Sathyadarsanam

സഭ മറന്നു കളഞ്ഞ മാണിക്യം

കടനാട്ടിൽ ഭൂജാതയായി മലങ്കരയിൽ നിറഞ്ഞ് നിന്ന് രാമപുരത്ത് കബറടങ്ങി നസ്രാണികളുടെ ഊർജ്ജ സ്രോതസ്സായി ഇന്നും നിലകൊള്ളുന്ന പാറേമ്മാക്കൽ തൊമ്മൻ ഗോവർണ്ണദോർ.നസ്രാണികളുടെ സ്വന്തം പാറേമ്മാക്കലച്ചൻ.നസ്രാണി എന്ന പേരിൽ അറിയപ്പെടുന്ന ഓരോരുത്തരും അത്യധികം അഭിമാനത്തോടെയും അതിലേറെ അഹങ്കാരത്തോടെയും മനസ്സിൽ വണങ്ങുന്ന മഹാത്മാവ്.കച്ചവടം നടത്താൻ ഇവിടെ വന്ന് നസ്രാണി സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ട് കുത്തിത്തിരുപ്പ് ഉണ്ടാക്കിയ റോമൻ കത്തോലിക്കാ മിഷനറിമാരുടെ വീര സാഹസിക പ്രവർത്തനങ്ങളുടെ ഫലമായി
ഭിന്നിച്ച് പലവഴിക്കായ മാർ തോമ്മാ ശ്ലീഹായുടെ മക്കളായ മലങ്കരയിലെ സുറിയാനി ക്രിസ്ത്യാനികളെ ഒന്നിച്ച് ചേർക്കാൻ ദൈവനിശ്ചയ പ്രകാരം മലങ്കര പള്ളിയോഗത്താൽ നിയുക്തനായ ധീര ദേശാഭിമാനി.ഇൗ നസ്രാണി മക്കൾ വീണ്ടും ഒന്നാകുവാനായി എന്റെ സ്വജീവൻ ത്യജിക്കാൻ ഞാൻ ഒരുക്കമാണ് എന്ന് പരസ്യമായി പ്രഖ്യാപിച്ച കരിയാറ്റി മല്പ്പാനോട് കൂടെ അനവധി തവണ പാറേമ്മാക്കലച്ചനും ഇതേ വാചകം പറഞ്ഞിട്ടുണ്ടാകണം.കരിയാറ്റി മല്പാനെ അദ്ദേഹത്തിന്റെ റോമിലുള്ള പരിചയവും വൈദേശിക ഭാഷകളിലെ പ്രാവീണ്യവും നിമിത്തമാണ് പള്ളിയോഗം തിരഞ്ഞെടുത്തതെങ്കിൽ പാറേമ്മാക്കലച്ചനെ സഭയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശം മൂലമായിരിക്കും അവർ തിരഞ്ഞെടുത്തത്.മാതൃ സഭായോടുള്ള സ്നേഹത്താൽ ജ്വലിച്ച ഒരു തീപ്പന്തമായിരുന്നു അദ്ദേഹം.സഭാധികാരികൾ മറന്നാലും നസ്രാണി എന്ന പേരിൽ ഒരാളെങ്കിലും മലങ്കരയിൽ അവശേഷിക്കുന്നിടത്തോളം കാലം പാറേമ്മാക്കലച്ചനു മരണമില്ല.
പഴയ നിയമത്തിലെ രക്ഷാകര ചരിത്രത്തിലെ മോശയും ഈശോബർനോനും (ജോഷ്വ) നസ്രാണികളുടെ രക്ഷാകര ചരിത്രത്തിലും ഉണ്ട്. വാഗ്ദത്തഭൂമിയിൽ പ്രവേശിക്കാൻ സാധിക്കാതെ കരിയാറ്റി മല്പാൻ റോമായിൽ നിന്നുള്ള മടക്ക യാത്രയിൽ പറങ്കിയുടെ (‘മിഷണറിമാരുടെ’) ചതിയാൽ വീര രക്താക്ഷിത്വം പ്രാപിച്ചു ഗോവയിൽ കബറടങ്ങി.പിന്നീട് അദ്ദേഹത്തിന്റെ ദൗത്യം ഹൃദയത്തിൽ സ്വീകരിച്ച് പാറേമ്മാക്കലച്ചൻ നസ്രാണികളുടെ ഗോവർണ്ണദോരായി വാഗ്ദത്തഭൂമിയിൽ പ്രവേശിച്ചു. മോശയ്ക്ക്‌ സമനായ കരിയാറ്റി മല്പാന്റെ കൂടെ ശ്രേഷ്ഠ പുരോഹിതനായ അഹറോന്‌ സമനായും പിന്നീട് ദൈവജനത്തെ നയിച്ച ഈശോബർനോനു സമനായും പ്രവർത്തിക്കാൻ പാറേമ്മാക്കലച്ചനു കഴിഞ്ഞു.
