ലോകം മുഴുവൻ കൊറോണയുടെ പിടിയിൽ അമർന്നിരിക്കുമ്പോൾ മെയ് മാസത്തിൽ കുടുംബത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതിൻ്റെ പ്രാധാന്യത്തെപ്പറ്റി ഫ്രാൻസിസ് പാപ്പ വിശ്വാസികൾക്ക് എഴുതിയ സന്ദേശവും ജപമാലക്കുശേഷം പ്രാർത്ഥിക്കേണ്ട രണ്ട് പ്രാർത്ഥനകളുടെയും വിവർത്തനം താഴെ കൊടുക്കുന്നു:
പ്രിയ സഹോദരീസഹോദരന്മാരേ,
മെയ് മാസം അടുത്തിരിക്കുന്നു, ലോകത്തിൻ്റെ ഒരോ കോണിലും ദൈവജനം പ്രത്യേക തീക്ഷ്ണതയോടെ
പരി. കന്യാമറിയത്തോടുള്ള സ്നേഹവും ഭക്തിയും പ്രകടിപ്പിക്കുന്ന ദിനങ്ങൾ. മെയ് മാസത്തിൽ വീടുകളിൽ കുടുംബാംഗങ്ങൾ ഒരുമിച്ച് ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നത് ക്രൈസ്തവ പരമ്പര്യമാണ്. ഈ മഹാമാരി നമ്മുടെമേൽ അടിച്ചേൽപ്പിച്ച പല വിധ നിയന്ത്രണങ്ങൾ, പ്രത്യേകിച്ച് കുടുംബത്തിനകത്ത് മറ്റും ഒതുങ്ങി കഴിയേണ്ടിവന്നത്, നമ്മെ ഒരു ആത്മീയ കാഴ്ച്ചപ്പാടിലേക്കും കൂടി നയിക്കുന്നുണ്ട്.
അതിനാൽ നിങ്ങൾ എല്ലാവരോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഈ മെയ് മാസത്തിൽ കുടുംബത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതിന്റെ ഭംഗി വീണ്ടെടുക്കണം എന്നാണ്. കുടുംബാഗങ്ങൾ ഒരുമിച്ചോ വ്യക്തിപരമായോ ഇത് ചെയ്യാം. നിങ്ങളുടെ ജീവിതസാഹചര്യങ്ങൾ അനുസരിച്ച് നിങ്ങൾ തന്നെ തിരഞ്ഞെടുക്കുക. ഏതായാലും രണ്ടിനും അതിൻ്റെ വിലയുണ്ട്. ഏത് സാഹചര്യത്തിലും ഇത് ചെയ്യുന്നതിന് പിന്നിൽ ഒരു രഹസ്യമുണ്ട്: അത് അതിൻ്റെ ലാളിത്യമാണ്. നല്ല രീതിയിൽ പ്രാർത്ഥന പിന്തുടരാനുള്ള രീതികൾ കണ്ടെത്തുന്നതിന് ഇന്ന് ഇന്റർനെറ്റിൽ പോലും ധാരാളം സാധ്യതകൾ ഉണ്ട്.
ജപമാലയുടെ അവസാനം നിങ്ങൾക്ക് പ്രാർത്ഥിക്കുവാനായ് നമ്മുടെ പരി. കന്യാമറിയത്തോടുള്ള രണ്ട് പ്രാർത്ഥനകൾ ഈ കത്തിനോടെപ്പം ഞാൻ കൂട്ടി ചേർക്കുന്നു. ആത്മീയമായി നിങ്ങളോട് ഐക്യപ്പെട്ടുകൊണ്ട് മെയ് മാസത്തിൽ ഞാനും ഈ പ്രാർത്ഥന ചൊല്ലുന്നതാണ്.
പ്രിയ സഹോദരീ – സഹോദരന്മാരേ, ക്രിസ്തുവിന്റെ മുഖത്തോടൊപ്പം നമ്മുടെ അമ്മയായ പരി. കന്യകാമറിയത്തിൻ്റെ ഹൃദയത്തെയും ധ്യാനിക്കാൻ പരിശ്രമിക്കാം. ഇത് ഒരു ആത്മീയ കുടുംബമെന്ന നിലയിൽ നമ്മെ കൂടുതൽ ഐക്യപ്പെടുത്തുകയും ഇന്ന് നമ്മൾ അനുഭവിക്കുന്ന ദുരിതങ്ങൾ മറികടക്കാൻ നമ്മെ സഹായിക്കുകയും ചെയ്യും. നിങ്ങൾ ഓരോരുത്തർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു, പ്രത്യേകിച്ച് ഏറ്റവും കഷ്ടപ്പെടുന്നവർക്കായി പ്രാർത്ഥിക്കും. ദയവായി നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കണം, കേട്ടോ? നിങ്ങൾ ഓരോരുത്തർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദിയും ഒപ്പം എൻ്റെ അനുഗ്രഹവും…
ഒന്നാമത്തെ പ്രാർത്ഥന:
ഓ മറിയമേ, എപ്പോഴും നീ ഞങ്ങളുടെ പാതയിൽ തിളങ്ങുന്നു, നീ രക്ഷയുടെയും പ്രത്യാശയുടെയും അടയാളമാണ്.
ഞങ്ങൾ നിന്നിൽ ആശ്രയിക്കുന്നു ഒപ്പം, രോഗികളായവരുടെ ആരോഗ്യവും നിൻ്റെ കരങ്ങളിൽ ഏല്പിക്കുന്നു. നിൻ്റെ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് ക്രൂശിതനായ ക്രിസ്തുവിൻ്റെ വേദനകളിൽ അമ്മേ, നീയും പങ്കുപറ്റിയില്ലേ?
കഷ്ടതകളിൽ കൂടി കടന്നു പോകുന്ന ഈ ജനതയുടെ രക്ഷയ്ക്കുവേണ്ടി എന്താണ് വേണ്ടതെന്ന് നിനക്കറിയാം, അമ്മേ, നീ ഞങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. കാരണം, ഗലീലിയിലെ കാനായിൽ എന്നപോലെ ഈ പരീക്ഷണകാലഘട്ടം കഴിഞ്ഞ് സന്തോഷവും ആഘോഷവും മടങ്ങിവരട്ടെ.
പിതാവിന്റെ ഹിതത്തിന് അനുസൃതമായി യേശു ഞങ്ങളോടു പറയുന്നതു ചെയ്യാൻ ദിവ്യസ്നേഹത്തിന്റെ മാതാവേ, ഞങ്ങളെ സഹായിക്കൂ…
ഞങ്ങളുടെ സഹനങ്ങൾ സ്വയം ഏറ്റെടുത്ത ക്രിസ്തു പുനരുത്ഥാനത്തിന്റെ സന്തോഷത്തിലേക്ക് ഞങ്ങളെ നയിക്കാൻ കുരിശിലൂടെ ഞങ്ങളുടെ വേദനകൾ ഏറ്റെടുത്തു.
ദൈവത്തിന്റെ പരിശുദ്ധ അമ്മയായ നിന്റെ സംരക്ഷണത്തിൽ ഞങ്ങൾ അഭയം തേടുന്നു. നിരവധി പരീക്ഷണങ്ങളെ നേരിടുന്ന ഞങ്ങളുടെ അപേക്ഷകളെ ഉപേക്ഷിക്കരുതേ, മഹത്വപൂർണ്ണയും
അനുഗൃഹീതയുമായ പരി. കന്യകയേ,
എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമെ… ആമേൻ.
രണ്ടാമത്തെ പ്രാർത്ഥന:
ദൈവത്തിന്റെ പരിശുദ്ധ അമ്മയായ നിന്റെ സംരക്ഷണത്തിൽ ഞങ്ങൾ അഭയം തേടുന്നു.. കന്യാമറിയമേ, ഈ കൊറോണ വ്യാധിയുടെ പിടിയിലായിരിക്കുന്ന ഞങ്ങളുടെ മേൽ നിൻ്റെ കരുണയുള്ള കണ്ണുകൾ തിരിക്കുക. പ്രിയപ്പെട്ടവരുടെ മരണവും, മനസ്സിനെ ഭാരപ്പെടുത്തുന്ന തരത്തിൽ ചില സാഹചര്യങ്ങളിൽ ഉണ്ടായ മൃതസംസ്കാരവും ഓർത്ത് വേദനയിലും ദു:ഖത്തിലും കഴിയുന്നവരെ ആശ്വസിപ്പിക്കണമേ. രോഗം മൂലം ദുരിതമനുഭവിക്കുന്നവരെയും അമ്മേ, നീ പിന്തുണയ്ക്കണമേ, പകർച്ചവ്യാധി തടയാനുള്ള പരിശ്രമത്തിൽ പ്രിയപ്പെട്ടവരിൽ നിന്ന് അകറ്റപ്പെട്ടവരെയും ഭാവിയെക്കുറിച്ച് ആകുലതപ്പെടുന്നവരെയും സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വം മൂലം ജോലിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഓർത്ത് വിഷമിക്കുന്നവരെയും അമ്മേ, നീ ആത്മവിശ്വാസം കൊണ്ട് നിറയ്ക്കണമേ.
ഈ കഠിനമായ പരീക്ഷണങ്ങൾ അവസാനിച്ച് പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ഒരു പുതിയ ചക്രവാളം ആരംഭിക്കാൻ ദൈവത്തിൻ്റെയും ഞങ്ങളുടെയും അമ്മയായ പരി. കന്യാമറിയമേ, കരുണയുള്ള പിതാവിന്റെ മുമ്പിൽ നീ ഞങ്ങൾക്കായി യാചിക്കുമോ..? നിൻ്റെ ദിവ്യപുത്രനോടൊപ്പം,
കാനായിലെന്നപോലെ ഇടപെടണമേ. രോഗികളുടെയും മരണത്തിന് ഇരയായവരുടെയും കുടുംബങ്ങളെ ആശ്വസിപ്പിക്കാനും അവരുടെ ഹൃദയം വിശ്വസത്തിലേക്ക് തുറക്കാനും നിൻ്റെ പ്രിയ പുത്രനോട് ആവശ്യപ്പെടണമേ.
