Sathyadarsanam

അലക്സാണ്ടർ ജേക്കബ് പരത്തുന്ന തെറ്റിധാരണകൾ

അതിപ്രഗത്ഭനായ ഇംഗ്ലീഷിലും സോഷ്യോളജിയിലും പൊളിറ്റിക്സിലും ഹിസ്റ്ററിയിലും ബിരുദാനന്തരബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റും ഉള്ള ഒരു വ്യക്തി, മലയാള മനോരമയിൽ സബ് എഡിറ്ററായി ജോലി ആരംഭിച്ച് പിന്നെ മാർ ഇവാനിയോസ് കോളേജിൽ ലെക്ച്ചറർ ആയി ,. അതിനു ശേഷം സിവിൽ സർവീസ് പരീക്ഷ പാസായി ഐ പി എസ് ലഭിച്ച് കേരള കേഡറിൽ ഡി.ജി.പി വരെ ആയ പ്രതിഭാധനൻ ഇതൊക്കെയാണ് ശ്രീ അലക്സാണ്ടർ ജേക്കബ് ഐപിസ്. അദ്ദേഹം ദീർഘനാൾ വിവിധ ക്രൈസ്തവ സഭകളുടെ കൺവൻഷനുകളിലെ സുവിശേഷ പ്രസംഗകനായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടാൽ അദ്ദേഹത്തെ ഇസ്ലാമിസ്റ്റ്കൾ വിലയ്ക്കെടുത്തോ എന്നു സംശയം തോന്നും കാരണം പ്രസംഗത്തിലുടനീളം ശ്രീ അലക്സാണ്ടർ ജേക്കബ് ഇസ്ലാം മതത്തെയും മുഹമ്മദ് നബിയെയും വളരെയധികം പ്രകീർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന് തീർച്ചയായും അതിനുള്ള സ്വാതന്ത്ര്യം ഉണ്ടുതാനും. എങ്കിലും ആ പ്രസംഗത്തിൽ വസ്തുതാവിരുദ്ധമായ പല പരാമർശങ്ങളും കടന്നുകൂടുന്നു. ഇത്രയും ആധികാരികതയുള്ള ഒരു മനുഷ്യൻ എന്തു പറഞ്ഞാലും സാധാരണക്കാർ അതു കണ്ണടച്ചു വിശ്വസിക്കും. പ്രത്യേകിച്ച് അദ്ദേഹം ഇത്രയും നാൾ ക്രൈസ്തവ സഭകളിലെ പ്രഘോഷകനായിരുന്നതുകൊണ്ടും അദ്ദേഹത്തിന്റെ ശ്രോതാക്കളിൽ വലിയപങ്കും ക്രിസ്ത്യാനികളായതുകൊണ്ടും ഇദ്ദേഹം ഇപ്പോൾ ക്രൈസ്തവരുടെ ഇടയിൽ വലിയ തെറ്റുധാരണകൾ പരത്തിക്കൊണ്ടിരിക്കുകയാണ്. ഈ കാര്യങ്ങൾ ചൂണ്ടിക്കാണിക്കുക എന്ന ഒറ്റ ലക്‌ഷ്യം മാത്രമേ ഈ വീഡിയോയ്ക്ക് ഉള്ളൂ.

അദ്ദേഹം പരത്തുന്ന തെറ്റുധാരണകളിൽ ചിലതും അവയ്ക്കുള്ള ചരിത്രപരമായ മറുപടികളും താഴെ കൊടുക്കുന്നു.

ഒന്നാമതായി ശവശരീരത്തെ വന്ദിക്കാൻ തന്നെ പഠിപ്പിച്ചത് ഇസ്ലാം ആണെന്നാണ് ശ്രീ അലക്സാണ്ടർ ജേക്കബ് പറയുന്നത്. എന്നാൽ ലോകത്തെങ്ങുമുള്ള അനേകം സംസ്കാരങ്ങളിൽ ശവശരീരത്തോട് ആദരവ് കാണിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. തൂക്കിക്കൊല്ലപ്പെടുന്ന മനുഷ്യന്റെ ശവശരീരം രാത്രിയിൽ കഴുമരത്തിൽ കിടക്കാൻ പാടില്ല എന്ന നിയമം മുഹമ്മദ് നബി ജനിക്കുന്നതിനും 1800 വർഷം മുൻപേ ഇസ്രായേലിൽ ഉണ്ടായിരുന്നു എന്ന് പരിശുദ്ധ ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. പൊലീസുകാർക്കു ട്രെയിനിങ്ങിനിടയിൽ ശവശരീരത്തെ വന്ദിക്കാൻ പറഞ്ഞുകൊടുക്കാൻ കാരണം ഖുറാനിൽ നിന്ന് കിട്ടിയ പ്രചോദനമാണെന്ന് പറയുന്ന ശ്രീ അലക്സാണ്ടർ ജേക്കബ് നമ്മുടെ ആധുനിക പോലീസ് സംവിധാനത്തിന് തുടക്കം കുറിച്ച ബ്രിട്ടീഷുകാരും ശവശരീരത്തോട് ആദരവ് കാണിച്ചിരുന്നു എന്നത് മറക്കാൻ പാടില്ലായിരുന്നു. തങ്ങളുടെ ബദ്ധശത്രുവായിരുന്ന പഴശ്ശിരാജയുടെ ശവശരീരത്തെ ബ്രിട്ടീഷുകാർ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് നോക്കിയാൽ മതി.

രണ്ടാമതായി ടിപ്പു സുൽത്താൻ നിർബന്ധ മതപരിവർത്തനം നടത്തി എന്നതൊക്കെ കള്ളക്കഥയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. അദ്ദേഹത്തിന് അങ്ങനെ വിശ്വസിക്കാനും പ്രസംഗിക്കാനും അവകാശമുണ്ട്. പക്ഷെ ചരിത്രവസ്തുതകൾ അതിനെ സാധൂകരിക്കുന്നില്ല. തന്റെ ഭരണത്തിൻകീഴിൽ അസംഖ്യം അമുസ്ലിംകളെ മുസ്ലിങ്ങളാക്കി മാറ്റി എന്ന് ടിപ്പു സുൽത്താൻ തന്നെ പറഞ്ഞതിന് ചരിത്രരേഖകളുണ്ട്. സുൽത്താന്റെ പ്രധാനമന്ത്രി ഹിന്ദുവായിരുന്നുവെന്നതും 12 മന്ത്രിമാരിൽ 7 പേരും ഹിന്ദുക്കളായിരുന്നു എന്നതും തന്ത്രശാലിയായ ഒരു ഭരണാധിപന്റെ ദീർഘവീക്ഷണം മാത്രം ആയി കണ്ടാൽ മതി. ജനസംഖ്യയിൽ 90 ശതമാനം വരുന്ന ഹിന്ദുക്കളെ ഭരിക്കണമെങ്കിൽ അതല്ലാതെ മറ്റൊരു വഴി ഉണ്ടായിരുന്നില്ല.

മൂന്നാമതായി അദ്ദേഹം പറയുന്നത് ക്രിസ്ത്യാനി എന്ന നിലയ്ക്ക് ബൈബിൾ മാത്രം പഠിച്ചിരുന്നെങ്കിൽ തനിക്ക് പല സത്യവും മനസിലാകില്ലായിരുന്നു എന്നാണ്. ഖുർആൻ വായിച്ചപ്പോഴാണത്രെ അതിന്റെയെല്ലാം അന്തർരഹസ്യങ്ങൾ മനസിലായത്! .വഴിയും സത്യവും ജീവനും താനാണ് എന്ന് പറഞ്ഞ യേശുക്രിസ്തുവിലൂടെ ദൈവത്തിന്റെ രക്ഷാകരപദ്ധതി പൂർണ്ണമായി വെളിവാക്കപ്പെട്ടു എന്നാണ് ക്രിസ്തീയസഭകൾ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് വെളിപാടിന്റെ പൂർണ്ണത ക്രിസ്തുവിലാണെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നത്. ആ സത്യം മനസിലാക്കാതെ ക്രിസ്തുവിനും ആറു നൂറ്റാണ്ടുകൾക്കുശേഷം രൂപമെടുത്ത ഇസ്ലാമിന്റെ മതഗ്രന്ഥത്തിൽ കൂടിയാണ് കാര്യങ്ങൾ തനിക്ക് പിടികിട്ടിയത് എന്ന് ഒരു ക്രിസ്ത്യാനി പറയുമ്പോൾ അതിൽ കാര്യമായ എന്തോ തകരാറുണ്ട്.

നാലാമതായി താൻ യേശുവിന്റെ അമ്മയായ മാതാവിന്റെ ഭക്തൻ ആണെന്ന് മുഖവുരയോടെ അദ്ദേഹം പറയുന്നത് ബൈബിളിൽ മാതാവിനെക്കുറിച്ച് ബൈബിളിൽ വെറും 7 തവണ മാത്രം പരാമർശിച്ചിട്ടുള്ളപ്പോൾ പരിശുദ്ധഖുറാനിൽ മാതാവിനെക്കുറിച്ച് 37 തവണ പരാമർശിച്ചിട്ടുണ്ട് എന്നാണ്. മാത്രവുമല്ല ഖുറാനിലെ ഒരു അധ്യായത്തിന്റെ പേര് തന്നെ മറിയം എന്നാണെന്നും അദ്ദേഹം പറയുന്നുണ്ട്.

നരേന്ദ്രമോദിയുടെ പേര് ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന പത്രം ദേശാഭിമാനി ആണല്ലോ.. അതുകഴിഞ്ഞാൽ ഒരുപക്ഷെ മാധ്യമം പത്രം ആയിരിക്കും. ഇവ മോദിയുടെ ആരാധകരുടെ താനെന്ന് നമുക്ക് കരുതാമോ. പറഞ്ഞുവരുന്നത് എത്രതവണ പേര് പരാമർശിക്കുന്നുണ്ട് എന്നതല്ല, മറിയത്തെക്കുറിച്ച് എന്താണ് പറയുന്നത് എന്നതാണ് പ്രസക്തമായ കാര്യം. പരിശുദ്ധ ബൈബിളിൽ 7 തവണ പരാമർശിക്കുന്നതും ദൈവമാതാവായ പരിശുദ്ധകന്യകയെക്കുറിച്ചാണ്. ഖുറാനിൽ പറയുന്നത് അതേ മറിയത്തെക്കുറിച്ചാണെന്ന് വിശ്വസിക്കാൻ സാമാന്യബുദ്ധി അനുവദിക്കുന്നില്ല. ഇമ്രാന്റെ മകളും അഹറോന്റെ സഹോദരിയുമായ ഒരു മറിയത്തെക്കുറിച്ചാണ് ഖുറാൻ പറയുന്നത്. ഗർഭിണിയായപ്പോൾ
ഒരു ഏകാന്തസ്ഥലത്തേയ്ക്ക് പിൻവാങ്ങുകയും പ്രസവസമയമടുത്തപ്പോൾ ഒരു ഈന്തപ്പനയുടെ ചുവട്ടിൽ കരഞ്ഞും വിലപിച്ചും തനിയെ നിൽക്കുകയും ചെയ്ത ഒരു മറിയത്തെയാണ് ഖുർആൻ പരിചയപ്പെടുത്തുന്നത്. ഭർത്താവില്ലാതെ പ്രസവിച്ചവൾ എന്ന കുറ്റാരോപണം കേട്ട മറിയം ഒരക്ഷരം പോലും മറുപടി പറയാതെ തന്റെ കുഞ്ഞ് ( അതായത് ഈസാ) അതിനു മറുപടി പറയുമെന്ന് ആരായുകയും തൊട്ടിലിൽ കിടന്ന കുഞ്ഞ് ഈസാ ഉടനെ സംസാരിച്ചുതുടങ്ങുകയും താൻ ദൈവത്താൽ അയക്കപ്പെട്ട ഒരു പ്രവാചകൻ ആണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിക്കൊണ്ട് അമ്മയെ അപമാനത്തിൽ നിന്ന് രക്ഷിക്കുകയും ചെയ്തു എന്നും ഖുർആൻ പറയുന്നു.

ഇങ്ങനെയൊരു മറിയത്തെ പരിശുദ്ധബൈബിളിൽ എവിടെയും കാണാൻ കിട്ടില്ല. മറിയത്തിന്റെ പ്രസവസമയത്ത് ഭർത്താവായ ജോസഫ് അടുത്തുണ്ടായിരുന്നു എന്നാണ് ബൈബിൾ പറയുന്നത്. ഭർത്താവില്ലാതെ പ്രസവിച്ചു എന്ന പേരുദോഷം മാതാവിന് ഒരിക്കലും ഉണ്ടായിരുന്നില്ല. കാരണം അവളുടെ ഭർത്താവായ ജോസഫ് നീതിമാനായിരുന്നു എന്നും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല എന്നും ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. ദൈവദൂതൻ പറഞ്ഞതനുസരിച്ച് യേശുവിന്റെ ജനനത്തിനുമുൻപേതന്നെ ജോസഫ് അവളെ ഭാര്യയായി സ്വീകരിച്ചിരുന്നു. യേശു ജോസഫിന്റെ പുത്രനായി കരുത്തപ്പെട്ടിരുന്നു എന്ന് ബൈബിൾ വ്യക്തമായി പറയുന്നുണ്ട്. മറിയം പ്രസവിച്ച കുഞ്ഞ് തൊട്ടിലിൽ കിടന്നു സംസാരിച്ചു എന്നത് അക്കാലത്ത് ജീവിച്ചിരുന്ന ആരും രേഖപ്പെടുത്തിയിട്ടില്ല. ‘എല്ലാക്കാര്യങ്ങളും പ്രാരംഭം മുതൽക്കേ സൂക്ഷ്മമായി പരിശോധിച്ചതിനുശേഷം എല്ലാം ക്രമമായി നിനക്കെഴുതുന്നത് ഉചിതമാണെന്ന് എനിക്ക് തോന്നി’ എന്ന വാക്കുകളോടെ സുവിശേഷം തുടങ്ങുകയും യേശുവിന്റെയും സ്നാപകയോഹന്നാന്റെയും ജനനത്തെയും ബാല്യത്തെയും കുറിച്ച് വിദദമായി പ്രതിപാദിക്കുകയും ചെയ്ത ലൂക്കായും മറിയത്തിന്റെ ശിശു തൊട്ടിലിൽ കിടന്ന് സംസാരിച്ചതായി പറയുന്നില്ല എന്നത് ശ്രദ്ധിക്കുക.

ശ്രീ അലക്സാണ്ടർ ജേക്കബിന്റെ ആറാമത്തെ വാദം ഇസ്‌ലാം മതം ലോകത്തിൽ വളർന്നത് വാളുകൊണ്ടായിരുന്നു എന്നത് സായിപ്പ് പടച്ചുണ്ടാക്കിയ നുണക്കഥയാണെന്നാണ്. ബിരുദാനന്തരബിരുദമുള്ള അദ്ദേഹം ചരിത്രം വേണ്ടവിധം പഠിച്ചിട്ടില്ല എന്നേ എനിക്ക് പറയാനുള്ളൂ. നിർബന്ധിത മതംമാറ്റം ഇസ്ലാമിന്റെ എക്കാലത്തെയും ഇഷ്ടവിഷയമായിരുന്നു. ചരിത്രത്തിലേക്കൊന്നും പോകേണ്ട. ശ്രീ അലക്സാണ്ടർ ജേക്കബ് നാലുതവണ വായിച്ചിട്ടുണ്ടെന്ന് അഭിമാനിക്കുന്ന ഖുറാനിൽ തന്നെ ഒരാളെ ഇസ്ലാമാക്കാൻ ബലം പ്രയോഗിക്കാം എന്ന് ഉപദേശിക്കുന്നുണ്ട്. മറ്റുള്ളവർ ഇസ്ലാം മതം സ്വീകരിക്കുന്നതുവരെ അവരോട് യുദ്ധം ചെയ്യണമെന്ന് എട്ടാം അധ്യായത്തിലും എതിരാളികൾ പരിപൂർണ്ണമായി കീഴടങ്ങി ജസിയ ( മുസ്ലിം രാജ്യത്ത് അമുസ്ലിംകൾ കൊടുക്കേണ്ട നികുതി) കൊടുക്കുന്നതുവരെ യുദ്ധം ചെയ്യണമെന്നും അവിശ്വാസികളെ കണ്ടുമുട്ടുന്നേടത്തുവച്ച് കൊന്നുകളയണമെന്നും അവർക്കുവേണ്ടി പതിയിരിക്കണം എന്നും ഒൻപതാം അധ്യായത്തിലും മതം പൂർണ്ണമായും അല്ലാഹുവിന് വേണ്ടിയാകുന്നതുവരെ യുദ്ധം ചെയ്യണമെന്ന് രണ്ടാം അധ്യായത്തിലും പറയുന്നത് അദ്ദേഹം ശ്രദ്ധിച്ചിട്ടില്ലേ? മതത്തിന്റെ കാര്യത്തിൽ നിർബന്ധമേയില്ല എന്ന ഖുറാനിലെ 2: 256 വചനമാണ് നിർബന്ധിതമതപരിവർത്തനം ഇസ്ലാമിൽ ഇല്ല എന്നതിന്റെ തെളിവായി പലരും എടുത്തുകാട്ടുന്നത്. എന്നാൽ ഖുറാന്റെ ഘടനയും വ്യാഖ്യാനരീതിയും .അനുസരിച്ച് ആദ്യഅധ്യായങ്ങളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളും പിന്നീടുള്ള അധ്യായങ്ങളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളും തമ്മിൽ വൈരുധ്യം ഉണ്ടെങ്കിൽ അവസാനം പറഞ്ഞ കാര്യമാണ് നിലനിൽക്കുക. ഈ തിയറി ഓഫ് അബ്രോഗേഷൻ അനുസരിച്ചാണ് ഖുർആൻപണ്ഡിതന്മാർ അന്നും ഇന്നും ഖുർആൻ വ്യാഖ്യാനിക്കുന്നത്. ഇനി ഖുർആൻ 3:83 വായിച്ചുനോക്കുക. അതിൽ സമ്മതത്തോടുകൂടിയോ ബലം പ്രയോഗിച്ചോ മതം മാറ്റുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. ആനുഷംഗികമായി ഒരു കാര്യം പറയട്ടെ. ഏതാനും വർഷങ്ങളുടെ മാത്രം ഇടവേളയിൽ ഒരേയൊരു വ്യക്തി എഴുതിയ ഖുറാനിൽ പല വചനങ്ങളും തമ്മിൽ വളരെ വലിയ വൈരുധ്യം ഉണ്ടെന്നിരിക്കേ 1600 വർഷമെടുത്ത് വ്യത്യസ്ത സ്ഥലങ്ങളിൽ, വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത പശ്ചാത്തലമുള്ള അൻപതോളം വ്യക്തികൾ ചേർന്നെഴുതിയ ബൈബിളിൽ ഉല്പത്തി പുസ്തകം മുതൽ വെളിപാട് പുസ്തകം വരെ ഒരു വൈരുധ്യവുമില്ല. കാരണം പരിശുദ്ധ ബൈബിൾ പരിശുദ്ധാത്മനിവേശിതമായിരുന്നു!

ഇസ്‌ലാം മതം സ്ഥാപിച്ചിട്ട് ആദ്യത്തെ 13 വർഷം അതിൽ ചേർന്നവരുടെ എണ്ണം വളരെ തുച്ഛമായിരുന്നു എന്നും പ്രവാചകന്റെ ജീവിതത്തിന്റെ അവസാനത്തെ പത്തുവർഷങ്ങളിൽ അദ്ദേഹം മറ്റുള്ളവരെ ഇസ്ലാമാക്കാൻ യുദ്ധം ചെയ്യുന്നതിനെ അനുകൂലിച്ചിരുന്നു എന്നതും ആണ് സത്യം. ആ പാരമ്പര്യം നാളിതുവരെ ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹങ്ങളിൽ പലതും തുടരുകയും ചെയ്യുന്നു. ദൂരെയൊന്നും പോകേണ്ട. വാഗാ അതിർത്തി കടന്നു പാക്കിസ്ഥാനിലെത്തിയാൽ അവിടെ നൂറുകണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും നിർബന്ധിച്ചു മതം മാറ്റുന്നതായും അതിന് സമ്മതിച്ചില്ലെങ്കിൽ ദൈവദൂഷണക്കുറ്റം ആരോപിച്ച് വധശിക്ഷ കൊടുക്കുന്നതായും അതും നടന്നില്ലെങ്കിൽ വളഞ്ഞിട്ട് പട്ടിയെപ്പോലെ തല്ലിക്കൊല്ലുന്നതായും നമുക്കറിയാം. നബിയുടെ രാഷ്ട്രീയശത്രുവായിരുന്ന അബു സൂഫിയാൻ സമാധാനഅപേക്ഷയുമായി വന്നപ്പോൾ ഇസ്ലാമാകാൻ തയ്യാറാണോ അതോ തല വെട്ടണോ എന്ന ചോദ്യത്തിന്റെ മുൻപിൽ മതം മാറി ജീവൻ രക്ഷിക്കുകയാണ് അബു സൂഫിയാൻ ചെയ്തത്. ശ്രീ അലക്സാണ്ടർ ജേക്കബ് ചരിത്രം കുറച്ചുകൂടി ഗൗരവത്തിൽ പഠിക്കും എന്ന് കരുതുന്നു. ദീർഘകാലം ചെറുത്തുനിന്നതിനുശേഷം മെക്കയിലെ ജനങ്ങളെല്ലാം ഒറ്റയടിയ്ക്ക് ഇസ്‌ലാം മതം സ്വീകരിച്ചത് മുഹമ്മദ് നബിയുടെ സൈന്യം മെക്കയിലേക്ക് കടന്നുചെന്ന ദിവസമായിരുന്നു. എന്തായിരുന്നു അതിനുള്ള പ്രചോദനം?

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ജനങ്ങൾ കൂട്ടത്തോടെ ഇസ്ലാമായതിന്റെ പിന്നിൽ ഭീഷണിയോ അക്രമമോ ഒന്നുമല്ല, മറിച്ച് പ്രവാചകൻ കൊണ്ടുവന്ന അതിവിശിഷ്ടമായ നിയമസംഹിതയായിരുന്നു. ഭൂപരിഷ്കരണം ലോകത്തിലാദ്യമായി കൊണ്ടുവന്നത് മുഹമ്മദ് നബി ആണെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. കേരളത്തിൽ ഭൂപരിഷ്കരണം കൊണ്ടുവന്ന കമ്മ്യൂണിസ്റ്റുകാർ പോലും അത് വിശ്വസിക്കില്ല. ഗ്രീക്ക് സാമ്രാജ്യത്തിൽ BC 594 ലും BC 561 ലും ഭൂപരിഷ്കരണം നടപ്പിൽ വരുത്തിയതിന്റെ രേഖകൾ ചരിത്രത്തിലുണ്ട്. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ച് കൃഷിഭൂമി വീതിച്ചുകൊടുക്കുകയും കാലാകാലങ്ങളിൽ അത് പുനർനിർണയം ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനമാണ് അവർ നടപ്പിലാക്കിയത്. റോമാ സാമ്രാജ്യത്തിലാണെങ്കിൽ തിബേരിയൂസും ഗായിയൂസ് ഗ്രാച്ചൂസും ചേർന്ന് BC 133-128 കാലഘട്ടത്തിൽ വളരെ നല്ല രീതിയിൽ ഒരു ഭൂപരിഷ്കരണനിയമം ( Lex Agraria ) നടപ്പിൽ വരുത്തിയിരുന്നു.

ശ്രീ അലക്സാണ്ടർ ജേക്കബിന്റെ അടുത്ത വാദം ഒരു മുസ്ലിമിനും ഭീകരവാദി ആകാൻ കഴിയില്ല എന്നാണ്. ഖുറാനിൽ വിശ്വസിച്ചാൽ ഭീകരൻ ആകാൻ കഴിയില്ല എന്നും ഭീകരന് മുസ്ലിം ആകാൻ കഴിയില്ല എന്നും അദ്ദേഹം പറയുന്നു. പടിഞ്ഞാറ് മൊറോക്കോ മുതൽ കിഴക്ക് ഇൻഡോനേഷ്യ വരെയുള്ള മുസ്ലിം രാജ്യങ്ങളിൽ നിന്ന് വരുന്ന വാർത്തകൾ പക്ഷെ അദ്ദേഹത്തിന്റെ വാദത്തെ സാധൂകരിക്കുന്നില്ല. അതിന്റെ കൂടെ അല്പം സ്ഥിതിവിവരക്കണക്കുകളും കൂടി നൽകാം.

2019 ൽ ഇതുവരെ ലോകത്ത് 53 രാജ്യങ്ങളിലായി 1721 ഇസ്ലാമികഭീകരാക്രമണങ്ങൾ നടന്നു. അതിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10100 ഉം പരിക്കേറ്റവരുടെ എണ്ണം 10499 ഉം ആണ്. നവംബർ മാസത്തിൽ മാത്രം 22 രാജ്യങ്ങളിലായി ഇസ്ലാമിക ഭീകരന്മാർ നടത്തിയ 113 ആക്രമണങ്ങളിൽ ( ഇതിൽ രണ്ടെണ്ണം ചാവേർ ആക്രമണം ആയിരുന്നു ) 595 പേർ കൊല്ലപ്പെടുകയും 599 പേർക്ക് പരുക്ക് പറ്റുകയും ചെയ്തു. നിരപരാധികളെ കത്തികൊണ്ടും വാളുകൊണ്ടും തോക്കുകൊണ്ടും ബോംബു കൊണ്ടും കൊലചെയ്യാൻ അവരെ പ്രേരിപ്പിച്ച തത്വശാസ്ത്രം എന്തായിരുന്നു?

ഏഴാമതായി സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സംരക്ഷണം കൊടുത്തത് ഇസ്‌ലാം ആണെന്ന് പറഞ്ഞു ശ്രീ അലക്സാണ്ടർ ജേക്കബ് ആവേശഭരിതനാകുന്നുണ്ട്. ഏറ്റവും പ്രതിലോമപരമായ പുസ്തകമെന്ന് ശത്രുക്കൾ വിശേഷിപ്പിക്കുന്ന മനുസ്മൃതിയിൽ പോലും എഴുതിവച്ചിരിക്കുന്നത് എവിടെ സ്ത്രീകൾ ആദരിക്കപ്പെടുന്നുവോ അവിടെ ദേവന്മാർ സംപ്രീതരാകുന്നു എന്നും എവിടെ സ്ത്രീകൾ നിന്ദിക്കപ്പെടുന്നുവോ അവിടെ നടത്തപ്പെടുന്ന ആചാരാനുഷ്ടാനങ്ങൾക്കൊന്നും ഉദ്ദിഷ്ടഫലം ലഭിക്കുന്നില്ല എന്നുമാണ്. ഇനി ഇസ്ലാമിലേക്ക് വരാം. അവിടെ ഒരു സ്ത്രീയുടെ സാക്ഷിമൊഴിയ്ക്ക് ഒരു പുരുഷന്റെ മൊഴിയുടെ പകുതി വിലയേ കൊടുത്തിരുന്നുള്ളൂ എന്ന് അറിയുക.

