Sathyadarsanam

വിശ്വാസ വിഹായസിലെ താരകങ്ങള്‍

ആറ്മാസം കൂടി മാത്രമേ ജീവിക്കുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിപ്പോള്‍ 16 വയസുകാരനായ ബെന്നി പ്രസാദ് ആത്മഹത്യയെക്കുറിച്ചാണ് ചിന്തിച്ചത്. നിരാശയിലാണ്ടുപോയ ആ കൗമാരക്കാരനെ ദൈവം സ്പര്‍ശിച്ചപ്പോള്‍ പത്താം ക്ലാസുപോലും പാസാകാത്ത ബെന്നി ഡോ. ബെന്നി പ്രസാദ് എന്ന ലോകപ്രശസ്ത ഗിറ്റാറിസ്റ്റ് ആയി മാറി. ആ കഥയ്ക്ക് പിന്നില്‍ കണ്ണീരിന്റെ നനവും അവഗണനയുടെ നോവും ഉണ്ട്. അന്റാര്‍ട്ടിക്കയിലെ കൊടും തണുപ്പിലും 2004-ലെ ആഥന്‍സ് ഒളിമ്പിക്‌സിന്റെ വേദിയിലും 2006-ല്‍ ജര്‍മ്മനിയില്‍ നടന്ന ഫിഫാ ലോകകപ്പ് ഫുട്‌ബോള്‍ വേദിയിലുമടക്കം 245 രാജ്യങ്ങളില്‍ ബെന്നി പ്രസാദ് സംഗീത പരിപാടികള്‍ അവതരിപ്പിച്ചു കഴിഞ്ഞു.

ബംഗളൂരുവിലെ നാഷണല്‍ ഏറോനോട്ടിക്‌സ് ലബോറട്ടറിയിലെ സയന്റിസ്റ്റായ പിതാവിന്റെയും ഫെബാ റേഡിയോ അസിസ്റ്റന്റ് ഡയറക്ടറായ അമ്മയുടെയും കടിഞ്ഞൂല്‍ പുത്രനായി 1975-ലാണ് ബെന്നി പ്രസാദ് ജനിച്ചത്. സയന്റിസ്റ്റായ പിതാവിന് മകനെക്കുറിച്ച് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍ ബെന്നി പ്രസാദ് പറയുന്നതുപോലെ ”ഒരു സയന്റിസ്റ്റിന്റെ മകന് സയന്റിസ്റ്റ് ആകുവാനുള്ള അഭിരുചിയും ബുദ്ധിശക്തിയും ഉണ്ടായിരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല.” ബെന്നി പ്രസാദ് എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് കണക്കും സയന്‍സുമൊന്നും വഴങ്ങുമായിരുന്നില്ല.

ക്രിസ്തുവിന് ബെന്നിയെ വേണമായിരുന്നു

പഠനത്തില്‍ പിന്നാക്കമായതോടെ ബെന്നി സ്‌കൂളില്‍ മാത്രമല്ല വീട്ടിലും ഒറ്റപ്പെട്ടു. അധ്യാപകരുടെയും മാതാപിതാക്കളുടെയും കുറ്റപ്പെടുത്തലുകളും കൂട്ടുകാരുടെ കളിയാക്കലുകളും കുരുന്നു മനസിനെ തളര്‍ത്തി. ഇതിന് പുറമെ ശാരീരിക രോഗങ്ങള്‍ കൂടി ബാധിച്ചതോടെ ആ ബാല്യം ദുരന്തക്കയമായി മാറി. രണ്ടാമത്തെ വയസു മുതല്‍ അലട്ടിയിരുന്ന ആസ്തമ രോഗത്തിന് കോര്‍ട്ടിസോണ്‍ സ്റ്റിറോയ്ഡ്‌സ് തുടര്‍ച്ചയായി കഴിച്ചതിന്റെ ഫലമായി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മോശമായി. 40 ശതമാനം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്വാസകോശം പ്രവര്‍ത്തിച്ചിരുന്നത്.
16-ാമത്തെ വയസില്‍ ബെന്നി ഇനി ആറ് മാസത്തില്‍ കൂടുതല്‍ ജീവിക്കുകയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അദ്ദേഹത്തിന്റെ പ്രായക്കാര്‍ ഭാവിയെക്കുറിച്ചുള്ള വലിയ സ്വപ്‌നങ്ങള്‍ കണ്ടപ്പോള്‍ തന്റെ മൃതസംസ്‌കാരത്തെക്കുറിച്ചുള്ള ചിന്തകളാണ് ബെന്നിയെ ഭരിച്ചത്. അങ്ങനെയാണ് ആത്മഹത്യയെക്കുറിച്ച് ബെന്നി പ്രസാദ് ചിന്തിച്ചത്. എന്നാല്‍ ദൈവത്തിന് ബെന്നി പ്രസാദിനെക്കുറിച്ച് വേറെ ചില പദ്ധതികള്‍ ഉണ്ടായിരുന്നു.
മകന്റെ ശാരീരിക അവസ്ഥ മാത്രമല്ല മനസിന്റെയും ആത്മാവിന്റെയും സ്ഥിതി മോശമാണെന്ന് തിരിച്ചറിഞ്ഞ അമ്മയാണ് ബെന്നിയെ യുവജനധ്യാനത്തിന് പറഞ്ഞയച്ചത്. വീട്ടില്‍നിന്ന് ഒളിച്ചോടുന്നതിനെക്കുറിച്ച് ബെന്നി പ്രസാദ് ആലോചിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. ധ്യാനത്തില്‍ പങ്കെടുത്തില്ലെങ്കില്‍ ഭക്ഷണം തരില്ലെന്ന ഭീഷണി ഒന്നുകൊണ്ട് മാത്രമാണ് അന്ന് ധ്യാനത്തിന് പോയത്. നിസംഗതയോടെ ധ്യാനത്തില്‍ സംബന്ധിച്ചുകൊണ്ടിരുന്ന ബെന്നി പ്രസാദിനോട് ധ്യാനത്തിന്റെ രണ്ടാം ദിവസം ദൈവം സംസാരിച്ചു. ‘ബെന്നി, ആര്‍ക്കും നിന്നെ വേണ്ടെങ്കിലും എനിക്ക് നിന്നെ വേണം. എനിക്ക് നിന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്താന്‍ സാധിക്കും’ എന്ന ദൈവസ്വരം ബെന്നി പ്രസാദിന്റെ കാതുകളില്‍ മുഴങ്ങി.
ദൈവമാണ് തന്നോട് സംസാരിച്ചതെന്ന് തിരിച്ചറിഞ്ഞ ബെന്നി പ്രസാദ് തന്റെ ജീവിതം മുഴുവന്‍ ക്രിസ്തുവിന് സമര്‍പ്പിച്ചു. ദൈവം സംസാരിച്ച ഒരു മനുഷ്യന് പിന്നെ ഒരിക്കലും പഴയതുപോലെ മുന്നോട്ട് പോകാന്‍ സാധിക്കില്ലല്ലോ. ബെന്നി പ്രസാദിന്റെ ജീവിതത്തിലെ പുതിയ തുടക്കമായി ധ്യാനം മാറി. ബെന്നി പ്രസാദ് എന്ന വ്യക്തിക്ക് ദൈവത്തിന് കൊടുക്കുവാന്‍ ഒന്നും ഇല്ലായിരുന്നുവെങ്കിലും ക്രിസ്തുവിന് ബെന്നിയെ വേണമായിരുന്നു.

അഭിരുചിയില്ലെന്ന് ടീച്ചര്‍, ഉണ്ടെന്ന് ദൈവം

മൂന്ന് സഹോദരിമാരും ഒരു സഹോദരനുമാണ് ബെന്നി പ്രസാദിനുണ്ടായിരുന്നത്. സഹോദരന് സംഗീതത്തിലുളള വാസന കണ്ടാണ് ബെന്നി ആദ്യമായി ഗിറ്റാര്‍ പഠിക്കാന്‍ പോയത്. ആദ്യ ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ സംഗീതം പഠിക്കാന്‍ അഭിരുചി ഇല്ലെന്നും ഇനി ഇങ്ങോട്ട് വരേണ്ടെന്നും ടീച്ചര്‍ ബെന്നിയോട് പറഞ്ഞു. ബെന്നിയെ തകര്‍ത്തുകളഞ്ഞ ഹൃദയഭേദകമായ വാക്കുകളായിരുന്നു അത്. യുവജനധ്യാനത്തിലൂടെ യേശുവിന്റെ സ്വരം കേള്‍ക്കുന്നതിന് മുമ്പായിരുന്നു ഈ സംഭവം.
ദൈവസ്വരം കേട്ട ബെന്നി പ്രസാദിന്റെ ജീവിതം മാനസാന്തര അനുഭവത്തിലൂടെ കടന്നുപോയി. ദേഷ്യപ്രകൃതക്കാരനായിരുന്ന ബെന്നിയുടെ സ്വഭാവത്തില്‍ ക്രമേണ മാറ്റങ്ങള്‍ വന്നു. ശാരീരിക അവസ്ഥയിലും പുരോഗതിയുണ്ടായി. സ്‌കൂള്‍ പഠനം 10-ാം ക്ലാസോടെ അവസാനിപ്പിച്ചെങ്കിലും 17-ാമത്തെ വയസില്‍ ബൈബിള്‍ പഠനം ആരംഭിച്ചു. യേശുവിന്റെ സ്വരം ധ്യാനത്തിലൂടെ കേട്ട ബെന്നി പ്രസാദ് തന്റെ ദൈവവിളി സംഗീതമാണെന്ന് തിരിച്ചറിഞ്ഞു. സ്വന്തമായി ഗിറ്റാറില്ലാത്തതുകൊണ്ട് പൊട്ടിയ ഒരു ഗിറ്റാറിന്റെ കമ്പികള്‍ കെട്ടിയെടുത്താണ് സംഗീത പരിശീലനം ആരംഭിച്ചത്. എങ്ങനെയും സംഗീതം അഭ്യസിക്കണമെന്ന തീക്ഷ്ണതയാല്‍ ദിവസവും ഏഴ് മണിക്കൂറോളം നീണ്ട കഠിന പരിശീലനമാണ് നടത്തിയത്. പലപ്പോഴും കൈവിരലുകള്‍ പൊട്ടി ചോര ഒലിക്കും. എങ്കിലും അതൊന്നും കാര്യമാക്കാതെ കഠിനപ്രയത്‌നം തുടര്‍ന്നു. 19-ാമത്തെ വയസില്‍ ബെന്നി ഒരു ടാലന്റ് നൈറ്റില്‍ പങ്കെടുത്തു. അന്നായിരുന്നു ബെന്നി ആദ്യമായി സദസിന് മുമ്പില്‍ ഗിറ്റാര്‍ വായിച്ചത്. ഗിറ്റാര്‍ വായിച്ചിറങ്ങിയ ബെന്നിയെ ബൈബിള്‍ കോളജിന്റെ പ്രിന്‍സിപ്പലും ഗിറ്റാറിസ്റ്റുമായ റവ. റിച്ചാര്‍ഡ് അഭിനന്ദിച്ചു. ബെന്നിയുടെ മുന്‍കാല ജീവിതം അറിയാമായിരുന്ന പ്രിന്‍സിപ്പല്‍ അവനെ പ്രോത്സാഹിപ്പിക്കുകയും സംഗീതത്തില്‍ മുന്നേറാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഒരു പക്ഷേ ബെന്നി പ്രസാദിന് ജീവിതത്തില്‍ ലഭിച്ച ആദ്യ പ്രോത്സാഹനമായിരുന്നു അത്. ഒരു ടീച്ചറിന്റെ അവിവേകപരമായ വാക്കുകള്‍ ഏല്‍പ്പിച്ച മുറിവിനുള്ള ഔഷധമായി ഈ വന്ദ്യ ഗുരുവിന്റെ പ്രോത്സാഹനം മാറി. പ്രിന്‍സിപ്പലിന്റെ അന്നത്തെ വാക്കുകളാണ് സുവിശേഷ സംഗീതജ്ഞനായ ബെന്നി പ്രസാദിന്റെ വളര്‍ച്ചയ്ക്കുള്ള അടിത്തറ പാകിയത്.
അങ്ങനെ മുമ്പോട്ട് പോകുമ്പാഴാണ് ‘സീക്ക് യെ ഫസ്റ്റ് ദി കിംഗ്ഡം ഓഫ് ഗോഡ്’ എന്ന പ്രശസ്തഗാനം രചിച്ച കാരന്‍ ലെഫറ്റി ഇന്ത്യയില്‍ വന്നത്. ബംഗളൂരുവില്‍ എത്തിയ കാരന്‍ ‘ഐ വാണ്ട് ജീസസ് ഇന്‍ യുവര്‍ ഹാര്‍ട്ട്’ എന്ന ഗാനം ഗിറ്റാറുപയോഗിച്ച് വായിച്ചു. ഗിറ്റാറുപയോഗിച്ച് വായിക്കാന്‍ ബുദ്ധിമുട്ടുള്ള ഗാനമായിരുന്നു അത്. ബെന്നിയുടെ അഭ്യര്‍ത്ഥന പ്രകാരം ഒരു തവണ കൂടി കാരന്‍ ഗാനം വായിച്ചു. ഇത് കേട്ട് പഠിച്ച് ബെന്നി പ്രസാദ് തനിയെ ആ ഗാനം ഗിറ്റാറുപയോഗിച്ച് വായിച്ചത് കാരനെ അത്ഭുതപ്പെടുത്തി. അങ്ങനെയാണ് യൂത്ത് വിത്ത് എ മിഷന്‍ എന്ന യുവജനമിഷന്‍ കൂട്ടായ്മയുടെ ഭാഗമായുള്ള സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ പഠിക്കുന്നതിനായി കാരന്‍ ബെന്നിയെ യുഎസിലേക്ക് ക്ഷണിക്കുന്നത്. യുഎസിലേക്ക് വരാമെന്ന് സമ്മതിച്ചെങ്കിലും വിസയ്ക്കും ടിക്കറ്റിനും പഠനത്തിനുമുള്ള പണം കണ്ടെത്താനുള്ള യാതൊരു മാര്‍ഗവും ബെന്നി പ്രസാദിന് മുമ്പിലുണ്ടായിരുന്നില്ല. അവിടെയും ദൈവം അത്ഭുതം പ്രവര്‍ത്തിച്ചു.
ഒരു വ്യക്തി അവിചാരിതമായി ബെന്നിക്ക് നല്‍കിയ പണമാണ് വിസയ്ക്കായി ഉപയോഗിച്ചത്. ഇതിനിടെ കാരന്‍ യുഎസില്‍ നിന്ന് വിളിക്കുകയും പഠനത്തിന്റെ ചെലവ് മുഴുവന്‍ സ്‌കോളര്‍ഷിപ്പായി നല്‍കാന്‍ തീരുമാനിച്ചതായി അറിയിക്കുകയും ചെയ്തു. ബെന്നി പ്രസാദിന്റെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നല്ല മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞ ലണ്ടനിലുള്ള ഒരു ആന്റിയാണ് ടിക്കറ്റിന് പണം നല്‍കിയത്. അങ്ങനെ ഒരാഴ്ചയക്കുള്ളില്‍ അത്ഭുതകരമായി യുഎസിലേക്കുള്ള യാത്രയ്ക്ക് വേണ്ട എല്ലാ കാര്യങ്ങളും ശരിയായി. കയ്യില്‍ ഒരു രൂപ പോലുമില്ലാതെ ബെന്നി പ്രസാദ് 1999 ഓഗസ്റ്റില്‍ യുഎസിലെത്തി. അത്ഭുതകരമായി ദൈവം അദ്ദേഹത്തെ പരിപാലിച്ചു. പിന്നീട് 2003-ല്‍ ഓസ്‌ട്രേലിയയിലെ സ്‌കൂള്‍ ഓഫ് ഇവന്റ് മാനേജ്‌മെന്റിലും പഠിക്കാന്‍ ദൈവം അവസരമൊരുക്കി.

സ്വര്‍ഗം ‘ഫണ്ട്’ ചെയ്ത യാത്രകള്‍

2002-ലാണ് ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും സന്ദര്‍ശിക്കണമെന്ന ദൈവിക സന്ദേശം ബെന്നി പ്രസാദിന് ലഭിക്കുന്നത്. യുഎസിലെ പഠനത്തിന് ശേഷം തിരിച്ചെത്തി ബംഗളൂരുവിലെ യുവജനങ്ങളുടെ സംഗീത മിനിസ്ട്രിക്ക് നേതൃത്വം നല്‍കുന്ന കാലഘട്ടമായിരുന്നു അത്. തന്റെ ജീവിതം കൊണ്ട് എന്താണ് ദൈവം ആഗ്രഹിക്കുന്നതെന്ന് ദൈവത്തോട് ബെന്നി പ്രസാദ് നിരന്തരം ആലോചന ചോദിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെയാണ്, ആദ്യമായി ലഭിച്ച ദൈവസ്വരത്തിന് സമാനമായ രീതിയില്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും സുവിശേഷദൂതുമായി കടന്നുചെല്ലുവാനുള്ള വ്യക്തമായ സന്ദേശം ലഭിച്ചത്.
സുവിശേഷദൂതുമായി രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെങ്കില്‍ പണം വേണം. ബെന്നി പ്രസാദിന്റെ കയ്യില്‍ ഇല്ലാതിരുന്നതും അതായിരുന്നു. ‘ഒരിക്കലും ആരില്‍ നിന്നും പണം കടം വാങ്ങില്ല, ആരോടും പണം ചോദിക്കില്ല, ഒരു ബാങ്കില്‍ നിന്നും വായ്പ എടുക്കില്ല’ -എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കണം എന്ന് ദൈവം ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ദൈവത്തിന് മുന്നില്‍ വച്ച ഏക ഡിമാന്റായിരുന്നു ഇത്.
പോകാനുള്ള നിര്‍ദേശം നല്‍കിയത് ദൈവമായിരുന്നതിനാല്‍ ബെന്നി പ്രസാദിന് തെല്ലും സന്ദേഹമുണ്ടായിരുന്നില്ല. ആ വിശ്വാസത്തില്‍നിന്നും വ്യതിചലിക്കാന്‍ ദൈവം അനുവദിച്ചില്ല. ഓരോ അവസരങ്ങളിലും പലരിലൂടെയും ദൈവം പ്രവര്‍ത്തിച്ചു. ഇതുവരെ സംഗീത പരിപാടികള്‍ ബെന്നി പ്രസാദ് ടിക്കറ്റ് വച്ച് ചെയ്തിട്ടില്ല. എല്ലാ പരിപാടികളും സൗജന്യമായി ചെയ്ത ബെന്നി പ്രസാദിന് ദൈവം സൗജന്യമായി തന്നെ യാത്രകളും ക്രമീകരിച്ചു കൊടുത്തു. പരിപാടികള്‍ നടക്കുന്ന സ്ഥലത്ത് വയ്ക്കുന്ന അദ്ദേഹത്തിന്റെ സിഡികള്‍ എടുക്കുന്ന ആളുകള്‍ അതിന് പ്രതിഫലമായി നല്‍കുന്ന സംഭാവനകളാണ് ഇന്ന് ബെന്നി പ്രസാദിന്റെ മിഷന്‍ യാത്രകള്‍ക്ക് പ്രധാനമായും താങ്ങാകുന്നത്. ദൈവത്തില്‍ പൂര്‍ണമായി ആശ്രയിച്ചുകൊണ്ട് നടത്തുന്ന യാത്രകളെ ദൈവം തന്നെ ഫണ്ട് ചെയ്യുന്നു.

മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഇല്ല

ലോകത്തിന്റെ മോഹങ്ങളില്‍ ആകൃഷ്ടരായി ജീവിക്കുന്ന യുവജനങ്ങളെയും നിരാശയില്‍ ആണ്ടുപോയവരെയും സംഗീതത്തിലൂടെയും അനുഭവസാക്ഷ്യത്തിലൂടെയും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബെന്നി പ്രസാദിന്റെ എല്ലാ വിദേശ യാത്രകളും. സംഗീതവും സാക്ഷ്യവും ചേര്‍ന്ന തന്റെ പ്രഘോഷണശൈലി യുവജനങ്ങളെ സ്വാധീനിക്കുന്നതായി ബെന്നി പ്രസാദ് മനസിലാക്കി. കടന്നുചെന്ന എല്ലാ രാജ്യങ്ങളിലും ഒരുക്കിയ സംഗീത പരിപാടികള്‍ (കണ്‍സര്‍ട്ട്) ദൈവം തന്നെവീണ്ടെടുത്ത ജീവിതസാക്ഷ്യം പങ്കുവച്ചുകൊണ്ട് ക്രിസ്തുവിനെ മഹത്വപ്പെടുത്താനുള്ള വേദികളാക്കി ബെന്നി പ്രസാദ് മാറ്റി.
ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കണം എന്ന ദൈവികപ്രചോദനം ലഭിച്ച ശേഷം യൂറോപ്പിലേക്കാണ് ആദ്യ സംഗീത യാത്ര ക്രമീകരിച്ചത്. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോ ആയിരുന്നു യാത്രയിലെ ആദ്യ സ്റ്റോപ്പ്. മോസ്‌കോയിലെത്തിയ അദ്ദേഹത്തിന്റെ വിസയില്‍ ഒരു കുഴപ്പവുമില്ലായിരുന്നെങ്കിലും എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടു. എന്നാല്‍ കൈക്കൂലി കൊടുക്കുന്നത് തെറ്റാണെന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചു. എയര്‍പോര്‍ട്ടില്‍ 30 മണിക്കൂറോളം തടഞ്ഞുവച്ചശേഷം അവര്‍ അദ്ദേഹത്തെ ന്യൂഡല്‍ഹിയിലേക്ക് തിരിച്ചയച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും തോറ്റ് പിന്‍മാറാന്‍ ബെന്നി പ്രസാദ് തയാറല്ലായിരുന്നു. 25,000 രൂപ സംഘടിപ്പിച്ച് താഷ്‌കന്ത് വഴി ലണ്ടനിലെത്താം എന്ന ഉദ്ദേശ്യത്തോടെ താഷ്‌കന്തിലേക്ക് ടിക്കെറ്റെടുത്തു. എന്നാല്‍ ലണ്ടനിലേക്കുള്ള വിമാനം കയറുന്നതിനായി താഷ്‌കന്തിലെയും ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടു. കൈക്കൂലി കൊടുക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നിന്ന അദ്ദേഹത്തെ 14 മണിക്കൂര്‍ നേരത്തെ കാത്തിരിപ്പിനുശേഷം ലണ്ടനിലേക്ക് പോകാന്‍ അവര്‍ അനുവദിച്ചു. ദൈവത്തിനുവേണ്ടിയും ദൈവികമൂല്യങ്ങള്‍ക്കുവേണ്ടിയും നിലകൊള്ളുമ്പോള്‍ ദൈവം നമുക്കുവേണ്ടി പ്രവര്‍ത്തിക്കും എന്നതിന്റെ സാക്ഷ്യമായി ബെന്നി പ്രസാദിന്റെ ഓരോ യാത്രയും മാറി.
ലണ്ടനിലെത്തിയ അദ്ദേഹത്തിന് ലാത്വിയയിലേക്കുള്ള വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിച്ചു. അവിടെയാണ് ബെന്നി പ്രസാദ് തന്റെ ആദ്യ അന്താരാഷ്ട്ര സംഗീത പരിപാടി നടത്തിയത്. തുടര്‍ന്ന് രണ്ട് മാസം നീണ്ട ആ യാത്രയില്‍ത്തന്നെ അഞ്ച് രാജ്യങ്ങളിലായി 55 സംഗീത പരിപാടികള്‍(കണ്‍സര്‍ട്ട്‌സ്) അദ്ദേഹം നടത്തി. മറ്റൊരിക്കല്‍ കൈക്കൂലി കൊടുക്കാതിരിക്കുന്നതിനായി ആവശ്യപ്പെട്ട കൈക്കൂലിയുടെ പല ഇരട്ടി പണം മുടക്കി നേരായ വഴിയിലൂടെ സഞ്ചരിച്ച അനുഭവവും ബെന്നി പ്രസാദിന് ഉണ്ട്.

ദൈവം മറക്കാതിരുന്ന സ്വപ്‌നം

ബെന്നി പ്രസാദിന്റെ കുട്ടിക്കാലത്തെ വലിയൊരു സ്വപ്‌നമായിരുന്നു ഒളിമ്പിക്‌സ്. ഒളിമ്പിക്‌സ് താരമാകണമെന്ന അതിയായ ആഗ്രഹത്താല്‍ ശാരീരികമായി ദുര്‍ബലമായ അവസ്ഥയില്‍പോലും ബെന്നി മൂന്ന് മണിക്കൂര്‍ കായിക പരിശീലനം നടത്തിയിരുന്നു. പഠനത്തിലും ശാരീരികക്ഷമതയിലും പിന്നാക്കമായിരുന്ന ഒരു കുട്ടിയുടെ അത്യാഗ്രഹമായി മാത്രമാണ് കൂട്ടുകാരും വീട്ടുകാരും ആ ആഗ്രഹത്തെ കണ്ടത്. ഒരു ജാവലിന്‍ കൊണ്ട് നട്ടെല്ലിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് ബെന്നിയും ആ സ്വപ്‌നം ഉപേക്ഷിച്ചു.
എന്നാല്‍ ദൈവം ആ കുരുന്നു മനസിന്റെ ആഗ്രഹത്തെ അന്നേ വിലമതിച്ചിരുന്നു. ബെന്നി പ്രസാദ് മറന്നുപോയിട്ടും ദൈവം ആ സ്വപ്‌നത്തെ മറന്നില്ല. കളിക്കളത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും 2004-ലെ ആഥന്‍സ് ഒളിമ്പിക്‌സ് വേദിയില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ അവസരമൊരുക്കിയാണ് ബെന്നി പ്രസാദിന്റെ സ്വപ്‌നത്തെ ദൈവം മാനിച്ചത്. ഒളിമ്പിക്‌സ് വേദിയില്‍ ദൈവത്തിന് മഹത്വം നല്‍കുന്ന വിധത്തില്‍ ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായാണ് ബെന്റാര്‍ എന്ന ഗിറ്റാര്‍ രൂപകല്‍പ്പന ചെയ്തത്. ക്രൈസ്തവ സര്‍വകലാശാലയായ യുണിവേഴ്‌സിറ്റി ഓഫ് നേഷന്‍സ്, ബെന്റാര്‍ രൂപകല്‍പ്പന ചെയ്തതിന് ബെന്നി പ്രസാദിന് ഹോണററി ഡോക്ടറേറ്റ് നല്‍കി പിന്നീട് ആദരിച്ചു.

തലമുടിയുടെ കഥ

യൂറോപ്പില്‍ തലമുടി വെട്ടുന്നതിനായി വലിയ ഒരു തുക ചെലവാകുമെന്ന കാരണത്താലാണ് രണ്ടു മാസം നീണ്ടു നിന്ന ഒരു സംഗീത യാത്രയില്‍ തലമുടി വെട്ടേണ്ടെന്ന് ബെന്നി പ്രസാദ് തീരുമാനിച്ചത്. തിരിച്ചു ബംഗളൂരുവിലെത്തിയപ്പോള്‍ തലമുടി നീട്ടി വളര്‍ത്തുന്നത് ചേരുമെന്ന് അദ്ദേഹത്തിന്റെ യുവസുഹൃത്തുക്കള്‍ അഭിപ്രായപ്പെട്ടു. ക്രിസ്തുവിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ഈ സ്റ്റൈല്‍ സഹായകരമാകുമെന്ന് അദ്ദേഹത്തിനും തോന്നി.
സുവിശേഷപ്രഘോഷണ രംഗത്തെ ബെന്നി പ്രസാദ് സ്റ്റൈല്‍ വേറിട്ടതാണ്. ലോകത്തിന്റെ ശൈലിയില്‍ ജീവിക്കുന്നവരുടെയും യുവജനങ്ങളുടെയും ലഹരിക്കടിമകളായവരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് ഈ സ്റ്റൈല്‍ വളരെ സഹായകരമാണെന്ന് അദ്ദേഹം പറയുന്നു. തങ്ങളിലൊരുവനായി ബെന്നി പ്രസാദിനെ കാണാന്‍ സാധിക്കുന്നതിനാല്‍ അദ്ദേഹം പറയുന്നതിന് ചെവി കൊടുക്കാന്‍ അവര്‍ തയാറാകുന്നു. അതുകൊണ്ടുതന്നെ സാധാരണ ഒരു സുവിശേഷപ്രഘോഷകന് ഒരിക്കലും കടന്നുചെല്ലാന്‍ അവസരം ലഭിക്കാത്ത പല വേദികളിലും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ ബെന്നി പ്രസാദിന് അവസരം ലഭിക്കുന്നുണ്ട്.

രാജ്യത്തിന്റെ അഭിമാനം, രാജ്യം ബെന്നിയുടെയും

2004-ല്‍ 50 രാജ്യങ്ങള്‍ സന്ദര്‍ശിച്ച ബെന്നി പ്രസാദിനെ ആ വര്‍ഷം ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ സംഗീതജ്ഞനായി ലിംക ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് തെരഞ്ഞെടുത്തു. മറ്റ് രാജ്യങ്ങളിലെ പൗരത്വം നേടുകയാണെങ്കില്‍ വിവിധ ലോക രാജ്യങ്ങളില്‍ സന്ദര്‍ശിക്കാന്‍ കൂടുതല്‍ എളുപ്പമാകും എന്ന് പലരും അദ്ദേഹത്തെ ഉപദേശിച്ചു. പക്ഷേ ബെന്നി പ്രസാദിന്റെ തീരുമാനം മറിച്ചായിരുന്നു. ദൈവമാണ് തന്നെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ വിളിച്ചിരിക്കുന്നതെങ്കില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് തന്നെ ആ ചരിത്രം രചിക്കാനും രാജ്യത്തിന്റെ അഭിമാനമായി മാറാനും ദൈവം അവസരം ഒരുക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടു തന്നെ യുഎസ്, യുകെ, ഹോളണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പൗരത്വം വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല.
ലോകത്തിലെ തന്നെ ഏറ്റവും ഒറ്റപ്പെട്ട പ്രദേശം എന്ന് വിശേഷിപ്പാക്കാവുന്ന ദ്വീപാണ് പെസഫിക്ക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന പിറ്റകെയ്ന്‍ ദ്വീപ്. 66 പേരാണ് അവിടുത്തെ ആകെ ജനസംഖ്യ. യുകെയുടെ അധീനതയിലുള്ള ഈ ദ്വീപില്‍ ബോട്ട് മാര്‍ഗം മാത്രമാണ് എത്താന്‍ സാധിക്കുക. ഫ്രഞ്ച് പോളിനേഷിയയിലെ മാംഗാരേവായില്‍നിന്ന് മൂന്ന് മാസത്തിലൊരിക്കല്‍ മാത്രമാണ് അവിടേക്ക് ബോട്ട് സര്‍വീസുള്ളത്. 2010 ഏപ്രില്‍ ഒന്നാം തിയതി ബെന്നി പ്രസാദ് പിറ്റകെയ്ന്‍ ദ്വീപിലെത്തി. 200 വര്‍ഷത്തിന് ശേഷം അവിടെ നടന്ന സംഗീത പരിപാടയില്‍ പങ്കെടുക്കാന്‍ ജനസംഖ്യയുടെ 80 ശതമാനത്തിലധികമാളുകളും എത്തിയിരുന്നു – 52 പേര്‍.2009 ഡിസംബര്‍ മൂന്നിന് ബംഗളൂരുവില്‍നിന്ന് നടത്തിയ 34.5 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ 40 ശതമാനം മാത്രം പ്രവര്‍ത്തന ക്ഷമമായ ശ്വാസകോശവുമായി അന്റാര്‍ട്ടിക്കയിലെ കിംഗ് ജോര്‍ജ് ദ്വീപില്‍ ബെന്നി പ്രസദ് വിമാനമിറങ്ങി. ചിലിയന്‍ ബേസിലുണ്ടായിരുന്ന ജിയോളജിസ്റ്റുകള്‍ക്ക് മുന്നിലാണ് സംഗീത പരിപാടിയിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിച്ചത്. ആറ് മണിക്കൂറോളം ഗ്ലേസിയറുകളുടെ നടുവില്‍ കൊടും തണുപ്പില്‍ അവിടെ ചിലവഴിച്ചു.

ക്ലൈമാക്‌സ്

യാത്രകളുടെ ഒരു ഘട്ടത്തില്‍ പാക്കിസ്ഥാന്‍ കൂടി സന്ദര്‍ശിച്ചാല്‍ ലോക റിക്കോര്‍ഡ് സ്വന്തമാക്കാമെന്ന അവസ്ഥ വന്നുചേര്‍ന്നു. എന്നാല്‍, എത്ര ശ്രമിച്ചിട്ടും പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള വിസ മാത്രം ശരിയായില്ല.
ഈ സമയത്താണ് (2010 ഏപ്രില്‍ 29) ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗ് ബെന്നി പ്രസാദ് സന്ദര്‍ശിക്കുന്നത്. യാംഗ് ഗാക്ക് ദൊ എന്ന അവിടുത്തെ 43 നിലയുള്ള ഹോട്ടലിന്റെ 32-ാമത്തെ നിലയിലുള്ള ലിഫ്റ്റില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ ഹിന്ദിപോലൊരു ഭാഷ സംസാരിക്കുന്ന രണ്ടു പേരെ ബെന്നി ശ്രദ്ധിച്ചു. പരിചയപ്പെട്ടപ്പോള്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ നിന്നുള്ള ഔദ്യോഗിക സംഘത്തിലെ പ്രതിനിധികളാണവരെന്ന് മനസിലായി. വലിയൊരു ദൈവികപദ്ധതിയുടെ ക്ലൈമാക്‌സായിരുന്നു ആ കൂടിക്കാഴ്ച.
244 രാജ്യങ്ങള്‍ സന്ദര്‍ശിച്ച കഥയും പാക്കിസ്ഥാന്‍ കൂടി സന്ദര്‍ശിച്ചാല്‍ ലോകറിക്കോര്‍ഡ് ലഭിക്കുന്ന കാര്യവുമൊക്കെ ബെന്നി പ്രസാദ് അവരോട് പറഞ്ഞു. വിവരങ്ങളൊക്കെ തിരക്കിയ പാക്കിസ്ഥാന്‍ പ്രതിനിധികള്‍ സഹായിക്കാമെന്നേറ്റു. തിരികെ ഇന്ത്യയിലെത്തിയ ബെന്നി പ്രസാദിനെ തേടി നവംബര്‍ 19-ന് പാക്കിസ്ഥാന്‍ അംബാസിഡറിന്റെ ഫോണ്‍ കോള്‍ എത്തി. നവംബര്‍ 22 -ന് എംബസിയിലെത്താനും വിസ മേടിക്കാനുമുള്ള ക്ഷണമായിരുന്നു അത്. 2010 നവംബര്‍ 22-ന് ബെന്നി പ്രസാദ് പാക്കിസ്ഥാനിലേക്ക് പറന്നു. ഐക്യരാഷ്ട്രസഭ അംഗീകരിച്ച 194 പരമാധികാരമുള്ള രാജ്യങ്ങളും 50 സ്വതന്ത്രഭരണപ്രദേശങ്ങളും അന്റാര്‍ട്ടിക്കയും ഉള്‍പ്പെടെ 245 രാജ്യങ്ങള്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിച്ചതിനുള്ള ലോക റിക്കോര്‍ഡ് ബെന്നി പ്രസാദ് സ്വന്തമാക്കി.

ചായ് 3:16

2012-ല്‍ ലഭിച്ച ദൈവിക പ്രചോദനമനുസരിച്ചാണ് ബംഗളൂരുവില്‍ ചായ് 316 എന്ന ടീ ഷോപ്പ് ബെന്നി പ്രസാദ് ആരംഭിക്കുന്നത്. ജീവന്‍ എന്നാണ് ചായ് എന്ന ഹീബ്രു പദത്തിന്റെ അര്‍ത്ഥം. നിത്യജീവനെക്കുറിച്ച് യേശു സംസാരിക്കുന്ന വചനഭാഗമായ യോഹന്നാന്‍ 3:16 ആണ് പേരിന്റെ രണ്ടാം ഭാഗം. ചുരുക്കത്തില്‍ ശാരീരിക ഉന്മേഷത്തോടൊപ്പം നിത്യജീവനും സ്വന്തമാക്കാന്‍ ഈ ടീ ഷോപ്പ് സഹായിക്കും. ബ്ലാക്ക് ടീ അഞ്ച് ഫ്‌ളേവറുകളില്‍ ലഭ്യമാക്കുന്ന ടീ ഷോപ്പ് വാസ്തവത്തില്‍ ഒരു കൗണ്‍സലിംഗ് കേന്ദ്രമാണ്. ജീവിത പ്രതിസന്ധികളില്‍പ്പെട്ട് തളര്‍ന്നുപോകുന്ന യുവജനങ്ങള്‍ക്ക് ഇവിടെ വരാം, ചായ കുടിക്കാം. അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാം. 80 ശതമാനം കേള്‍വിയും 20 ശതമാനം സംസാരവും എന്നതാണ് ചായ് 316-ന്റെ പ്രവര്‍ത്തനശൈലി. ബെന്നി പ്രസാദിനെകൂടാതെ രണ്ട് വര്‍ഷത്തെ ശുശ്രൂഷയ്ക്കായി കടന്നുവരുന്ന ശുശ്രൂഷകരും ഈ സ്ഥാപനത്തില്‍ എത്തുന്ന യുവജനങ്ങളെ സഹായിക്കുന്നു.
ശരാശരി 20 മുതല്‍ 50 പേര്‍ വരെ ദിവസവുമെത്തുന്ന ചായ് 316 ആഴ്ചയില്‍ ഒരാളെയെങ്കിലും ആത്മഹത്യയില്‍നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ ഐടി നഗരമായ ബംഗളൂരു ഇന്ത്യയുടെ ആത്മഹത്യാ തലസ്ഥാനമായി മാറിയ സാഹചര്യത്തിലാണ് ഇത്തരമൊരു കൗണ്‍സലിംഗ് കേന്ദ്രം തുടങ്ങാന്‍ ദൈവം ബെന്നി പ്രസാദിന് പ്രേരണ നല്‍കിയത്.

യാത്രകളില്‍ ഇനി ബേനിയും കൂട്ടുണ്ടാവും

വിദ്യാഭ്യാസംകൊണ്ട് ചേര്‍ന്ന ഇണയെയാണ് തനിക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് ഒന്‍പതാം ക്ലാസ് വരെ മാത്രം പഠിച്ച തന്റെ ജീവിതസഖിയെക്കുറിച്ച് ബെന്നി പ്രസാദ് ഫലിതം പറയുന്നത്. ബെന്നി പ്രസാദിനെക്കാള്‍ വലിയ ദുരന്തങ്ങളിലൂടെ ചെറുപ്പത്തില്‍ കടന്നുപോയ വ്യക്തിയാണ് നാഗാലാന്‍ഡ് സ്വദേശിനിയായ സെന്‍ബേനി. 13-ാമത്തെ വയസിലുണ്ടായ ഒരു ദുരനുഭവത്തില്‍ നിന്ന് കരകയറാനാവാതെ ഉള്‍വലിഞ്ഞുള്ള ജീവിതമാണ് സെന്‍ബേനി നയിച്ചിരുന്നത്. ഇരുവരെയും ജീവിതത്തിലക്ക് മടക്കി കൊണ്ടുവന്നത് യുവജന കൂട്ടായ്മയായ യൂത്ത് വിത്ത് എ മിഷനാണ് എന്നതും ശ്രദ്ധേയം. യാത്രകളിലെ ഏകാന്തതയെക്കുറിച്ച് വിലപിച്ചിരുന്ന ബെന്നി പ്രസാദിന്റെ യാത്രകളിലെ സഹയാത്രികയും സംഗീത പരിപാടികളിലെ ഗായികയുമാണ് ഇന്ന് സെന്‍ബേനി. ഒരേ തൂവല്‍ പക്ഷികള്‍ ഒരുമിച്ച വിവാഹവും ലാളിത്യംകൊണ്ട് വേറിട്ടതായിരുന്നു. പ്രത്യേകമായി തയാറാക്കിയ ഓട്ടോറിക്ഷയിലാണ് വിവാഹത്തിനായി വധുവും വരനുമെത്തിയത്. സല്‍ക്കാരത്തിലും വേഷവിധാനത്തിലും ലാളിത്യം തുളുമ്പി നിന്ന ചടങ്ങിലൂടെ ബെന്നിയും ബേനിയും ഒരിക്കല്‍ക്കൂടി സുവിശേഷമായി മാറുകയായിരുന്നു.
ഒരു വര്‍ഷം 50 രാജ്യങ്ങള്‍ വരെ സന്ദര്‍ശിച്ചിരുന്ന ബെന്നി പ്രസാദ് ഇന്ന് തന്റെ യാത്രകള്‍ കുറച്ചുകൊണ്ട് ചായ് 316-ല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇതിനിടിയിലും ശരാശരി പത്തോളം രാജ്യങ്ങള്‍ വര്‍ഷത്തില്‍ സന്ദര്‍ശിക്കുന്നുണ്ട്. പൂര്‍ണമായി ദൈവത്തിലാശ്രയിച്ചുകൊണ്ട് ബെന്നി പ്രസാദ് മുന്നോട്ട് ഓടുകയാണ്, ദൈവം നല്‍കിയ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി…

കുട്ടികളോടും മാതാപിതാക്കളോടും പറയാനുള്ളത്

”ഒരു സയന്റിസ്റ്റിന്റെ മകന് സയന്റിസ്റ്റ് ആകുവാനുള്ള അഭിരുചിയും ബുദ്ധിശക്തിയും ഉണ്ടായിരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഓരോരുത്തരുടെയും കഴിവുകള്‍ വ്യത്യസ്തമാണ്. കാണാതെ പഠിക്കുന്നതിനും മറ്റുള്ളവരുടെ മുമ്പിലെത്തുന്നതിനും മാത്രം പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസമാണ് നമ്മുടെ നാട്ടില്‍ ഇന്നും നിലവിലുള്ളത്. മാര്‍ക്ക് ലഭിക്കുന്നതിനപ്പുറം കുട്ടികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ട സംവിധാനം നമുക്കില്ല. ഏറ്റവുമധികം പണം സമ്പാദിക്കാവുന്ന ജോലികള്‍ മാത്രം ലക്ഷ്യം വയ്ക്കുവാനാണ് കുട്ടികളെ എല്ലാവരും പഠിപ്പിക്കുന്നത്. അപ്പോള്‍ കുട്ടികളുടെ സ്വപ്‌നത്തിനും സന്തോഷത്തിനും താല്‍പര്യങ്ങള്‍ക്കുമുള്ള സ്ഥാനം എവിടെയാണ്?
അതുകൊണ്ട് ജീവിതത്തില്‍ ഒരിക്കലും സമ്പത്തിന് പ്രഥമ സ്ഥാനം നല്‍കാതിരിക്കുക. ചില ജോലികള്‍ക്ക് കൂടുതല്‍ ശമ്പളം ലഭിക്കും. ചിലതിന് കുറവായിരിക്കും. എന്നാല്‍ ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും നല്‍കാന്‍ പണത്തിന് സാധിക്കില്ല. നിരത്തില്‍ ഇരിക്കുന്ന ഒരു ഭിക്ഷക്കാരന് അസംതൃപ്തിയോടെ ജോലി ചെയ്യുന്ന ഒരു സിഇഒയെക്കാള്‍ സന്തോഷത്തിന്റെ അനുഭവങ്ങള്‍ ഉണ്ടാകാം. അതുകൊണ്ട് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പണത്തിന് പ്രാധാന്യം നല്‍കരുത്.”

കിം ജോംഗ് ഉന്നിന്റെ നാട്ടില്‍

2012 ഏപ്രില്‍ 14-ന് ഉത്തര കൊറിയയുടെ രാഷ്ട്രപിതാവായ കിം 2 സുംഗിന്റെ നൂറാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ‘ഐ സ്റ്റാന്‍ഡ് അമേസ്ഡ്’ എന്ന ക്രൈസ്തവ ഗാനം തലസ്ഥാനമായ പ്യോംഗ്യാംഗിലെ യൂത്ത് ഓഡിറ്റോറിയത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ അദ്ദേഹം അവതരിപ്പിച്ചു. ക്രൈസ്തവര്‍ ഏറ്റവുമധികം പീഡനമനുഭവിക്കുന്ന രാജ്യത്തെ ഗവണ്‍മെന്റിന്റെ പ്രത്യേക ക്ഷണിതാവായി എത്തിയാണ് ഈ ഗാനം അവതരിപ്പിച്ചതെന്നതാണ് ഏറ്റവും അത്ഭുതകരം. ഒരു സുവിശേഷ സംഗീതജ്ഞന്റ പശ്ചാത്തലം ആറ് മാസക്കാലം അന്വേഷിച്ചശേഷവും ഉത്തരകൊറിയന്‍ ഗവണ്‍മെന്റ് ബെന്നി പ്രസാദിനെ ഗാനം അവതരിപ്പിക്കാന്‍ ക്ഷണിച്ചു എന്നത് അത്ഭുതത്തില്‍ കുറഞ്ഞ എന്തെങ്കിലുമായി സങ്കല്‍പ്പിക്കാനാവില്ല.
ഗവണ്‍മെന്റിന്റെ ക്ഷണിതാവെന്ന നിലയില്‍ ബെന്നി പ്രസാദിനെ എവിടെയും അനുഗമിക്കാന്‍ ഗൈഡുകളെ ഏര്‍പ്പെടുത്തിയിരുന്നു. മുറിയിലായിരുന്ന സമയത്ത് ദ്വിഭാഷിയുടെ സഹായത്തോടെ ഇവരോടും ബെന്നി പ്രസാദ് ക്രിസ്തുവിനെക്കുറിച്ച് പങ്കുവച്ചു. പലതവണ ഇതാവര്‍ത്തിച്ചതോടെ ദ്വിഭാഷി കോപിക്കുകയും ബെന്നി പ്രസാദ് സുവിശേഷം പ്രസംഗിച്ചതായി അധികാരികളെ അറിയിക്കുകയും ചെയ്തു. ഉത്തര കൊറിയപോലുള്ള രാജ്യത്ത് സുവിശേഷം പ്രസംഗിച്ചാലുണ്ടാകുന്ന ദുരനുഭവങ്ങളെക്കുറിച്ചുള്ള കേട്ടറിവിന്റെ വെളിച്ചത്തില്‍ ഇങ്ങനെ ഒരു സംഭവമുണ്ടായതായും പറഞ്ഞ ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയില്ലെങ്കില്‍ താന്‍ കൊല്ലപ്പെട്ടതായോ ജയിലിലായതായോ മനസിലാക്കണമെന്നും മാതാപിതാക്കളോട് അപ്പോള്‍ തന്നെ ഫോണ്‍ ചെയ്തു പറഞ്ഞു. എന്നാല്‍ ഗവണ്‍മെന്റ് അതിഥിയായി എത്തിയതിനാലാവണം മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.

രഞ്ജിത് ലോറന്‍സ്‌

Leave a Reply

Your email address will not be published. Required fields are marked *