ഇന്ന് ലോകം മുഴുവൻ നേഴ്സസ് ദിന മായി ആചരിക്കുമ്പോൾ മലയാളി നേഴ്സുമാരുടെ സേവന പാരമ്പര്യത്തെപ്പറ്റിയും കൂടിയേറ്റത്തി ലെ പ്രത്യേകതകളെ കുറിച്ചുമൊക്കെ അമേരിക്കൻ സർവ്വകലാ ശാലയിൽ പഠനവിഷയമാണ്. ലോകമെമ്പാടും പുരുഷന്മാർ മുഖാന്തിരം കൂടിയേറ്റം നടക്കുന്നത് പതിവായ കാലഘട്ടത്തിലാണ് ഒരു ജനത അവരുടെ സ്ത്രീകൾ നേതൃത്വം കൊടുത്ത കൂടിയേറ്റത്തിലൂടെ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. അമേരിക്കയിലേക്കുള്ള മലയാളി പെണ്ണുങ്ങളുടെ കൂടിയേറ്റത്തിന് സമാനതകളോ എടുത്തു പറയത്തക്ക മാതൃകകളോ ഇല്ലെന്നാണ് കാലിഫോർണിയാ യൂണിവേഴ്സിറ്റി പുറത്തിറക്കിയ ‘ When Women Come First എന്ന പ0ന ഗ്രന്ഥത്തിൽ പറയുന്നത്. മലയാളിയായ ഡോ.ഷേബ മറിയം ജോർജാണ് ഗ്രന്ഥകർത്താവ്.
അനാദിയായ കാലം മുതൽ മനുഷ്യൻ ഭാഗ്യം തേടി ഒരു പ്രദേശത്ത് നിന്ന് മറ്റൊരിടത്തേക്ക് കുടിയേറി പാർക്കുന്നത് നിത്യ സംഭവമാണ്. പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകുന്നത് മനുഷ്യ സഹജമായ വാസനയാണ്.
ജോലി തേടിയും, പുതിയ സാധ്യതകൾ തേടിയും ഏറെ സഞ്ചരിക്കുന്ന ജനതയാണ് മലയാളികൾ, പ്രത്യേകിച്ച് സംസ്ഥാനത്തെ സുറിയാനി ക്രിസ്ത്യാനികൾ. പുതിയ കൃഷിസ്ഥലങ്ങൾ തേടിയുള്ള മധ്യ തിരുവിതാംകൂർ ക്രിസ്ത്യാനികളുടെ മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെ വളർച്ചയും സാഹസികതയുമൊക്കെ നമ്മെ വിസ്മയിപ്പിക്കുന്നതാണ്. അത്തരം കുടിയേറ്റ ങ്ങളെല്ലാം പുരുഷ കേന്ദ്രീകൃതങ്ങളായ യാത്രകളായിരുന്നു. മലയാളികൾ പണ്ട് കാലത്ത് കുടിയേറിയ ശ്രീലങ്ക, (സിലോൺ) മലേഷ്യ, ബർമ്മ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ആണുങ്ങളാണ് ജോലി തേടിപ്പോയതും ജീവിതം കെട്ടിപ്പെടുത്തും.
എന്നാൽ അതിൽ നിന്നൊക്കെ വളരെ വത്യസ്ത മായ ചരിത്രം കെട്ടിപ്പെടുത്തവരാണ് അമേരിക്കയിലെ മലയാളി നേഴ്സുമാർ , പ്രത്യേകിച്ച് സുറിയാനി പാരമ്പര്യമുള്ള ക്രിസ്ത്യാനി പെണ്ണുങ്ങൾ.
ലോകത്തെ എല്ലാ കുടിയേറ്റങ്ങൾക്കും എല്ലായിപ്പോഴും പുരുഷന്മാരാണ് നേതൃത്വം കൊടുത്തിട്ടുള്ളത്. അവരാണ് ഭാഗ്യം തേടി മറ്റൊരു രാജ്യത്തേക്ക് പോകുന്നത്. പിന്നാലെ കുടുംബവും ബന്ധുമിത്രാദികളും, ചാർച്ചക്കാരുമൊക്കെ ഭാഗ്യം തേടി പുതിയ സ്ഥലത്തേക്ക് വരികയാണ് പതിവ്.
ഈ പതിവ് സാമ്പ്രദായിക കൂടിയേറ്റ മാതൃകകളെ കീഴ്മേൽ മറിച്ച കൂടിയേറ്റത്തിന് തുടക്കം കുറിച്ചവരെക്കുറിച്ചുള്ള പഠനമാണ് “സ്ത്രീകൾ ആദ്യം വന്നപ്പോൾ ” – When Women Come First.
1977 ൽ പത്തു വയസുകാരിയായ തന്നെയും രണ്ട് സഹോദരങ്ങളെയും പിതാവിനെ ഏല്പിച്ച് ബാംഗളൂരിൽ നിന്ന് അമേരിക്കയിലേക്ക് വിമാനം കയറിയ അമ്മയുടെ യാത്രയെ ഓർത്തു കൊണ്ടാണ് ഷേബയുടെ പുസ്തകം ആരംഭിക്കുന്നത്.
ലോകത്ത് മറ്റൊരിടത്തും കാണാത്ത സ്ത്രീകളുടെ ഈ കൂടിയേറ്റത്തിലൂടെ നമ്മുടെ രാജ്യത്തിനും കേരളീയ സമൂഹത്തിനും പിന്നിട് അമേരിക്കയിലെ മലയാളികളു ടെ ജീവിതത്തിനുമുണ്ടായ മാറ്റങ്ങളെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണമാണ് ഷേബ നടത്തിയിരിക്കുന്നത്.
അമേരിക്കയിലേക്ക് കുടിയേറിയ ഒന്നാം തലമുറ നേഴ്സുമാർ അനുഭവിച്ച കഷ്ടപ്പാടുകൾ, ഭാഷാപരമായ വിവേചനങ്ങൾ, കുടുംബ ജീവിതം കരുപ്പിടുപ്പിക്കുന്നതിനു വേണ്ടി അവർ അനുഭവിച്ച ത്യാഗങ്ങൾ ഇതേക്കുറിച്ചെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.
അമേരിക്കൻ സായ് വിന്റെ ഡിഷ്ണറിയിലേക്ക് – ” നേഴ്സസ് ഹസ്ബൻസ് ” എന്നൊരു പുതിയ വാക്കു പോലും കോറിയിട്ടത് നാട്ടിൽ നിന്ന് പോയ അച്ചായന്മാരാണ്. പണിയില്ലാതെ പിള്ളാരെ നോക്കിയിരിക്കുന്ന നേഴ്സുമാരുടെ ഭർത്താക്കമാർ അക്കാലത്തും ഇന്നും സ്വയം പരിചയപ്പെടുത്തുന്നതും നേഴ്സസ് ഹസ് ബെൻസ് എന്ന പേരിലാണ്. ഇത്തരമൊരു അമേരിക്കൻ നേഴ്സിന്റെ ഭർത്താവിനെക്കുറിച്ച് സക്കറിയ എഴുതിയ ‘സലാം അമേരിക്ക ” എന്ന ചെറുകഥ വളരെ പ്രസിദ്ധമാണ്.
നേഴ്സുമാരുടെ ഭർത്താക്കന്മാരുടെ നാട്ടിലെ പൊളിറ്റിക്സും , പളളി ക്കമ്മറ്റി പിടിച്ചെടുക്കലും, സംഘടന ഉണ്ടാക്കലും എന്നു വേണ്ട അച്ചായന്മാരുടെ സകല തരികിട ഏർപ്പാടുകളെയും ഷേബ തുറന്നു കാണിക്കുന്നുണ്ട്. അതുപോലെ നേഴ്സുമാരെ അമേരിക്കയിലെത്തിച്ച് പുതിയ ജീവിതം കെട്ടിപ്പെടുക്കുന്നതിന് കൈസ്തവ സഭ കാണിച്ച മാതൃകളും ഈ പഠന ഗ്രന്ഥത്തിൽ എടുത്തു പറയുന്നുണ്ട്.
മലയാളി നേഴ്സുമാരുടെ സാഹസികമായ കുടിയേറ്റത്തെ കുറിച്ചുള്ള ഈ കഥകളൊന്നും നമ്മുടെ പാo പുസ്തകത്തിലൊ സർവ്വകലാശാലകളിലൊ പഠനവിഷയമാകാത്തതും ശ്രദ്ധേയമാണ്. നമ്മുടെ രാജ്യത്തിന് പേരും പെരുമയും ഒപ്പം സാമ്പത്തിക സുരക്ഷിതത്വവും നേടിത്തന്ന സഹോദരിമാരെ വേണ്ട രീതിയിൽ ആദരിക്കാൻ പോലും നമുക്കായിട്ടില്ല. അവിടെയാണ് കാലിഫോർണിയ യൂണിവേഴ്സിറ്റിയുടെ പ്രസക്തി യെ നാം മാനിക്കേണ്ടത്. സർവോപരി മലയാളി പെണ്ണുങ്ങളുടെ സാഹസികതയെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞ ഷേബ മറിയം ജോർജും അഭിനന്ദനം അർഹിക്കുന്നു.










Anonymous
4