മലങ്കര നസ്രാണികളുടെ രക്ഷാ ചരിത്രം അദ്ദേഹം രചിച്ച മലയാളത്തിലെ പ്രഥമ യാത്രാ വിവരണ ഗ്രന്ഥമായ വർത്തമാന പുസ്തകം തന്നെയാണ്,ഓരോ നസ്രാണിയും നിശ്ചയമായും വായിക്കേണ്ട മഹദ് ഗ്രന്ഥം.
മേൽപ്പട്ട സ്ഥാനം ഔദ്യോഗികമായി ലഭിച്ചില്ല എങ്കിലും നസ്രാണികൾ അദ്ദേഹത്തെ തങ്ങളുടെ മേൽപ്പട്ടക്കാരനായാണ് കണ്ടിരുന്നത്.അതിനുള്ള തെളിവാണല്ലോ എല്ലാ ചിത്രങ്ങളിലും അവർ അദ്ദേഹത്തെ മേൽപ്പട്ടക്കാർക്കടുത്ത അംശ വസ്ത്രങ്ങളോടെ ചിത്രീകരിച്ചിരിക്കുന്നത്.അദ്ദേഹം കബറടങ്ങിയിരിക്കുന്ന രാമപുരം മാർ ആഗസ്തീനോസ് പള്ളി കൂദാശ വേളയിൽ പാലാ രൂപതാ മെത്രാൻ പറഞ്ഞപോലെ കാടിളക്കി മറിച്ച ഒരു കാട്ടുകൊമ്പൻ ആയിരുന്നു തൊമ്മൻ കത്തനാർ.സഭ ഔദ്യോഗികമായി വിശുദ്ധൻ എന്ന് പേര് വിളിച്ചില്ല എങ്കിലും നസ്രാണികൾക്ക്‌ അദ്ദേഹം എന്നും വിശുദ്ധൻ തന്നെയാണ്.അല്ലെങ്കിലും പൗരസ്ത്യർക്ക്‌ വിശുദ്ധർ ഉണ്ടാകുന്നത് പട്ടികയിൽ പേര് ചേർത്തിട്ടല്ലല്ലോ.അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സഭയുടെ ഐക്യവും സഭയ്ക്കും സമുദായത്തിനും തലവൻ ഉണ്ടാകണം എന്നതും ആയിരുന്നു.
മാർ തോമ്മാ നസ്രാണികൾ എന്നറിയപ്പെടുന്ന സീറോ മലബാർ സഭയിൽ പോലും കണികാണാനില്ലാത്ത ഐക്യം അഖില മലങ്കര നസ്രാണികളുടെ ഇടയിൽ എങ്ങനെ ഉണ്ടാകും.
സഭയ്ക്ക് തലവൻ സ്വജാതിയിൽ നിന്ന് തന്നെ ഉണ്ടായി.പക്ഷേ സമുദായം ഇന്ന് അനാഥമാണ്.നമ്മുടെ തനത് പാരമ്പര്യവും പറങ്കികൾ ഇവിടെ വലിഞ്ഞുകയറി വരുന്നതുവരെ നസ്രാണിസമുദായത്തിന് തലവനായി,ജാതിക്കു കർത്തവ്യനായി പ്രവർത്തിച്ചിരുന്നതുമായ അർക്കദിയാക്കോൻ സ്ഥാനം തിരിച്ച് കൊണ്ടുവരണം എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.നമ്മുടെ സമുദായത്തിന് ഒരു തലവൻ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ സഭ ഇന്ന് സമൂഹ മധ്യത്തിൽ ഇൗ സഭയിലെ തന്നെ ചില സഭാവിരുദ്ധരുടെ കുത്സിത പ്രവർത്തനങ്ങൾ മൂലം ഇത്രയും ആക്ഷേപിക്കപ്പെടുകയില്ലായിരുന്നു.
സഭയെയും സമുദായത്തെയും രാജ്യത്തെയും ഭരിക്കേണ്ടത് ഇന്നാട്ടുകാർ തന്നെ ആയിരിക്കണം എന്ന് ആദ്യമായി ശബ്ദമുയർത്തിയ യുഗപ്രഭാവനാണ് അദ്ദേഹം.സഭയിലും രാഷ്ട്രത്തിലും നിന്ന് വൈദേശിക ശക്തികൾ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട ധീരനായ നേതാവാണദ്ദേഹം.ഇന്ത്യ ഇന്ത്യാക്കാരുടേത് മാത്രമാണ് എന്ന് ആദ്യമായി പ്രസ്താവിച്ച ധീര ദേശാഭിമാനി കൂടിയാണ്
പാറേമ്മാക്കൽ തൊമ്മൻ ഗോവർണ്ണദോർ.സ്വന്തം അധികാരികളോടുള്ള വിധേയത്വവും ബഹുമാനവും ജീവിതത്തിൽ ഉടനീളം കൊണ്ടുനടന്ന അദ്ദേഹം അനീതിക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു.തന്നെക്കാൾ പ്രായത്തിൽ ഇളതായിരുന്ന കരിയാറ്റി മല്പ്പാനെ മല്പ്പാനെന്നാണ് അദ്ദേഹം ആദരവോടെ വിളിച്ചിരുന്നത്. മെത്രാപ്പോലീത്തായായി അഭിഷിക്തനായ മല്പാനെ പിന്നീട് അദ്ദേഹം “നമ്മുടെ മെത്രാപ്പോലീത്താ” എന്നാണ് വിളിച്ചിരുന്നത്.ഇൗ സംസ്കാരം ഇന്ന് നമ്മുടെ സഭാ നേതൃത്വത്തിന് ഉണ്ടോ??
സഭാ തലവനായ മെത്രാപ്പോലീത്തായെ പരസ്യമായി അസഭ്യം പറയുന്ന അവസ്ഥയിലേക്ക് നമ്മുടെ സഭാ നേതാക്കൾ വളർന്നു.ചരിത്രകാരന്മാർ എന്നും മറ്റും സ്വയം അവകാശപ്പെടുന്ന ചില വിവരദോഷികൾ മാർത്തോമ്മാ ശ്ലീഹായുടെ ഭാരത പ്രേഷിതത്വം വെറും കെട്ടുകഥയാണെന്ന് പറഞ്ഞു തള്ളിക്കളയുമ്പോൾ അവരുടെ മുന്നിൽ മാർത്തോമ്മാ ശ്ലീഹായുടെ മക്കളാണ് ഞങ്ങൾ എന്ന് ജീവിതംകൊണ്ട് കാട്ടിത്തന്ന പാറേമ്മാക്കലച്ചൻ ഒരിക്കലും അണയാത്ത,ഒളിമങ്ങാത്ത ഒരു പ്രകാശ ഗോപുരമായി നിലകൊള്ളുന്നു.
നസ്രാണി സഭയോട് അനീതി കാണിച്ച പറങ്കി കൂട്ടത്തോട് അവന്റെ കോട്ടയിൽ ചെന്ന് ശക്തമായ ഭാഷയിൽ പ്രതികരിക്കാൻ അദ്ദേഹം ധൈര്യം കാണിച്ചു.പറങ്കി ഇന്നാട്ടിൽ ചെയ്ത നെറികേടുകൾ അദ്ദേഹം തന്റെ തൂലികയിലൂടെ വരച്ചുകാട്ടി.അതിനാലായിരികാം ചിലർ ഇടക്കാലത്ത് വർത്തമാന പുസ്തകം ചുട്ടുകളയണം എന്നൊക്കെ കൽപ്പന പുറപ്പെടുവിച്ചത്.നട്ടെല്ലുള്ള,ചങ്കുരപ്പുള്ള,ഉറച്ച നിലപാടുകളും ബോധ്യങ്ങളുമുള്ള ഒരു യഥാർത്ഥ നസ്രാണിയായിരുന്നു പാറേമ്മാക്കലച്ചൻ.അത്തരം നേതാക്കളെയാണ് ഇന്ന് നമുക്കാവശ്യം.അല്ലാതെ നിസാര ലാഭത്തിനു വേണ്ടി നിലപാടുകൾ അധികാരികളുടെ മുന്നിൽ അടിയറവ് വയ്ക്കുന്ന നട്ടെല്ലില്ലാത്ത ഒരു അധികാര വർഗത്തെയല്ല.മലയാള ഭാഷയ്ക്കും പാറേമ്മാക്കലച്ചൻ നൽകിയ സംഭാവനകൾ വിസ്മരിക്കാൻ കഴിയാത്തവയാണ്.
നസ്രാണികൾ അദ്ദേഹത്തിന് കൊടുത്ത അംഗീകാരത്തിന് ഏറ്റവും വലിയ തെളിവാണ് വിശുദ്ധരുടെ ഭൗതിക ശേഷിപ്പുകൾ അതിവിശുദ്ധ സ്ഥലമായ മദ്ബഹായിൽ സൂക്ഷിക്കുന്ന പാരമ്പര്യം അനുസരിച്ച് അദ്ദേഹത്തിന്റെ ഭൗതിക ശേഷിപ്പുകൾ രാമപുരം മാർ ആഗസ്തീനോസ് പള്ളിയുടെ ഹൈക്കലയിൽ നിന്നും മാറ്റി മദ്ബഹായുടെ ഭിത്തിയിൽ സംസ്കരിച്ചത്.

സഭ സൗകര്യപൂർവ്വം മറ്റ് പുണ്യവാൻമാരുടെ കൂടെ
പാറേമ്മാക്കൽ തൊമ്മൻ ഗോവർണ്ണദോരെയും മറക്കുന്നു.പക്ഷേ ഞങ്ങൾ നസ്രാണി മക്കൾ മറക്കില്ല.ഇവരെ മറക്കുന്ന സഭാ നേതൃത്വമേ നിങ്ങൾക്ക് മാപ്പില്ല………

ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *