Sathyadarsanam

ജനസംഖ്യയും ദൈവപരിപാലനയും

ദൈവപരിപാലനയിൽ ആശ്രയിച്ച് കൊണ്ട് രാജ്യങ്ങളെ നയിച്ച നേതാക്കളെ ചരിത്രത്തിൽ കാണാൻ സാധിക്കും. ആധുനികകാലത്ത് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇതിന് മികച്ച ഉദാഹരണമാണ്.എന്നാൽ ഇന്ത്യയിൽ മതത്തിൻ്റെയും സമുദായത്തിൻ്റെയും പേരിൽ വോട്ടു വാങ്ങി അധികാരത്തിൽ എത്തുന്നവർക്ക് രാഷ്ട്രത്തെ നയിക്കുന്ന കാര്യത്തിൽ എത്രമാത്രം ആഴമായ ദൈവവിശ്വാസമുണ്ട് എന്നത് സംശയാസ്പദമാണ്. രാഷ്ട്രത്തിലെ ജനസംഖ്യ അനിയന്ത്രിതമായി വർദ്ധിക്കുന്നു എന്നും അത് നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പ്രസ്താവിച്ചിരുന്നു. അതിന് അദ്ദേഹം സത്വരമായി സ്വീകരിച്ച നടപടികകട്ടെ ഒരു ദൈവവിശ്വാസിക്കോ അദ്ദേഹം ഊന്നൽനൽകുന്ന ഹൈന്ദവ ആത്മീയതയ്ക്കോ നിരക്കാത്ത കാര്യമാണ്. ഹൈന്ദവ ആത്മീയത അഹിംസയിൽ അധിഷ്ഠിതമാണ്. ഒരു ചെറിയ ജീവിയെ പോലും കൊല്ലുന്നത് തിന്മയായി കരുതപ്പെടുന്നു. അപ്പോഴാണ് ആ ആത്മീയതയുടെയും സംസ്കാരത്തിൻ്റെയും പ്രചാരകരായവർ അധികാരത്തിലിരിക്കുമ്പോൾ ഗർഭപാത്രം ചോരക്കളമാക്കാൻ തുടങ്ങുന്നത്. ഗർഭച്ഛിദ്രത്തിന് ഉള്ള കാലാവധി ഗർഭധാരണത്തിൻ്റെ ആറാം മാസം വരെ ഉയർത്തുക എന്നത് അത്യന്തം ക്രൂരവും ജീവൻ്റ മൂല്യത്തിനും അഹിംസാ സംസ്കാരത്തിനും കടകവിരുദ്ധവുമായ കാര്യമാണ്. പിഞ്ചു ജീവനുകളെ ഉപ്പു ലായനിയിൽ പൊളിച്ചു കൊന്നിട്ട് വേണോ ഈ രാജ്യത്തെ ജനങ്ങൾക്ക് സുഭിക്ഷമായി ജീവിക്കാൻ? ഇപ്രകാരമുള്ള തീരുമാനങ്ങളെടുക്കുന്നവർ മതത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും പറയുന്നത് തന്നെ വലിയ വിരോധാഭാസമല്ലേ. വെന്തു നീ വെന്തു നീറി മരിക്കുന്ന ഓരോ പിഞ്ചു ജീവൻ്റെയും കണക്ക് ദൈവം ആരോടാണ് ചോദിക്കേണ്ടത്. ദൈവ വിശ്വാസമുള്ള ഭരണാധികാരികൾക്ക് ഈ നാടിൻ്റെമേൽ തങ്ങൾ വരുത്തി വയ്ക്കാൻ പോകുന്ന ദൈവ കോപത്തെ കുറിച്ച് ചിന്തയൊന്നുമില്ലേ.

ജീവനെ സ്നേഹിക്കുന്നവരിൽ നിന്ന് എംടിപി ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന അവസരത്തിലാണ് കൂനിന്മേൽ കുരു പോലെ പുതിയ ബില്ലുമായി ശിവസേന എംപി അനിൽ ദേശായി രംഗപ്രവേശനം നടത്തുന്നത്. സർക്കാരിൻ്റെ കുടുംബാസൂത്രണ നയങ്ങളുമായി സഹകരിച്ച് രണ്ട് കുട്ടികൾ മാത്രം മതി എന്ന നിലപാട് എടുക്കുന്ന കുടുംബങ്ങൾക്ക് നികുതിയിളവുകളും ജോലികളും മറ്റ് ആനുകൂല്യങ്ങൾ നൽകുക, ഇതിനോട് സഹകരിക്കാതെ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്നവരുടെമേൽ കഠിന നികുതികളും മറ്റ് ശിക്ഷാ നടപടികളും ഏർപ്പെടുത്തുക സകല ആനുകൂല്യങ്ങളും നിഷേധിക്കുക തുടങ്ങിയവയാണ് ഈ ബില്ലിൻ്റെ ഉള്ളടക്കം. ഇത് ഒരു സ്വകാര്യ ബിൽ ആണ് എന്നത് ഇതിൻറെ ഗൗരവം ഒട്ടും കുറയ്ക്കുന്നില്ല കാരണം നിയമമന്ത്രാലയത്തിൻ്റെ അനുമതിയോടെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൻ്റെ അവതാരകൻ പല ന്യായങ്ങളും നിരത്തുന്നുണ്ട്. ഇന്ത്യയിലെ ജനസംഖ്യ 40 വർഷം കൊണ്ട് ഇരട്ടി ആയിരിക്കുകയാണ്. ഇപ്പോൾ അത് 125 കോടി കവിഞ്ഞിരിക്കുന്നു. 2050 തോടുകൂടി ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും. ഇന്ത്യയുടെ വാർഷിക ജനസംഖ്യ വർദ്ധനവ് 1.02 ശതമാനമാണ്. ഇവിടെ ഒരു ചതുരശ്ര കിലോമീറ്ററിൽ ശരാശരി 416 പേരാണ് താമസിക്കുന്നത്. ഇപ്രകാരം എന്തെല്ലാം ന്യായങ്ങൾ ചൂണ്ടിക്കാണിച്ചാലും ജനസംഖ്യ നിയന്ത്രണവും പൗരാവകാശങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ബില്ല് പ്രതിഷേധാർഹം തന്നെയാണ് രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കുന്നതിന് മാത്രമേ ഇത്തരം നിയമനിർമാണം ഉപകരിക്കുകയുള്ളൂ. അവകാശങ്ങളുള്ള കുറച്ചു പേരും അവകാശങ്ങൾ ഇല്ലാത്ത കുറച്ചു പേരും എന്ന അവസ്ഥ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതി എന്ന തത്വത്തിന് കടകവിരുദ്ധമാണ്. നിലവിൽ പഞ്ചായത്തീരാജ് നിയമത്തിൽ ഈ വ്യവസ്ഥയുണ്ട്. ചില സംസ്ഥാനങ്ങളിൽ തന്മൂലം രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കാറില്ല. ഇത് ജനാധിപത്യം മര്യാദകളുടെ ലംഘനമാണ്. പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കുന്ന ഇത്തരം കഠിനമായ നയങ്ങൾ ശരിയായി നടപ്പിലാക്കാൻ ഒരു ജനാധിപത്യ സർക്കാരിന് ഒരിക്കലും സാധിക്കുകയില്ല. അപക്വമായ ഈ നിയമത്തിൻ്റെ വികലമായ നടത്തിപ്പ് സമൂഹത്തിൽ അസമത്വം ഉളവാക്കുക തന്നെ ചെയ്യും. ഏതാണ്ട് 40 വർഷമായി നടപ്പിലാക്കി വരുന്ന കുടുംബാസൂത്രണ നയം ഇതിന് മികച്ച ഉദാഹരണമാണ്. ചില സമുദായങ്ങൾ സർക്കാരിൻ്റെ കുടുംബാസൂത്രണ നായത്തോട് സഹകരിച്ചു. മറ്റുചിലർ സഹകരിച്ചില്ല. തൽഫലമായി സർക്കാർ നയത്തോട് സഹകരിച്ചവർക്ക് ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിൽ രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുന്നു. അവർ അധിവസിക്കുന്ന പ്രദേശത്ത് നിയോജകമണ്ഡലങ്ങൾ മുതൽ പഞ്ചായത്ത് വാർഡുകൾ വരെ എണ്ണത്തിൽ കുറയുന്നു. അവരുടെ ജനപ്രതിനിധികൾ ഇല്ലാതെയാവുന്നു. എന്നാൽ സർക്കാർ നയത്തോട് സഹകരിക്കാതിരിക്കുന്നവർക്ക് രാഷ്ട്രീയ സ്വാധീനം കൂടുന്നു. അവരുടെ പ്രദേശങ്ങളിൽ നിയോജകമണ്ഡലങ്ങൾ വർദ്ധിക്കുന്നു. സർക്കാരുകളെ മുൾമുനയിൽ നിർത്തി അവർ കാര്യങ്ങൾ സാധിക്കുന്നു. ഇപ്രകാരമുള്ള പരാജയങ്ങളെ മുൻകൂട്ടി കാണാനോ നടപ്പിലാക്കിയതിനുശേഷം വിലയിരുത്തി പരിഹാരം കാണാനോ ഉള്ള ആർജ്ജവം ഇല്ലാത്ത സർക്കാരുകൾ വീണ്ടും ഇത്തരം വികല നയങ്ങളുമായി മുമ്പോട്ടു പോകുന്നതിൻ്റെ സാഗത്യം എന്താണ് ? ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷ താൽപര്യപ്രകാരം നിയമങ്ങൾ മാറി മറിഞ്ഞു കൊണ്ടിരിക്കും അന്ന് വീണ്ടും മണ്ടന്മാരാകുന്നത് സർക്കാരിനെ വിശ്വസിക്കുന്നവരായിരിക്കും.

അതിനാൽ വിശ്വസിക്കേണ്ടത് സർക്കാരിനെയല്ല ദൈവത്തെയാണ്. ആശ്രയിക്കേണ്ടത് ക്ഷേമ പദ്ധതികളിലല്ല ദൈവപരിപാലനയിലാണ്. ക്രിസ്ത്യാനിക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം ഇതുതന്നെയാണ്. നാളെയെ കുറിച്ച് നിങ്ങൾ ആകുലരാകരുത് (മത്താ6:34)എന്ന് കർത്താവ് പറഞ്ഞത് കേട്ടില്ല. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യയിൽ 40 കോടി ജനങ്ങൾ ഉണ്ടായിരുന്നു. ഭക്ഷ്യക്ഷാമം ഉണ്ടായിരുന്നെങ്കിലും എല്ലാവരും ജീവിച്ചുപോന്നു. ഇന്ന് ഇവിടെ 125 കോടി ജനങ്ങൾ ഉണ്ട് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ആണെങ്കിലും ഇന്ന് ഭൂമി കൂടുതൽ വിളവ് തരുന്നു പശു കൂടുതൽ പാല് തരുന്നു. ഭക്ഷ്യധാന്യങ്ങൾ എല്ലാവർക്കും ജീവിക്കാൻ ഉതകുന്ന വിധത്തിൽ വിതരണം ചെയ്യപ്പെടുന്നു. ഈ രാജ്യത്ത് 250 കോടി ജനങ്ങൾ ഉണ്ടെങ്കിലും ഇതുതന്നെ സംഭവിക്കും. അതിൻറെ പേരാണ് ദൈവപരിപാലന. കൂടുതൽ കുട്ടികളുള്ള കുടുംബത്തിൽ കൂടുതൽ ദൈവകൃപ വർഷിക്കപ്പെടുന്നു. പലതരത്തിൽ നഷ്ടപ്പെടുന്ന കുട്ടികളുടെ സ്ഥിതിവിവരങ്ങൾ ശ്രദ്ധിക്കുക. മിക്കതും തന്നെ ഒന്നും രണ്ടും കുട്ടികളുള്ള കുടുംബത്തിൽ നിന്നായിരിക്കും. ദൈവപരിപാലനയിൽ ആശ്രയിക്കുന്നവർക്ക് മാത്രമേ അത് ലഭിക്കൂ. സർക്കാരിൻ്റെ പദ്ധതികളും നയങ്ങളും എന്തുമാകട്ടെ ദൈവത്തിൽ വിശ്വസിക്കുകയും അവിടുത്തെ പരിപാലനയിൽ ആശ്രയിക്കുകയും ചെയ്യുക. അപ്പോൾ സമൃദ്ധിയുണ്ടാവും അതു ദൈവകൃപയുടെ സമൃദ്ധിയായിരിക്കും.

ജയിംസ് കൊക്കാവയലിൽ

Leave a Reply

Your email address will not be published. Required fields are marked *

one × five =