Sathyadarsanam

ഭയപ്പെടാനുളളതല്ല മഹാമാരി

കോവിട്-19 ബാധയെ ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത് ആരെയും പരിഭ്രാന്തരാക്കേണ്ടതില്ല.മഹാമാരി എന്നത് രോഗത്തിന്റെ കാഠിന്യം അഥവാ തീവ്രത കാണിക്കുന്ന ഒരു വിശേഷണമല്ല.രോഗം കൂടുതല്‍ സ്ഥലത്ത് പടരുന്നു എന്നത് കൊണ്ട് മാത്രം നല്‍കുന്ന വിശേഷണമാണ്.ഒരു വലിയ പകര്‍ച്ച വ്യാധിയില്‍ നിന്ന് ആഗോള മഹാമാരിയിലേക്ക് കോവിഡ്-19 ബാധയെ മാറ്റി പ്രഖ്യാപിച്ചതിന് ഒരു കാരണമേയുള്ളു രോഗത്തിന്റെ ഭൂമിശാസ്ത്രപരമായ വ്യാപനം.
ഡിസംബറില്‍ തെക്കുകിഴക്കന്‍ ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ കണ്ടെത്തിയതാണ് ഈ വൈറസ് രോഗ ബാധ.ജനുവരി അവസാനം വരെ ഇത് മറ്റ് രാജ്യങ്ങളിലേക്ക് കാര്യമായി പടരുകയോ ഇതുമൂലം അധികം പേര്‍ മരിക്കുകയോ ചെയ്തിരുന്നില്ല.ചൈനയ്ക്ക് പുറത്ത് നൂറില്‍ താഴേ പേര്‍ക്കേ വൈറസ് ബാധ ഉണ്ടായിരുന്നുള്ളു.
ഫെബ്രുവരി പകുതിക്ക് പോലും മരണസംഖ്യ 1700-നു താഴെയായിരുന്നു.രോഗം ബാധിച്ചവരുടെ സംഖ്യ 70,000ല്‍ താഴെയും.പിന്നീട് അതിവേഗമായിരുന്നു രോഗവ്യാപനം.ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിക്കുമ്പോഴേക്ക് മരണം 4300കവിഞ്ഞു.രോഗബാധിതര്‍ ഒന്നേകാല്‍ ലക്ഷത്തോളമായി. രോഗം ബാധിച്ച രാജ്യങ്ങളുടെ എണ്ണം 120-ലെത്തി.

ആറു ഘട്ടങ്ങള്‍

പകര്‍ച്ചവ്യാധി എന്ന നിലവാരത്തില്‍ നിന്ന് മഹാമാരി എന്ന നിലവാരത്തിലേക്ക് ഒരു രോഗബാധയെ ഉയര്‍ത്തുന്നതിന് ലോകാരോഗ്യസംഘടന നേരത്തെ ആറുഘട്ടങ്ങളുള്ള ഒരു പരിശോധനാരീതി ഏര്‍പ്പെടുത്തിയിരുന്നു.2009-ല്‍ എച്ച് വണ്‍ എന്‍ വണ്‍(പന്നിപ്പന്നി) മഹാമാരിയായി പ്രഖ്യാപിച്ചത് അങ്ങനെ ആറുഘട്ട പരിശോധന കഴിഞ്ഞാണ്.
ഇന്‍ഫ്‌ളുവന്‍സയുടെ കാര്യത്തില്‍ മഹാമാരിയായി പ്രഖ്യാപിക്കാന്‍ ലോകാരോഗ്യ സംഘടന പരിശോധിക്കുന്നആറുഘട്ടങ്ങള്‍ ഇവയാണ്. (2009ലെ മാര്‍ഗരേഖ)
1.മ്യഗങ്ങള്‍ക്കിടയില്‍ മാത്രം വൈറസ് ബാധ.
2.മനുഷ്യരിലേക്ക് വൈറസ് ബാധ എത്തുന്നു.
3.പല സ്ഥലങ്ങളില്‍ മ്യഗങ്ങളില്‍ നിന്ന് മനുഷ്യരില്‍ വൈറസ് എത്തുന്നു.
4.മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നു. പല പ്രദേശങ്ങളില്‍ വ്യാപിക്കുന്നു.
5.രണ്ടോ അതിലധികമോ രാജ്യങ്ങളില്‍ രോഗം പടരുന്നു.
6. പല ഭൂഖണ്ഡങ്ങളിലേക്ക് രോഗം പടരുന്നു.

