സ്‌നാപക യോഹന്നാനില്‍നിന്നും മാമോദീസ സ്വീകരിച്ചു കഴിഞ്ഞപ്പോള്‍ പരിശുദ്ധാത്മാവ് യേശുവിനെ മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് 40 ദിനരാത്രങ്ങള്‍ യേശു ഉപവസിച്ചു. 40 ദിവസം പിന്നിട്ടപ്പോള്‍ പിശാച് യേശുവിനെ പരീക്ഷിച്ചു. ആ പരീക്ഷയില്‍ യേശു വീണില്ല. സാത്താനെ പരാജയപ്പെടുത്തി. യേശു ജയിച്ചു. തുടര്‍ന്ന് യേശു പൊതുസമൂഹത്തിലേക്ക് വന്നു. സ്‌നാപക യോഹന്നാന്‍ യേശുവിനെ ജനത്തിന് പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു: ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. ഈ പരിചയപ്പെടുത്തലോടുകൂടി യോഹന്നാന്റെ ദൗത്യം കഴിഞ്ഞു. പിന്നീട് യോഹന്നാനെ നാം കാണുന്നത് കാരാഗൃഹത്തിലാണ്. പിന്നീട് കാണുന്നത് രാജകൊട്ടാരത്തില്‍ ഒരു താലത്തില്‍ യോഹന്നാന്റെ തല മാത്രമാണ് (മത്താ. 14:1-12).
സ്‌നാപകയോഹന്നാന്‍ വധിക്കപ്പെട്ടതോടെ യേശു പരസ്യജീവിതവുമായി രംഗത്തിറങ്ങി. മത്തായി 4:17 അനുസരിച്ച്, പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശു പറയുന്ന ആദ്യത്തെ വാചകം ഇതാണ്: മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു. മത്തായി ഇത് എഴുതിവച്ചിരിക്കുന്നത് ഇങ്ങനെയാണ്: യോഹന്നാന്‍ ബന്ധനസ്ഥനായി എന്ന് കേട്ടപ്പോള്‍ യേശു ഗലീലിയിലേക്ക് പിന്‍വാങ്ങി. അവന്‍ നസ്രത്ത് വിട്ട് കഫര്‍ണാമില്‍ ചെന്ന് പാര്‍ത്തു. അപ്പോള്‍ മുതല്‍ യേശു പ്രസംഗിക്കാന്‍ തുടങ്ങി: മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.
മാനസാന്തരത്തിനുള്ള ആഹ്വാനം യേശു അവിടെ തുടങ്ങി. മൂന്നുകൊല്ലവും യേശു ഇത് പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, മാനസാന്തരപ്പെടാനുള്ള യേശുവിന്റെ ആഹ്വാനം മൂന്ന് കൊല്ലംകൊണ്ട് തീര്‍ന്നില്ല. അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ മനഃസാക്ഷിയോട് അവന്‍ എന്നും ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നു. വചനപ്രഘോഷണവേദികളിലെല്ലാം അവന്‍ ഇത് പറഞ്ഞുകൊണ്ടിരിക്കുന്നു. നമ്മള്‍ തനിച്ചിരിക്കുമ്പോള്‍, പ്രാര്‍ത്ഥിക്കുമ്പോള്‍, ചിലപ്പോള്‍ തിന്മ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍, മാനസാന്തരപ്പെടാതിരിക്കുമ്പോള്‍, ചിലപ്പോള്‍ അനുതപിക്കാതെയും കുമ്പസാരിക്കാതെയും ഇരിക്കുമ്പോള്‍, പരദൂഷണം പറയുമ്പോള്‍, ചിലപ്പോള്‍ മറ്റുള്ളവരെ വേദനിപ്പിക്കുമ്പോള്‍, ദൈവത്തില്‍നിന്ന് അകന്നുപോകുമ്പോള്‍, അവന്‍ നമ്മോട് പറയുന്നുണ്ട്: മാനസാന്തരപ്പെടുവിന്‍. ചുരുക്കത്തില്‍ തെറ്റു ചെയ്യുമ്പോഴും തെറ്റില്‍ തുടരുമ്പോഴും ചെയ്യേണ്ട നന്മ ചെയ്യാതിരിക്കുമ്പോഴും അവന്‍ പറയുന്നുണ്ട്: മാനസാന്തരപ്പെടുവിന്‍.
മാനസാന്തരവും പശ്ചാത്താപവും തമ്മില്‍ അര്‍ത്ഥവ്യത്യാസമുണ്ട്. ചെയ്തത് തെറ്റാണ് എന്ന് ഉള്ളില്‍ തോന്നുമ്പോള്‍ അത് പശ്ചാത്താപമായി. ചെയ്തത് തെറ്റായിപ്പോയി; ഇനി അത് ചെയ്യുകയില്ല എന്ന് തീരുമാനിക്കുമ്പോള്‍ അത് മാനസാന്തരമായി. പശ്ചാത്തപിക്കുന്ന വ്യക്തി വീണ്ടും തെറ്റ് ആവര്‍ത്തിക്കാം. എന്നാല്‍ മാനസാന്തരപ്പെടുന്ന വ്യക്തി ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും. അതിനാല്‍ പശ്ചാത്താപത്തെക്കാള്‍ വലുതാണ് മാനസാന്തരം.
