Sathyadarsanam

വിശുദ്ധ ജോണ്‍ പോളിനെ കണ്ട പുല്‍ക്കൂടുകള്‍

ലോകത്തില്‍ എവിടെയും ക്രിസ്മസ് അമൂല്യമാണ്. വിവിധ നാടുകളില്‍ അവയുടെ ബാഹ്യപ്രകടനം വ്യത്യസ്തമാകുമെങ്കിലും ക്രൈസ്തവരുടെ ഏകത്വത്തെയും നാനാത്വത്തെയും സമഞ്ജസമായി സമന്വയിപ്പിക്കുന്ന ഒരു രംഗം പോളണ്ടിലെ ക്രിസ്മസ് ആചരണങ്ങള്‍ക്കിടയില്‍ ഞാന്‍ കണ്ടു. ഫ്രാന്‍സില്‍ സ്ട്രാസ്ബുര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ പഠന കാലത്തെ (1979) സഹപാഠിയും പോളണ്ടുകാരനുമായ കാരളിനാണ് അതിന് അവസരമൊരുക്കിയത്.
ഡിസംബര്‍ 24-ന് വൈകുന്നേരത്തെ അത്താഴത്തോടെയാണ് പോളിഷ് കുടുംബങ്ങളില്‍ ക്രിസ്മസ് ആരംഭിക്കുക. വിശിഷ്ട രീതിയില്‍ നടത്തപ്പെടുന്ന ആ അത്താഴം വാസ്തവത്തില്‍ ഒരു പ്രാര്‍ത്ഥനാ വിരുന്നാണ്. പോളണ്ടിലെ കത്തോലിക്കര്‍ അവരുടെ ദേശീയ പൈതൃകത്തിന്റെ അവിഭാജ്യ ഘടകമെന്നോണം അഭിമാനപൂര്‍വം പുലര്‍ത്തിപ്പോരുന്ന പാരമ്പര്യമാണത്. അതിനു നൂറ്റാണ്ടുകളുടെ പഴക്കവും പരിശുദ്ധിയുമുണ്ട്.
കാരളിന്റെ വീട്ടില്‍ ഏതോ പ്രത്യേക പരിപാടിക്കുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതായി എനിക്കു തോന്നി. കുടുംബാംഗങ്ങളെല്ലാവരും തിരക്കുപിടിച്ച ജോലിയിലാണ്. ക്രിസ്മസ്ട്രീയും പുല്‍ക്കൂടും തയാറാക്കുന്നതില്‍ മുഴുകിയിരിക്കുകയാണു കുട്ടികള്‍. അടുക്കളയില്‍ വിഭവസമൃദ്ധമായ സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.

മാപ്പുചോദിക്കുന്ന ആഘോഷം

ഉച്ചകഴിഞ്ഞ് 3.30 ആവുമ്പോഴേക്കും നേരം ഇരുളും. സായാഹ്നത്തെ രാത്രിയില്‍നിന്ന് വേര്‍തിരിക്കുന്ന വരമ്പ് എവിടെ തുടങ്ങുന്നുവെന്ന് പറയുക എളുപ്പമല്ല. കേരളത്തില്‍ ഇളംവെയില്‍ പരക്കുന്ന വൈകുന്നേരം പോളണ്ടില്‍ ഇരുളടഞ്ഞ രാത്രിയാണ്. മണി ആറടിച്ചപ്പോള്‍ കാരള്‍ എന്നെ ഭക്ഷണമുറിയിലേക്ക് ക്ഷണിച്ചു. കുടുംബാംഗങ്ങളെല്ലാവരും ഡൈനിംഗ് റൂമിലേക്കു വന്നുകൊണ്ടിരുന്നു. കാരളിന്റെ അമ്മ മേശപ്പുറത്തു വിഭവങ്ങള്‍ ഒരുക്കിവെച്ചു.
എല്ലാവരും മുട്ടുകുത്തി, പ്രാര്‍ത്ഥന ആരംഭിച്ചു. കുടുംബത്തലവനാണ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്. എല്ലാവരും ഉത്സാഹപൂര്‍വം പ്രാര്‍ത്ഥനകള്‍ ഏറ്റുചൊല്ലുന്നത് ഞാന്‍ ശ്രദ്ധിച്ചു. പോസ്റ്റുകാര്‍ഡിന്റെ ആകൃതിയില്‍ പൊരിച്ചെടുത്ത ഒരു ഗോതമ്പപ്പം കൈയില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പിതാവ് പ്രാര്‍ത്ഥന തുടര്‍ന്നു. അന്നത്തെ ചടങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണതെന്ന് അദ്ദേഹത്തിന്റെ മുഖഭാവം സൂചിപ്പിച്ചു. അവസാനിക്കാറായ ആ വര്‍ഷത്തില്‍ കുടുംബാംഗങ്ങള്‍ ചെയ്ത തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും ദൈവത്തോടു മാപ്പുചോദിക്കുകയായിരുന്നു അദ്ദേഹം.
പിറക്കാന്‍ പോകുന്ന പുതുവര്‍ഷത്തില്‍ തങ്ങളുടെ പെരുമാറ്റം സ്‌നേഹവും അനുരഞ്ജനവും നിറഞ്ഞതായിരിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. അതിനായുള്ള ദൈവിക കാരുണ്യം തന്റെയും കുടുംബാംഗങ്ങളുടെയുംമേല്‍ വര്‍ഷിക്കണമെന്ന് അപേക്ഷിച്ചു. പ്രാര്‍ത്ഥന സമാപിച്ചപ്പോള്‍ അദ്ദേഹം അപ്പം പല കഷണങ്ങളാക്കി എല്ലാവര്‍ക്കും വിതരണം ചെയ്തു.
കുടുംബാംഗങ്ങള്‍ തമ്മില്‍ മാപ്പുചോദിക്കുകയും അനുരഞ്ജനത്തിന്റെ പുതിയ തുടക്കംകുറിച്ചുകൊണ്ട് പരസ്പരം ചുംബിക്കുകയും ചെയ്തു. ഒരേ അപ്പത്തിന്റെ പങ്കിടലിലൂടെ പ്രകടമാകുന്ന സാഹോദര്യം കുടുംബഭിത്തികള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്നില്ല. അപ്പക്കഷണങ്ങള്‍ അയല്‍ക്കാരുമായി പങ്കിടുക, ചിലതു വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കുക… ഇങ്ങനെ സൃഷ്ടപ്രപഞ്ചം മുഴുവനും ക്രിസ്തുവില്‍ ഏകീകൃതമാണെന്ന സത്യം ഓരോ പോളീഷ് കുടുംബത്തിലും നാടകീയമായിത്തന്നെ അനുസ്മരിക്കപ്പെടുന്നുണ്ട്.

തലേന്നത്തെ ‘അന്ത്യ അത്താഴം’

