Sathyadarsanam

പൊന്തിഫിക്കല്‍ സീക്രസിയും (Pontifical Secrecy) മാര്‍പാപ്പയും: തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങള്‍

ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍

മാര്‍പാപ്പ തിരുസ്സഭയില്‍ നിലനില്‍ക്കുന്ന പൊന്തിഫിക്കല്‍ സീക്രസി എന്ന ദുഷ്പ്രവണത എടുത്തുകളഞ്ഞു എന്നും സഭയില്‍ ഇനിമേല്‍ മൂടിവെക്കുന്ന രഹസ്യങ്ങളുണ്ടാവില്ല എന്നുമൊക്കെയുള്ള പ്രചരണങ്ങള്‍, അഡ്വക്കേറ്റാണെന്ന് അഭിമാനിക്കുന്നുവെങ്കിലും ലവലേശം നിയമപരിജ്ഞാനമില്ലാതെ ചര്‍ച്ച് ആക്ട് പോലെയുള്ള അബദ്ധവാദഗതികളുന്നയിക്കുന്നവരും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സഭാവിരുദ്ധരായ മറ്റ് വ്യക്തികളും പ്രസ്ഥാനങ്ങളും ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ. മാര്‍പാപ്പ പറഞ്ഞിരിക്കുന്നതെന്താണെന്ന് ശരിയായി മനസ്സിലാക്കാന്‍ പോലും ശ്രമിക്കാതെ സഭക്കുനേരേ ആശയപരമായ എതിര്‍പ്രചരണം നടത്തലാണ് തത്പരകക്ഷികളുടെ സ്ഥിരം കലാപരിപാടികള്‍.

ഈ വിഷയത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍…

1. പൊന്തിഫിക്കല്‍ സ്വകാര്യതയെ 1974 ജനുവരി 4-ന് ഇറങ്ങിയ ഔദ്യോഗികരേഖ നിര്‍വ്വചിക്കുന്നത് ഇങ്ങനെയാണ്: “Business of the Roman Curia at the service of the universal Church is officially covered by ordinary secrecy, the moral obligation of which is to be gauged in accordance with the instructions given by a superior or the nature and importance of the question. But some matters of major importance require a particular secrecy, called ‘pontifical secrecy’, and must be observed as a grave obligation” (Secreta continere, published in Acta Apostolicae Sedis, 1974, pages 89–92) സാര്‍വ്വത്രികസഭക്ക് ശുശ്രൂഷ ചെയ്യുന്ന റോമന്‍ കൂരിയായുടെ അനുദിനനടപടികള്‍ അവയുടെ ഔദ്യോഗികസ്വഭാവത്താല്‍ സാധാരണമായ സ്വകാര്യതയുടെ വിഷയമാണ്. അതേസമയം, ഗൗരവതരമായ ചില വിഷയങ്ങള്‍ പൊന്തിഫിക്കല്‍ സ്വകാര്യതയെന്ന നിലയില്‍ പ്രത്യേകമായി പരിഗണിക്കപ്പെടേണ്ടതുണ്ട്.

2. മേല്‍പ്പറഞ്ഞ രേഖ പൊന്തിഫിക്കല്‍ സ്വകാര്യതയുടെ വിഷയങ്ങളായി പറഞ്ഞിരിക്കുന്നത് പത്ത് കാര്യങ്ങളാണ്:
1. Preparation of papal documents, if pontifical secrecy is expressly demanded
2. Information obtained officially by the Secretariat of State in connection with questions requiring pontifical secrecy
3. Notifications sent to the Congregation for the Doctrine of the Faith about teachings and publications and the Congregation’s examination of them.
4. Extrajudicial denunciations of crimes against the faith and morals or against the sacrament of Penance, while safeguarding the right of the person denounced to be informed of the denunciation, if his defence against it makes this necessary. The name of the person making the denunciation may be made known to him only if it is judged necessary to have a face-to-face confrontation between denouncer and denounced.
5. Reports by papal legates on matters covered by pontifical secrecy.
6. Information obtained officially with regard to the naming of cardinals
7. Information obtained officially with regard to the naming of bishops and papal legates and the relative inquiries.
8. Information obtained officially with regard to the naming of the chief officers of the Roman Curia.
9. All matters concerning cipher systems and enciphered messages.
10. Any matter that the Pope, a Cardinal in charge of a department of the Roman Curia, or a papal legate considers to be of such importance that it requires the protection of papal secrecy.
തികച്ചും സഭാപരമായ കാര്യങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ പൊന്തിഫിക്കല്‍ സ്വകാര്യതയുടെ വിഷയമായി വരുന്നത് എന്നത് ആര്‍ക്കും കാണാവുന്നതാണ്. വൈദികര്‍ക്കോ മെത്രാന്മാര്‍ക്കോ എതിരായ ആരോപണങ്ങളും കുറ്റങ്ങളും പൊന്തിഫിക്കല്‍ സ്വകാര്യതയുടെ ഭാഗമാണെന്ന് ഇതിലെവിടെയും പറയുന്നില്ല എന്നതും വ്യക്തം.

3. എന്നാല്‍, “കൂദാശാപവിത്രതയുടെ സംരക്ഷ” (Sacramentorum Sanctitatis Tutela) എന്ന മോത്തു പ്രോപ്രിയോയില്‍ (2001ല്‍ പ്രസിദ്ധീകരിച്ച് 2003-ല്‍ വരുത്തിയ ഭേദഗതിയില്‍) ആര്‍ട്ടിക്കിള്‍ 25-ല്‍ ഗൗരവതരമായ കുറ്റകൃത്യങ്ങളായി (delicta graviora) പ്രസ്തുത രേഖയില്‍ പറഞ്ഞിരിക്കുന്നവ പൊന്തിഫിക്കല്‍ സ്വകാര്യതയുടെ പരിധിയില്‍ വരും എന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഈ മോത്തു പ്രോപ്രിയോ അനുസരിച്ചുള്ള ഗൗരവതരമായ കുറ്റകൃത്യങ്ങള്‍ എന്നത് വിശുദ്ധ കുര്‍ബാനയുടെയും അനുരജ്ഞനകൂദാശയുടെയും പരികര്‍മ്മത്തില്‍ വൈദികര്‍ വരുത്തുന്ന വീഴ്ചകളും വൈദികര്‍ കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയമാക്കുന്നതുമായ കേസുകളാണ്. ഇതേ മോത്തു പ്രോപ്രിയോയുടെ 2010-ലെ ഭേദഗതി കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സ്വന്തമാക്കുകയോ സൂക്ഷിക്കുകയോ കൈമാറുകയോ ചെയ്യുന്നതും ഗൗരവതരമായ കുറ്റകൃത്യമാണെന്ന് പ്രഖ്യാപിച്ചു. മേല്‍പ്പറഞ്ഞ എല്ലാ കുറ്റകൃത്യങ്ങളും വിശ്വാസതിരുസംഘത്തിനാണ് (Congregation for the Doctrine of Faith) സംവരണം ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ കുറ്റകൃത്യങ്ങള്‍ വിശ്വാസതിരുസംഘത്തിന് സംവരണം ചെയ്തിരിക്കുന്നു എന്നത് അവയുടെ സഭാപരമായ നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ അതാത് രാജ്യത്തിന്റെ നിയമവ്യവസ്ഥക്ക് നിര്‍ബന്ധമായും വിധേയമായിരിക്കുമെന്നത് പറയാതെ തന്നെ ഏവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. സഭയുടെ നടപടിക്രമങ്ങളെ സംബന്ധിച്ചുള്ളതാണ് ഈ നിര്‍ദ്ദേശങ്ങള്‍ എന്നത് പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്.

4. എന്തുകൊണ്ടാണ് സഭ ഇത്തരമൊരു സ്വകാര്യതയെക്കുറിച്ച് സംസാരിക്കുന്നത് എന്ന് ചോദിച്ചാല്‍, സഭ ഏതൊരു വ്യക്തിയുടെയും വ്യക്തിപരമായ മഹത്വത്തെ മാനിക്കുന്നതിനാലും ജീവിതത്തില്‍ തിരുത്തലുകള്‍ വരുത്തി തുടര്‍ന്നും സമൂഹത്തില്‍ ജീവിക്കാനുള്ള അവരുടെ അവകാശത്തെ വിലമതിക്കുന്നതിനാലുമാണ് എന്ന് ചുരുക്കത്തില്‍ പറയാം. കുറ്റാരോപിതര്‍, ഇര, സാക്ഷികള്‍ എന്നിവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതിനെക്കുറിച്ച് സിവില്‍ നിയമങ്ങളും വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍, വീണ്ടും ആവര്‍ത്തിക്കട്ടെ, സഭാശത്രുക്കള്‍ ആരോപിക്കുന്നതുപോലെ കുറ്റകൃത്യങ്ങള്‍ സിവില്‍ നിയമത്തിന്റെ മുമ്പില്‍ മറച്ചുപിടിക്കുക എന്ന യാതൊരു ധ്വനിയും ഈ വാക്കിനോ ആശയത്തിനോ ഇല്ല.

5. ഇപ്പോള്‍ വാര്‍ത്തകള്‍ക്ക് കാരണമായിരിക്കുന്നത് 2019 ഡിസംബര്‍ 17-ന് നിയമപരമായ നടപടിക്രമങ്ങളിലെ രഹസ്യാത്മകതയെക്കുറിച്ച് മാര്‍പാപ്പ നല്കിയിരിക്കുന്ന പുതിയ നിര്‍ദ്ദേശമാണ്. ഈ നിര്‍ദ്ദേശമനുസരിച്ച് “കൂദാശാപവിത്രതയുടെ സംരക്ഷ” എന്ന മോത്തു പ്രോപ്രിയോയുടെ 25-ാം വകുപ്പ് പ്രകാരം വൈദികരുള്‍പ്പെടുന്ന ലൈംഗികദുരുപയോഗകേസുകളുടെയും അശ്ലീലദൃശ്യങ്ങള്‍ സ്വന്തമാക്കുകയോ സൂക്ഷിക്കുകയോ കൈമാറുകയോ ചെയ്യുന്ന കേസുകളുടെയും നടപടിക്രമത്തില്‍ ആരോപണങ്ങള്‍, വിചാരണകള്‍, തീരുമാനങ്ങള്‍ എന്നിവ പൊന്തിഫിക്കല്‍ സ്വകാര്യതക്ക് വിധേയമായിരിക്കുകയില്ല. അതായത്, സഭാനടപടികളുടെ ഭാഗമായി ഈ വിഷയത്തില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ സ്വകാര്യമായി സംരക്ഷിക്കേണ്ട ആവശ്യമില്ല എന്നാണ് മാര്‍പാപ്പ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

6. യൂറോപ്പിന്റെയും മറ്റ് പാശ്ചാത്യനാടുകളുടെയും നിയമപശ്ചാത്തലത്തില്‍ ഇതിന് പ്രസക്തിയുണ്ടെങ്കിലും ഇന്ത്യയുടെ പ്രത്യേകസാഹചര്യത്തില്‍ ഇത്തരം കേസുകള്‍ പോക്സോ വകുപ്പ് പ്രകാരമാണ് കൈകാര്യം ചെയ്യപ്പെടുന്നത്. ഇവിടെ സഭാപരമായ നടപടിക്രമങ്ങള്‍ എന്നു പറയുന്നതിന് നിരവധിയായ പരിമിതികള്‍ നിലവിലുണ്ട്. ഇത്തരമൊരു കുറ്റകൃത്യം നടന്നുവെന്നു തെളിഞ്ഞാല്‍ പൂര്‍ണ്ണമായും സിവില്‍ നിയമത്തിന് വിധേയമായിട്ടാണ് എല്ലാക്കാര്യങ്ങളും മുമ്പോട്ടു പോകുന്നത്. വൈദികരുടെ വിഷയത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ നടന്നാല്‍ത്തന്നെ രാഷ്ട്രത്തിന്റെ നിയമപ്രകാരമുള്ള എല്ലാക്കാര്യങ്ങളും കഴിയാതെ പ്രസ്തുത വ്യക്തിയെ സഭാനിയമമനുസരിച്ചുള്ള നടപടികള്‍ക്ക് വിധേയമാക്കുക ബുദ്ധിമുട്ടാണ്. അതിനാല്‍ത്തന്നെ അത്തരം നടപടികളിലെ വിവരങ്ങള്‍ പിന്നീട് സിവില്‍ നിയമസംവിധാനത്തിന് ആവശ്യമായി വരികയുമില്ല.