എട്ടാമതായി അലക്സാണ്ടർ ജേക്കബിന്റെ അഭിപ്രായത്തിൽ സ്ത്രീയ്ക്ക് സ്വത്തവകാശം ആദ്യമായി കൊടുത്തത് മുഹമ്മദ് നബി ഉണ്ടാക്കിയ നിയമത്തിന് കീഴിലാണ്. അതനുസരിച്ച് മകൾക്ക് മകനുകിട്ടുന്ന സ്വത്തിന്റെ പകുതി കിട്ടും. അതുവരെ ഒരു സമൂഹത്തിലും സ്ത്രീയ്ക്ക് സ്വത്തവകാശം ഉണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. നാലാവർത്തി ഖുർആൻ വായിച്ചു എന്നഭിമാനിക്കുന്ന അദ്ദേഹം ഒരാവർത്തിയെങ്കിലും മനസിരുത്തി പരിശുദ്ധബൈബിൾ വായിച്ചിരുന്നെങ്കിൽ ഈ അബദ്ധം പറയില്ലായിരുന്നു. ക്രിസ്തുവിന് അഞ്ചു നൂറ്റാണ്ടെങ്കിലും മുൻപ് (അതായത് മുഹമ്മദ് ജനിക്കുന്നതിനും ഒരു സഹാസ്രാബ്ദം മുൻപ്) എഴുതിയ ജോബിന്റെ പുസ്തകത്തിൽ നിന്ന് ഒരു വചനം പറയാം. “പിതാവ് ( ജോബ്) അവർക്കും ( പെൺമക്കൾക്കും) സഹോദരന്മാർക്കൊപ്പം അവകാശം കൊടുത്തു” ( ജോബ് 42:15). നമ്മുടെ നാട്ടിൽ തന്നെ പ്രബലമായ പല ജനവിഭാഗങ്ങളും സ്ത്രീകൾക്ക് സ്വത്തവകാശം കൊടുത്തിരുന്നു. ചേര, ചോള, പല്ലവ രാജാക്കന്മാരുടെ കാലത്തുള്ള പല ചരിത്രരേഖകളും അക്കാലത്ത് സ്ത്രീകൾക്ക് സ്വന്തമായി സ്വത്ത് ( ഭൂമിയടക്കം) കൈവശം വയ്ക്കാനും അന്യാധീനപ്പെടുത്താനും സ്വാതന്ത്ര്യമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നുണ്ട്.
ഇനി അറേബ്യയിലേക്ക് വരാം. അവിടെയും സ്ത്രീകളുടെ സ്വത്തവകാശം ആദ്യമായി വകവച്ചുകൊടുത്തത് ഇസ്‌ലാം ആയിരുന്നില്ല. അതിനുള്ള തെളിവ് പ്രവാചകന്റെ ആദ്യഭാര്യയായ ഖദീജ തന്നെയാണ്. 40 വയസ്സുള്ളപ്പോഴാണ് ഖദീജ തന്നെക്കാൾ 15 വയസ്സ് പ്രായം കുറവുള്ള മുഹമ്മദിനെ വിവാഹം ചെയ്യുന്നത്. അപ്പോൾ അവർ സ്വന്തം നിലയ്ക്കുതന്നെ വിജയം വരിച്ച കച്ചവടക്കാരിയായിരുന്നു എന്നതിന് ആർക്കും തർക്കമില്ല. ഇസ്ലാമിക പാരമ്പര്യമനുസരിച്ച് സിറിയയ്ക്കും യെമനുമിടയിൽ കച്ചവടം നടത്തിയിരുന്ന മറ്റെല്ലാ ഖുറേഷി ഗോത്രക്കാരുടെയും ആകെ സമ്പത്തിനേക്കാൾ കൂടുതൽ സമ്പത്ത് ഖദീജയ്ക്കുണ്ടായിരുന്നു. ഒരിക്കൽ മുഹമ്മദിന്റെ ശത്രുവായിരുന്ന അബു സൂഫിയാന്റെ ഭാര്യ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെട്ടിരുന്നു എന്ന് മാത്രമല്ല ബദർ യുദ്ധത്തിൽ സന്നിഹിതയും ആയിരുന്നു. ഇസ്ലാമിക കാലഘട്ടത്തിനു മുൻപ് തന്നെ അറേബ്യയിലെ ഉന്നതകുലജാതകളായ സ്ത്രീകൾക്ക് പുരോഹിത (naditum) ആകാനും സ്വത്ത് കൈവശം വയ്ക്കാനും പിന്തുടർച്ചാവകാശമായി വാങ്ങാനും കൊടുക്കാനും അവകാശമുണ്ടായിരുന്നു. അതുകൊണ്ട് സ്ത്രീകൾക്ക് സ്വത്തവകാശം ആദ്യമായി കൊടുത്തത് ഇസ്‌ലാം ആണെന്നത് ചരിത്രപരമായി തെറ്റാണ്.

ഒൻപതാമതായി സ്ത്രീധനത്തെക്കുറിച്ചു പറയാം. അതുവരെയുള്ള കീഴ്വഴക്കം മാറ്റി സ്ത്രീധനത്തിനുപകരം പുരുഷധനം ( മഹർ) നൽകുന്ന സമ്പ്രദായം നടപ്പിലാക്കിയത് ഇസ്‌ലാം ആണ്. എന്ന് അദ്ദേഹം പറയുന്നു. എന്നാൽ അതിനും രണ്ടു സഹസ്രാബ്ദം മുൻപ് നടന്ന ഇസഹാക്കിന്റെയും റെബേക്കയുടെയും വിവാഹത്തിന് ആലോചനയുമായി പോയ അബ്രാഹത്തിന്റെ ഭൃത്യൻ പത്ത് ഒട്ടകങ്ങളും സ്വർണ്ണവും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റു സാധനങ്ങളും കൊണ്ടാണ് യാത്ര തിരിച്ചത്. അതുതന്നെയല്ലേ ഈ മോഹർ? തോബിയാസിന്റെ ഭാര്യയായ സാറയുടെ മാതാപിതാക്കളുടെ സ്വത്തു അവരുടെ മരണശേഷം തോബിയാസിന് ലഭിച്ചു എന്നും ബൈബിളിൽ നാം വായിക്കുന്നു ( തോബിത് 14:13 ).

പത്താമതായി മൂന്നു പെണ്മക്കളെ നന്നായി വളർത്തി ഭർത്താക്കന്മാരെ ഏല്പിക്കുന്നവർക്ക് പ്രവാചകൻ സ്വർഗം ഉറപ്പുകൊടുത്തിട്ടുണ്ടെന്നും അതുകൊണ്ട് മൂന്ന് പെണ്മക്കളുള്ള തനിക്ക് സ്വർഗം കിട്ടും എന്നും അലക്സാണ്ടർ ജേക്കബ് പ്രതീക്ഷിക്കുന്നു. നല്ല കാര്യം തന്നെ. സ്വർഗ്ഗത്തെക്കുറിച്ച് ഖുർആനിൽ വിശദമായ പരാമർശങ്ങളുണ്ട്. അത് ഒരിക്കൽ കൂടി വായിച്ചുനോക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പതിനൊന്നാമത് ഇത്സ്ലാമിന്റെ കണ്ടുപിടുത്തമായി അദ്ദേഹം പറയുന്നത് ലോകത്തിലാദ്യമായി സ്ത്രീകൾക്ക് തങ്ങളുടെ സ്വകാര്യത മുഴുവൻ സംരക്ഷിക്കാൻ പാകത്തിൽ ദേഹം മുഴുവൻ മറയ്ക്കുന്ന വസ്ത്രധാരണം ഏർപ്പെടുത്തി എന്നതാണ്. എന്നാൽ ഈ ആധുനിക കാലത്ത് ഇത് സ്ത്രീ സ്വാതന്ത്ര്യത്തിനു വിരുദ്ധവും അനാരോഗ്യകരവും അണന്നാണ് MES ന്റെ തലവനായ ഡോ. ഫസൽ ഗഫൂറിനെപ്പോലെയുള്ള ഇസ്ലാമിക പണ്ഡിതർ പോലും നിരീക്ഷിക്കുന്നത്.

