മടക്കയാത്രക്കുള്ള ടിക്കറ്റും ഈസ്റ്റർ ഞായർ പ്രസംഗത്തിനുള്ള കുറിപ്പും തയാറാക്കി വത്തിക്കാൻ കൊട്ടാരത്തിൽ പുതിയ പാപ്പയ്ക്കുള്ള തിരഞ്ഞെടുപ്പിനായി എത്തിയ കർദിനാൾ ബെർഗോളിയോ എങ്ങനെ പാപ്പയായി?- മാർച്ച് 13ന് പേപ്പസിയുടെ ഏഴ് വർഷങ്ങൾ പിന്നിടുമ്പോൾ ഫ്രാൻസിസ് പാപ്പയുടെ തിരഞ്ഞെടുപ്പിന് പിന്നിലെ കാരണങ്ങളിലേക്ക് ഒരു അന്വേഷണം.
മടക്കയാത്രക്കുള്ള ടിക്കറ്റും ഈസ്റ്റർ ഞായർ പ്രസംഗത്തിനുള്ള കുറിപ്പും തയാറാക്കി വത്തിക്കാൻ കൊട്ടാരത്തിൽ പുതിയ പാപ്പയ്ക്കുള്ള തിരഞ്ഞെടുപ്പിനായി എത്തിയ കർദിനാൾ ബെർഗോളിയോ എങ്ങനെ പാപ്പയായി? മാധ്യമങ്ങളുടെ കണക്കുകൂട്ടലുകളെയും സഭാവൃത്തങ്ങളിലെ രഹസ്യചർച്ചകളെയും മാറ്റിമറിച്ച് അന്നേവരെ പൊതുജനം കേൾക്കാത്ത ഈ പേര് എങ്ങനെ കോൺക്ലേവിലെത്തി?
ദൈവനിശ്ചയം എന്ന ഒരൊറ്റ വാക്കു മതിയാവും ഉത്തരം. എങ്കിലും നാൾവഴികൾ നോക്കിക്കാണുന്നത് ദൈവനിശ്ചയത്തിന്റെ രഹസ്യങ്ങളെ പിടികിട്ടാൻ ഉപകരിച്ചേക്കും. സഭയിൽ ഏറെ കോളിളക്കം സൃഷ്ടിച്ചു, ബനഡിക്ട് 16-ാമൻ പാപ്പയുടെ രാജി. 2013 ഫെബ്രുവരി 28നായിരുന്നു അത്. ആധുനിക സഭയുടെ ചരിത്രത്തിൽ കഴിഞ്ഞ ആറു നൂറ്റാണ്ടിനിടയിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. ബനഡിക്ട് 16-ാമൻ പാപ്പയുടെ രാജി സഭയിൽ വലിയൊരു വിഭജനം സൃ ഷ്ടിക്കുമെന്ന് ചിലർ കരുതി.
സഭയുടെ വിശ്വാസത്തിന്റെ കാവലാളായ കർദിനാൾ റാറ്റ്‌സിംഗറുടെ മാറ്റം വലിയൊരു അനാഥത്വവും സഭയിലുണ്ടാക്കി: ഇനി വിശ്വാസകാര്യങ്ങളിലുള്ള സംശയങ്ങൾക്ക് ആരു മറുപടി തരും? സത്യത്തിൽ, ദൈവവഴികൾ വ്യത്യസ്തമായിരുന്നു. പിതാക്കന്മാർക്ക് രാജിവെക്കുന്നതിന് തടസമില്ലെന്നും പുതിയ വഴിച്ചാലുകൾ തീർക്കാൻ മാറിനിൽക്കുന്നത് നല്ലതാണെന്നും ആ വിശ്വപുരുഷന്റെ നിലപാട് ലോകത്തിനും സഭയ്ക്കും വെളിപ്പെടുത്തി.