മാനസാന്തരം വേണം എന്നതിന് യേശു ഒരു കാരണം പറയുന്നത് ഇതാണ്: സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു. അപ്പോള്‍ ചോദ്യം ഇതാണ്: സ്വര്‍ഗരാജ്യം സമീപിച്ചു എന്നുവച്ച് ഞാനെന്തിന് മാനസാന്തരപ്പെടണം? ദൈവം ഒരു ദിവസം എല്ലാ മനുഷ്യരെയും രണ്ട് ഗണമായി തിരിക്കും. അതില്‍ ഒരു കൂട്ടരെ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിപ്പിക്കും. മറ്റേ കൂട്ടരെ നരകത്തിലേക്ക് തള്ളുകയും ചെയ്യും. സ്വര്‍ഗം എന്ന് പറയുന്നത് സൗഭാഗ്യത്തിന്റെ സ്ഥലമാണ്; നരകം എന്ന് പറയുന്നത് സഹനത്തിന്റെ സ്ഥലമാണ്. സ്വര്‍ഗത്തില്‍ എത്തുന്നവര്‍ സ്വര്‍ഗത്തിലും നരകത്തില്‍ എത്തുന്നവര്‍ നരകത്തിലും നിത്യകാലം വസിക്കുകയും ചെയ്യും.
സ്വര്‍ഗരാജ്യത്തിലേക്കാണോ നരകത്തിലേക്കാണോ ദൈവം ഒരാളെ വിടുന്നത് എന്നത് അയാളുടെ പ്രവൃത്തികള്‍ അനുസരിച്ചായിരിക്കും. അല്ലാതെ ദൈവം രണ്ട് ഗണമായി തിരിക്കുന്നത് മാനദണ്ഡങ്ങള്‍ ഇല്ലാതെയല്ല. ഒരു മാനദണ്ഡം വച്ചാണ് തിരിക്കുന്നത്. മാനദണ്ഡം എന്താണെന്ന് നേരത്തെ പറഞ്ഞിട്ടുമുണ്ട്. ദൈവകല്‍പനകള്‍ അനുസരിക്കുന്നവരും അനുസരിക്കാത്തവരും എന്നതാണ് മാനദണ്ഡം. ഒരു മനുഷ്യനും ദൈവകല്‍പനകള്‍ പൂര്‍ണമായി പാലിക്കുന്നില്ല. എന്നാല്‍ ദൈവകല്‍പനകളുടെ ലംഘനം എല്ലാവരും ഒരുപോലെയല്ല നടത്തുന്നത്. ചിലര്‍ ലഘുവായ ലംഘനങ്ങള്‍ നടത്തും. ചിലര്‍ ഗൗരവമായ ലംഘനങ്ങള്‍ നടത്തും. ഗൗരവമായ ലംഘനങ്ങള്‍ നടത്തുന്നവരും അവയെ ഓര്‍ത്ത് അനുതപിക്കാത്തവരും മാനസാന്തരപ്പെട്ട് അവയില്‍നിന്ന് പിന്‍മാറാത്തവരുമാണ് സ്വര്‍ഗരാജ്യത്തിന് പുറത്താവുക.
ആരും സ്വര്‍ഗരാജ്യത്തിന് പുറത്താകണം എന്ന് ദൈവം ആഗ്രഹിക്കുന്നില്ല. എല്ലാവരും സ്വര്‍ഗരാജ്യത്തില്‍ ഉണ്ടാകണം എന്ന് ദൈവം ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, ജീവിച്ചിരിക്കുന്ന അവസ്ഥയില്‍ പലരും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയുമില്ല. ഈ പശ്ചാത്തലത്തിലാണ് മാനസാന്തരപ്പെടുവിന്‍ എന്ന് യേശു ആഹ്വാനം ചെയ്യുന്നത്.
ചിലര്‍ പറയും: ലോകാവസാനമില്ല. അതിനാല്‍ ഉയിര്‍പ്പും വിധിയും ഒന്നുമില്ല. ലോകത്തിന് അവസാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓരോ വ്യക്തിക്കും ലോകാവസാനം ഉണ്ട്. ഒരുവന്റെ മരണം അവന്റെ ലോകാവസാനമാണ്. മരണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കുകയും ചെയ്യാം. അതിന് വാര്‍ധക്യം വരെ ജീവിക്കണമെന്നില്ല. അനുഭവങ്ങള്‍ നാം കാണുന്നുണ്ടല്ലോ.
അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും വരാനുള്ള ഒരു ആഹ്വാനവും അതിനാല്‍ നമ്മള്‍ അവഗണിക്കരുത് എന്നതാണ് പ്രധാനം. മാനസാന്തരപ്പെടുന്ന മനുഷ്യര്‍ എല്ലാക്കാലത്തും ഉണ്ട്. മാനസാന്തരപ്പെടാത്ത മനുഷ്യരും എല്ലാ കാലത്തും ഉണ്ട്. നമ്മള്‍ അധികംപേരും ദൈവകല്‍പനയുടെ വലിയ ലംഘകര്‍ ഒന്നുമല്ല. എങ്കിലും പശ്ചാത്തപിക്കുവാനും മാനസാന്തരപ്പെടുവാനുമുള്ള പല കാര്യങ്ങളും നമ്മള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടല്ലോ.
ഫാ. ജോസഫ് വയലില്‍ CMI










Leave a Reply