പന്ത്രണ്ടാമതയി ഇസ്ലാമികരാജ്യങ്ങളിൽ സ്ത്രീപീഡനമോ ബലാൽസംഗമോ നടക്കുന്നില്ല. എന്നാണ് അദ്ദേഹത്തിന്റെ വാദം. കാരണം കർശനമായ ഇസ്ലാമികനിയമങ്ങൾ തന്നെ. ആരെങ്കിലും ബലാൽസംഗം ചെയ്‌താൽ 50 അടിയും കൊടുത്ത് തുണി ഉരിഞ്ഞ് തൂക്കിലേറ്റും. പിന്നെ ആരെങ്കിലും ബലാൽസംഗം ചെയ്യുമോ എന്നതാണ് അദ്ദേഹത്തിന്റെ ചോദ്യം. കൃത്യമായ ഇസ്ലാമികനിയമം നിലനിൽക്കുന്ന സൗദി അറേബ്യയിൽ നിന്ന് തന്നെയാകട്ടെ അതിനുള്ള മറുപടി. അവിടെ ബലാൽസംഗം നടക്കുന്നുണ്ട് സർ. നാല് ഉദാഹരണങ്ങൾ പരിശോധിച്ചാൽ ഇതിനെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടും. 2013 ൽ 5 വയസ്സുള്ള ഒരു പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ മനുഷ്യന്റെ തുണിയും ഉരിഞ്ഞില്ല, ,തൂക്കിലേറ്റുകയും ചെയ്തില്ല. 800 അടിയും എട്ടുവർഷത്തെ തടവും പിഴയും ആയിരുന്നു ശിക്ഷ. എന്നാൽ മറ്റൊരു ബലാൽസംഗക്കേസിൽ പ്രതികളായ രണ്ടുപേർക്ക് വധശിക്ഷ ലഭിച്ചു. വ്യത്യാസം ആദ്യത്തെ കേസിൽ പ്രതി സൗദി പൗരനായിരുന്നു എന്നത് മാത്രം. 2006ൽ വാർത്താപ്രാധാന്യം നേടിയ Qatif Rape Case ൽ 7 സൗദി പൗരന്മാർ ചേർന്ന് ഒരു പെൺകുട്ടിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. വിചാരണക്കോടതി ഇരയ്ക്ക് – പ്രത്യേകം ശ്രദ്ധിക്കണേ, പ്രതിക്കല്ല, ബലാൽസംഗത്തിനിരയായ പെൺകുട്ടിയ്ക്ക്- 6 മാസം തടവും 90 അടിയും ശിക്ഷ വിധിച്ചു. അപ്പീൽകോടതി ആ പെൺകുട്ടിക്കുള്ള ശിക്ഷ ഇരട്ടിയാക്കി വർധിപ്പിച്ച് നീതി നടപ്പിലാക്കി എന്ന് ഉറപ്പുവരുതുകയും ചെയ്തു.

Human Rights Watch പറയുന്നത് സൗദിയിലെ (അതുപോലെ തന്നെ മറ്റു പല മുസ്ലിം രാജ്യങ്ങളിലെയും) ബലാൽ സംഗക്കേസുകളിലെ പരാതിക്കാർ അന്യായമായി പീഡിപ്പിക്കപ്പെടുകയാണ് എന്നാണ്.
അതുകൊണ്ടുതന്നെ ബലാൽസംഗക്കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് സത്യം. പ്രതി സൗദി പൗരനാണെങ്കിൽ പ്രത്യേകിച്ചും. ഇനി അലക്സാണ്ടർ ജേക്കബ് ഏറെ പ്രശംസിക്കുന്ന ഇസ്ലാമികനിയമത്തിലേക്ക് വരാം. ബലാൽസംഗം തെളിയിക്കപ്പെടണമെങ്കിൽ നാല് പുരുഷസാക്ഷികൾ വേണം എന്നതാണ് നിയമം . ബലാൽസംഗം ചെയ്യപ്പെടാൻ പോകുന്ന പെൺകുട്ടി നാല് പുരുഷസാക്ഷികളെ ഇപ്പോഴും തയ്യാറാക്കി നിർത്തണം എന്ന് സാരം.

പതിമൂന്നാമതായി . സമൂഹത്തിൽ പുരുഷന്മാരുടെ എണ്ണം കുറയുകയും സ്ത്രീകളുടെ എണ്ണം കൂടുകയും ചെയ്‌താൽ ലൈംഗിക അരാജകത്വവും വേശ്യാവൃത്തിയും ഉണ്ടാകും എന്നതിനാൽ ആണ് ഇസ്ലാമിൽ ഒരു പുരുഷന് നാല് സ്ത്രീകളെ വരെ ഭാര്യമാരായി സ്വീകരിക്കാം എന്ന് ഇസ്‌ലാം വിധിച്ചത് എന്നാണ് ശ്രീ അലക്സാണ്ടർ ജേക്കബ് പറയുന്നത്. കേരളത്തിലാണെങ്കിൽ 1000 പുരുഷന്മാർക്ക് 1058 സ്ത്രീകളാണ്. അധികമുള്ള സ്ത്രീകൾക്ക് വിവാഹം നടക്കാൻ ബുദ്ധിമുട്ടാണെന്നും അതുകൊണ്ട് ക്രിസ്ത്യാനികളുടെ വിവാഹപ്രായം 26-27 ഒക്കെയായി മാറിയെന്നും വിലപിക്കുന്ന അദ്ദേഹം ഇങ്ങനെയൊരു പ്രശ്നം ഇസ്ലാമിൽ ഉണ്ടാകില്ല എന്ന് സമാധാനിക്കുന്നു. ഇവിടെ കേരളത്തിൽ ഹിന്ദു- ക്രിസ്ത്യൻ പെൺകുട്ടികളെ സംഘടിതമായി പ്രേമക്കുരുക്കിൽ പെടുത്തി മതംമാറ്റിച്ച് മുസ്ലിങ്ങളെക്കൊണ്ട് കല്യാണം കഴിപ്പിക്കുന്നതും എണ്ണത്തിൽ അധികമുള്ള സ്ത്രീജനങ്ങളെ അബ്സോർബ് ചെയ്യാൻ ആയിരിക്കുമല്ലേ?
അദ്ദേഹത്തിന്റെ അറിവിലേക്കായി പറയട്ടെ. കേരളത്തിൽ ഇത്തരത്തിൽ പ്രേമക്കുരുക്കിൽ പെടുത്തി മതം മാറ്റിച്ച ക്രിസ്ത്യൻ- ഹിന്ദു പെൺകുട്ടികളുടെ എണ്ണം ആയിരങ്ങളിൽ എണ്ണിയാൽ ഒരു കൈയിലെ വിരലിൽ തികയില്ല.

ഒരു പുരുഷന് നാല് ഭാര്യമാർ വരെ ആകാമെന്നതുകൊണ്ട് ഇസ്‌ലാമിൽ വേശ്യാവൃത്തി ഇല്ല എന്ന് അദ്ദേഹം അഭിമാനിക്കുന്നു. നമുക്ക് സൗദി അറേബ്യയിലേക്ക് തന്നെപോകാം. അവിടെ വളരെ ഭംഗിയായി വേശ്യാവൃത്തി നടക്കുന്നുണ്ട്. അതിനായി ഏറ്റവും കൂടുതൽ പെൺകുട്ടികൾ വരുന്നത് മൊറോക്കോ,പലസ്തീൻ,താജിക്കിസ്ഥാൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്. അല്പം ചില സ്ഥിതിവിവരക്കണക്കുകൾ കൂടി തരാം. 2007 ജൂൺ മാസത്തിൽ 80 സ്ത്രീകളെ വേശ്യാവൃത്തിക്കും 20 പുരുഷന്മാരെ വേശ്യകളെ എത്തിച്ചുകൊടുത്തതിനും വിചാരണ ചെയ്തിരുന്നു.

ദുബായിയും അബുദാബിയും ഒക്കെ അടങ്ങുന്ന യു .എ .ഇ യിൽ 2006 ൽ മാത്രം 4300 വിദേശികളെ വേശ്യാവൃത്തി ആരോപിച്ച് നാടുകടത്തിയിട്ടുണ്ട്. സ്വീഡനിലെ ഡെമോക്രാറ്റിക് പാർട്ടിയിലെ ഒരു നേതാവ് ഈയിടെ പറഞ്ഞത് ആ രാജ്യത്തേക്കുള്ള മുസ്ലിം കുടിയേറ്റം വർദ്ധിക്കുന്നതനുസരിച്ച് അവിടെ ബലാൽ സംഗക്കേസുകളുടെ എണ്ണവും വർധിക്കുന്നു എന്നാണ്.