ലോകവ്യാപകം

ഇപ്പോള്‍ ഈ ആറുഘട്ട പരിശോഗനാരീതി അല്ല അവലംബിക്കുന്നത്.Who അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ആയിരുന്ന ഡോ. കൈജി ഫുക്കൂഡ ഇതേപ്പറ്റി 2009-ല്‍ പറഞ്ഞത് ഇപ്രകാരമാണ്.ഒരുമഹാമാരിയെ എളുപ്പം മനസിലാക്കാവുന്നത് ഇങ്ങനെയാണ്. അതൊരു ആഗോള രോഗബാധയാണ്.എന്താണ് ആഗോള രോഗബാധ? അത് വൈറസും രോഗവാഹികളും രോഗവും പരക്കെ വ്യാപിക്കുന്നതാണ്.ലോകവ്യാപകമായി രോഗം പടരുന്നത് എന്നു ചുരുക്കം.

പത്തു വലിയ മഹാമാരികള്‍

എച്ച്‌ഐവി എയിഡ്‌സ്

ഉച്ചകാലഘട്ടം- 2005-12
മരണം- 3.6 കോടി
കാരണം- എച്ച്‌ഐവി എയ്ഡ്‌സ്

1976-ല്‍ ഇപ്പോഴത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോഗോയിലാണ് എയിഡ്‌സ് കണ്ടെത്തുന്നത്.1981-നു ശേഷം ഇതുമൂലം 3.6 കോടിപേര്‍ മരിച്ചിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.ഇപ്പോള്‍ ലോകത്ത് മൂന്നരക്കോടിയോളം രോഗികള്‍ ഉണ്ട്.

ഹോങ്കോങ് ഫ്‌ളൂ

വര്‍ഷം-1968
മരണം-10 ലക്ഷം
കാരണം- ഇന്‍ഫ്‌ളുവന്‍സ

ഇന്‍ഫ്‌ളുവന്‍സ എയുടെ എച്ച് 3 എന്‍ 2 ഇനമാണ് ഇതിന് കാരണം.1968 ജൂലൈ 13-നാണ് ഹോങ്കോങ്ങില്‍ ആദ്യരോഗബാധ നിര്‍ണയിച്ചത്.17 ദിവസം കൊണ്ട് സിംഗപ്പൂരിലും വിയറ്റ്‌നാമിലും രോഗം എത്തി. ഫിലിപ്പീന്‍സ്, ഇന്ത്യ, അമേരിക്ക,യൂറോപ്പ് എന്നിവിടങ്ങളിലും ഇത് എത്തി. ഹോങ്കോങ്ങില്‍ മാത്രം അഞ്ച് ലക്ഷം പേര്‍ മരിച്ചു.

ഏഷ്യന്‍ ഫ്‌ളൂ

കാലം- 1956-58
മരണം- 20 ലക്ഷം
കാരണം- ഇന്‍ഫ്‌ളുവന്‍സ

ഇന്‍ഫ്‌ളുവന്‍സ എയുടെ എച്ച്ടു എന്‍ടു ഉപവിഭാഗമാണ് ഇതിന് കാരണമായത്.ചൈനയില്‍ തുടക്കമിട്ട ഇത് രണ്ടരവര്‍ഷം നീണ്ടുനിന്നു.ചൈനയുടെ ഗീഷുപ്രവിശ്യയില്‍ തുടങ്ങിയ ഇത് ഹോങ്കോങ്ങിലും സിംഗപ്പൂരിലും അമേരിക്കയിലും എത്തി.അമേരിക്കയില്‍ മാത്രം 69,800 പേര്‍ മരണമടഞ്ഞു.

സ്പാനിഷ് ഫ്‌ളൂ

കാലം-1918-20
മരണം- അഞ്ച് കോടി
കാരണം- ഇന്‍ഫ്‌ളുവന്‍സ

ലോകജനസംഖ്യയില്‍ മൂന്നിലൊന്നിനെ ബാധിച്ചതാണ് 1918ലെ ഫ്‌ളൂ. മഹാമാരിയെന്ന് അരിയപ്പെടുന്ന ഫ്‌ളൂ രണ്ട് വര്‍ഷം നീണ്ടു.പത്ത് ശതമാനം മുതല്‍ 20 ശതമാനം വരെയായിരുന്നു പല രാജ്യങ്ങളിലും മരണ നിരക്ക്. കുട്ടികളെയും വ്യദ്ധരെയും മറ്റ് രോഗികളെയും മാത്രമല്ല യുവാക്കളെയും കാര്യമായി ഇത് ബാധിച്ചു.

ആറാം കോളറ മഹാമാരി

കാലം-1910-11
മരണം- എട്ടു ലക്ഷം
കാരണം- കോളറ

ആറാമത്തെ കോളറ മഹാമാരി എന്നറിയപ്പെടുന്ന ഇത് ഇന്ത്യയിലാണ് തുടങ്ങിയത്.പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക,കിഴക്കന്‍ യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിലും അമേരിക്കയിലും ഇത് വ്യാപിച്ചു.

