സമ്പന്നമായ കുടുംബത്തിൽ ജനിച്ചിട്ടും ദരിദ്രരെ നെഞ്ചോട് ചേർത്ത, പാവപ്പെട്ട രോഗികളെ ശുശ്രൂഷിക്കാൻ സർക്കാർ ജോലി ഉപേക്ഷിച്ച, ഡോക്ടർമാർ നിരവധിയുണ്ടാകും. എന്നാൽ, ദുർഗന്ധവാഹികളായ വ്രണങ്ങളുള്ള കാൻസർ രോഗികളെ ചിക്തിസിക്കാൻ നിർമിച്ച ഒറ്റമുറി വീട്ടിൽ അവരിലൊരാളായി, അവർക്കുവേണ്ടി നിരത്തിയിട്ട കട്ടിലിലൊന്നിൽ അന്തിയുറങ്ങിയ ഡോക്ടർമാർ വേറെയുണ്ടാകുമോ? അടുത്തറിയണം, ഇന്നലെ അന്തരിച്ച ഡോ. പോൾ മാമ്പിള്ളി (86) എന്ന കാൻസർ ചികിത്‌സകനെ.
കാൻസർ ചികിത്‌സ ലഭ്യമാക്കാൻ മത്‌സരിക്കുന്ന സ്‌പെഷലൈസ്ഡ് ആശുപത്രികൾ നിരവധി, ഏതു സമയത്തും ശുശ്രൂഷിക്കാൻ തയാറായി നിൽക്കുന്ന പാലിയേറ്റീവ് കെയർ സംരംഭങ്ങൾക്കും കണക്കില്ല- കാൻസർ ചികിത്‌സയിൽ ഇന്ന് വലിയ പുരോഗതി കേരളം കൈവരിച്ചു. എന്നാൽ, ഇങ്ങനെയൊന്നും അല്ലാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു കേരളത്തിൽ.
പാലിയേറ്റീവ് കെയർ എന്ന് കേട്ടിട്ടുപോലുമില്ലാതിരുന്ന 1970കൾ. വായ്ക്ക് അകത്തെ കാൻസർ ബാധിതർക്ക് സർക്കാർ ആശുപത്രികളിൽപോലും കിടത്തിചികിത്‌സ ലഭ്യമല്ലാതിരുന്ന കാലം. പുഴുവരിക്കുന്ന വ്രണങ്ങളും ദുർഗന്ധപൂരിതമായ ശരീരവുമായി ഉഴലുന്നവർക്കു മുന്നിൽ വഴിവിളക്കായി ഒരാളെത്തി- അങ്കമാലിയിലെ ഡോ. പോൾ മാമ്പിള്ളി.
സമ്പന്നമായ കുടുംബത്തിൽ ജനിച്ചിട്ടും ദരിദ്രരെ നെഞ്ചോട് ചേർത്ത, പാവപ്പെട്ട രോഗികളെ ശുശ്രൂഷിക്കാൻ സർക്കാർ ജോലി ഉപേക്ഷിച്ച, ഡോക്ടർമാർ നിരവധിയുണ്ടാകും. എന്നാൽ, ദുർഗന്ധവാഹികളായ വ്രണങ്ങളുള്ള കാൻസർ രോഗികളെ ചിക്തിസിക്കാൻ നിർമിച്ച ഒറ്റമുറി വീട്ടിൽ അവരിലൊരാളായി, അവർക്കുവേണ്ടി നിരത്തിയിട്ട കട്ടിലിലൊന്നിൽ അന്തിയുറങ്ങിയ ഡോക്ടർമാർ വേറെയുണ്ടാകുമോ?
ഇവിടെയാണ് ഡോ. പോൾ മാമ്പിള്ളി എന്ന കാൻസർ ചികിത്‌സകന്റെ മഹത്വം. എല്ലാവരാലും പരിത്യക്തരായ കാൻസർ രോഗികൾക്ക് അവസാന അത്താണിയും പ്രതീക്ഷയുമായി മാറിയ ഡോ. പോൾ മാമ്പിള്ളി ഇനിയില്ല. അംഗീകാരങ്ങളെക്കാൾ സമർപ്പണത്തിനും നേടുന്നതിനേക്കാൾ കൊടുക്കുന്നതിനും വില കൽപ്പിച്ച അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് വെല്ലുവിളിയാണ്, അതുപോലെ പ്രചോദനവും.