ഒന്ന് ചോദിച്ചോട്ടെ സർ. ഒരു പുരുഷന് ഒരേ സമയം നാല് ഭാര്യമാർ വരെ ആകാമെന്നും ഇഷ്ടാനുസരണം ഭാര്യയെ വിവാഹമോചനം ചെയ്യാമെന്നും ഉള്ള ഒരു സമൂഹത്തിൽ, ബലാൽസംഗക്കുറ്റം തെളിയിക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടായ ഒരു സമൂഹത്തിൽ, വേശ്യാവൃത്തിയുടെ ആവശ്യം എന്താണ്? എല്ലാവർക്കും നോട്ടടിക്കാൻ അനുവാദമുണ്ടെങ്കിൽ പിന്നെ കള്ളനോട്ടിന്റെ പ്രശ്നമേ ഉദിക്കുന്നില്ലല്ലോ.

പതിനാലാമതായി IPC 498 ഉം 306ഉം സെക്‌ഷൻ അനുസരിച്ചുള്ള കുറ്റകൃത്യങ്ങൾ ഇസ്ലാമിൽഇല്ല എന്നാണ് അദ്ദേഹത്തിന്റെ വാദം.സെക്‌ഷൻ 498 അന്യന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ തട്ടിക്കൊണ്ടുപോകുന്നതിനെയും ദുരുപയോഗിക്കുന്നതിനെയും ഒക്കെ തടയാനുള്ള വകുപ്പാണ്. വളരെ എളുപ്പത്തിൽ വിവാഹമോചനം
അനുവദിക്കുന്ന ഒരു നിയമവ്യവസ്ഥയിൽ സെക്ഷൻ 498 പോലൊരു വകുപ്പിന്റെ ആവശ്യമേ ഇല്ലല്ലോ.
സെൻഷൻ 306 ആത്മഹത്യാപ്രേരണാക്കുറ്റമാണ്. അത് സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ ബാധകമായ വകുപ്പാണ്. എന്തിനാണ് ഇതിനിടയിൽ അദ്ദേഹം ഈ സെക്‌ഷന്റെ കാര്യം എടുത്തിട്ടതെന്ന് മനസിലാകുന്നില്ല.

പതിനഞ്ചാമതായി സ്ത്രീകൾക്ക് അഭിപ്രായസ്വാതന്ത്ര്യവും ഭരണത്തിൽ പങ്കും കൊടുത്തത് മുഹമ്മദ് നബി ആണെന്ന കാര്യത്തിൽ ശ്രീ അലക്സാണ്ടർ ജേക്കബിന് സംശയമില്ല. അതുകൊണ്ടാണത്രെ ഇൻഡോനേഷ്യ, മലേഷ്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെല്ലാം സ്ത്രീകൾ ഭരണാധികാരികളായത്! സർ, മേൽപ്പറഞ്ഞ രാജ്യങ്ങളിലൊന്നും സ്ത്രീകൾ ഭരണാധികാരികൾ ആയത് ഇസ്ലാമികനിയമത്തിന്റെ മേന്മ കൊണ്ടല്ല. അവിടെയെല്ലാം ജനാധിപത്യരീതിയിൽ തിരഞ്ഞെടുപ്പ് നടന്നതുകൊണ്ടാണ്. ജനാധിപത്യത്തെക്കുറിച്ച് ഇസ്ലാമികനിയമത്തിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നുകൂടി പരിശോധിക്കുക. ഇക്കാര്യത്തെക്കുറിച്ച് ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ഈ രാജ്യങ്ങളിലെല്ലാം സ്ത്രീകൾ ഭരണനേതൃത്വത്തിലേക്ക് വരാൻ ഇത്രയും താമസിച്ചതിന്റെ കാരണം ഇസ്ലാമികനിയമം സ്ത്രീകൾക്ക് അർഹിക്കുന്ന അ വകാശങ്ങൾ നിഷേധിച്ചിരുന്നതുകൊണ്ടാണ് എന്നതാണ് സത്യം. തർക്കിക്കാൻ വരുന്നവരുടെ അറിവിലേക്കായി ചില വസ്തുതകൾ പറയാം. ഇസ്ലാമികരാജ്യങ്ങളിൽ സ്ത്രീകൾ ഭരണാധികാരികൾ ആകുന്നതിനും എത്രയോ മുൻപുതന്നെ ഇസ്രായേലിൽ ഗോൾഡാ മേയർ എന്നൊരു വനിത പ്രധാനമന്ത്രിയായിരുന്നു. ശ്രീലങ്കയിൽ സിരിമാവോ ബന്ദാരനായകെയും ചന്ദ്രിക കുമാര തുംഗയും ബ്രിട്ടനിൽ മാർഗരറ്റ് താച്ചറും നമ്മുടെ സ്വന്തം ഭാരതത്തിൽ ഇന്ദിരാഗാന്ധിയും ഭരണത്തിലെത്തിയത് എപ്പോഴാണെന്ന് നോക്കുക.

അൻവറാ തൈമൂർ എന്നൊരു പേര് ആരെങ്കിലും കേട്ടിട്ടുണ്ടോ? അവർ ഇന്ത്യയിൽ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യത്തെ മുസ്ലിം വനിതയാണ്. 1980 ഡിസംബർ 6 മുതൽ 1981 ജൂൺ 30 വരെ അവർ മുഖ്യമന്ത്രിപദം അലങ്കരിച്ചത് ഒരു മുസ്ലിം ഭൂരിപക്ഷസംസ്ഥാനത്തല്ല, ഹിന്ദുക്കൾ മഹാഭൂരിപക്ഷമായ ആസ്സാമിലായിരുന്നു എന്നും ഓർക്കുക. ഈ കാലഘട്ടത്തിലൊക്കെ ലോകത്തിലെ മുസ്ലിം രാജ്യങ്ങളിൽ സ്ത്രീകളുടെ അവസ്ഥ എന്തായിരുന്നു എന്ന് ചിന്തിക്കുന്നത് നല്ലതാണ്.

ബൈബിളിൽ പഴയനിയമകാലത്തേക്ക് തിരിഞ്ഞാൽ നിരവധി സ്ത്രീകൾ ഉയർന്ന സ്ഥാനങ്ങളിൽ ഉണ്ടായിരുന്നതായി കാണാം. മോശയുടെയും അഹറോന്റെയും സഹോദരിയായ മിറിയാം പ്രവാചികയായിരുന്നു.. ലപ്പിദോത്തിന്റെ ഭാര്യയായ ദബോറ പ്രവാചികയായിരുന്നു എന്നും അവർ ഇസ്രായേലിൽ ന്യായപാലനം നടത്തിയിരുന്നു എന്നും നാം വായിക്കുന്നുണ്ട്. ഇസ്രായേലിലെ പട്ടാളമേധാവിയായിരുന്ന ബാറക്കിന് നിർദേശങ്ങൾ നൽകാൻ തക്കവിധം അധികാരം അവർ കയ്യാളിയിരുന്നു. ഷല്ലൂമിന്റെ ഭാര്യയായ ഹുൽദായും ഇസ്രായേലിൽ പ്രവാചിക ആയിരുന്നു.

