Insecurity feeling – ഒരു പ്രശ്നമാണ്. വിവാഹം ആലോചിക്കുമ്പോൾ ചെറുപ്പക്കാര് പറയും, ഇപ്പോ വേണ്ട ജോലിയൊക്കെ കിട്ടി secure ആവട്ടെ. ചിലര് ഗർഭധാരണം നീട്ടി വയ്ക്കുന്നു, secure ആകാൻ …
ജോലി കിട്ടി, വീടു കെട്ടി, കടം വീട്ടി, ബാങ്കിൽ ബാലൻസ് വരുത്തി എല്ലാം ഭദ്രമാക്കിയിട്ട് മാത്രം ജീവിതം തുടങ്ങാനിരിക്കുന്നവർ….
പുൽക്കൂടിന് ചുറ്റുമായി നിൽക്കുന്ന ആ കൊച്ചു കുടുംബം പ്രത്യക്ഷത്തിൽ എത്ര insecure ആണ്..! ഒരു കുടുംബത്തെ എന്തെല്ലാം ദോഷങ്ങൾ വേട്ടയാടാം എന്നതിന്റെ specimen ആണ് ആ കുടുംബം. ഗോസിപ്പ് കലർന്ന വിവാഹം, അരക്ഷിതമായ പ്രസവം, മരണഭീതി, പലായനം, മകനെക്കുറിച്ച് അപകീർത്തി കഥകൾ, ജനമധ്യത്തിലെ അപഹാസം, ഹൃദയം തകർന്ന അമ്മ, ഒടുവിൽ കുരിശിലെ മരണം … എങ്കിലും, പെട്ടു പോയല്ലോ എന്ന മനസോടെ ജീവിക്കുകയല്ല അവർ. ആ കുടുംബം കണ്ണുറപ്പിച്ചിരിക്കുന്നത് ഉയർന്ന ഇടത്താണ്. ദൈവത്തിലാണ്. And they feel totally secure. ആ മകൻ പ്രസംഗിക്കുന്നതു കേട്ടോ, നാളയെപ്പറ്റി നിങ്ങൾ ആകുലരാകേണ്ട എന്ന് ..!
നാളയെപ്പറ്റിയുള്ള ആകുലത കൊണ്ട് ഇന്നേ ജീവിക്കാൻ മറന്നു പോകുന്നവർ നമ്മൾ. കുഞ്ഞ് പിറക്കും മുമ്പേ പേര് കരുതുന്നവർ. നടപ്പുറയ്ക്കും മുമ്പേ സ്കൂള് തേടുന്നവർ. സ്കൂൾ തുടങ്ങും മുമ്പേ ഗ്രേഡ് കുറയുമെന്ന് ഭയപ്പെടുന്നവർ. പഠിച്ചു തീർന്നാൽ ജോലി കിട്ടിയില്ലെങ്കിലോ, വിവാഹം നടന്നില്ലെങ്കിലോ എന്ന് ഭയപ്പെടുന്നവർ. പെൺകുഞ്ഞിന്റെ ഓരോ പിറന്നാളിനും വിവാഹനാളിലേക്കുള്ള സ്വർണം കരുതുന്നവർ. എനിക്കെന്തേലും സംഭവിച്ചാൽ അവർക്കില്ലാതെ വരരുത് എന്നു കരുതി പോളിസികളും, നിക്ഷേപങ്ങളും കരുതുന്നവർ. ഭയത്തിന്റെയും അരക്ഷിതത്വത്തിന്റെയും വിറളി പിടിച്ച ഓട്ടത്തിനിടെ ഇന്നുകളിൽ ജീവിക്കാൻ മറക്കുന്നവർ.
കരുതൽ വേണ്ടെന്നല്ല, നിക്ഷേപം വേണ്ടെന്നല്ല – ഇതിനിടയിൽ ദൈവത്തിനുള്ള ഒരു സ്പേസ് എവിടെ എന്നാണ് ചോദ്യം. മക്കൾ പരീക്ഷാ ഹാളിൽ വിയർക്കുമ്പോൾ, നോക്കി നിന്ന ബസ് വരാതാകുമ്പോൾ, ഡോക്ടറെ കാണാൻ ക്യൂവിൽ നിൽക്കുമ്പോൾ, ചിട്ടി വിളിക്കാൻ നിൽക്കുമ്പോൾ – ഞാൻ വിളിക്കും. അപ്പോ മാത്രം വരേണ്ടുന്ന മാജിക് സങ്കൽപ്പമാണോ ദൈവം? അതിനപ്പുറം, വിശേഷങ്ങൾ പറയാനും കൂടെ നടക്കാനും തോളു ചായ്ച്ച് കരയാനും, ഏറ്റുപറയാനും ആശ്വാസം കണ്ടെത്താനും, നഷ്ടങ്ങളെ നേരിടാനും, പ്രത്യാശയും പ്രകാശവും കൊണ്ട് നിറയാനും പ്രേരിപ്പിക്കുന്ന നിരന്തര സാന്നിധ്യമാകണ്ടേ? ആയുസ് മുഴുവൻ invest ചെയ്ത് വളർത്തിയ മക്കൾക്ക് നേരിയ ഇടർച്ച വരുമ്പഴേ തകർന്നു പോകാതെയിരിക്കാൻ അവരുടെ ഹൃദയവും നോട്ടവും ഇത്തിരി ഉയർന്ന ഇടത്ത് ഉറപ്പിച്ചിട്ടുണ്ടോ? ഞാൻ ഇല്ലാതായാലും അവിടുന്ന് ഉണ്ടായിരുന്നാൽ മതി. അല്ലേ? അതു പോരെ?
ജോയ് എം പ്ലാത്തറ










Leave a Reply