കൊട്ടാരം ഉപേക്ഷിച്ച രാജകുമാരൻ
വൈപ്പൻകരയിലെ ഞാറയ്ക്കൽ മാമ്പള്ളി ഔസേപ്പിന്റെയും കള്ളിയത്ത് വീട്ടിൽ മറിയത്തിന്റെയും മകനായി സമ്പന്ന ഭവനത്തിലായിരുന്നു പോളിന്റെ ജനനം. ഏഴു മക്കളിൽ ഏറ്റവും ഇളയവൻ. 1962ൽ കസ്തൂർബാ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് പാസായി. ഒരു വർഷം തിരുവനന്തപുരം മെഡിക്കൽ കോളജിലും എട്ടു വർഷം എറണാകുളം ജനറൽ ആശുപത്രിയിൽ കാൻസർ ചിക്ത്‌സാ വിഭാഗം തലവനായും സേവനമനുഷ്~ിച്ചു.
ആത്മീയ കാര്യങ്ങളിലുള്ള മാതാപിതാക്കളുടെ തീക്ഷ്ണത ബാല്യത്തിൽ തന്നെ പോളിന്റെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ചിരുന്നു. ഒരു ഡോക്ടറായാൽ പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കണമെന്ന പിതാവിന്റെ അന്ത്യവാക്കുകൾ പോളിന്റെ ഹൃദയത്തിൽ തുളഞ്ഞുകയറി. 1963ൽ പിതാവ് കാൻസർ ബാധിച്ചാണ് മരിച്ചതെന്നതും കാൻസർ ചികിത്സയിൽ പോളിന്റെ താൽപ്പര്യത്തെ വർദ്ധിപ്പിച്ചു.
മാതാപിതാക്കളുടെ ജീവിതാദർശങ്ങളും അഭിലാഷങ്ങളും ഒരു നല്ല ഛായാചിത്രം പോലെ അദ്ദേഹത്തിന്റെ ഹൃദയത്തിൽ പതിഞ്ഞിരുന്നു. അർബുദത്തിന്റെ പിടിയിലമർന്ന ജീവിതങ്ങൾക്കുവേണ്ടി പൂർണമായും തന്നെത്തന്നെ ഉഴിഞ്ഞുവെക്കണമെന്ന ചിന്ത ഡോക്ടറിൽ കത്തിപ്പടർന്നത് അങ്ങനെയാണ്.
വായ്ക്കുള്ള കാൻസറായിരുന്നു അക്കാലത്ത് വ്യാപകമായിരുന്നത്. പുകയിലയുടെയും മറ്റും ഉപയോഗംതന്നെയായിരുന്നു കാരണം. നാവ്, മോണ, കവിൾ, തൊണ്ട തുടങ്ങിയ ഇടങ്ങളിൽ ഉണ്ടാകുന്ന വ്രണം പഴുത്ത് അധികം വൈകാതെ വലിയ ദുർഗന്ധത്തിന് കാരണമായിത്തീരും. ഇങ്ങനെയുള്ളവരെ സർക്കാർ ആശുപത്രിയിലെ കാൻസർ വാർഡിൽ പ്രവേശിപ്പിക്കാറില്ലായിരുന്നു. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന രോഗികൾ പല ആശുപത്രികളിലും കയറിയിറങ്ങി അവസാനശ്രമം എന്നനിലയിൽ ഡോ. മാമ്പള്ളിയെ കാണാൻ വരുകയായിരുന്നു അക്കാലത്ത് പതിവ്.
അപ്പോഴേക്കും കാൻസർ മൂർദ്ധന്യാവസ്ഥയിലെത്തിയിരിക്കും. വ്രണം പൊട്ടിയൊലിച്ച് ആർക്കും അറപ്പും വെറുപ്പും തോന്നിക്കുന്ന അവസ്ഥയിലായിരിക്കും. ഇങ്ങനെ രോഗത്തിന്റെ ബീഭത്സയിൽ ഉപേക്ഷിക്കപ്പെട്ട ഒരു രോഗിയെ ഒപ്പം കൂട്ടിയാണ് ഡോക്ടർ കാൻസർ ആശുപത്രിക്ക് കറുകുറ്റിയിൽ തുടക്കം കുറിച്ചത്. ഏതാനും ദിവസങ്ങൾക്കകം നിരത്തിയിട്ട എട്ടു കട്ടിലിൽ ഏഴു രോഗികൾകൂടി നിരന്നു. ഒരു കട്ടിലിൽ അവരോടൊപ്പം ഡോക്ടർ പോൾ മാമ്പിള്ളിയും!