റഷ്യന്‍ ഫ്‌ളൂ

കാലം-1889-90
മരണം-10 ലക്ഷം
കാരണം- ഇന്‍ഫ്‌ളുവന്‍സ

ഏഷ്യാറ്റിക് ഫ്‌ളൂ എന്ന് കൂടി പേരുളള ഇത് ഇന്‍ഫ്‌ളുവന്‍സ എ വൈറസിന്റെ എച്ച്ടു എന്‍ടു ഉപവിഭാഗം മൂലം ഉണ്ടായതാണ്.1889 മേയില്‍ തുര്‍ക്ക്‌മെനിസ്ഥാന്‍,കാനഡ,ഗ്രീന്‍ലാന്‍ഡ് എന്നീ വ്യത്യസ്ത രാജ്യങ്ങളിലാണ് ആദ്യം രോഗബാധ കണ്ടെത്തിയത്.

മൂന്നാം കോളറ

കാലം- 1852-60
മരണം-10 ലക്ഷം
കാരണം- കോളറ

ഏഴു കോളറ മഹാമാരികളില്‍ ഏറ്റവും മാരകമായത്.ആദ്യത്തെ രണ്ടും പോലെ ഇതും ഇന്ത്യയിലാണ് തുടങ്ങിയത്.ഏഷ്യാ, യൂറോപ്പ്,ആഫ്രിക്ക, അമേരിക്ക തുടങ്ങിയ എല്ലാ ഭൂഖണ്ഡങ്ങളിലും രോഗം ബാധിച്ചു.വെള്ളത്തിലൂടെയാണ് ഇത് പടരുന്നതെന്ന് ബ്രിട്ടീഷ് ഡോക്ടര്‍ ജോണ്‍ സ്‌നോ 1854-ല്‍ കണ്ടെത്തി. ആ വര്‍ഷം ബ്രിട്ടനില്‍ 23.000 പേര്‍ ഈ രോഗം മൂലം മരിച്ചു.

കറുത്ത മരണം

കാലം-1346-53
മരണം -20 കോടി വരെ
കാരണം- ബ്യൂബോണിക് പ്ലേഗ്

യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലും പടര്‍ന്ന മഹാമാരി.എലികളുടെ ദേഹത്ത് വസിക്കുന്ന ഒരു തരം ഈച്ചയാണ് പ്ലേഗിന് കാരണമായ യെര്‍സീനിയ പെസ്റ്റിസിനെ പരത്തുന്നത്.

ജസ്റ്റീനിയന്‍ പ്ലേഗ്

കാലം- 541-542
മരണം- 2.5 കോടി
കാരണം- ബ്യൂബോണിക് പ്ലേഗ്

അക്കാലത്തെ യൂറോപ്യന്‍ ജനസംഖ്യയില്‍ പകുതി പേരെയും കൊന്നൊടുക്കിയതാണ് ഈ പ്ലേഗ് ബാധ.ബ്യൂബോണിക് പ്ലേഗിന്റെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ വലിയ ആക്രമണമാണിത്.കോണ്‍സ്റ്റാന്റിനോപ്പിള്‍ ആസ്ഥാനമായിരുന്ന ബൈസന്റൈന്‍ സാമ്രാജ്യത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദുര്‍ബലമാക്കിയ രോഗബാധയുമാണിത്.

ആന്റോണൈന്‍ പ്‌ളേഗ്

വര്‍ഷം-165-180
മരണം-50 ലക്ഷം
കാരണം- അജ്ഞാതം

ഗാലനിലെ പ്ലേഗ് എന്ന് കൂടി പേരുളള ഇത് വടക്കന്‍ ആഫ്രിക്കയില്‍ യുദ്ധത്തിന് പോയ റോമന്‍ സാമ്രാജ്യപടയാളികള്‍ കൊണ്ടുവന്നതാണിത്.റോമന്‍ ചക്രവര്‍ത്തി ലൂഷ്യസ് വേരുസ് ഇത് മൂലം മരിച്ചു.മാര്‍ക്കസ് ഔറേലിയസ് ചക്രവര്‍ത്തിയുടെ കോ-റീജന്റായിരുന്നു ലൂഷ്യസ്. മാര്‍ക്കസ് ഔറേലിയസിന്റെ കുടുംബപ്പേരായ ആന്റോണി നൂസില്‍ നിന്നാണ് ആന്റോണൈന്‍ എന്ന പേരു വന്നത്.

ഡോ.തെദ്രോസ് അഥാനോം ഗ്രെയാസസ്
ഡയറക്ടര്‍ ജനറല്‍, ലോകാരോഗ്യ സംഘടന

Leave a Reply

Your email address will not be published. Required fields are marked *