7. അതേസമയം, ഇത്തരം കേസുകളെക്കുറിച്ച് ഭാരതകത്തോലിക്കാമെത്രാന്‍ സമിതിയുടെയും കേരളകത്തോലിക്കാമെത്രാന്‍ സമിതിയുടെയും നിലപാടുകള്‍ വളരെ സുതാര്യവും ഏതൊരു സംഘടിതസംവിധാനത്തിനും മാതൃകയാക്കാവുന്നതുമാണ്. കുട്ടികളുടെ ലൈംഗികദുരുപയോഗം സംബന്ധിച്ച കേസുകളുടെ നടപടിക്രമങ്ങളെക്കുറിച്ച് (Procedural Norms for Dealing with Cases Involving Sexual Abuse of Minors) 2015-ല്‍ ഭാരതകത്തോലിക്കാമെത്രാന്‍ സമിതി പുറത്തിറക്കിയ രേഖയുടെ നമ്പര്‍ 3 ഇപ്രകാരമാണ്: “കാനോനികകുറ്റകൃത്യം പോലെ തന്നെ ഇത്തരം കേസുകള്‍ സിവില്‍ കുറ്റകൃത്യങ്ങള്‍ കൂടിയാണ്. അതുകൊണ്ട് ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ സിവില്‍ അധികാരികളെ ഒരിക്കലും തടയരുത്. പോലീസിനും മറ്റ് നിയമസംവിധാനങ്ങള്‍ക്കും മെത്രാന്‍/മേജര്‍ സുപ്പീരിയര്‍ പൂര്‍ണമായ സഹകരണം നല്കണം. ഇത്തരം കേസുകളില്‍ രഹസ്യാത്മകത ഒരിക്കലും കാത്തുസൂക്ഷിക്കേണ്ടതില്ല.”

8. കേരളകത്തോലിക്കാ മെത്രാന്‍ സമിതി 2018-ല്‍ത്തന്നെ പുറത്തിറക്കിയ സുരക്ഷിത ചുറ്റുവട്ടങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (Safe Environment Policy, KCBC – 2018) 15 a ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്: “സഭാസ്ഥാനികള്‍ ലൈംഗികാതിക്രമങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുവാനും സിവില്‍ അധികാരികളുടെ അന്വേഷണങ്ങളോട് സഹകരിക്കുവാനും കടപ്പെട്ടിരിക്കുന്നു”. പ്രസ്തുത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടൊപ്പം സഭാംഗങ്ങള്‍ പിന്തുടരേണ്ട പോക്സോ ആക്ടിന്റെ പ്രസക്തഭാഗങ്ങളും അനുബന്ധമായും നല്കിയിട്ടുണ്ട്.

സമാപനം

സഭാവിരുദ്ധര്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശത്തെത്തന്നെ സഭക്കെതിരേയുള്ള ആയുധമാക്കി മാറ്റുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് മേല്‍പ്പറഞ്ഞ നിര്‍ദ്ദേശത്തോടനുബന്ധമായി നടക്കുന്ന പ്രചരണങ്ങള്‍. മാര്‍പാപ്പയുടെ പ്രസ്തുത നിര്‍ദ്ദേശം വരുന്നതിനും മുമ്പേ ഭാരതത്തിലേ സഭ ഇത്തരം കാര്യങ്ങളെ സംബന്ധിക്കുന്ന തുറവി 2015-ല്‍ത്തന്നെ നടപ്പില്‍ വരുത്തിയിരിക്കുന്നതുമാണ്. യൂറോപ്പിന്റെ സവിശേഷസാഹചര്യങ്ങളില്‍ കൂടുതല്‍ പ്രസക്തമായ (അതും തത്പരകക്ഷികള്‍ പ്രചരിപ്പിക്കുന്ന രീതിയിലല്ല) ഇത്തരം നിര്‍ദ്ദേശങ്ങളെ വളച്ചൊടിക്കുന്നവര്‍ ഭാരത കത്തോലിക്കാസഭയുടെ നിലവിലുള്ള നടപടിക്രമങ്ങളെക്കുറിച്ച് തികച്ചും അജ്ഞരാണ് എന്നത് പകയും വൈരാഗ്യവും മൂലം അന്ധമായിപ്പോകുന്ന അവരുടെ കാഴ്ചവട്ടങ്ങളെക്കുറിച്ചുള്ള സൂചനകൂടിയാണ്. ചര്‍ച്ച് ആക്ട് മുന്നേറ്റത്തിന് നേതൃത്വം നല്കുന്ന ബോറന്‍ വക്കീലാണ് സഭാപരമായ നിര്‍ദ്ദേശങ്ങള്‍ക്ക് അബദ്ധജഡിലമായ വ്യാഖ്യാനങ്ങള്‍ നല്കുന്നത് എന്നത് പ്രസ്തുത വ്യക്തി നേതൃത്വം നല്കുന്ന പ്രസ്ഥാനത്തിന്റെ പൊള്ളത്തരങ്ങളെക്കൂടിയാണ് വെളിപ്പെടുത്തുന്നത്. വഴിയേ പോകുന്നവന്റെ വ്യാഖ്യാനമല്ല, സഭയുടെ നിലപാടാണ് സത്യവിശ്വാസികള്‍ അന്വേഷിക്കേണ്ടത് എന്നതുകൂടി ഓര്‍മ്മിപ്പിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *