Sathyadarsanam

കരിസ്മാറ്റിക് നവീകരണം കേരള സഭയ്ക്കു നൽകിയ സംഭാവനകൾ

കരിസ്മാറ്റിക് നവീകരണത്തിലൂടെ കേരളസഭ ഉണരുകയും അതിന്റെ ഫലങ്ങൾ സഭയിലൂടെ അനുഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന വൈദികർ തന്നെ ഇതിനെ തകർക്കാൻ ശ്രമിക്കുന്നത് വിശ്വാസിസമൂഹം വളരെ ഗൗരവത്തോടെ നോക്കിക്കാണേണ്ടതാണ്. കരിസ്മാറ്റിക് പ്രസ്ഥാനത്തെ വിമർശിക്കാൻ വേണ്ടിമാത്രം ഓരോ പ്രഭാതത്തിലും ഉണരുന്ന വൈദികർ അടക്കമുള്ള എല്ലാവരും, കരിസ്മാറ്റിക് നവീകരണം കേരളസഭക്കു നൽകിയ ചില സംഭാവനകൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

1. വിശ്വാസികളിൽ വലിയൊരു വിഭാഗം ആളുകൾ ഞായറാഴ്ച്ച കുർബാനകളിൽ വചനസന്ദേശം കഴിയുന്നതുവരെ ദേവാലയത്തിനു പുറത്തു കാത്തുനിൽക്കുകയും, അതിനുശേഷം മാത്രം വിശുദ്ധബലിയിൽ പങ്കെടുക്കുകയും ചെയ്തിരുന്ന ഒരു പഴയകാലം കേരളസഭയ്ക്ക് ഉണ്ടായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടായതിനു കാരണം കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെ അനേകർ കർത്താവിന്റെ ദിവസത്തിന്റെയും കർത്താവിന്റെ കുർബാനയുടെയും പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് എന്ന സത്യം നാം ഒരിക്കലും മറന്നുപോകരുത്.

2. പരിശുദ്ധാത്മാവ് എന്നത് വേദപാഠപുസ്തകങ്ങളിൽ മാത്രം കണ്ടുശീലിച്ച വിശ്വാസികൾക്ക് അത് ദൈവം തന്നെയാണെന്നും, നാം പരിശുദ്ധാത്മാവിനെ വിളിച്ചു പ്രാർത്ഥിക്കണമെന്നും ഉള്ള ആഴമായ ബോധ്യം ലഭിച്ചത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു.

3. റേഷൻ കാർഡുകൾ പോലുള്ള ചില രേഖകൾ സൂക്ഷിച്ചുവക്കുന്ന ഒരു പുസ്തകമായി ബൈബിളിനെ കണ്ടിരുന്നവർ, അതു ജീവിക്കുന്ന ദൈവത്തിന്റെ വചനമാണെന്നും അത് ഭക്തിയോടും വിശ്വാസത്തോടും കൂടെ പഠിക്കേണ്ടതാണെന്നും തിരിച്ചറിഞ്ഞത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു.

4. ക്രിസ്തുവിലുള്ള വിശ്വാസം എന്നത് മറ്റേതൊരു മതവിശ്വാസവും പോലെ ഒരു ”ആശയമായി” കണ്ടിരുന്ന ഒരു സമൂഹം അത് സത്യദൈവത്തിലുള്ള വിശ്വാസമാണെന്നും, യേശുക്രിസ്തു ഇന്നും ജീവിക്കുന്ന ദൈവമാണെന്നും തിരിച്ചറിഞ്ഞത് കരിസ്മാറ്റിക് ധ്യാനങ്ങളിലെ അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയുമായിരുന്നു.

5. ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ മന്ത്രവാദത്തെക്കുറിച്ചും ഒന്നാം പ്രമാണ ലംഘനത്തെക്കുറിച്ചും ചിന്തിച്ചിരുന്ന ഒരു സമൂഹം ബൈബിളിലെ സത്യദൈവത്തെ തിരിച്ചറിയുകയും അവിടുത്തെ വിളിച്ചപേക്ഷിക്കാൻ തുടങ്ങുകയും ചെയ്തതിന്റെ പിന്നിൽ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളായിരുന്നു.

6. അന്യമതസ്ഥരോട് ക്രിസ്തുവിനെക്കുറിച്ചു പറയുക എന്ന ക്രൈസ്തവന്റെ പ്രഥമമായ വിളി വൈദികർ പോലും മറന്നുതുടങ്ങിയ ഒരു കാലത്തു അനേകം അക്രൈസ്തവർ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു.

7. ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം അഗതിമന്ദിരങ്ങളുടെയും ചരിത്രം പരിശോധിച്ചാൽ അവയ്ക്ക് തുടക്കം കുറിച്ചവർക്ക്‌ പ്രചോദനമായത് കരിസ്മാറ്റിക് ധ്യാനങ്ങളായിരുന്നു എന്നത് അവരുടെ അനുഭവസാക്ഷ്യങ്ങൾ തന്നെ വെളിപ്പെടുത്തുന്നു.

8. ക്രൈസ്തവ മാധ്യമരംഗത്ത് വമ്പിച്ച മുന്നേറ്റം ഉണ്ടാവുകയും, അതിലൂടെ ഇന്ന് ലോകം മുഴുവനുമുള്ള അനേകംപേർ ക്രൈസ്തവവിശ്വാസത്തിൽ അനുദിനം ശക്തിപ്രാപിക്കുകയും ചെയ്യുന്നതിന്റെ പിന്നിലുള്ള ചാലകശക്തിയും, അവയുടെ ആരംഭത്തിനുള്ള കാരണവും കരിസ്മാറ്റിക് പ്രസ്ഥാനങ്ങളായിരുന്നു.

9. ദൈവവിശ്വാസം എന്നത് വിരസമായി കരുതുകയും പാപത്തിന്റെ അഴുക്കുചാലിൽ വീണുപോവുകയും ചെയ്ത അനേകം യുവാക്കൾ ക്രിസ്തു നൽകുന്ന നിത്യമായ ആനന്ദം തിരിച്ചറിഞ്ഞ് വിശുദ്ധമായ ജീവിതത്തിലേക്ക് തിരിച്ചുവന്നത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു.

10. ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാജീവിതത്തിന്റെ കേന്ദ്രം ഇടവകയാണെന്നു അനേകർ തിരിച്ചറിഞ്ഞത് കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയായിരുന്നു. അതിലൂടെ ഇടവകകൾ ആത്മീയമായും ഭൗതികമായും വളരുകയും ചെയ്തു എന്ന സത്യവും നാം വിസ്മരിച്ചുകൂടാ.

Leave a Reply

Your email address will not be published. Required fields are marked *