Sathyadarsanam

എഴുപത്തിയഞ്ചിന്റെ നിറവിൽ മാർ ജോർജ് കർദിനാൾ ആലഞ്ചരി ശ്രേഷ്ഠമെത്രാപ്പോലീത്താ.

ദൈവകൃപയാൽ മലങ്കരയിലെ മാർത്തോമായുടെ സിംഹാസനത്തിൽ ഭാഗ്യത്തോടെ ആഗോള സിറോമലബാർ കത്തോലിക്കാസഭയുടെ തലവനും പിതാവുമായി വാഴുന്ന മേജർ ആർച്ച്ബിഷപ്പ് മാറാൻ മാർ ആലഞ്ചരി ഗീവർഗ്ഗീസ് വലിയ മെത്രാപ്പോലീത്തായ്ക്ക് സ്നേഹപൂർവ്വം ഒരായിരം ജന്മദിനാശംസകൾ.

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി രൂപതയിലെ തുരുത്തി ഇടവകയിൽ ആലഞ്ചേരിൽ പീലിപ്പോസ്‌ മേരി ദമ്പതികളുടെ പത്തു മക്കളിൽ ആറാമനായി1945 ഏപ്രിൽ 19 – ന് ജനിച്ചു. 1972 ഡിസംബർ 18 – ന് മാർ ആന്റണി പടിയറയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. സാമ്പത്തികശാസ്ത്രത്തിൽ കേരളാ സർവകലാശാലയിൽ നിന്നു രണ്ടാം റാങ്ക് നേടിയ ശേഷം ഇദ്ദേഹം ദൈവശാസ്ത്രത്തിൽ ഒന്നാംറാങ്കിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ഫ്രാൻസിലെ സർബോണെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടി. 1974ൽ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ സഹ വികാരിയായി നിയമിതനായി. 1976 മുതൽ 1978 വരെ ചങ്ങനാശേരി അതിരൂപതയുടെ മതബോധന ഡയറക്ടർ, പിന്നീട് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി, പാലാരിവട്ടം പി.ഒ.സി ഡയറക്ടർ, കോട്ടയം പൗരസ്ത്യ വീദ്യാപീഠം പ്രൊഫസർ, ചങ്ങനാശേരി അതിരൂപതാ വികാരി ജനറൽ എന്നീ പദവികളിലും സേവനമനുഷ്ടിച്ചു. 1996 ഡിസംബർ 18-ന് അദ്ദേഹത്തിന്റെ പൗരോഹിത്യ രജത ജൂബിലി ദിനത്തിൽ മെത്രാനായി നിയമിതനായി. 1997 ഫെബ്രവരി 2-ന് തക്കല രൂപതയുടെ ഉദ്ഘാടനവും അതോടൊപ്പം മാർ ആലഞ്ചേരിയുടെ മെത്രാഭിഷേക കർമവും നടന്നു.

2011 മേയ് 26-ന് സീറോ-മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായി നടന്ന വോട്ടെടുപ്പിലൂടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത ആയി തിരഞ്ഞെടുക്കപ്പെട്ടു. ഏറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനവും മാർ ആലഞ്ചേരിയാണ് വഹിക്കുന്നത്. മേയ് 29-ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വച്ച് ശ്രേഷ്ഠ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. സഭാ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കൂരിയ ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ 2012 ജനുവരി 6-ന് കർദ്ദിനാളായി ഉയർത്തുന്ന മാർപ്പാപ്പയുടെ സന്ദേശം അറിയിച്ചു. ഫെബ്രുവരി 18-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ വച്ച് മാർ ആലഞ്ചേരി കർദ്ദിനാൾ പദവി സ്വീകരിച്ചു. 2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തെരഞ്ഞെടുത്ത കൊണ്‍ക്ലേവില്‍ കര്‍ദിനാള്‍ ആലഞ്ചേരിയും പങ്കെടുത്തിരുന്നു. സാര്‍വ്വത്രിക സഭയില്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ള 115 കര്‍ദിനാള്‍മാരില്‍ ഒരാളാണ് കര്‍ദിനാള്‍ ആലഞ്ചേരി. കര്‍ദിനാളെന്ന നിലയില്‍ അദ്ദേഹം പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിലും വിശ്വാസ തിരുസംഘകാര്യാലയത്തിലും ക്രൈസ്തവ കൂട്ടായ്മയെ പരിപോഷിപ്പിക്കാനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലും മതബോധനത്തിനുവേണ്ടിയുള്ള അന്താരാഷ്ട്ര കൗണ്‍സിലിലും അംഗമാണ്.

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് എന്ന oനിലയില്‍, 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഏകദേശം 50 ലക്ഷം സീറോമലബാര്‍ കത്തോലിക്കരുടെ നേതൃത്വശുശ്രൂഷ നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തകൂടിയാണ്. സഭയിലെ വൈദിക പരിശീലകേന്ദ്രങ്ങളോടനുബന്ധിച്ചുള്ള ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം പൗരസ്ത്യ വിദ്യാപീഠം, ബാംഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രം എന്നിവയുടെ ചാന്‍സലര്‍ പദവിയും കര്‍ദിനാള്‍ ആലഞ്ചേരിയില്‍ നിക്ഷിപ്തമാണ്.നിലവിൽ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റ് സ്ഥാനവും മാർ ആലഞ്ചേരി അലങ്കരിക്കുന്നു

കര്‍ദിനാളിന്റെ 75ാം ജന്മദിനത്തില്‍ പ്രത്യേക ആഘോഷ പരിപാടികളൊന്നും ഇല്ല. പതിവ് ശൈലി അനുസരിച്ചും ലോക്ഡൗണിന്റെ പശ്ചാത്തലത്തിലും സഭാ കാര്യാലയത്തില്‍ സഹശുശ്രൂഷകരായ കൂരിയാ ബിഷപ്പിനും വൈദികര്‍ക്കും സന്യസ്തര്‍ക്കുമൊപ്പം വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുമെന്ന് സിറോമലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാദർ ആന്റണി തലച്ചെല്ലൂർ അറിയിച്ചു.

പരിശുദ്ധ മറിയത്തിന്റെ പ്രാർത്ഥനയാലും, മാർ തോമായുടെ നന്മയാലും, അങ്ങയുടെ മുൻഗാമികളായ പിതാക്കന്മാരുടെ അനുഗ്രഹത്താലും വലിയപ്രതിസന്ധിഘട്ടത്തിലും പതറാതെ സഭയെവീരോചിതം നയിക്കാൻ മനോഗുണം ചെയ്ത ഉടയതമ്പുരാൻ വാഴ്ത്തപ്പെട്ടവനാകട്ടെ ! അങ്ങയുടെ പ്രാർത്ഥന ഈ സഭയ്ക്കും അങ്ങയുടെ മക്കളായ സകലമാന വിശ്വാസികൾക്കും രക്ഷയും കോട്ടയുമായിരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *