പ്രിയ വായനക്കാരേ,
2020-ല്‍ എഴുതുന്ന ആദ്യത്തെ ‘മറുപുറം’ ആണ് ഇത്. താഴെ പറയുന്ന സന്ദേശം വര്‍ഷാരംഭത്തില്‍ എഴുതുവാന്‍ ഒരു പ്രചോദനം കിട്ടിയതുകൊണ്ട് ഈ സന്ദേശം എഴുതുകയാണ്. നമ്മുടെ ആവശ്യങ്ങളിലേക്കും പ്രശ്‌നങ്ങളിലേക്കും ദൈവത്തെ കൊണ്ടുവന്ന് അവ പരിഹരിക്കുവാന്‍ ദൈവം നമ്മുടെ മുമ്പില്‍ പല അവസരങ്ങളും ഒരുക്കുന്നുണ്ട്. അങ്ങനെയുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്ന മനുഷ്യരും ഉണ്ട്; ഉപയോഗപ്പെടുത്താത്ത മനുഷ്യരും ഉണ്ട്. ഉപയോഗപ്പെടുത്തുന്ന മനുഷ്യരുടെ ആവശ്യങ്ങളില്‍ ദൈവം ഇടപെട്ട് പരിഹാരങ്ങള്‍ ഉണ്ടാക്കുന്നു. ഉപയോഗപ്പെടുത്താത്തവരുടെ പ്രശ്‌നങ്ങള്‍ തുടരുകയോ അവര്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിപതിക്കുകയോ ചെയ്യുന്നു. ഇത് തെളിയിക്കുവാന്‍ ബൈബിളില്‍ അനേക സംഭവങ്ങള്‍ ഉണ്ട്; നമ്മുടെ ചുറ്റുപാടുകളിലും നിരവധി സംഭവങ്ങള്‍ ഉണ്ട്.
ആദ്യം ബൈബിളിലെ ചില സംഭവങ്ങള്‍ പരിശോധിക്കാം. യേശു മൂന്നു വര്‍ഷക്കാലം തന്റെ പരസ്യശുശ്രൂഷകളുമായി ഇസ്രായേലില്‍ ജീവിച്ചു. അത്തരം അവസരങ്ങളില്‍ യേശുവിനെ കാണുവാനും യേശു പറയുന്നത് കേള്‍ക്കുവാനും യേശു നല്‍കുന്ന ശരീരത്തിന്റെയും മനസിന്റെയും സൗഖ്യം സ്വീകരിക്കുവാനും യേശുവിലൂടെ മറ്റ് പല പ്രശ്‌നങ്ങളും തീര്‍ക്കുവാനും എല്ലാവര്‍ക്കുംതന്നെ അവസരങ്ങള്‍ കിട്ടി. ചിലര്‍ ഈ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചു. മറ്റുചിലര്‍ ഈ അവസരങ്ങള്‍ ഒട്ടും ഒരിക്കലും ഉപയോഗപ്പെടുത്തിയില്ല. വേറെ ചിലര്‍ നിസംഗത പുലര്‍ത്തുക മാത്രമല്ല, യേശുവിന് എതിരായി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു.
ഉദാഹരണങ്ങളിലേക്ക് കടക്കുന്നതിനുമുമ്പ് ഒരു കാര്യംകൂടി പറയട്ടെ. നമ്മുടെ എല്ലാ കാര്യങ്ങളും ദൈവത്തിന് അറിയാം. നിങ്ങളുടെ തലയിലെ മുടിപോലും എണ്ണപ്പെട്ടിരിക്കുന്നു (ലൂക്കാ 12:7) എന്നാണ് യേശു പറഞ്ഞത്. നഥാനയേല്‍ തന്റെ അടുത്തേക്ക് വരുന്നതുകണ്ട് യേശു പറഞ്ഞു: ഇതാ, നിഷ്‌കപടനായ ഒരു യഥാര്‍ത്ഥ ഇസ്രായേല്‍ക്കാരന്‍ . നഥാനയേല്‍ യേശുവിനോട് ചോദിച്ചു: നീ എന്നെ എങ്ങനെ അറിയുന്നു? യേശു പറഞ്ഞു: പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു (യോഹ. 1:48). യേശു ആ കാഴ്ച കണ്ടത് അതിലെ കടന്നുപോയപ്പോള്‍ അല്ല; ഉള്‍ക്കണ്ണുകള്‍കൊണ്ടാണ്. എന്നാല്‍, അറിയുന്നതുകൊണ്ടുമാത്രം ദൈവം എല്ലാം തരുന്നില്ല. ദൈവം ഇടപെടാന്‍ മനുഷ്യന്‍ ശ്രമിച്ചാല്‍ മാത്രമേ ദൈവം ചിലപ്പോള്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ തീര്‍ക്കുകയുള്ളൂ.