ഇതിനിടെ കോൺക്ലേവിന്റെ മണിമുഴങ്ങി. ആരാകും പുതിയ പാപ്പ? കോൺക്ലേവ് ആരംഭിക്കുംമുമ്പ് സഭയെക്കുറിച്ചും ഭാവി പാപ്പയെക്കുറിച്ചുമുള്ള സ്വപ്‌നങ്ങൾ പങ്കിടാൻ കർദിനാൾമാർ ഒരുമിച്ചുകൂടാറുണ്ട്. ‘ജനറൽ കോൺഗ്രിഗേഷൻസ്’ എന്നാണത് അറിയപ്പെടുക. സഭ വളരെപ്പെട്ടെന്ന് ജാഗ്രതയോടെ ഇടപെടേണ്ട മേഖലകളെക്കുറിച്ചും വിമർശനാത്മകമായ അവലോകനത്തിന്റെ സാധ്യതകളെക്കുറിച്ചുമെല്ലാം അവിടെ ചർച്ച ചെയ്യും.
കർദിനാൾ ബെർഗോളിയോയുടെ ഊഴമെത്തി. രാവിലെ ഭക്ഷണമേശയിൽവെച്ചിരുന്ന ടിഷ്യു പേപ്പറിലാണ് പോയിന്റുകൾ എഴുതിയിരുന്നത്. പരസ്പര പൂരകമായ നാല് പോയിന്റുകൾ, നാല് മിനിറ്റിൽ പങ്കുവെച്ചു. ‘സുവിശേഷവൽക്കരണമെന്നാൽ അപ്പസ്‌തോലിക തീക്ഷ്ണത’ എന്നർത്ഥം എന്ന തലക്കെട്ടും കൊടുത്തു.
പോയിന്റ് വൺ
സുവിശേഷവൽക്കരണത്തിന് സഭ അവളിൽനിന്നും പുറത്തേക്കിറങ്ങണം. പാപത്തിന്റെയും രോഗത്തിന്റെയും അനീതിയുടെയും അജ്ഞതയുടെയും മുറിവേറ്റ് പാർശ്വവത്ക്കരിക്കപ്പെട്ടിരിക്കുന്നവരിലേക്ക് അവളിറങ്ങണം.
പോയിന്റ് ടു
സഭ അവളിൽനിന്ന് പുറത്തുവരുന്നില്ലെങ്കിൽ, അവൾ സുവിശേഷീകരണമേഖലകളിലേക്ക് എറിയപ്പെടുന്നില്ലെങ്കിൽ അവൾ പെട്ടെന്ന് രോഗിയാകും. സ്വന്തം കാര്യംമാത്രം നോക്കി നടക്കുന്ന സഭയാകും അപ്പോൾ. തന്നിലേക്കുമാത്രം നോക്കിയിരിക്കുന്ന സഭയ്ക്ക് ഉത്തമോദാഹരണം വചനത്തിലെ കൂനുപിടിച്ച സ്ത്രീയാണ്.
കൂനുപിടിച്ചവൾക്ക് തന്നിലേക്കു മാത്രം നോക്കിയിരിക്കാനേ കഴിയൂ. പരിസരത്തേക്ക് മിഴിയുയർത്താതെ കഴിയുന്നവൾ. സഭാസ്ഥാപനങ്ങളി ലും പ്രവർത്തനങ്ങളിലും ഇത്തരം ഒരു ദുരാത്മാവ് കയറിയിട്ടുണ്ട്. ഇത് സ്വയംസ്‌നേഹത്തിന്റെ മോശപ്പെട്ട വഴികളിൽ കുടുക്കും.
വെളിപാടിന്റെ പുസ്തകത്തിൽ നമ്മുടെ ഹൃദയവാതിലിൽ മുട്ടുന്ന യേശുവിനെ കാണുന്നുണ്ട്. പുറത്തുനിന്ന് അകത്തേക്ക് കയറാൻ മുട്ടുന്ന യേശു (വെളി. 3:20). എനിക്ക് തോന്നുന്നു, ഇന്ന് ക്രിസ്തു വാതിലിൽ മുട്ടുന്നത് നമ്മിൽനിന്ന് പുറത്തുകടക്കാനാണ്.
നമ്മിലെ ക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് പകരാൻ നമ്മെത്തന്നെ വിട്ടുകൊടുക്കുന്ന സഭയാകണം വരുംകാലത്തേത്. സ്വയത്തിലേക്ക് തിരിഞ്ഞിരിക്കുന്ന സഭയ്‌ക്കോ സഭാമക്കൾക്കോ സുവിശേഷവൽക്കരണത്തിൽ ഇടപെടാൻ കഴിയില്ല.