പകർച്ചവ്യാധിമൂലം കഷ്ടത അനുഭവിക്കുന്ന ഈ കാലയളവിൽ ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരെ അമ്മേ, നീ സംരക്ഷിക്കണമേ… അപരൻ്റ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ അപകടത്തിലാക്കി മുൻപന്തിയിൽ നിന്ന് സേവനം ചെയ്യുന്ന അവരുടെ വീരോചിതമായ പരിശ്രമത്തിനൊപ്പം അവർക്ക് ശക്തിയും നന്മയും ആരോഗ്യവും നൽകണമേ…
രാവും പകലും രോഗികളെ സഹായിക്കുന്നവരോടൊപ്പവും,
സുവിശേഷത്തോടുള്ള പ്രതിജ്ഞാബദ്ധതയോടെ എല്ലാവരെയും സഹായിക്കാനും പിന്തുണയ്ക്കാനും പരിശ്രമിക്കുന്ന പുരോഹിതരോടൊപ്പവും അമ്മേ, നീ ആയിരിക്കണമെ…
പരി. കന്യകാമാതാവേ, ശാസ്ത്രമേഖലയിൽ പ്രവർത്തിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും മനസ്സിനെ നീ പ്രകാശിപ്പിക്കുന്നതുവഴി ഈ വൈറസിനെ കീഴ്പ്പെടുത്താനുള്ള യഥാർത്ഥ പരിഹാരമാർഗം കണ്ടെത്തുന്നതിന് ഇടവരട്ടെ.
ദാരിദ്ര്യം മൂലം ജീവിക്കാൻ കഷ്ടപ്പെടുന്നവരെ
ജ്ഞാനത്താലും ഉദാരമനസ്കതയാലും, ഉത്കണ്ഠയോടെയും സഹായിക്കാനും, സാമൂഹിക – സാമ്പത്തിക പരിഹാരങ്ങൾ ആസൂത്രണം ചെയ്യുകവഴി
ദീർഘവീക്ഷണത്തോടെ ഐക്യദാർഢ്യത്തോടെയും പ്രവർത്തിക്കാനും
അമ്മേ, എല്ലാ രാഷ്ട്രനേതാക്കളെയും നീ സഹായിക്കണമേ… പരി. കന്യകാമറിയമേ, രാഷ്ട്രനേതാക്കൻമാരുടെ മനസ്സാക്ഷിയെ നീ സ്പർശിക്കണമേ… ആയുധശക്തി വർദ്ധിപ്പിക്കാനായി ചെലവിടുന്ന പണം ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയുവാനുള്ള പഠനങ്ങൾ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി അവർ വിനിയോഗിക്കട്ടെ.
പ്രിയപ്പെട്ട അമ്മേ, ലോകം എന്ന വലിയ ഒരു കുടുംബത്തിലെ അംഗമാണെന്ന ചിന്തയിലും, പ്രത്യേകിച്ച് എല്ലാവരെയും ഒന്നിപ്പിക്കുന്ന ബന്ധത്തെക്കുറിച്ചുള്ള സ്വയാവബോധത്തിലും, വളർന്നു വരുവാൻ ഞങ്ങളെ സഹായിക്കണമേ. കാരണം സാഹോദര്യ മനോഭാവത്തോടെയും
ഐക്യദാർഢ്യത്തോടെയും നിരവധി ദരിദ്രരെയും, ദുരിതത്തിൽ പെട്ടിരിക്കുന്നവരെയും സഹായിക്കാൻ ഞങ്ങൾക്ക് ഇതുവഴി സാധിക്കും. വിശ്വാസത്തിലുള്ള ഉറച്ച പ്രോത്സാഹനവും, അപരനെ സേവിക്കുന്നതിലുള്ള സ്ഥിരോത്സാഹവും, പ്രാർത്ഥനയിലുള്ള സ്ഥിരതയും ഞങ്ങൾക്ക് നൽകണമേ.
ഓ മറിയമേ.. എളിയവരുടെ സങ്കേതമേ, അങ്ങേ കരവലയത്തിൽ നിൻ്റെ എല്ലാ വേദനിക്കുന്ന മക്കളെയും കാത്തുകൊള്ളണമേ. ഈ ഭയാനകമായ പകർച്ചവ്യാധിയിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കാൻ സർവശക്തനായ ദൈവം തൻ്റെ ശക്തമായ കരങ്ങളോടെ കടന്നുവരുവാൻ നീ ഇടയാക്കണമെ.. അങ്ങനെ ശാന്തമായതും സാധാരണ ഗതിയിലുള്ളതുമായ ഒരു ജീവിതം പുനരാരംഭിക്കാൻ ഇടവരുത്തണമെ.
രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ പാതയിൽ തിളങ്ങുന്ന നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു, കരുണയും, വാത്സല്യവും, മധുര്യം നിറഞ്ഞ കന്യാമറിയമേ ആമേൻ.
വിവർത്തനം:
✍🏽സി. സോണിയ തെരേസ് ഡി. എസ്. ജെ










Leave a Reply