസ്റ്റ് ആയ കുട്ടിയച്ചന്റെ അടുത്ത് പ്രാക്ടീസിനു പോകാൻ തീരുമാനിച്ചു. തിരുവല്ലയിലെ ആന്റണി കാക്കനാട്ട്, അദ്ദേഹത്തിന്റെ ബാച്ചിലെ മറ്റു രണ്ടു പേര്, അങ്ങനെ ഞങ്ങൾ നാലുപേർ ആദ്യ സെമെസ്റ്റർ അവധിക്ക് മൂവാറ്റുപുഴയ്ക്കു തിരിച്ചു. മൂവാറ്റുപുഴ ജീവജ്യോതിയിലാണ് ഞങ്ങൾക്കു താമസം ഒരുക്കിയത്. അന്ന് അവിടെ ഡയറക്ടർ ആനിക്കുഴിക്കാട്ടിൽ അച്ചനായിരുന്നു (നമ്മുടെ പിതാവ്). ഒരു വൈകുന്നേരം അവിടെ എത്തിയ ഞങ്ങളെ അച്ചൻ സ്വീകരിച്ചു. രാവിലെ കുർബാനയും ബ്രേക്ഫാസ്റ്റും കഴിഞ്ഞു ഞങ്ങൾ ‘മാറാടി’ എന്ന സ്ഥലത്തു ഏഞ്ചൽവോയ്സിന്റെ പ്രാക്റ്റീസ് നടക്കുന്ന ഹാളിൽ എത്തിച്ചേരും. പകൽ മുഴുവൻ അവിടെ, വൈകിട്ട് തിരിച്ചു അച്ചന്റെ അടുത്ത്. എന്നും ഓരോ ദിവസവും പഠിച്ചതെന്താണെന്നു അച്ചൻ ചോദിക്കും, എന്നിട്ട് കൂട്ടത്തിൽ പറയും “ഞാനും ഒരു വയലിനിസ്റ്റ് ആയിരുന്നു” എന്ന്. “സെമിനാരിയിൽ വയലിൻ പ്രാക്ടീസ് ചെയ്തു എന്റെ വിരൽ തേഞ്ഞിരിക്കുന്നതു കണ്ടോ?” എന്നു പറഞ്ഞു ഇടതുകൈയിലെ ചൂണ്ടുവിരൽ കാണിച്ചുതരുമായിരുന്നു.
ഒരാഴ്ചക്കാലം ഞങ്ങൾ അവിടെ സന്തോഷകരമായി ചെലവഴിച്ച ഓർമ്മ ഇപ്പോഴും മനസ്സിൽ പച്ചകെടാതെ നിൽക്കുന്നു.
ഒരു കാര്യം പ്രത്യേകം ഞാൻ ശ്രദ്ധിച്ചത് രാവിലത്തെ കുർബാനയിൽ കുർബാനസ്വീകരണത്തിന് മുമ്പ് അദ്ദേഹം സാമാന്യം ഉറക്കെ ചൊല്ലിയിരുന്ന ഒരു പ്രാർത്ഥനയായിരുന്നു. അതുവരെ ഞാൻ കേട്ടിട്ടില്ലായിരുന്ന ഒന്ന്! “… നിന്റെ അനുഗ്രഹങ്ങളുടെ നിക്ഷേപം ഇതാ എന്റെ കരങ്ങളിൽ… ഇതിന്റെ ശക്തിവിശേഷം എന്നിൽ പ്രകടമാക്കണമേ.” ഇതായിരുന്നു ആ പ്രാർത്ഥന. പിന്നീട് എത്രയോ വർഷങ്ങൾക്കുശേഷമാണ് ഇതു പുരോഹിതൻ കുർബാനസ്വീകരണത്തിന് മുൻപ് ചൊല്ലുന്ന രഹസ്യപ്രാർത്ഥനനയായിരുന്നു എന്നു ഞാൻ മനസ്സിലാക്കുന്നത്. ഇന്നു കുർബാനയിൽ ഞാൻ ഈ പ്രാർത്ഥന ചൊല്ലുമ്പോഴെല്ലാം ഇപ്പോഴും ആ പഴയ സംഭവം എന്റെ ഓർമ്മയിൽ മിന്നിമറയുന്നു എന്നതാണ് സത്യം!
പിന്നീട് എവിടെവച്ചു കണ്ടാലും അദ്ദേഹം ആ പഴയ അടുപ്പം എന്നോടു കാണിച്ചിരുന്നു. ഞാൻ മാർത്തോമ്മാ വിദ്യാനികേതനിലായിരുന്നപ്പോൾ പലതവണ അദ്ദേഹം ഓരോ പ്രോഗ്രാമിനുവേണ്ടി ദൂരയാത്ര ചെയ്തു വന്നത് ഓർക്കുന്നു. പെരുംതോട്ടം പിതാവിന്റ കാലത്തു അദ്ദേഹം വിദ്യാനികേതനിൽ പ്രൊഫസറുമായിരുന്നല്ലോ.
മൂന്നു കാര്യങ്ങളാണ് ആനിക്കുഴിക്കാട്ടിൽ പിതാവിനെ തികച്ചും വ്യത്യസ്തനാക്കുന്നത് എന്ന് എനിക്ക് തോന്നുന്നു.
പ്രഥമവും പ്രധാനവുമായി നമ്മുടെ സഭയുടെ പൗരസ്ത്യപൈതൃകത്തോടുള്ള അഭിമുഖ്യം. മെത്രാന്മാർ സഭയുടെ ഐക്കൺ ആണെന്നാണല്ലോ പറയുന്നത്. അദ്ദേഹം സഭയുടെ ജീവിക്കുന്ന ശ്ലൈഹികപാരമ്പര്യങ്ങളുടെ സംരക്ഷകനും, പ്രയോക്താവും പരിപോഷകനുമൊക്കെയാണ്. പ്രതികൂലമായ പല സാഹചര്യങ്ങളിലും നമ്മുടെ ആരാധനക്രമപാരമ്പര്യങ്ങൾ സംരക്ഷിച്ചു വളർത്താൻ അഭി. പിതാവ് അക്ഷീണം യത്നിച്ചു. ഇക്കാര്യങ്ങളെക്കുറിച്ചു അദ്ദേഹത്തിനു ഉറച്ച നിലപാടുകൾ ഉണ്ടായിരുന്നു. നമ്മുടെ ആരാധനക്രമം അവികലമായി സംരക്ഷിച്ചെങ്കിലേ സഭാത്മകമായ ആത്മീയതയിൽ നാം വളരുകയുള്ളൂ എന്നു അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഈ രംഗത്തു ഒരു വലിയ വിടവാണ് സൃഷ്ടിക്കുന്നത്.
സഭാപാരമ്പര്യങ്ങളോടുള്ള വിശ്വസ്തതയാണ് സ്വസമുദായത്തോടും അദ്ദേഹം കാണിച്ചത്. പ്രതേകിച്ചു ജനസംഖ്യാനുപാതത്തിൽ ഉണ്ടായ വലിയ ഇടിവ്, പ്രണയവലയിൽ കുടുങ്ങി വിശ്വാസംപോലും ഉപേക്ഷിച്ചുപോകുന്ന പെൺകുട്ടികളുടെ പ്രശ്നം, തുടങ്ങിയവയെക്കുറിച്ചു പ്രവാചകധീരതയോടെ അദ്ദേഹം വിളിച്ചുപറഞ്ഞ വളച്ചുകെട്ടില്ലാത്ത വാക്കുകൾ മനസ്സിൽ മുഴങ്ങുന്നു.
മൂന്നാമതായി, എല്ലാവർക്കും അറിയാവുന്നതുപോലെ കുടിയേറ്റ മേഖലയുടെ മുഴുവനും നേതാവും പിതാവുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ സഭയുടെ സാമൂഹികപ്രതിബദ്ധതയുടെ നേർക്കാഴ്ചയായി. അദ്ദേഹത്തിന്റെ ശക്തമായ സാമൂഹിക ഇടപെടലുകൾ ചിലർക്കെങ്കിലും അസ്വസ്ഥതയുണ്ടാക്കി എന്നതാണ് വാസ്തവം.
എന്നാൽ തന്നെ എതിർക്കുന്നവരോടും വെറുക്കുന്നവരോടും “പിതാവേ, ഇവരോട് പൊറുക്കേണമേ” എന്നു പ്രാർത്ഥിച്ചുകൊണ്ടാവണം ഈ നല്ല പിതാവ് കടന്നുപോകുന്നത്…
ഫാ.ജോസ് കൊച്ചുപറമ്പിൽ
സെന്റ് ആന്റണീസ് ചർച്ച്
പറാൽ, ചങ്ങനാശ്ശേരി 04.05.2020.










Leave a Reply