ഇനി ഉദാഹരണങ്ങളിലേക്ക് പോകാം. യേശു പ്രസംഗിച്ചും രോഗശാന്തി നല്‍കിയും ചുറ്റി സഞ്ചരിക്കുന്ന വാര്‍ത്ത എല്ലായിടത്തും എത്തി. അപ്പോള്‍ ജനങ്ങള്‍ എല്ലാ രോഗികളെയും വിവിധ വ്യാധികളാലും വ്യഥകളാലും അവശരായവരെയും പിശാചുബാധിതര്‍, അപസ്മാര രോഗികള്‍, തളര്‍വാതക്കാര്‍ എന്നിവരെയും അവന്റെ അടുത്ത് കൊണ്ടുവന്നു. യേശു അവരെ സുഖപ്പെടുത്തി (മത്താ. 4:24). ഇവിടെ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഒന്ന്, യേശു ഇങ്ങനെ ചുറ്റിസഞ്ചരിച്ചുകൊണ്ട്, തന്റെ അടുത്ത് വരാനും രോഗികളെ കൊണ്ടുവരാനും ഒരു സാഹചര്യം ഉണ്ടാക്കിക്കൊടുത്തു. രണ്ട്, ജനങ്ങള്‍ ആ സാഹചര്യം ഉപയോഗപ്പെടുത്തി. അതിനാല്‍ അനേകര്‍ക്ക് സൗഖ്യം കിട്ടി. തിരിച്ച് ചോദിക്കാം: യേശു അങ്ങനെ അവസരം ഉണ്ടാക്കി നടന്നിട്ടും ജനങ്ങള്‍ രോഗികളെ കൊണ്ടുവന്നില്ലായിരുന്നെങ്കിലോ? അവര്‍ക്ക് ആര്‍ക്കും സൗഖ്യം കിട്ടുകയില്ലായിരുന്നു. വലിയ ജനക്കൂട്ടത്തിന്റെ ഇടയിലൂടെ ഒരു കുഷ്ഠരോഗി കടന്നുവന്ന് കര്‍ത്താവേ, അങ്ങേക്ക് മനസുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും എന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍, ദൈവത്തിന് ഇടപെടാന്‍ ആ കുഷ്ഠരോഗി ഒരവസരം ഉണ്ടാക്കുകയായിരുന്നു. യേശു ആ മനുഷ്യനെ സുഖപ്പെടുത്തി (മത്താ. 8:1-4). കുഷ്ഠരോഗികള്‍ക്ക് ആളുകളുടെ അടുത്ത് വരാന്‍ വിലക്കുള്ളപ്പോഴാണ് (ലേവ്യര്‍ 13:45-46) ഈ കുഷ്ഠരോഗി വന്ന് പ്രാര്‍ത്ഥിക്കുവാന്‍ ലഭ്യമായ അവസരം ഉപയോഗിച്ചത്. അദ്ദേഹം ആ അവസരം ഉപയോഗിക്കാതിരുന്നെങ്കില്‍ കുഷ്ഠരോഗിയായിത്തന്നെ മരിക്കുമായിരുന്നു. യേശു കഫര്‍ണാമില്‍ ആയിരിക്കുമ്പോള്‍ ശതാധിപന്‍ യേശുവിന്റെ അടുത്തുവന്ന്, വീട്ടില്‍ തളര്‍വാതം പിടിച്ച് കിടന്ന ഭൃത്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. യേശു ഭൃത്യനെ സുഖപ്പെടുത്തുകയും ചെയ്തു (മത്താ. 8:5-13). യേശു പത്രോസിന്റെ വീട്ടില്‍ ചെന്നപ്പോള്‍, പത്രോസിന്റെ അമ്മായിയമ്മ പനി പിടിച്ച് കിടക്കുകയാണെന്ന് ഒരു ശതാധിപനാണ് യേശുവിനോട് പറഞ്ഞ് യേശുവിന് ഇടപെടാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തത്. യേശു ആ സ്ത്രീയെ സുഖപ്പെടുത്തി (മത്താ. 8:14-15). ഇത് വാര്‍ത്തയായി. ജനം അനേകം രോഗികളെയും പിശാചുബാധിതരെയും യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. യേശു അവരെ സുഖപ്പെടുത്തി (മത്താ. 8:16). ജനങ്ങള്‍ ഈ രോഗികളെ കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ അവര്‍ ക്കാര്‍ക്കും സൗഖ്യം കിട്ടുമായിരുന്നില്ല. ജനങ്ങള്‍ തളര്‍വാതരോഗിയെ മേല്‍ക്കൂര പൊളിച്ച് താഴെ ഇറക്കി. യേശു അയാളെ സുഖപ്പെടുത്തി (മത്താ. 9:1-8). രക്തസ്രാവക്കാരി യേശുവിന്റെ വസ്ത്രത്തില്‍ തൊട്ടതുകൊണ്ട് സൗഖ്യം കിട്ടി. മരിച്ചുപോയ മകളെ ജീവിപ്പിച്ചുതരാന്‍ ജായ്‌റസ് പ്രാര്‍ത്ഥിച്ചതുകൊണ്ട് യേശു പോയി ആ കുട്ടിയെ ഉയിര്‍പ്പിച്ചു (മത്താ. 9:18-25). ദാവീദിന്റെ പുത്രാ, ഞങ്ങളില്‍ കനിയണമേ എന്ന് അന്ധയാചകര്‍ വിളിച്ചുപറഞ്ഞതുകൊണ്ടാണ് യേശു അവരെ സുഖപ്പെടുത്തിയത് (മത്താ. 9:17-31). സക്കേവൂസ് മരത്തില്‍ കയറിയതുകൊണ്ടാണ് യേശു ആ വീട്ടില്‍ എത്തിയതും ആ കുടുംബം രക്ഷ പ്രാപിച്ചതും. ഇനിയും ഉദാഹരണങ്ങള്‍ ഉണ്ട്. ഒരു കാര്യം ഓര്‍ക്കുക: ഈ മനുഷ്യര്‍ ഇങ്ങനെയൊന്നും ചെയ്തില്ലായിരുന്നെങ്കില്‍, അനേകര്‍ക്ക് അനുഗ്രഹവും സൗഖ്യവും കിട്ടുകയില്ലായിരുന്നു.
അതെ, യേശു ഇടപെടാന്‍ സാധ്യതയുള്ള അവസരങ്ങള്‍ നമ്മള്‍ ഉപയോഗിച്ചെങ്കിലേ പല പ്രശ്‌നങ്ങളും തീരൂ. നമ്മുടെ വ്യക്തിപരമായ പ്രാര്‍ത്ഥന, കുടുംബപ്രാര്‍ത്ഥന, ധ്യാനം, നൈറ്റ് വിജില്‍ തുടങ്ങി എല്ലാം ദൈവം ഇടപെടാന്‍ നമുക്ക് ഒരുക്കുന്ന അവസരങ്ങളാണ്. അവ കൂടുതല്‍ ഫലപ്രദമായി ഉപയോഗിച്ച്, 2020-ല്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ നേടാം; പല പ്രശ്‌നങ്ങളും പരിഹരിക്കാം. എല്ലാവര്‍ക്കും ദൈവാനുഗ്രഹം നിറഞ്ഞ വര്‍ഷം ആശംസിക്കുന്നു.
ഫാ. ജോസഫ് വയലില്‍ CMI










Leave a Reply