പോയിന്റ് ത്രീ
തന്നിലേക്കുമാത്രം തിരിഞ്ഞിരുന്നാൽ സഭ ജീർണിക്കും. കാലാകാലങ്ങളിൽ വെളിപ്പെടുത്തിക്കിട്ടുന്ന ദൈവികരഹസ്യങ്ങളോട് പ്രതികരിക്കാൻ നമുക്കാകണം. അല്ലെങ്കിൽ വലിയ അപകടത്തിൽ നാം ചാടും. ഒരു തരം ‘ആത്മീയ ഭൗതികത’ നമ്മെ നശിപ്പിക്കും. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, രണ്ടുതരം സഭാമുഖങ്ങളെ നമുക്ക് കാണാം:
ഒന്ന്, തന്നിൽനിന്നും പുറത്തിറങ്ങി സുവിശേഷീകരണ ശുശ്രൂഷയിൽ വ്യാപരിക്കുന്ന സഭ. മറ്റൊന്ന്, സുഖങ്ങൾ തേടുന്ന ലൗകായിക സഭ. സുവിശേഷീകരണത്തിന്റെ സഭ വെല്ലുവിളികളെ നേരിട്ട് മുന്നോട്ടുപോകും. എന്നാൽ, ലൗകായിക സഭയാകട്ടെ ജീവിക്കുന്നതും പ്രവർത്തിക്കുന്നതും അവളിലും അവൾക്കുവേണ്ടിയും മാത്രമായിരിക്കും. ആത്മാക്കളുടെ രക്ഷയ്ക്കായി, സുവിശേഷീകരണ ചെയ്തികളിൽ സാധ്യമാകുന്ന മാറ്റങ്ങൾ വരുത്തി മുന്നോട്ടുപോകുന്ന ഒരു സഭയാണ് എന്റെ സ്വപ്‌നം.
പോയിന്റ് ഫോർ
ആരാകണം പുതിയ പാപ്പ? നിരന്തരം ക്രിസ്തുമുഖത്തെ ധ്യാനിക്കുന്നവനാകണം അദ്ദേഹം. വാത്സല്യമുള്ള ഒരമ്മയെപ്പോലെയാകണം അയാൾ. ഉപേക്ഷിക്കപ്പെട്ടവർക്കായി ഇറങ്ങിത്തിരിക്കുന്നവനുമാകണം. സുവിശേഷീകരണത്തിൽ സംരക്ഷണവും മാധുര്യവും ആസ്വദിക്കുന്നവനുമാകണം.
നാല് മിനിട്ടുകൊണ്ട് നാലുകാര്യം പറഞ്ഞ് കർദിനാൾ ബെർഗോളിയോ കസേരയിലിരുന്നു. തൊട്ടടുത്ത കസേരയിൽ ഇരുന്നിരുന്നത് ക്യൂബയിലെ കർദിനാളും ഫ്രാൻസിസ്‌കൻ മിഷനറിയുമായ കർദിനാൾ ജെയ്‌മെ ലൂക്കാസ്. കർദിനാൾ ബെർഗോളിയോയോട് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു: താങ്കളായിരിക്കും അടുത്ത പോപ്പ്!
മീറ്റിങ്ങിൽനിന്നും പുറത്തിറങ്ങിയ പ്പോൾ ഈ പ്രഭാഷണം എഴുതി തയാറാക്കിയതായിരുന്നോ എന്ന് കർദിനാൾ ലൂക്കാസ് അന്വേഷിച്ചു. കാപ്പികുടി കഴിഞ്ഞപ്പോൾ അവിടെ കിടന്ന കൈ തുടയ്ക്കുന്ന ടിഷ്യു പേപ്പറിൽ എഴുതിയതാണ് അവതരിപ്പിച്ചതെന്ന് പറഞ്ഞു ബർഗോളിയോ. കർദിനാൾ ലൂക്കാസ് ആ കടലാസുകഷ്ണങ്ങൾ വാങ്ങിച്ചെടുത്തു. ഫ്രാൻസിസ് പാപ്പയായി കർദിനാൾ ബെർഗോളിയോ തിരഞ്ഞെടുക്കപ്പെട്ടശേഷം പ്രത്യേകം അനുവാദം വാങ്ങിയാണ് കർദിനാൾ ലൂക്കാസ് ഇതു പ്രസിദ്ധീകരിച്ചത്.
റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ










Leave a Reply