Sathyadarsanam

പ്രണയം പ്രതികാരമാകുമ്പോള്‍

ഞാന്‍ പ്രേമപരവശയായിരിക്കുന്നു;
അവന്‍റെ ഇടതുകരം എനിക്ക് തലയണയായിരുന്നെങ്കില്‍!
അവന്‍റെ വലതുകരം എന്നെ ആലിംഗനം ചെയ്തിരുന്നെങ്കില്‍!
(ഉത്തമഗീതം 2,6)

പരിധികളും പരിമിതികളും ഉപാധികളുമില്ലാത്ത പ്രണയം നമ്മുടെ നടുമുറ്റങ്ങളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു. നിയന്ത്രണങ്ങളോട് വര്‍ത്തമാനകാലത്തിന് സ്വതവേയുള്ള അതൃപ്തി മുതലെടുത്തുകൊണ്ടാണ് സംസ്കാരത്തിന്‍റെയും ആത്മീയതയുടെയും ശുദ്ധ-അശുദ്ധബോധത്തിന്‍റെയുമെല്ലാം വേലിക്കെട്ടുകള്‍ പൊളിച്ചുകൊണ്ട് മനുഷ്യനിലെ ഏറ്റവും ലോലലോലവും പ്രാകൃതവുമായ ഈ വികാരം പടികയറിവരുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാന്‍ സാധിക്കും മുമ്പേ നമ്മുടെ കുട്ടികള്‍ ആകര്‍ഷണത്തില്‍ പെട്ടുപോകുന്നു. പ്രായഭേദമെന്യേ പടര്‍ന്ന് പിടിക്കുന്ന പ്രണയത്തിന്‍റെ നീരാളിപ്പിടുത്തത്തില്‍ നിരവധിപ്പേര്‍ നല്ലതെല്ലാം നഷ്ടപ്പെടുത്തിയവരും വേണ്ടെതെല്ലാം വിട്ടെറിഞ്ഞവരും ഓടിപ്പോകുന്നവരും പോയിട്ട് വരുന്നവരും കാണാതാകുന്നവരും കരയാന്‍ മാത്രം അവശേഷിക്കുന്നവരുമായിത്തീരുന്നു.

ഇപ്പറഞ്ഞതിനര്‍ത്ഥം പ്രണയം അവശ്യം വര്‍ജ്ജിക്കേണ്ട തിന്മയാണെന്നല്ല. പക്വതയോടെ പ്രണയിക്കാനറിയുന്നവനെ സംബന്ധിച്ചിടത്തോളം അവന്‍റെ/അവളുടെ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങളാണ് പ്രണയത്തിന്‍റെ ദിനരാത്രങ്ങള്‍ സമ്മാനിക്കുന്നത്. “പ്രേമവിവാഹത്തിന് ഒരുങ്ങുന്നവര്‍ക്ക് കുടുംബപ്രേഷിതത്വത്തിന്‍റെ ഭാഗമായി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്കണം. അവരുടെ കൂട്ടായ്മകളില്‍ ആണ്‍-പെണ്‍ ബന്ധങ്ങളില്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകളെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തണം. പ്രാര്‍ത്ഥനയും വേദഗ്രന്ഥവായനയും ആത്മീയതയിലൂന്നിയ ചിന്തകളും ഇതിന്‍റെ ഭാഗമാകാം” (സ്നേഹത്തിന്‍റെ സന്തോഷം, പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ – കേരള തിയളോജിക്കല്‍ അസോസിയേഷന്‍) എന്നതാണ് ഈ വിഷയത്തില്‍ കത്തോലിക്കാസഭയുടെ പക്ഷം. എന്നാല്‍ ആലോചനാശൂന്യമായും പരിസരബോധമില്ലാതെയും പ്രണയത്തിലേക്ക് എടുത്തുചാടുന്ന ബഹുഭൂരിപക്ഷത്തിനും അത് നന്മയേക്കാളേറെ ദോഷമായി ഭവിക്കുന്നു എന്ന പൊതുബോധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ എഴുത്ത്.

ചെറിയ പ്രായത്തില്‍ത്തന്നെ കുട്ടികളില്‍ രൂപപ്പെടുന്ന പ്രണയചിന്തകളുടെ പ്രധാനകാരണം ടെലിവിഷന്‍റെയും നവമാധ്യമങ്ങളുടെയും അതിപ്രസരം തന്നെയാണ്. ആഴമില്ലാത്ത ചിന്തകളും വൈകാരികമായ പ്രചോദനങ്ങളും നല്കിക്കൊണ്ട് തീരെച്ചെറിയ പ്രായത്തില്‍ത്തന്നെ ഇവ നമ്മുടെ കുഞ്ഞുങ്ങളുടെ ചിന്തയെയും ബന്ധങ്ങളെയും മലിനമാക്കുന്നു എന്നത് ഒരു സമകാലികദുഃഖസത്യമാണ്.

പക്വതയില്ലാത്ത പ്രണയങ്ങളുടെ ദുര്‍ഭാരം ചുമക്കേണ്ടിവരുന്ന ബാല്യങ്ങളും യൗവനങ്ങളും നമുക്ക് ചുറ്റും നാള്‍തോറും ഏറിക്കൊണ്ടിരിക്കുന്നു. പക്വതയില്ലാത്ത പ്രണയത്തിന്‍റെ ഏറെ ഭീതിപ്പെടുത്തുന്ന വര്‍ത്തമാനകാലവശമാണ് പ്രണയത്തിലെ പ്രതികാരചിന്തകളും പ്രവൃത്തികളും. പ്രണയം നിഷേധിക്കപ്പെട്ടതിന്‍റെയോ ഭംഗപ്പെട്ടതിന്‍റെയോ പേരില്‍ കൊല്ലപ്പെടുന്ന പെണ്‍കുട്ടികളുടെ നീണ്ട നിരയില്‍ അവസാനത്തേതാണ് ഇന്ന് കേരളമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന മരട് സ്വദേശിനിയായ പ്ലസ്ടുക്കാരി പെണ്‍കുട്ടി. പ്രണയം നിരസിക്കുന്ന പെണ്ണിനെയും പകുതിക്ക് വെച്ച് മതിയാക്കുന്നവളെയും ഇല്ലാതാക്കണമെന്ന അപകടകരമായ ചിന്തയാണ് ഇത്തരം കൊലപാതകങ്ങളുടെയെല്ലാം പിന്നിലുള്ളത്.

അപായസൂചനകള്‍ തിരിച്ചറിയാം

പ്രണയത്തില്‍ അകപ്പെട്ടുപോയവര്‍ക്ക് മേല്‍പ്പറഞ്ഞ തരത്തിലുള്ള അക്രമസാഹചര്യങ്ങളെ സ്വയം തിരിച്ചറിയാന്‍ സാധിക്കേണ്ടതുണ്ട്. മാനസികാരോഗ്യവിദഗ്ധനായ ഡോ. സി.ജെ. ജോണ്‍ (08-01-2020) മനോരമ ദിനപ്പത്രത്തിലെഴുതിയ കോളത്തില്‍ ഇത്തരം അപായസൂചനകള്‍ വിശദീകരിക്കുന്നത് ശ്രദ്ധേയമാണ്:

👿എന്‍റെ ഇഷ്ടത്തിനനുസരിച്ച് മാത്രം പെരുമാറിയാല്‍ മതിയെന്ന വാശി. അനുസരിക്കാതെയാകുമ്പോള്‍ വൈകാരികമായ ബ്ലാക്ക്മെയിലിങ്ങാകും, പിന്നെ ഭീഷണി.
👿എവിടെ പോകണം, ആരോടൊക്കെ മിണ്ടണം, ഏതു വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് ശ്രമിക്കുന്നത്.
👿ഫോണിലെ കോള്‍ ലിസ്റ്റ്, മെസേജുകള്‍, സമൂഹമാധ്യമങ്ങളില്‍ എന്തെല്ലാം ചെയ്യുന്നു എന്നെല്ലാം പരിശോധിക്കുന്നതും അപകടലക്ഷണമാണ്. ഇരുത്തം വരാത്ത പ്രണയത്തിന്‍റെ ലക്ഷണങ്ങള്‍.
👿ഫോണ്‍ കുറച്ച് നേരം എന്‍ഗേജ്ഡ് ആയാല്‍, കോളെടുക്കാന്‍ വൈകിയാല്‍, കലഹമുണ്ടാക്കുന്നതും നല്ല സൂചനയല്ല.
👿”നിനക്ക് ഞാനുണ്ടല്ലോ” എന്ന് മധുരസ്വരത്തില്‍ പറയുകയും അതിലൂടെ മറ്റെല്ലാ സാമൂഹികബന്ധങ്ങളും മുറിക്കാന്‍ ശ്രമിക്കുന്നതും അപകടകരമാണ്. അത് നീരാളിപ്പിടുത്തത്തിന്‍റെ ലക്ഷണമാകാം.
👿വ്യക്തിപരമായ ചെറിയ കാര്യങ്ങളില്‍പ്പോലും തുടര്‍ച്ചയായി ഇടപെടുന്നുണ്ടെങ്കില്‍ ജാഗ്രത പാലിക്കണം.
👿നേരവും കാലവും നോക്കാതെ ഫോണ്‍ വിളിക്കുക, മെസേജ് അയക്കുക, താമസിക്കുന്നതിന് തൊട്ട് പുറത്ത് അസമയത്ത് വന്ന് നില്‍ക്കുക, പുറത്തേക്ക് വരാന്‍ ആവശ്യപ്പെടുക തുടങ്ങിയവും പ്രശ്നങ്ങളുടെ മുന്നോടിയായി കാണണം. ഇപ്പോള്‍ തിരക്കിലാണ് പിന്നീട് വിളിക്കാം എന്ന് പറയുമ്പോള്‍ കോപിക്കുന്നതും അടയാളം തന്നെ.
👿”നീ കൈവിട്ടാല്‍ ഞാന്‍ ചത്തുകളയും” “എന്നെ കൈവിട്ടാല്‍ നിന്നെ കൊല്ലും” എന്നൊക്കെയുള്ള പറച്ചിലുകള്‍ ഗുരുതരാവസ്ഥയിലേക്കുള്ള പോക്കാണ്. ചിലര്‍ ശരീരഭാഗങ്ങള്‍ മുറിച്ചു ചോരവരുത്തി, അതിന്‍റെ ചിത്രങ്ങള്‍ എടുത്തയക്കുന്നതും ദുരന്തസൂചനയാണ്.

സമാപനം

ശുദ്ധപ്രണയമെന്നത് അറിവും പ്രായവും പക്വമായ അളവില്‍ കലരുന്ന ഒരു രസതന്ത്രമാണ്. യാതൊരു സമവാക്യങ്ങള്‍ക്കും നിര്‍വ്വചിക്കാനാവാത്ത ആത്മാര്‍തയും പരസ്പരബഹുമാനവുമാണ് അതിന്‍റെ നിയമങ്ങള്‍. ശരീരത്തിന്‍റെ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള കേവലമായ ഇഷ്ടങ്ങള്‍ക്കപ്പുറം ഇതരവ്യക്തിയുടെ കുറവുകളറിഞ്ഞ് അയാളുടെ ആത്മാവിനെത്തന്നെ ഏറ്റെടുക്കുന്നതാണ് പ്രണയം. അതില്‍ ഗൂഢവും നിക്ഷിപ്തവുമായ താത്പര്യങ്ങളില്ല, അപരന്‍റെ സ്വാതന്ത്ര്യത്തെ ഹനിക്കുകയും സഞ്ചാരസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയും ഇഷ്ടങ്ങളെ ഹനിക്കുകയും ചെയ്യുന്ന സ്വാര്‍ത്ഥതയുമില്ല. സ്വാര്‍ത്ഥതയെയും ശരീരത്തോടുള്ള ഇഷ്ടത്തെയും പ്രണയമായി തെറ്റിദ്ധരിക്കുന്നതും കുടുംബത്തില്‍ ലഭ്യമല്ലാത്തതോ നിഷേധിക്കപ്പെടുന്നതോ ആയ കരുതലും സ്നേഹവും മറ്റിടങ്ങളില്‍ തിരയുന്നതും നമ്മുടെ ബാല്യം നേരിടുന്ന വെല്ലുവിളികളാണ്. പ്രതിവിധികളില്‍ ചിലത് കുട്ടികളെ കരുതലോടും സ്നേഹത്തോടും കുടെ പരിപാലിക്കുക, അവരോട് സംസാരിക്കുക, അവരെ ശ്രവിക്കുക, ഉചിതമായ ലൈംഗികവിദ്യാഭ്യാസം നല്കുക, പക്വമായ ബന്ധങ്ങളെയും പ്രണയത്തെയും കുറിച്ച് പ്രായത്തിന്‍റെ അനുപാതത്തില്‍ അവര്‍ക്ക് പരിശീലനം നല്കുക എന്നിവയൊക്കെയാണ്. വീണ്ടുവിചാരത്തോടും വിവേചനാചിന്തയോടും കൂടെ ഇടപെടാനും ആവശ്യമെങ്കില്‍ അരുതെന്ന് പറയാനും മുതിര്‍ന്നവരുടെ സഹായം തേടാനും നിയമസഹായം അഭ്യര്‍ത്ഥിക്കാനും തയ്യാറാവുകയും ചെയ്യുക എന്നതാണ് പ്രണയത്തിലകപ്പെട്ടവര്‍ ചെയ്യേണ്ടത്.

അങ്ങനെ, പ്രണയത്തിന്‍റെ വിശുദ്ധവികാരങ്ങളെ വിശുദ്ധവിചാരങ്ങള്‍ കൊണ്ട് അഭിമുഖീകരിക്കാന്‍ നമ്മുടെ ബാല്യവും യൗവനവും ശക്തിപ്പെടട്ടെ!

നോബിള്‍ തോമസ് പാറയ്ക്കല്‍

Leave a Reply

Your email address will not be published. Required fields are marked *