അഹസ്വരൂസ് രാജാവിന്റെ രാജ്ഞിയായിരുന്ന എസ്തേറും ഭരണകാര്യങ്ങളിൽ ഇടപെട്ടിരുന്നതായി നാം വായിക്കുന്നുണ്ട്. ജ്ഞാനിയായ സോളമന്റെ ഭരണകാലത്ത് അദ്ദേഹത്തെ സന്ദർശിക്കാൻ വന്ന ദക്ഷിണദേശത്തെ ഷേബാരാജ്ഞിയെക്കുറിച്ച് ബൈബിൾ പറയുന്നത് അവർ സമ്മാനിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങൾ സോളമന് കൊടുത്തിട്ടില്ല എന്നാണ്. അത്ര സമ്പന്നമായ ഒരു രാജ്യത്തിന്റെ ഭരണാധിപതിയായിരുന്നു അവർ.. ഇതെല്ലം യേശുക്രിസ്തു ജനിക്കുന്നതിനും നൂറ്റാണ്ടുകൾ മുൻപുള്ള കാര്യമാണ്. ക്രിസ്തുവിന്റെ മരണത്തിനുശേഷമുള്ള കാലഘട്ടത്തിൽ എത്യോപ്യ ഭരിച്ചിരുന്നത് കൻദാക്കെ രാജ്ഞിയായിരുന്നു എന്ന് നടപടി പുസ്തകത്തിൽ എട്ടാം അധ്യായത്തിൽ നിന്ന് മനസിലാക്കാം.

അലക്സാണ്ടർ ജേക്കബിന് ഇസ്ലാമികനിയമവും ചരിത്രവും വിലയിരുത്തുന്നതിൽ വലിയ തെറ്റുപറ്റി എന്ന് പറയാതെ വയ്യ. ഇസ്ലാം ആവിർഭവിക്കുന്നതിനും ആറ് നൂറ്റാണ്ടുകൾ മുൻപേ യേശുക്രിസ്തു സ്ത്രീകൾക്ക് ഉന്നതസ്ഥാനം കൊടുത്തിരുന്നു. അവിടുത്തെ അനുഗമിച്ചവരിൽ അനേകം സ്ത്രീകൾ ഉണ്ടായിരുന്നു എന്ന് നാം വായിക്കുന്നു. സമരിയക്കാരി സ്ത്രീയോടും മർത്തയോടും മറിയത്തോടും ഒക്കെയുള്ള യേശുവിന്റെ പെരുമാറ്റം ശ്രദ്ധിക്കുക. യേശു അപ്പം വർദ്ധിപ്പിച്ചപ്പോൾ അവിടെ സ്ത്രീകളും കുട്ടികളും കൂടാതെ 4000 പുരുഷന്മാർ ഉണ്ടായിരുന്നു എന്ന് വായിക്കുമ്പോൾ നാം മനസിലാക്കേണ്ടത് വിജനസ്ഥലങ്ങളിൽ പ്രസംഗം കേൾക്കാൻ പോകാൻ മാത്രം സ്വാതന്ത്ര്യം യേശുവിന്റെ കാലത്ത് ഇസ്രായേലിലെ സ്ത്രീകൾക്ക് ഉണ്ടായിരുന്നു എന്നാണ്. മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടത് മഗ്ദലേനക്കാരി മറിയത്തിനാണെന്നും ഓർക്കുക. പൗലോസ് ശ്ലീഹാ റോമാക്കാർക്കെഴുതിയ ലേഖനം പതിനാറാം അധ്യായം ഒന്ന് മുതൽ പതിനാറു വരെയുള്ള വചനങ്ങൾ വായിച്ചാൽ ഒരു കാര്യം മനസിലാകും. പൗലോസ് പേരുപറഞ്ഞ് അഭിവാദനം ചെയ്യുന്ന പത്ത് ശിഷ്യന്മാരിൽ ഏഴുപേരും സ്ത്രീകളാണ്. ഇങ്ങനെ ദൈവത്തിന്റെ മുൻപിൽ സ്ത്രീയ്ക്കും പുരുഷനും വ്യത്യാസമില്ല എന്ന് വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും കാണിച്ചുതന്ന ഒരു മതവിശ്വാസത്തിൽ സ്ത്രീകൾക്ക് വേണ്ടി പ്രത്യേകം അധികാരാവകാശങ്ങൾ ഒന്നും എഴുതിവയ്‌ക്കേണ്ട കാര്യമില്ല എന്ന കാര്യം അദ്ദേഹം മറന്നുപോകാൻ പാടില്ലായിരുന്നു.

ബൈബിൾ വായിച്ചിട്ട് സത്യം മനസിലാക്കാൻ വേണ്ടി ഖുറാൻ വായിച്ചു എന്നതാണ് അലക്സാണ്ടർ ജേക്കബ് ചെയ്ത അബദ്ധം . ഒരു സാധാരണ ക്രിസ്ത്യാനി ചെയ്യുന്നത് മറ്റെന്തെല്ലാം വായിച്ചാലും അതിനു ശേഷം സത്യം മനസിലാക്കാനായി പരിശുദ്ധബൈബിൾ വായിക്കുക എന്നതാണ്.

യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം രണ്ടാം അധ്യായം 21 മുതൽ 24 വരെയുള്ള വചനങ്ങൾ എടുത്തെഴുതികൊണ്ട് നിർത്തുന്നു.

“നിങ്ങൾ സത്യം അറിയായ്ക കൊണ്ടല്ല ഞാൻ നിങ്ങൾക്കെഴുതുന്നത്. നിങ്ങൾ സത്യം അറിയുന്നതുകൊണ്ടും വ്യാജമായതൊന്നും സത്യത്തിൽ നിന്നല്ലാത്തതുകൊണ്ടുമാണ്. യേശുവാണ് ക്രിസ്തു എന്ന് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണ് കള്ളം പറയുന്നത്? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്തു. പുത്രനെ നിഷേധിക്കുന്നവന് പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവന് പിതാവും ഉണ്ടായിരിക്കും. ആരംഭം മുതൽ നിങ്ങൾ ശ്രവിച്ചത് നിങ്ങളിൽ നിലനിൽക്കട്ടെ. അത് നിങ്ങളിൽ നിലനിൽക്കുമെങ്കിൽ നിങ്ങൾ പുത്രനിലും പിതാവിലും നിലനിൽക്കും”.

ദൈവത്തിന് പുത്രനില്ല എന്നും യേശു ഒരു പ്രവാചകൻ മാത്രമാണെന്നും പഠിപ്പിക്കുന്ന ഒരു മതഗ്രന്ഥത്തെ ഉദ്ധരിച്ചുകൊണ്ട് ഇത്രയധികം ക്രിസ്ത്യാനികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രീ അലക്സാണ്ടർ ജേക്കബിനെപ്പോലൊരു പ്രഗത്ഭവ്യക്തിയ്ക്ക് ഇടയായി എന്നത് വളരെയധികം വേദന ഉളവാക്കുന്ന കാര്യമാണ്. സത്യം അറിയാനായി അദ്ദേഹം പരിശുദ്ധബൈബിളിലേക്ക് തിരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

കടപ്പാട്: ജോർജ്

Leave a Reply

Your email address will not be published. Required fields are marked *