ശത്രുക്കളെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച യേശുവിന്റെ തിരുപ്പിറവിയോട് അനുബന്ധിച്ച് ആണ്ടുതോറും അനുഷ്ഠിക്കപ്പെടുന്ന ഈ അത്താഴ പ്രാര്‍ത്ഥനയ്ക്ക് പോളീഷ് ചരിത്രത്തിലെ ചില നിര്‍ണായക ഘട്ടങ്ങളില്‍ അനന്യമായ പ്രായോഗിക പ്രസക്തി കൈവന്നിട്ടുണ്ട്. രണ്ടാം ലോകമഹാ യുദ്ധകാലത്ത് നാസി ജര്‍മനിയും സോവിയറ്റ് യൂണിയനും ഒത്തുചേര്‍ന്ന് പോളണ്ടിനെ അടിമപ്പെടുത്തിയതിന്റെ തീരാദുഃഖം ഇന്നും അവശേഷിക്കുന്നു.
തടങ്കല്‍പ്പാളയത്തില്‍ അടയ്ക്കപ്പെട്ട ബഹുലക്ഷം പോളീഷ് കത്തോലിക്കര്‍ ക്രിസ്മസിന്റെ തലേരാത്രിയില്‍ അപ്പം വിഭജിച്ചു പങ്കിട്ടെടുത്തും തങ്ങളുടെ പീഡകരായ കാവല്‍ക്കാര്‍ക്ക് നല്‍കിയും ഈ ആചാരം തുടര്‍ന്നുപോന്നു. പുഴുങ്ങിയ ഉരുളക്കിഴങ്ങ് ചാലിച്ചുണ്ടാക്കിയതും രുചിരഹിതവുമായ ഒരുതരം കഷായം അത്താഴ പ്രാര്‍ത്ഥനയുടെ ഭാഗമെന്നോണം എല്ലാവരും കുടിക്കുകയുണ്ടായി. (ഏറെക്കാലമായി തങ്ങളുടെ രാജ്യത്തെ അടക്കി ഭരിച്ചു നശിപ്പിക്കുന്ന ഭരണാധികാരികളോടുള്ള വിരോധം ജനജീവിതത്തിന്റെ ഭാഗമായിരുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയിലും കയ്പുരസം പകര്‍ന്ന ആ ദുഃഖ സത്യം ആര്‍ക്കും മറക്കാന്‍ കഴിയില്ലല്ലോ)
കുരിശുമരണത്തിനുമുമ്പ് ശിഷ്യന്മാരോടൊപ്പം യേശു നടത്തിയ ഒടുവിലത്തെ തിരുവത്താഴത്തെ അനുസ്മരിക്കുന്ന ഈ ചടങ്ങ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പോളണ്ടിലല്ലാതെ ലോകത്തില്‍ വേറൊരിടത്തും നടത്താറില്ല. ഈശ്വരനെയും മനുഷ്യാത്മാവിന്റെ അനശ്വരതയേയും നിഷേധിക്കുന്ന ഭൗതികവാദം ഔദ്യോഗിക പ്രത്യയശാസ്ത്രമായുള്ള ഒരു വ്യവസ്ഥയില്‍ ക്രിസ്മസും അതുള്‍ക്കൊള്ളുന്ന ജീവിതദര്‍ശനവും ജനമധ്യത്തില്‍ ഏറ്റവും ചലനാത്മകമായ ആധ്യാത്മിക ശക്തിയുടെ ശാശ്വത സ്രോതസായി വര്‍ത്തിക്കുന്നത് അവിടെ കണ്ടു. പോളണ്ടിലെ ഒരു ഗ്രാമീണ കുടുംബത്തില്‍ ഞാന്‍ ദര്‍ശിച്ച ആ രംഗം അതേ സമയത്ത് വേറെ 80 ലക്ഷം പോളീഷ് ഭവനങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടായിരുന്നു.

അതിശയിപ്പിച്ച വിശ്വാസം

പ്രാര്‍ത്ഥന തീര്‍ന്ന ഉടനെ വിഭവസമൃദ്ധമായ അത്താഴവിരുന്ന് ആരംഭിക്കുകയായി. അതിനിടയ്ക്ക് സ്ഥലത്തെ നാടകസംഘം അണിഞ്ഞൊരുങ്ങി വീടിന്റെ പടിക്കല്‍ എത്തിക്കഴിഞ്ഞു. നാടകം കാണാന്‍ ഞങ്ങള്‍ എല്ലാവരും സ്വീകരണമുറിയിലേക്ക് നീങ്ങി. ചായം ചാര്‍ത്തിയ മുഖാവരണങ്ങള്‍ ധരിച്ച നടീനടന്മാര്‍ കന്യകാ മേരിയുടെയും വിശുദ്ധ യൗസേപ്പിന്റെയും പൂജരാജാക്കന്മാരുടെയും ആട്ടിടയരുടെയും ഭാഗങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു. ക്രിസ്മസ് മംഗളങ്ങള്‍ ആശംസിച്ചശേഷം അവര്‍ അടുത്ത വീട്ടിലേക്ക് പോയി.
ആറു മണിക്ക് ആരംഭിച്ച അത്താഴം തീര്‍ന്നപ്പോഴേക്കും പാതിരാക്കുര്‍ബാനയ്ക്ക് ദൈവാലയത്തില്‍ പോകാന്‍ സമയമായി. രണ്ടു കിലോമീറ്റര്‍ ദൂരെയായിരുന്നു ഇടവക ദൈവാലയം. പള്ളിയകത്ത് സ്ഥലസൗകര്യം കുറവായിരുന്നതിനാല്‍ ആദ്യം വന്നവര്‍ക്കുമാത്രമേ ദൈവാലയത്തിനുള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞുള്ളൂ. വൈകിവന്ന ബഹുശതം ആളുകള്‍ മുറ്റത്തു കൊടുംതണുപ്പില്‍നിന്നുകൊണ്ട് രണ്ടു മണിക്കൂറിലധികം ദീര്‍ഘിപ്പിച്ച തിരുക്കര്‍മങ്ങളില്‍ പങ്കുചേര്‍ന്നു.
തുടര്‍ച്ചയായി പൊടിമഞ്ഞു വീണുകൊണ്ടിരുന്നിട്ടും അതൊന്നും വകവെക്കാതെ തികഞ്ഞ അച്ചടക്കത്തോടെ വൈദികനോടൊപ്പം പ്രാര്‍ത്ഥനകള്‍ ചൊല്ലാനും ഗാനങ്ങള്‍ ആലപിക്കാനും അവര്‍ കാണിച്ച ഉത്സാഹം വിവരിക്കുക സാധ്യമല്ല. ഇത്രയേറെ ഏകാഗ്രതയോടെ ആരാധനയില്‍ പങ്കെടുക്കുന്ന ജനക്കൂട്ടത്തെ, ലൂര്‍ദ് പോലുള്ള പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളൊഴിച്ചാല്‍ യൂറോപ്പില്‍ വേറൊരിടത്തും ഞാന്‍ കണ്ടിട്ടില്ല.
പാതിരാ കുര്‍ബാനയ്ക്കുശേഷം ജനങ്ങള്‍ ഒരുമിച്ച് ക്രിസ്മസ് നവവത്സരാശംസകളും കുശലപ്രശ്‌നങ്ങളും കൈമാറി. തണുത്തുവിറയ്ക്കുന്ന അവിടത്തെ കാലാവസ്ഥയുടെ ഭീകരത ആത്മാര്‍ത്ഥമായ ആ സ്‌നേഹവായ്പ്പിന്റെ ഊഷ്മളതയ്ക്ക് കീഴടങ്ങുന്നതായി തോന്നി. കുര്‍ബാനയുടെ തുടക്കത്തില്‍ ഇടവക വികാരി എന്നെ പരിചയപ്പെടുത്തി. അവര്‍ക്ക് അപരിചിതമായ ഒരു വിദൂര രാജ്യത്തുനിന്നെത്തിയ സന്ദര്‍ശകന്‍ എന്ന നിലയില്‍ ഞാന്‍ ഇടവകാംഗങ്ങളുടെ ഹൃദയംഗമമായ സ്‌നേഹാദരങ്ങള്‍ക്ക് പാത്രീഭൂതനായി.

ഇന്ത്യയിലെ കുട്ടികള്‍ക്കും സമ്മാനങ്ങള്‍

പിറ്റേന്ന് രാവിലെ ഏകദേശം 10 മണിയായപ്പോള്‍, കാരളിന്റെ സുഹൃത്തിനൊപ്പം സമീപപ്രദേശത്തെ ദൈവാലയങ്ങള്‍ സന്ദര്‍ശിച്ചു. മനോഹരമായി നിര്‍മിച്ച പുല്‍ക്കൂടുകള്‍ ഓരോ ദൈവാലയത്തിലെയും ആകര്‍ഷകമായ കാഴ്ചയായിരുന്നു. പുല്‍ക്കൂടുകളില്‍ ആട്ടിടയര്‍, കന്നുകാലികള്‍, മാലാഖമാര്‍ തുടങ്ങിയവര്‍ക്കു പുറമേ, പോളണ്ടുകാരനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ രൂപവും പല സ്ഥലത്തും ഉണ്ടായിരുന്നു.
ഞങ്ങള്‍ സന്ദര്‍ശിച്ച ഒരിടവക ദൈവാലയത്തിലെ കുട്ടികള്‍ ക്രിസ്മസ് സമ്മാനമായി ഇന്ത്യയിലെ കുട്ടികള്‍ക്കു നല്‍കാന്‍ പലതരം കൗതുകവസ്തുക്കള്‍ ശേഖരിച്ചിട്ടുണ്ടായിരുന്നു. ഐക്യ രാഷ്ട്രസംഘടന ആഹ്വാനംചെയ്ത ശിശുവര്‍ഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വിപുലമായ പരിപാടിയുടെ പരിസമാപ്തിയെന്നോണം ആസൂത്രണം ചെയ്തിരുന്ന വിശേഷാല്‍ ദിവ്യബലിക്കുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരുന്നപ്പോഴാണ് ഞങ്ങള്‍ അവിടെ ചെന്നത്.
കുട്ടികള്‍ക്ക് ക്രിസ്മസ് സന്ദേശം നല്‍കാന്‍ ഇടവക വികാരി എന്നെ ക്ഷണിച്ചു. മനോഹരവുമായ ആ ദൈവാലയം ഇളം തലമുറക്കാരെക്കൊണ്ടു നിറഞ്ഞിരുന്നു. ഭാഷ അവിടെ ഒരു പ്രശ്‌നമായിരുന്നില്ല. ഞാന്‍ ഫ്രഞ്ചില്‍ പറഞ്ഞത് കാരള്‍ പോളിഷിലേക്കു തര്‍ജമ ചെയ്തു. ഇന്ത്യയിലെ കുട്ടികളുടെ നാമത്തില്‍ പോളണ്ടിലെ കുട്ടികള്‍ക്കു ക്രിസ്മസ് നവവത്സരാശംസകള്‍ അര്‍പ്പിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ചു.
അനേകായിരം മൈല്‍ അകലെയുള്ള വേറൊരു രാജ്യത്തെ കുട്ടികളെ ക്രിസ്മസ് കാലത്ത് ഓര്‍ക്കുകയും അവര്‍ക്കുവേണ്ടി സമ്മാനങ്ങള്‍ ശേഖരിക്കുകയും ചെയ്ത പോളിഷ് കുട്ടികളുടെ ക്രൈസ്തവ ചൈതന്യത്തെയും സൗഹൃദത്തെയും ഞാന്‍ പ്രശംസിച്ചു. പ്രസംഗം അരമണിക്കൂറോളം ദീര്‍ഘിച്ചു. തികഞ്ഞ അച്ചടക്കത്തോടും താല്‍പര്യത്തോടുംകൂടെ ആ ബാലസദസുകള്‍ ഞങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഒടുവില്‍, ഇടവക വികാരിയുടെ നിര്‍ദേശമനുസരിച്ച്, ഏതാനും വാക്കുകള്‍ ഞാന്‍ മലയാളത്തില്‍ പറഞ്ഞത് ശ്രോതാക്കളെ ആഹ്ലാദിപ്പിച്ചു.
കുട്ടികള്‍ ശേഖരിച്ചുവച്ചിട്ടുള്ള സമ്മാനവസ്തുക്കള്‍ എങ്ങനെ ഇന്ത്യയിലേക്കെത്തിക്കമെന്നായിരുന്നു ഞങ്ങളുടെ ചിന്ത. ഇന്ത്യ യിലെ പാവപ്പെട്ട കുട്ടികളുടെ ജീവിതത്തിലേക്ക് സന്തോഷവും സൗഹൃദവും പകരാനുള്ള മാര്‍ഗമായിട്ടാണ് ആ സമ്മാനദാന പരിപാടി വിഭാവനം ചെയ്യപ്പെട്ടിരുന്നത്. വസ്ത്രങ്ങളും കളിക്കോപ്പുകളും ഭക്ഷണ സാധനങ്ങളുമായിരുന്നു അത്. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ സ്ഥാപിച്ച ‘മിഷനറീസ് ഓഫ് ചാരിറ്റി’ എന്ന സന്യാസ സമൂഹത്തെകുറിച്ചുള്ള കീര്‍ത്തി പോളണ്ടിലും എത്തിയിരുന്നു. കുട്ടികള്‍ ശേഖരിച്ച സമ്മാനങ്ങള്‍ പാരീസിലെ അവരുടെ ഓഫീസ് വഴി അയക്കാന്‍ തീരുമാനിച്ചശേഷമായിരുന്നു ഞങ്ങളുടെ മടക്കയാത്ര.

റവ.ഡോ. എ. അടപ്പൂര്‍ എസ്.ജെ

Leave a Reply

Your email address will not be published. Required fields are marked *