കേരളത്തിലെ ആദ്യത്തെ കാൻസർ ആശുപത്രി?
കറുകുറ്റി എളവൂർ റോഡിൽ സ്വന്തമായി വാങ്ങിയ 10 സെന്റ് സ്ഥലത്ത് ഒരു ഓലമേഞ്ഞ വീട് അദ്ദേഹം നിർമിച്ചിരുന്നു. ഇതായിരുന്നു വ്രണബാധിതരായ കാൻസർ രോഗികൾക്കുവേണ്ടി കേരളത്തിൽ ആദ്യം ഉയർന്ന ആശുപത്രി. ബാല്യം മുതൽ നന്മയുടെ പാതയിലേക്ക് കൈകൾ പിടിച്ചു നടത്തിയ മാതാപിതാക്കളുടെ പേരുചേർത്ത് തന്നെ ഡോക്ടർ ആശുപത്രിക്ക് നാമകരണവും ചെയ്തു: ‘ഔസേപ്പ്-മറിയം കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്.’
ആശുപത്രി തുടങ്ങിയതോടെ കാൻസർ രോഗത്തിന്റെ പാരമ്യതയിലുള്ള പല രോഗികളും അഭയം തേടി വരാൻ തുടങ്ങി. ഉറ്റവരും ഉടയവരും ഉപേക്ഷിക്കുന്ന ഈ സാധുക്കൾക്ക് ഡോക്ടർ ദൈവദാസനായിത്തീർന്നു. വ്രണങ്ങളിൽ നുരയുന്ന പുഴുക്കളെ പുറത്തെടുത്തും കടുത്ത വേദനയിൽനിന്ന് മോചനം നൽകാൻ മരുന്നുകൾ കൊടുത്തും വേണ്ടുന്ന പരിചരണമെല്ലാം നൽകിയും സ്‌നേഹപൂർവം തലോടിയും അവരുടെ മരണത്തിലേക്കുള്ള പാതയിൽ ഡോക്ടർ തണലായി മാറി.
ഡോ. മാമ്പള്ളി 1970ൽ സർക്കാർ ഉദ്യോഗം രാജിവച്ചു. കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയ സാധുക്കളെ സംരക്ഷിക്കുക എന്നത് മാത്രമായിത്തീർന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രവർത്തനം. ജീവനും മരണത്തിനുമിടയിൽ വീർപ്പുമുട്ടുന്ന ദുരിതമാനസങ്ങളെ പ്രത്യാശയുടെ തീരത്തേക്ക് കൈപിടിച്ചുയർത്താനുള്ള തീവ്രപരിശ്രമം. കാൻസർ ബാധിച്ച് വേദനയുടെ പിടിയിലമർന്ന ഒരു പാവം സ്ത്രീ ഇവിടെ കിടപ്പുരോഗിയായിട്ടുണ്ടായിരുന്നു.
ഈ സ്ത്രീയുടെ പരിചരണത്തിനുവേണ്ടി ഒപ്പംനിന്ന ഭർത്താവ് ഒരിക്കൽ തലചുറ്റി വീണത് ഡോക്ടർ കണ്ടു. പരിശോധനയ്ക്കിടയിൽ വിഷമത്തോടെ അയാൾ തന്റെ സാമ്പത്തിക ക്ലേശത്തെക്കുറിച്ച് ഡോക്ടറോട് പറഞ്ഞു. ഭാര്യയുടെ ചികിത്സയ്ക്കുവേണ്ടി ഉള്ളതെല്ലാം വിറ്റുപെറുക്കി. ഇനി ഒന്നും മിച്ചമില്ല, ഇപ്പോൾ ആഹാരം കഴിച്ചിട്ട് രണ്ടു മൂന്നു ദിവസത്തോളമായത്രേ. ഈ വാക്കുകൾ ഡോക്ടറെ അക്ഷരാർത്ഥത്തിൽ നടുക്കി. രോഗികളോടൊപ്പം നിൽക്കുന്നവർക്കും സൗജന്യമായി ഭക്ഷണം നൽകാനുള്ള ശ്രമമായിരുന്നു പിന്നീടദ്ദേഹം നടത്തിയത്.
സഹായമെത്തി, സഹായികളും
ആദ്യമൊക്കെ ഡോക്ടർ തനിക്ക് വീട്ടിൽനിന്ന് കിട്ടാനുള്ള വിഹിതം വാങ്ങിയാണ് ആശുപത്രിയുടെ കാര്യങ്ങൾ നടത്തിയത്. അധികം വൈകാതെ ക്ലാരസഹോദരിമാരുടെയും സി.എം.ഐ സഭയുടെയും നാട്ടുകാരുടെയും സഹായം അദ്ദേഹത്തിന് ധാരാളമായി ലഭിച്ചു. നാല് ക്ലാരിസ്റ്റ് സന്യാസിനികൾ അദ്ദേഹത്തെ ആശുപത്രി പ്രവർത്തനങ്ങളിൽ സഹായിക്കാൻ ഉത്സാഹപൂർവം മുന്നോട്ടുവന്നു. അതോടെ ആശുപത്രി കെട്ടിടം വികസിപ്പിക്കാനും രോഗികളോടൊപ്പം നിൽക്കുന്നവർക്കും നല്ല ഭക്ഷണം നൽകാനും അദ്ദേഹത്തിന് കഴിഞ്ഞു.
ചികിത്സയ്ക്കിടയിൽ പല രോഗികളും മരണത്തെ പുൽകിയിട്ടുണ്ട്. ഒരർത്ഥത്തിൽ മരണം കാത്തുകിടക്കുന്നവരായിരുന്നു ഏറെപ്പേരും. എങ്കിലും അവരാരുടെയും മുഖത്ത് ഒരിക്കലും നൈരാശ്യത്തിന്റെ കതിരുകൾ വീണിരുന്നില്ലെന്ന് ഡോക്ടർ ഓർക്കുന്നു. ഇങ്ങനെ മരിച്ചയാൾ ക്രൈസ്തവനെങ്കിൽ സി.എം.ഐ സഭയുടെ അവിടുത്തെ ആശ്രമപള്ളിയിൽ സംസ്‌കരിക്കുകയാണ് പതിവ്. ഹൈന്ദവരെങ്കിൽ ആലുവയിലെ പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.
കോതമംഗലം കുട്ടമ്പുഴ സ്വദേശിയായ ഒരു കാൻസർ രോഗി ഈ ആശുപത്രിക്കിടക്കയിൽവച്ച് മരിച്ച സംഭവം ഡോക്ടർ ഒരിക്കൽ അനുസ്മരിച്ചിട്ടുണ്ട്. ഭാര്യ മാത്രമാണ് അവസാന ദിവസം ഭർത്താവിനോടൊപ്പം ഉണ്ടായിരുന്നത്. ഭർത്താവ് മരിച്ചുവെന്നറിഞ്ഞപ്പോൾ അവർ ദു$ഖം താങ്ങാനാവാതെ തളർന്നുവീണു. ഭർത്താവ്മരിച്ച ദു$ഖത്തേക്കാൾ അദ്ദേഹത്തിന്റെ മൃതദേഹം വീട്ടിലെത്തിക്കാനുള്ള പണംപോലും തന്റെ കൈയിലില്ലല്ലോ എന്ന ചിന്ത ആ സ്ത്രീയുടെ ദു$ഖം ഇരട്ടിപ്പിച്ചു.
ഡോക്ടർ മറ്റൊന്നും ആലോചിച്ചില്ല. നേരേ ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ചെന്ന് ഒരു ആംബുലൻസ് വിളിച്ച് ആ സ്ത്രീയെയും ഭർത്താവിന്റെ മൃതദേഹവും കയറ്റി കുട്ടമ്പുഴയ്ക്ക് അയക്കാനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തു. സാമ്പത്തിക വൈഷമ്യംമൂലം ക്ലേശിക്കുന്ന കാൻസർ രോഗികളുടെ കുടുംബത്തിന് പ്രത്യാശാദൂത് പകരാനും അവരുടെ ദു$ഖത്തിൽ അവരോടൊപ്പം പങ്കുചേരാനുമുള്ള ദൈവകൃപ ലഭിച്ചത് ആ സംഭവത്തോടു കൂടിയാണെന്ന് ഡോക്ടർ അനുസ്മരിച്ചിട്ടുണ്ട്.
സമ്മാനം വാങ്ങാനുള്ള അന്ത്യയാത്ര!
മറ്റുള്ളവർക്കുവേണ്ടി സമയവും സമ്പത്തും സൗകര്യങ്ങളുമെല്ലാം വിനിയോഗിക്കുമ്പോഴും വേദനിപ്പിക്കുന്ന ഒരുപിടി ദുരനുഭവങ്ങൾ ഡോക്ടർക്കും ഉണ്ടായിട്ടുണ്ട്. സാമ്പത്തികാവശ്യങ്ങൾക്കുവേണ്ടി ഡോക്ടറെ നിരന്തരം ബുദ്ധിമുട്ടിക്കുന്നവർ, വേണ്ടുന്ന ജീവിതസൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും പണത്തിനുവേണ്ടി പിന്നാലെ നടക്കുന്നവർ, നുണയും കാപട്യവും മൂലം വഞ്ചനയോടെ പെരുമാറിയവർ…
പക്ഷേ ഇവരിലാരോടും ഡോക്ടർക്ക് ഒരു ചെറിയ പിണക്കം പോലുമില്ലായിരുന്നു. അതിന് അദ്ദേഹം കാരണമായി പറഞ്ഞത്, ഒരു കോൺവെന്റിന്റെ സ്വീകരണമുറിയിലെ ഭിത്തിയിൽ പതിച്ചിരുന്ന ഒരു വാചകമാണ്: ‘ക്ഷമിക്കുക എന്നത് പുണ്യമാണ്; എന്നാൽ മറക്കുക എന്നതാണ് ഏറ്റവും വലിയ പുണ്യം.’
കറുകുറ്റിയിലെ ഔസേപ്പ് മറിയം ആശുപത്രി വളരെ പെട്ടെന്നുതന്നെ ശ്രദ്ധേയമായെങ്കിലും ആധുനിക ചികിത്സാവിധികളുമായി നിരവധി കാൻസർ ആശുപത്രികൾ പല സ്ഥലത്തും ജന്മമെടുത്തപ്പോൾ ഡോക്ടർ മാമ്പള്ളി അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിലേക്ക് തന്റെ ശുശ്രൂഷ മാറ്റി. പിന്നീട് ഏറെനാൾ, കാൻസർ രോഗികൾക്കുവേണ്ടിയുള്ള മുഴുവൻ സമയവും ചികിത്സ അവിടെയായിരുന്നു.
അർബുദരോഗികൾക്ക് ജീവിതം മാറ്റിവെച്ച അദ്ദേഹം വിവാഹം കഴിക്കാൻ പോലും മറന്നുപോയി. കറുകുറ്റിയിലെ ക്രൈസ്റ്റ് കിംഗ് മൊണാസ്ട്രി സ്വഭവനവും അവിടുത്തെ വൈദിക വിദ്യാർത്ഥികളും രോഗികളുമായിരുന്നു അദ്ദേഹത്തിന്റെ ബന്ധുക്കൾ. ഡോക്ടർ ഒരിക്കൽ പോലും ദിവ്യബലിക്ക് മുടക്കം വരുത്താറില്ല. ദിവ്യകാരുണ്യമാണ് തനിക്ക് ജീവനും ഓജസും പ്രദാനം ചെയ്യുന്നതെന്ന് പറയാൻ അദ്ദേഹത്തിന് മടിയില്ലായിരുന്നു.
ഡോക്ടർ മാമ്പിള്ളിയുടെ പ്രവർത്തനങ്ങൾ കേരളത്തിൽ മാത്രം ഒതുങ്ങുന്നില്ല. വർഷത്തിൽ രണ്ടു മാസമെങ്കിലും പ്രഭാഷണങ്ങൾക്കും പ~നങ്ങൾക്കുമായി അദ്ദേഹം ദേശസഞ്ചാരം നടത്താറുണ്ടായിരുന്നു. കത്തോലിക്കാ കോൺഗ്രസിന്റെയും ബറ്റർ ലൈഫ് മൂവ്‌മെന്റിന്റെയും സിറിയക്ക് കണ്ടത്തിലിന്റെയും പുരസ്‌കാരങ്ങൾ മാമ്പള്ളിക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ അവാർഡുകളൊന്നും അദ്ദേഹത്തിന്റെ സേവനത്തിന് മതിയായ അംഗീകാരമാകുന്നില്ല.
അതേക്കുറിച്ച് തെല്ലും പരിഭവിക്കാത്ത, അതിനെക്കുറിച്ചൊന്നും ചിന്തിക്കാത്ത അദ്ദേഹം യാത്രയായി, ദൈവതൃക്കരങ്ങളിൽനിന്ന് ഏതൊരു മനുഷ്യന്റെയും ആത്യന്തിക ലക്ഷ്യമായ സ്വർഗീയ സമ്മാനം സ്വീകരിക്കാൻ.
ജെയ്‌മോൻ കുമരകം










Leave a Reply